ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 17, വ്യാഴാഴ്‌ച

ഒരാളുടെ സ്വഭാവം ധരിക്കുന്ന ഷൂസ് കണ്ടാല്‍ അറിയാം.


ഒരാളുടെ സ്വഭാവം ധരിക്കുന്ന ഷൂസ് കണ്ടാല്‍ അറിയാം.

കന്‍സാസ് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ടീമിന്റെ അഭിപ്രായത്തില്‍ ഒരാളുടെ സ്വഭാവം ഏതാണ്ട് തൊണ്ണൂറു ശതമാനവും അയാള്‍ ധരിക്കുന്ന പാദരക്ഷകള്‍ നോക്കി പറയാം. ഇതൊരുപക്ഷേ എങ്ങിനെ ശരിയാവും എന്ന് തോന്നാം. ചെറുപ്പകാലത്ത് എന്റെ ഒരു സുഹൃത്ത് പെണ്‍കുട്ടികളുടെ മുഖത്തിലും അധികമായി അവര്‍ ധരിക്കുന്ന പാദരക്ഷകള്‍ക്കു പ്രാധാന്യം കൊടുക്കുമായിരുന്നു. ‘ഇടുന്ന ചെരുപ്പ് കണ്ടാല്‍ അറിയാം,’ എന്ന് അവന്‍ പറയുന്നത് ഇത് വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി.
ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് പേര്‍സണാലിറ്റിയില്‍ ആണ് ഈ പഠനം പബ്ലിഷ് ചെയ്തത്. അറുപത്തിമൂന്ന് വിദ്യാര്‍ഥികള്‍ ഇരുന്നൂറ്റിഎട്ടു ആളുകളുടെ പാദരക്ഷകളുടെ ചിത്രങ്ങള്‍ കണ്ടതിനു ശേഷം ഒരു ചോദ്യാവലിയില്‍ ഉത്തരങ്ങള്‍ നല്‍കുകയായിരുന്നു. അതില്‍ നിന്നുമാണ് ഈ നിഗമനങ്ങളില്‍ ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്നത്. അതിലെ ചില പ്രധാന കാര്യങ്ങള്‍ ഇവിടെ എഴുതുന്നു. കൂടുതലായി ഇത് വായിക്കണം എന്നുള്ളവര്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തി വായിക്കുവാന്‍ അപേക്ഷ.
വിലകൂടിയ ഷൂസുകള്‍ ഉള്ളവര്‍ തീര്‍ച്ചയായും പണക്കാര്‍ തന്നെ ആയിരുന്നു. വളരെ ഫ്‌ലാഷി, കളര്‍ഫുള്‍ ഷൂസുകള്‍ പുറം മോടിയുള്ള ആളുകള്‍ ആയിരുന്നു ധരിച്ചത്. ഒരു പൊടിപോലും തട്ടാതെയുള്ള ഷൂസുകള്‍ ധരിച്ചിരുന്നവര്‍ അതീവ ശ്രദ്ധാലുക്കള്‍ ആണെന്നും പഠനം കണ്ടെത്തി. സാധാരണ ഷൂസുകളും ഉപയോഗ ക്ഷമതയുള്ള ഷൂസുകളും ധരിച്ചിരുന്നവര്‍ പൊതുവേ അംഗീകാരം ലഭിക്കുന്ന ആളുകള്‍ ആയിരിക്കും. വളരെ സാഹസികതയുള്ളവരും ദേഷ്യ സ്വഭാവം ഉള്ളവരും ആങ്കിള്‍ ബൂട്ടുകള്‍ ഉപയോഗിക്കാറുണ്ടെന്നും കണ്ടെത്തപ്പെട്ടു. എന്നാല്‍ ഒട്ടും സുഖകരം അല്ല എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന ഷൂസുകള്‍ ധരിക്കുന്നവര്‍ വളരെ സമാധാനപ്രിയര്‍ ആകുമെന്നും പറയുന്നു. ആളുകളുടെ വയസ്സ്, ആണാണോ പെണ്ണാണോ, ആളുകളുടെ മാനസിക നില തുടങ്ങിയ കാര്യങ്ങള്‍ വളരെ വ്യക്തമായി പറയുവാന്‍ ഈ ഷൂസ് ഒബ്‌സെര്‍വേഷന്‍ കൊണ്ട് കഴിഞ്ഞു.അറ്റാച്‌മെന്റ് ആങ്ക്‌സൈറ്റി അല്ലെങ്കില്‍ തങ്ങളുടെ സ്‌നേഹ ബന്ധങ്ങളെപ്പറ്റി ആകാംഷയുള്ള ആളുകള്‍ ഏപ്പോഴും പുതിയതും വൃത്തിയുള്ളതുമായ ഷൂസുകള്‍ ധരിക്കും. സ്വന്തം പ്രതിശ്ചായയില്‍ ഇവര്‍ക്ക് എന്നും ഒരുതരം ആകാംഷയുണ്ടാവുക സാധാരണം ആയിരിക്കും എന്നാണു വിദഗ്ദര്‍ പറയുന്നത്. മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് വിചാരിക്കും എന്ന ഒരു വിചാരം ഏപ്പോഴും ഇവര്‍ക്ക് കാണും.
ഷൂസുകള്‍ കുറെയൊക്കെ ആളുകളുടെ സ്വഭാവം വിളിച്ചറിയിക്കും. അതുപോലെ മറ്റൊരാള്‍ ഇടുന്ന ഷൂസുകള്‍ നമ്മളെല്ലാം നോക്കാറും ഉണ്ട്. ആളുകളുടെ സ്വഭാവത്തിന്റെ ഒരംശം അതില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ഈ പഠനത്തില്‍ ഏറ്റവും വികൃതമായ ഷൂസുകള്‍ ധരിച്ചിരുന്നവര്‍ക്ക് മറ്റുള്ളവരുമായി സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാക്കുവാനുള്ള കഴിവ് കുറവായിരിക്കും എന്ന കാര്യം കണ്ടത്തപ്പെടുകയുണ്ടായില്ല.ബോറന്‍ ഷൂസുകള്‍ ധരിക്കുന്നവര്‍ തങ്ങളെപ്പറ്റി മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് തീരെ ചിന്തയില്ലാത്തവര്‍ ആയിരുന്നു.
അങ്ങിനെ ഷൂസുകള്‍ ആളുകളുടെ സ്വഭാവം വിളിച്ചറിയിക്കുന്ന ഒരു വസ്തുവാണ് എന്നുതന്നെ ഈ പഠനം നടത്തിയവര്‍ പറയുകയാണ്. എന്നാല്‍ ചില ആളുകള്‍ മറ്റുള്ളവരെ ബോധിപ്പിക്കുവാനായി കരുതിക്കൂട്ടി നല്ല ഷൂസുകള്‍ ധരിക്കാറുണ്ടത്രേ ! സത്യത്തില്‍ ഈ ഷൂസുകളും അവരുടെ സ്വഭാവവുമായി അധികം ബന്ധവും ഉണ്ടാകാറില്ല. ഇത് വളരെ ചുരുക്കമായി മാത്രം കാണുന്ന ഒരു കാര്യം ആണെന്നും സൈക്കോളജിസ്റ്റുകള്‍ പറയുന്നു.


Read & Share on Ur Facebook Profile: http://boolokam.com/archives/70310#ixzz2IFpmXpnP

ഭൂസമരം വിജയിച്ചു


ഭൂസമരം വിജയിച്ചു

പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി മണ്ണിന്റെ മക്കള്‍ നടത്തിയ സഹനസമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ഭൂസംരക്ഷണ സമിതി നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പതിനാറുനാള്‍ നീണ്ട ഐതിഹാസിക സമരം ഒത്തുതീര്‍ന്നത്.

ഭൂസംരക്ഷണ സമിതി നേതാക്കളായ ഇ പി ജയരാജന്‍, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, ബി രാഘവന്‍, വിദ്യാധരന്‍ കാണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമര സമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി ചര്‍ച്ചയ്ക്കുശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. എന്നാല്‍ വില്ലേജ് തലത്തിലുള്ള ഭൂസംരക്ഷണ സമിതിയെ നിലനിര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

നല്ല നിലയിലുള്ള ചര്‍ച്ചയാണ് നടന്നതെന്നും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായമാണ് ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അനുസരിച്ച് ഭൂരഹിതരായ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഭൂമി നല്‍കുന്നത് ത്വരിതപ്പെടുത്തും. ഭൂരഹിതര്‍ക്ക് കുറഞ്ഞത് മൂന്നു സെന്റ് ഭൂമി വീതം നല്‍കും. ഫെബ്രുവരി 15നകം ഇതിനായി അപേക്ഷ നല്‍കണം. ആഗസ്തിനകം ഒരു ലക്ഷം പേര്‍ക്കെങ്കിലും ഭൂമി നല്‍കും. ആദിവാസികള്‍ക്ക് ഒരേക്കര്‍ വരെ ഭൂമിനല്‍കുന്ന നടപടി ത്വരിതപ്പെടുത്തും. ഭൂമി അനധികൃതമായി കൈവശം വയ്ക്കുനവര്‍ക്കെതിരെ നടപടിയെടുക്കും ഇതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തും. ഭൂസമരവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

പുതുവര്‍ഷപ്പുലരിയിലാണ് മണ്ണിന്റെ മക്കള്‍ മിച്ചഭൂമികളില്‍ അവകാശം സ്ഥാപിക്കുന്ന ഐതിഹാസികമായ പ്രക്ഷോഭം തുടങ്ങിയത്. അറസ്റ്റു വരിക്കാന്‍ സന്നദ്ധമായാണ് 14 ജില്ലയിലും ഓരോ കേന്ദ്രത്തില്‍ വീതം സമര വളന്റിയര്‍മാര്‍ മിച്ച ഭൂമിയില്‍ കൊടികെട്ടി അവകാശം സ്ഥാപിച്ചതെങ്കിലും സര്‍ക്കാര്‍ ഒളിച്ചോടി. പത്തുനാള്‍ നീണ്ട ഒന്നാംഘട്ടം പിന്നിട്ടിട്ടും സര്‍ക്കാര്‍ നിസ്സംഗത തുടര്‍ന്നപ്പോഴാണ് വെള്ളിയാഴ്ച മുതല്‍ മിച്ചഭൂമികളില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഭൂരഹിതരായ പതിനായിരങ്ങള്‍ അവകാശം സ്ഥാപിച്ചു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതമായത്. എന്നാല്‍, ചര്‍ച്ച പ്രഹസനമാക്കി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കുക, ഭൂവിതരണത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്ക് കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭൂസമരത്തിലൂടെ മുന്നോട്ടുവച്ചത്.

ഐതിഹാസിക സമരത്തിന്റെ രണ്ടാം ഘട്ടം ആറുദിവസം പിന്നിട്ടപ്പോള്‍ 5653 കുടിലാണ് മിച്ചഭൂമിയില്‍ ഉയര്‍ന്നത്. പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസികള്‍ മാത്രം 100 കുടില്‍ കെട്ടി. മറ്റു ജില്ലകളിലും സമരകേന്ദ്രങ്ങളില്‍ പുതിയ കുടില്‍ കെട്ടി സമരരംഗത്ത് ആവേശം വിതറിനില്‍ക്കുകയാണ് ഭൂരഹിതരായ സമര വളന്റിയര്‍മാരും അവര്‍ക്കൊപ്പമുള്ള ആയിരങ്ങളും. തിരുവനന്തപുരത്ത് മൂന്നു സമരകേന്ദ്രത്തിലായി 45 കുടില്‍ പുതുതായി കെട്ടി. കൊല്ലത്ത് പുതുതായി രണ്ടു കേന്ദ്രത്തില്‍ കൂടി കുടില്‍ കെട്ടി 1010 കുടിലായി വര്‍ധിച്ചു. പത്തനംതിട്ടയില്‍ 840ഉം ആലപ്പുഴയില്‍ 138ഉം കോട്ടയത്ത് പുതിയ 7 കുടിലും ഇടുക്കിയില്‍ 575ഉം എറണാകുളത്ത് 177ഉം തൃശൂരില്‍ 665ഉം കുടില്‍ കെട്ടി. പാലക്കാട്ട് 400ഉം മലപ്പുറത്ത് 659ഉം കോഴിക്കാട്ട് 130 വയനാട്ടില്‍ 471ഉം കുടില്‍ കെട്ടി, ഒരു കേന്ദ്രത്തില്‍ ആദിവാസി ജനവിഭാഗങ്ങള്‍ മാത്രമായിരുന്നു. കണ്ണൂരില്‍ പുതിയ 49 കുടിലും കാസര്‍കോട്ട് 487 കുടിലുമാണ് കെട്ടിയത്.

ഡീസല്‍ വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക്


ഡീസല്‍ വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക്


ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതായി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി. പുതിയ തീരുമാനമനുസരിച്ച് ഡീസല്‍ വില കൂട്ടാനുള്ള പൂര്‍ണ്ണ അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചു. ഒറ്റയടിക്ക് വന്‍ തോതില്‍ വില വര്‍ധിപ്പിക്കരുതെന്ന് എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡീസല്‍ വില ഉടന്‍ കൂടിയേക്കും. രണ്ട് വര്‍ഷം മുന്‍പ് പെട്രോളിന്റെ വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടിയ്ക്ക് ശേഷം പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവുണ്ടായി. പത്തൊന്‍പത് തവണയായി 31 ശതമാനമാണ് ഇക്കാലയളവില്‍ പെട്രോള്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് 6 ആക്കി സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. കടുത്ത പ്രതിഷേധമാണ് രാജ്യത്താകെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. ആറില്‍ നിന്ന് ഒന്‍പതാക്കിയാണ് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. വരുന്ന ഏപ്രിലോടെ തീരുമാനം പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പ്രഖ്യാപനം നടത്തിയത്.

deshabhimani