ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

നിലപാടില്‍ മാറ്റമില്ലെന്ന് ഫ്രഞ്ച് സ്ഥാനപതിയോട് സിപിഐ എം

നിലപാടില്‍ മാറ്റമില്ലെന്ന് ഫ്രഞ്ച് സ്ഥാനപതിയോട് സിപിഐ എം

ആണവദുരന്തമുണ്ടായാല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനിയും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണെന്ന നിലപാടില്‍നിന്ന് പിന്നോക്കം പോകില്ലെന്ന് സിപിഐ എം ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതിയെ അറിയിച്ചു. ആണവബാധ്യതാ നിയമത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ എകെജി ഭവനിലെത്തിയ ഫ്രഞ്ച് സ്ഥാനപതി ഫ്രാന്‍കോയിസ് റിഷിയറുമായുള്ള കൂടിക്കാഴ്ചയില്‍ പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ എം നിലപാടില്‍ മാറ്റം വരുത്തണമെന്ന അഭ്യര്‍ഥനയുമായാണ് സ്ഥാനപതി എ കെ ജി ഭവനില്‍ വന്നത്. ആണവ ബാധ്യതാ വിഷയത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ നിലപാട് അറിയിച്ചുവെന്ന് റിഷിയര്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ആണവ സഹകരണത്തില്‍ ഏര്‍പ്പെടുന്ന രാജ്യത്തെ നിയമത്തെ മാനിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ആണവബാധ്യതയെന്നത് ഒരു സുപ്രധാന ഘടകമാണ്. സിപിഐ എമ്മിന് ഈ വിഷയത്തില്‍ സുശക്തമായ നിലപാടുണ്ട്. ആണവ മേഖലയിലെ ഇപ്പോഴത്തെ പ്രവണതയെക്കുറിച്ചും ആണവോര്‍ജ ഉല്‍പ്പാദനത്തിലെ വര്‍ധിച്ചുവരുന്ന സഹകരണത്തെക്കുറിച്ചും സിപിഐ എം നേതൃത്വവുമായി ചര്‍ച്ചചെയ്തു- റിഷിയര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ ജെയ്താപുരില്‍ സ്ഥാപിക്കുന്ന ആണവനിലയത്തിലേക്ക് ആറ് യൂറോപ്യന്‍ പ്രഷറൈസ്ഡ് റിയാക്ടറുകള്‍ വിതരണംചെയ്യാന്‍ ഫ്രഞ്ച് കമ്പനിയായ അറീവ തയ്യാറെടുക്കുന്നതിനിടെയാണ് ഫ്രഞ്ച് അംബാസഡര്‍ കൂടിക്കാഴ്ചയ്ക്കെത്തിയത്. ആണവബാധ്യതാ നിയമത്തില്‍ വിതരണ കമ്പനിക്ക് കൂടി ഉത്തരവാദിത്തം ഉറപ്പാക്കുന്ന വ്യവസ്ഥ കടുപ്പം നിറഞ്ഞതാണെന്ന നിലപാടാണ് ഫ്രാന്‍സിന്. സിപിഐ എം ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ വ്യവസ്ഥ നിയമത്തിന്റെ ഭാഗമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായത്. വ്യവസ്ഥ ദുര്‍ബലമാക്കാനുള്ള ശ്രമം അമേരിക്കയും ഫ്രാന്‍സും മറ്റും സജീവമാക്കിയിട്ടുണ്ട്. വിതരണ കമ്പനിയെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അനുവദിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മാറ്റം അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ പാര്‍ടിയുടെ നിലപാട് ആവര്‍ത്തിച്ചു. നിര്‍മാണപ്പിഴവ് മൂലം ദുരന്തമുണ്ടായാല്‍ വിതരണ കമ്പനിക്ക് നഷ്ടപരിഹാര ബാധ്യത നിയമത്തില്‍ ഉറപ്പുവരുത്തുന്നുണ്ട്- യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ ആണവകമ്പനികളെ സഹായിക്കുന്നതിന് ആണവബാധ്യതാ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മാറ്റം അനുവദിക്കില്ലെന്ന് സിപിഐ എം വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ തല്‍ക്കാലം പിന്മാറുകയായിരുന്നു.

deshabhimani

രണ്‍വീര്‍സേന കൊല: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണം: പിബി

രണ്‍വീര്‍സേന കൊല: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണം: പിബി

ബിഹാറിലെ ലക്ഷ്മണ്‍പുര്‍ ബാത്തില്‍ 58 ദളിതരെ സവര്‍ണരുടെ ഗുണ്ടാപ്പടയായ രണ്‍വീര്‍സേന കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ പട്ന ഹൈക്കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

16 പ്രതികള്‍ക്ക് വധശിക്ഷയും പത്ത് പ്രതികള്‍ക്ക് ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. എന്നാലിപ്പോള്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ആക്രമണത്തില്‍ 58 ദളിതര്‍ കൊല്ലപ്പെട്ടുവെന്നതില്‍ സംശയമൊന്നും ഇല്ലാതിരിക്കെ പ്രതികളെ വിട്ടയച്ച കോടതി നടപടി പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. സവര്‍ണരുടെ സ്വകാര്യ സേന ദളിതരെ കൊലപ്പെടുത്തിയ മറ്റ് കേസുകളിലും പ്രതികളെ വിട്ടുവെന്നത് യാദൃച്ഛികമെന്നു കരുതുന്നില്ല. ഹൈക്കോടതിയുടെ തെറ്റായ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ എത്രയും വേഗം തയ്യാറാകണം. സിപിഐ എം എംഎല്‍എ അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ പപ്പു യാദവിനെ വെറുതെവിട്ട പട്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ്. പപ്പു യാദവ് കുറ്റക്കാരനാണെന്ന് കീഴ്ക്കോടതി കണ്ടെത്തിയിരുന്നു- പിബി പ്രസ്താവനയില്‍ പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് സിപിഐയുംആവശ്യപ്പെട്ടു. 1997 ഡിസംബര്‍ ഒന്നിനാണ് ലക്ഷ്മണ്‍പുരില്‍ 58 ദളിതരെ രണ്‍വീര്‍ സേന കൊലപ്പെടുത്തിയത്. മരിച്ചവരില്‍ 27 സ്ത്രീകളും പത്ത് കുട്ടികളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നാല് ദളിത് കുടുംബങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. 44 രണ്‍വീര്‍ സേനാംഗങ്ങളായിരുന്നു കേസിലെ പ്രതികള്‍. ബിഹാറിലെ ആര്‍ജെഡി സര്‍ക്കാര്‍ രണ്‍വീര്‍ സേനയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിക്കുന്നതിന് അമിര്‍ദാസ് കമീഷനെ നിയമിച്ചെങ്കിലും പിന്നീട് ജെഡിയു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കമീഷനെ പിരിച്ചുവിട്ടു. രണ്‍വീര്‍ സേനയുടെ താല്‍പ്പര്യങ്ങളാണ് നിതീഷ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. രണ്‍വീര്‍ സേനയുടെ തലവന്‍ ബ്രഹ്മേശ്വര്‍ സിങ് കഴിഞ്ഞ വര്‍ഷം ഭോജ്പ്പുര്‍ ജില്ലാ ആസ്ഥാനത്ത് കൊല്ലപ്പെട്ടു.

deshabhiman

30ന്റെ മതനിരപേക്ഷ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കം

30ന്റെ മതനിരപേക്ഷ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കം

ഡല്‍ഹിയില്‍ ഒക്ടോബര്‍ 30ന് ചേരുന്ന മതനിരപേക്ഷ ദേശീയ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതം. കൂടുതല്‍ കക്ഷികളെ അണിചേര്‍ത്ത് മതനിരപേക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്തി വര്‍ഗീയതയെ നേരിടുകയാണ് കണ്‍വന്‍ഷന്റെ ലക്ഷ്യം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പ്രമുഖ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്‍വന്‍ഷനില്‍ അണിനിരത്തും. വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിയാലോചന തുടരുകയാണ്. പ്രമുഖ നര്‍ത്തകി മല്ലികാ സാരാഭായ് ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖര്‍ കണ്‍വന്‍ഷനെത്തും. ഒരുക്കങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, അമര്‍ജിത് കൗര്‍ (സിപിഐ), രാംഗോപാല്‍ യാദവ് (എസ്പി), കെ സി ത്യാഗി (ജെഡിയു) എന്നിവര്‍ പങ്കെടുത്തു.

ബിജെഡി, എഐഎഡിഎംകെ എന്നീ കക്ഷികളെക്കൂടി കണ്‍വന്‍ഷനില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഒരു മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞു. രണ്ടു പാര്‍ടികളും കണ്‍വന്‍ഷന് അനുകൂലമായാണ് പ്രതികരിച്ചത്. ആന്ധ്രാപ്രദേശിലെ ചില കക്ഷികളുമായും സംസാരിച്ചിട്ടുണ്ട്. എന്നാല്‍, അവിടത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏതെങ്കിലും കക്ഷികള്‍ക്ക് പങ്കെടുക്കാനാകുമോയെന്നത് വ്യക്തമല്ല. പുതിയ മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ചൊന്നും ആലോചനയില്ല. വര്‍ഗീയ ശക്തികളുടെ ഭീഷണിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ദേശീയവേദിയുടെ രൂപീകരണമാണ് ലക്ഷ്യം. വര്‍ഗീയത ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ശ്രമം തടയണം. അതിന് മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ കൂടിയേ തീരൂ. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഏറ്റവും ഭീഷണി വര്‍ഗീയതയാണ്- യെച്ചൂരി പറഞ്ഞു.

deshabhimani