ബ്ലോഗ് ആര്‍ക്കൈവ്

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അമേരിക്കന്‍ പൗരന്‍

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അമേരിക്കന്‍ പൗരന്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ രഘുറാം രാജന്‍ അമേരിക്കന്‍ പൗരന്‍. ഇന്ത്യന്‍ താല്‍പ്പര്യങ്ങളേക്കാള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നടപടികളാകും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്ന ആശങ്ക റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും കണക്കിലെടുക്കാതെയാണ് അമേരിക്കന്‍ സാമ്പത്തിക സിദ്ധാന്തം മുറുകെപ്പിടിക്കുന്ന രഘുറാം രാജന്റെ നിയമനം.

കഴിഞ്ഞ ആഗസ്തിലാണ് ധനമന്ത്രാലയത്തില്‍ മുഖ്യ ഉപദേശകനായി രഘുറാം രാജന്‍ നിയമിക്കപ്പെട്ടത്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നടുവൊടിക്കുന്ന നടപടികള്‍ക്കെല്ലാം ഈ പദവിയിലിരുന്ന് ചരടുവലിച്ച രഘുറാം രാജന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ വിശ്വസ്തനായി. അമേരിക്കയിലേക്ക് ചിദംബരം നടത്തിയ നിരവധി യാത്രകളും അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചകളും പിന്നീടുള്ള നടപടികളും രൂപയുടെ വിലയിടിവിന് കാരണമായിട്ടുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രൂപയുടെ നടുവൊടിക്കാന്‍ ധനമന്ത്രിതന്നെ അമേരിക്കയ്ക്കും മറ്റ് വികസിത സാമ്പത്തിക ശക്തികള്‍ക്കും കൂട്ടുനിന്നത് രഘുറാം രാജന്റെ കൂടി ഉപദേശപ്രകാരമായിരുന്നു.

അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാദിച്ചുകൊണ്ടാണ് നിരവധി സുപ്രധാന സാമ്പത്തിക സ്ഥാപനങ്ങളില്‍ രഘുറാം രാജന്‍ നിയമിക്കപ്പെട്ടതെന്നത് പരക്കെ അറിവുള്ളതാണ്. ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ്, ലോക ബാങ്കിലെയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിലെയും വിസിറ്റിങ് ഫെലോ എന്നീ നിലകളില്‍ ഇദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അമേരിക്കന്‍ പൗരനായതുകൊണ്ടും അമേരിക്കന്‍ പിന്തുണയുള്ളതുകൊണ്ടുമാണ്. അമേരിക്കയിലെ ഷേല്‍ വാതക നിക്ഷേപത്തില്‍ മുതല്‍മുടക്കിയിട്ടുള്ള റിലയന്‍സ് ബാങ്കിങ് ലൈസന്‍സിനു വേണ്ടി ശ്രമം നടത്തുന്നുണ്ട്. ഇത് അനുവദിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കുതന്നെ അത് ഹാനികരമാകും. രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയതിനു പിന്നില്‍ ഇതടക്കമുള്ള നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് അറിയുന്നത്.

രഘുറാം രാജന്‍ ചുമതലയേറ്റു

മുംബൈ: റിസര്‍വ് ബാങ്കിന്റെ 23-ാമത് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റു. അന്താരാഷ്ട്ര നാണയ നിധിയുടെ മുന്‍ മുഖ്യ സാമ്പത്തിക വിദഗ്ധനായിരുന്നു അമ്പതുകാരനായ രഘുറാം രാജന്‍. ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. ഡി സുബ്ബറാവു ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് രഘുറാം പുതിയ ഗവര്‍ണറായി ചുമതലയേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് റിസര്‍വ് ബാങ്കിന്റെ നേതൃസ്ഥാനത്തേക്ക് രഘുറാം രാജന്‍ എത്തുന്നത്. രൂപയുടെ എക്കാലത്തെയും വലിയ മൂല്യത്തകര്‍ച്ചയുള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ തന്റെ കൈയില്‍ മാന്ത്രിക ദണ്ഡൊന്നുമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താവായ രഘുറാം തുടര്‍ന്ന് എന്ത് നടപടികളാകും സ്വീകരിക്കുകയെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു വ്യക്തമാണ്.

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ