ബ്ലോഗ് ആര്‍ക്കൈവ്

2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

മാവ് പറഞ്ഞ കഥ

☘        മാവ് പറഞ്ഞ കഥ.       ☘

        സ്കൂളിൽ പോണ്ടാന്ന് ഉപ്പ പറഞ്ഞപ്പോ വല്യ സന്തോഷം തോന്നി.
ന്നാലും കേട്ടെഴുത്ത്.....
അത് ഓർക്കുമ്പോ ഒരു വെഷമം...
അക്ഷരങ്ങൾ എല്ലാം അറിഞ്ഞിട്ടൊന്നുമല്ല, കുറച്ചൊക്കെ അറിം ചെയ്യാം....
അക്ഷരങ്ങളും വള്ളീം പുള്ളിയുമായിയുള്ള ജീവശാസ്ത്ര ബന്ധം എന്തോ ഇപ്പഴുമങ്ങ് പുടികിട്ടീട്ടില്ല അതൊന്നുമല്ല,
എന്റെ വിഷമം മനസ്സിലാക്കി സ്ളേറ്റ് തിരിച്ചും മറിച്ചും കാണിച്ച് തരുന്ന എന്റെ പാറു....
ഓളെ കാണാൻ കയ്യാത്തതിലാ സങ്കടം....
തെറ്റോ ശരിയോ എന്നറിയാതെ അവളുടെ സ്ളേറ്റ് പകർത്തി എഴുതുമ്പോ എന്റെ മുഖത്തുള്ള സന്തോഷം, അത് അതിനേക്കാൾ കൂടുതൽ പ്രതിഫലിക്കുന്നത് പാറുവിന്റെ മുഖത്താണെന്ന് തോന്നും....
എന്റെ സന്തോഷം കാണുമ്പോൾ അവൾക്ക് തന്നെ തോന്നും, അവളൊരു സംഭവാണെന്ന്...
കോപ്പിയടിയുടെ കെമിസ്ട്രി ടീച്ചർക്കും അത്ര പുടുത്തം കിട്ടീട്ടില്ല. പാറുകുട്ടി ഒരു മാപ്പിള കുട്ടിക്ക് സ്ളേറ്റ് കാണിച്ചു കൊടുക്കുമെന്ന് ടീച്ചർ സ്വപ്നേപി വിചാരിച്ചു കാണില്ല......
അല്ലെങ്കിൽ ടീച്ചറുടെ മതേതരത്വം അതിനേക്കാളേറെ വളർന്നിരിക്കാം.
ഏതായാലും സ്ളേറ്റ് കാണിക്കുമ്പോഴുള്ള പാറുക്കുട്ടിയുടെ ചിരി എനിക്ക് ഇഷ്ടായിരുന്നു. പ്രണയമൊന്നുമല്ല, അഞ്ചാക്ലാസിൽ എന്ത് പ്രണയം....?
അല്ലെങ്കിൽ ഇഷ്ടങ്ങളിൽ ലിംഗ വ്യത്യാസം രൂപപ്പെട്ടിരിക്കില്ല.
ഐസ് കൊണ്ടുവന്നിരുന്ന കാവേരിയോടും, നെല്ലിക്ക തന്നിരുന്ന വാസു എട്ടനോടും തോന്നിയ ഒരിഷ്ടം......
അല്ലെങ്കിൽ സ്കൂൾ വിടാൻ നീട്ടി ബെല്ലടിക്കുന്ന കുര്യേട്ടനോട് തോന്നിയ ഇഷ്ടം......

       അങ്ങിനെ കുറച്ച് ദിവസം മൊയമ്മദിനെ കാണാതായപ്പോൾ പാറുകുട്ടിക്കും ഒരു വിഷമം...
പണ്ടേ മടിയനാണേലും എന്താന്നറിയൂല ഇപ്പം സ്കൂളിൽ വരാറുണ്ട്. ഒന്നിൽ കൂടുതൽ ലീവാവാറില്ല.
ഇനി എന്തേലും സംഭവിച്ച് കാണോ?
ഏയ് അതൊന്നും ണ്ടാവൂല
അതൊക്കെയാണേൽ അമ്മയോ അച്ഛനോ പറയണ്ടതാണ്.
ഒന്നും ഇല്ലേലും സ്കൂളിന് ലീവ് ണ്ടാവണ്ടതാണ്.......
പാറു സ്വയം ആശ്വസിച്ചു......
മടിച്ചിട്ടാണേലും ഏട്ടനോട് ചോദിച്ചു. കളിക്കാനും വരാറില്ലെന്ന് പറഞ്ഞപ്പോ സങ്കടായി....

       കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മൊയമ്മദ് സ്കൂളിൽ വന്നു. പാറുവിന്റെ കണ്ണിൽ തിളക്കം കൂടി....
എന്റെ നാണം പാറു തെറ്റിദ്ധരിച്ചോ എന്ന് സംശയം. പാറുവിന് എന്നോട് എന്തൊക്കെയോ ചോദിക്കാനുണ്ടെന്ന് എനിക്ക് തോന്നി. സദാചാര പോലീസിന്റെ കണ്ണുവെട്ടിച്ച് എപ്പഴോ അവൾ എന്നോട് ചോദിച്ചു,

എന്തേയനു എനക്ക്......?

നാണം കൊണ്ട് മറുപടി പറയാൻ കഴിയാതെ ഞാൻ ചിരിച്ചപ്പോൾ അവൾക്ക് ദേഷ്യമായി, പിന്നെയും എപ്പഴോ അവൾ ചോദിച്ചു. എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.
അവളുടെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു, എനിക്ക് പേടിയായി....
 അവളെയല്ല... കേട്ടെഴുത്തിനെ...
എന്റെ സപ്ത നാഡികളും തളർന്നു....
എന്റെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു....
ഗത്യന്തരമില്ലാതെ എനിക്ക് അതു പറയേണ്ടി വന്നു.

എന്റെ സുന്നത്ത് കല്യാണം.......

സുന്നത്ത് കല്യാണമോ.....?
അതെന്ത് കല്യാണം....?
കല്യാണം കേട്ടിട്ടുണ്ട്, കുറിക്കല്യാണവും കേട്ടിട്ടുണ്ട്, പ്രായത്തേക്കാൾ അറിവ് ചുമക്കുന്ന പാറു, തെരണ്ട് കല്യാണത്തിനെ പറ്റിയും കേട്ടിട്ടുണ്ട്.....
കോയിട്ടക്കാരനും, പാത്രക്കാരനും എന്നാ വരുന്നതെന്ന് ഉമ്മ പാറൂനോടാണ് ചോദിക്കാറ്.....
പൂളക്കലെ തിറ എന്നാണെന്നും, പള്ളീലെ പെരുന്നാൾ എന്നാണെന്നും പാറുനറിയാം....
ഇതിലെ പോകുന്ന ബസ്സിന്റെ പേര് ഒട്ടുമിക്കതും അറിയാം...
അറിവിന്റെ ഭണ്ഡാരമായിരുന്നു പാറു.
അങ്ങനെയുള്ള പാറൂനെയാ  പറ്റിക്കാൻ നോക്കുന്നത്.......
ഞാൻ യാതൊരു മടിയുമില്ലാതെ സ്ളേറ്റ് കാണിച്ചു കൊടുക്കുന്നതല്ലേ, പിന്നെന്താ അവന് എനിക്ക് സുന്നത്ത് കല്യാണം കാണിച്ച് തരുന്നതിന്.....?
പാറുവിന്റെ സംശയം ന്യായമായിരുന്നു. ഈ ചങ്ങായി എന്തോ എന്നിൽ നിന്ന് ഒളിച്ചുവെക്കുന്നു തീർച്ച......
പാറൂന്ന് സഹിക്കാൻ കഴിഞ്ഞില്ല....
സങ്കടം കൊണ്ട് കണ്ണുകൾ കലങ്ങി, പുഞ്ചിരി മാഞ്ഞു.....
അത് അതിലേറെ പൊല്ലാപ്പായി....
കേട്ടെഴുത്തെഴുതിയ സ്ളേറ്റ് മൊയമ്മദിന് കാണിച്ച് കൊടുക്കുന്നതു ലാഘവത്തോടെ, മെയമ്മദിന്റെ സുന്നത്ത് കല്യാണം പാറൂന്ന് കാണണം പോലും.......

അവളുടെ സംശയ നിവാരണ പ്രക്രിയ എന്നെ പിന്നെയും സങ്കടത്തിലാക്കി.
സംശയം അവർക്ക് മാത്രമല്ലായിരുന്നു.......
തുമ്പ് മുറിക്കുന്നു എന്ന് ആദ്യം  കേട്ടപ്പോൾ എനിക്കും സംശയമായിരുന്നു.
മുറ്റത്തെ പ്ലാവിന്റെ തുമ്പ് മുറിക്കുമ്പോ ഇക്ക പറഞ്ഞത് ഓർമ്മ വന്നു. അത് പ്ലാവിന് വണ്ണം വെക്കാനാണെന്നാണ്...
തെങ്ങിന്റെ തുമ്പ് മുറിച്ചാൽ ഉണങ്ങിപ്പോവുമെന്ന് ഉമ്മ പറഞ്ഞതും ഓർമ്മ വന്നു...

ഏതായാലും ഉണങ്ങിപ്പോവാനുള്ള ഒരു മുറി എന്റെ ഉമ്മ സമ്മതിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചു....
ഉമ്മയ്ക് അത്ര ഇഷ്ടാണ് എന്നെ.
പ്ലാവിന്റെ മുറിയാണെന്ന് ഞാൻ ആശ്വസിച്ചു....

വണ്ണം വെക്കാൻ......

         പാറുക്കുട്ടിയോടുള്ള ഇഷ്ടത്തേക്കാൾ കൂടുതൽ കേട്ടെഴുത്തിന്റെ പേടിയിൽ ഞാൻ സമ്മതിച്ചു.....
സ്കൂളിന്റെ മൂലയിലെ മാവ് എല്ലാറ്റിനും മൂകസാക്ഷിയായി...
കാറ്റു പതിവുപോലെ വീശി...
സദാചാര കാക്കകൾ പാറിയില്ല...
വെയിലിന് ചൂട് കൂടിയില്ല....
ടീച്ചറുടെ മതേതരത്വത്തിന് മാവ് ഒരു ഭീഷണിയുമായില്ല.....

പക്ഷേ മാവ് ലോകത്തോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

സുരേഷ് ചങ്ങനാരി