ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 28, തിങ്കളാഴ്‌ച

കഴിവില്ലെങ്കില്‍ ഇറങ്ങിപ്പോകണം

കഴിവില്ലെങ്കില്‍ ഇറങ്ങിപ്പോകണം
Posted on: 27-Jan-2013 08:44 PM
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് നാല്‍പ്പാടി വാസു എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിന് പൊതുസമൂഹത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാന നേതാവും ഇന്ന് പാര്‍ലമെന്റ് അംഗവുമായ കെ സുധാകരനാണ് ആ കുറ്റകൃത്യത്തിലെ മുഖ്യപ്രതി എന്നതിലും സംശയത്തിന് വകയില്ല. ഭരണാധികാരത്തിന്റെ ഞെട്ടിക്കുന്ന ദുരുപയോഗത്തിലൂടെ സുധാകരനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും പിന്നീട് പ്രതിപ്പട്ടികയില്‍ വന്നപ്പോള്‍ രക്ഷപ്പെടുത്താനും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ടിക്ക് കഴിഞ്ഞു. എന്നാല്‍, ആ കുറ്റകൃത്യത്തില്‍ പങ്കാളിയും സുധാകരന്റെ സഹായിയുമായിരുന്ന പ്രശാന്ത്ബാബു നടത്തിയ പരസ്യമായ കുറ്റസമ്മതം, സുധാകരന് രക്ഷപ്പെടാനുള്ള ഒരു പഴുതും അവശേഷിപ്പിക്കാതെയാണ് കഴിഞ്ഞവര്‍ഷം പുറത്തുവന്നത്. ""നാല്‍പ്പാടി വാസുവിനെ സുധാകരന്റെ ഗണ്‍മാനെ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം കാറിന്റെ ഹെഡ്ലൈറ്റും ഗ്ലാസുമെല്ലാം പൊട്ടിച്ചത് തങ്ങളെല്ലാം ചേര്‍ന്നാണ്"" എന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. ""അനൗണ്‍സ്മെന്റ് വാഹനത്തിലെ ജിമ്മിയുമായാണ് അവിടെ ആദ്യം പ്രശ്നമുണ്ടായത്. കടവന്ത്രക്കാരനായ ജിമ്മി ജോസഫ് അന്ന് ഡിസിസി ഓഫീസില്‍തന്നെയായിരുന്നു. ചായക്കടയില്‍നിന്ന് എന്തോ പറഞ്ഞതായും ആംഗ്യം കാണിച്ചതായും പറഞ്ഞ് ജിമ്മിയും മറ്റും വണ്ടിയില്‍നിന്നിറങ്ങി ഭീഷണിപ്പെടുത്തി. ഇത് നാട്ടുകാര്‍ ചോദ്യംചെയ്തു. പിന്നിലുള്ള സുധാകരേട്ടന്റെ വാഹനം ഓടിച്ചത് ഞാനായിരുന്നു. ചായപ്പീടികയ്ക്കുസമീപം എത്തിയതോടെ വണ്ടിനിര്‍ത്തി. ഗണ്‍മാന്‍ ഇറങ്ങി വെടിവച്ചപ്പോഴാണ് വാസുവിന് വെടിയേറ്റത്. അക്രമം നടന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവച്ചുവെന്ന് വരുത്താന്‍ സംഭവം നടന്ന സ്ഥലത്തുനിന്ന് മുന്നോട്ടുപോയശേഷമാണ് ലൈറ്റും ഗ്ലാസും അടിച്ചുപൊളിച്ചത്. നാല്‍പ്പാടി വാസുവധത്തിനുശേഷം കെ സുധാകരനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ കെ കരുണാകരന്‍ പറഞ്ഞതാണ്. ആ ഘട്ടത്തില്‍ രക്ഷിച്ചത് വയലാര്‍ രവിയാണ്. സുധാകരന്‍ നേതൃത്വത്തില്‍ വന്നശേഷമാണ് കണ്ണൂരില്‍ ബോംബുരാഷ്ട്രീയം തുടങ്ങിയത്."" നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കളോ സിപിഐ എമ്മോ അല്ല, സുധാകരനോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിതന്നെയാണ് ഇത് പറയുന്നത്.

ഇത്തരമൊരു വെളിപ്പെടുത്തല്‍ വന്നാല്‍ സാധാരണനിലയില്‍ ആ കേസ് പുനരന്വേഷിക്കേണ്ടതാണ്. അങ്ങനെ അന്വേഷിച്ച് യഥാര്‍ഥ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത നക്സല്‍ വര്‍ഗീസ് വധക്കേസുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഇവിടെ, നാല്‍പ്പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വാസുവിന്റെ സഹോദരന്‍ രാജന്‍ നല്‍കിയ അപേക്ഷയില്‍ ""ഇനിയൊരു അന്വേഷണത്തിന് സാധ്യതയില്ല"" എന്ന നിലപാടാണത്രേ ആഭ്യന്തരവകുപ്പിന്. ഇതേ ആഭ്യന്തരവകുപ്പുതന്നെയാണ്, സുപ്രീംകോടതിയടക്കം തീര്‍പ്പുകല്‍പ്പിച്ച കെ ടി ജയകൃഷ്ണന്‍ കേസ്, ഇല്ലാത്ത ഒരു മൊഴി സൃഷ്ടിച്ച് മാന്തിയെടുക്കാന്‍ നോക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസമാണ്.

അക്രമത്തിനെതിരെ സമാധാനജാഥയെന്നു പറഞ്ഞ് നടത്തിയ യാത്രയിലാണ് നാല്‍പ്പാടി വാസുവിനെ സുധാകരസംഘം വെടിവച്ചുകൊന്നത്. 1992 ജൂണ്‍ 13ന് കണ്ണൂര്‍ സേവറി ഹോട്ടലില്‍ ചോറുവിളമ്പുകയായിരുന്ന നാണുവിന്റെ രക്തവും മാംസവും ഭക്ഷണം കഴിക്കാനിരുന്നവരുടെ ദേഹത്തും ഇലകളിലും ചിതറിവീണത് ഇതേസുധാകരന്റെ ഗുണ്ടകളുടെ ബോംബേറിലാണ്. കണ്ണൂര്‍ ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേരിട്ട് നേതൃത്വം നല്‍കിയത് കെ സുധാകരനാണെന്ന് ഓരോ കേസും ചൂണ്ടിക്കാട്ടി പ്രശാന്ത്ബാബു വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊലചെയ്യാന്‍ സുധാകരന്‍ തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശം പ്രശാന്ത്ബാബുവിലൂടെ പുറത്തുവന്നു. കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് പ്രസില്‍ കയറി പ്രശാന്തനെയും ചൊവ്വ സഹകരണബാങ്കില്‍ കയറി വിനോദിനെയും വെട്ടിയതും സിപിഐ എം നേതാവ് അന്തരിച്ച ടി കെ ബാലന്റെ വീട്ടില്‍ ബോംബെറിഞ്ഞ് മകന്‍ ഹിതേഷിന്റെ കണ്ണ് ഇല്ലാതാക്കിയതും ഇതേസുധാകരസംഘമാണ്.

പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടത്രേ. അവരെക്കുറിച്ച് പിന്നീട് കാര്യമായ വിവരമൊന്നുമില്ല. ഇന്നും സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തേര്‍വാഴ്ച തുടരുകയാണ്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് പൊലീസുദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയതും മണല്‍മാഫിയക്കുവേണ്ടി നിയമം കൈയിലെടുത്തതും ഈയിടെയാണ്. സുധാകരന്റെ രോമത്തില്‍പ്പോലും തൊടാനുള്ള നട്ടെല്ല് കേരളത്തിലെ പൊലീസിനെ ഭരിക്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്ല. പൊലീസിനെ ഭരണകക്ഷിയുടെ അടുക്കളപ്പണിക്കാരാക്കി അധഃപതിപ്പിച്ചതിന്റെ ഫലമാണ് ഈ ദുരവസ്ഥ.

രണ്ടു നീതിയാണ് നടപ്പാക്കപ്പെടുന്നത്. മലപ്പുറം അരീക്കോട്ട് ഇരട്ടക്കൊല നടന്നപ്പോള്‍, അതിന് പരസ്യമായി ആഹ്വാനം നല്‍കിയ ലീഗ് എംഎല്‍എ പി കെ ബഷീറിനെ സംരക്ഷിക്കലായിരുന്നു പൊലീസിന്റെ ചുമതല. എഫ്ഐആറില്‍ പ്രതിയായ ബഷീര്‍ ഇന്ന് പ്രതിപ്പട്ടികയിലില്ല. ഒരു പ്രസംഗത്തിന്റെ പേരില്‍ സിപിഐ എം നേതാവ് എം എം മണിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും നാടകീയമായി അറസ്റ്റുചെയ്യാനും ജാമ്യം നിഷേധിച്ച് ജയിലിലടക്കാനും ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസിന് അറപ്പുണ്ടായില്ല. അതേകൂട്ടര്‍തന്നെയാണ്, കേരളരാഷ്ട്രീയം കണ്ട ഏറ്റവും നികൃഷ്ടനായ മാഫിയതലവനെന്ന് കോണ്‍ഗ്രസുകാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന കെ സുധാകരനെ നിര്‍ലജ്ജം രക്ഷിക്കുന്നത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരിക്കെ പി രാമകൃഷ്ണന്‍ സുധാകരനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍മാത്രം മതി കേസെടുക്കാനും അറസ്റ്റുചെയ്യാനും എന്നിരിക്കെ, പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ വന്നിട്ടും സുധാകരനെ സുരക്ഷിതനാക്കി സൂക്ഷിക്കുന്നത് മിതമായ ഭാഷയില്‍ തോന്ന്യാസമാണ്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അലങ്കാരമായ ഈ തോന്ന്യാസം നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന കേരളജനതയ്ക്ക് പൊറുക്കാവുന്നതല്ല. കെ സുധാകരന്‍ എന്ന ക്രിമിനല്‍നേതാവിനെ പിടിച്ചുകെട്ടാനുള്ള നിയമം തന്റെ കൈയിലില്ലെന്നാണ് തിരുവഞ്ചൂരിന്റെ നിലപാടെങ്കില്‍, ഇരിക്കുന്ന പദവിക്ക് കൊള്ളരുതാത്തവനാണെന്ന് സമ്മതിച്ച് ഇറങ്ങിപ്പോകാനെങ്കിലും ആഭ്യന്തരമന്ത്രിക്ക് കഴിയണം.

ഭീകരതയ്ക്ക് എന്ത് മതം?

ഭീകരതയ്ക്ക് എന്ത് മതം?
Posted on: 22-Jan-2013 10:09 PM
ആര്‍എസ്എസും അതിെന്‍റ രാഷ്ട്രീയവിഭാഗമായ ബിജെപിയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നത് പുതിയ ഒരറിവല്ല. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നതിനുപിന്നാലെ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ് എന്ന് പില്‍ക്കാലത്ത് കോണ്‍ഗ്രസ് മറന്നുപോയതാണ് പ്രശ്നം. മുസ്ലിം ന്യൂനപക്ഷസമുദായത്തില്‍ വിഭാഗീയ ലക്ഷ്യങ്ങളോടെ വളര്‍ത്തിയെടുക്കുന്ന മൗലികവാദവും തീവ്രവാദവും ഇന്ന് രാജ്യം നേരിടുന്ന പരുക്കന്‍ യാഥാര്‍ഥ്യമാണ്. എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണ്; എല്ലാ മുസ്ലിങ്ങളും ഭീകരരാണ് എന്ന കുയുക്തിയുമായി ഭീകരവാദത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ ചിത്രീകരിക്കാനും സ്വന്തം ഭീകരമുഖം ആ പ്രചാരണപ്രളയത്തില്‍ ഒളിപ്പിച്ചുവയ്ക്കാനുമാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ആ ശ്രമത്തിന് വലിയ തിരിച്ചടിയേറ്റത് മലേഗാവ്, മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ക്കുപിന്നില്‍ ഹിന്ദുത്വ തീവ്രവാദി സംഘങ്ങളാണ് എന്ന് തെളിഞ്ഞതോടെയാണ്. പ്രജ്ഞാ താക്കൂര്‍, അസീമാനന്ദ് തുടങ്ങിയ ഹിന്ദുത്വ വാദികള്‍ പിടിക്കപ്പെടുകയും ഗൂഢാലോചന നിസ്സംശയം തെളിയുകയും ചെയ്തപ്പോള്‍ "ഹിന്ദുത്വ പീഡനം" ആരോപിച്ച് ദുര്‍ബലമായ പ്രതിഷേധമുയര്‍ത്താനല്ലാതെ യുക്തിഭദ്രമായി ജനങ്ങളോട് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞില്ല.

ബിജെപി പരമോന്നത നേതൃപദവിയിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയാണ് ഗുജറാത്തിലെ വംശഹത്യയുടെ നായകന്‍ എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. മോഡിയുടെ പ്രശസ്തിക്കായി വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി ഗുജറാത്ത് പൊലീസ് നടത്തിയ നരഹത്യകളും രഹസ്യമല്ല. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നടമാടിയ ഏറ്റവും കൊടിയ മനുഷ്യക്കുരുതിയാണ് ഗുജറാത്ത് കലാപം. നീതിന്യായ സംവിധാനങ്ങളെ മറികടക്കാനും നിയമ വ്യവസ്ഥയെ അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണമാണ് ഗുജറാത്തില്‍ മോഡി നയിക്കുന്നത്. അതാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന "മാതൃക". മുസ്ലിങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന് മതഭ്രാന്തിളകിയ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് രാഷ്ടീയമറ നല്‍കുകയാണ് ബിജെപി. നീതിനിഷ്ഠനായ പൊലീസുദ്യോഗസ്ഥന്‍ ഹേമന്ദ് കാര്‍ക്കറെ ഹിന്ദുത്വ ഭീകരവാദികളുടെ തനിനിറം പുറത്തുകൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിനെതിരെ നികൃഷ്ടമായ പ്രചാരവേലയ്ക്കാണ് സംഘപരിവാര്‍ തയ്യാറായത് എന്നോര്‍ക്കണം. അദ്ദേഹത്തെ മുംബൈ ആക്രമണസമയത്ത് ഭീകരര്‍ കൊലപ്പെടുത്തിയതോടെ, ആ പ്രചാരണം അവസാനിപ്പിക്കേണ്ടിവരികയായിരുന്നു.

രണ്ടുപതിറ്റാണ്ടായി ഹിന്ദുത്വശക്തികള്‍ നടത്തുന്ന വര്‍ഗീയവല്‍ക്കരണപ്രവര്‍ത്തനങ്ങളെ ഇന്ത്യയിലെ ഭീകരവാദപ്രവര്‍ത്തനങ്ങളുടെ പൊതുവായ വളര്‍ച്ചയില്‍നിന്ന് വേര്‍പെടുത്തിക്കാണാനാവില്ല. വര്‍ഗീയവാദവും മതതീവ്രവാദവുമാണ് ഭീകരപ്രവര്‍ത്തനത്തിന് വെള്ളവും വളവും നല്‍കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനവും നീതിനിഷേധവും ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ മൗലികവാദശക്തികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഏതാനും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമങ്ങള്‍ പരിധിവിട്ട് തുടരുകയാണ്. മുംബൈ ഭീകരാകമണത്തിനുപിന്നില്‍ പാക് ജിഹാദി ഗ്രൂപ്പായിരുന്നു. 2011ലെ മുംബൈ സ്ഫോടനങ്ങള്‍, ഡല്‍ഹി ഹൈക്കോടതി ബോംബ് സ്ഫോടനം-ഇങ്ങനെ വീണ്ടും ആക്രമണങ്ങളുണ്ടായി. മുസ്ലിം തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന നിരവധി വിവരങ്ങള്‍ നിമിഷംപ്രതിയെന്നോണം പുറത്തുവരുന്നു. ഈ പശ്ചാത്തലത്തില്‍, ഭീകരവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അവര്‍ ഏതുമതത്തില്‍പ്പെട്ട ഭീകരഗ്രൂപ്പുകളാണെന്ന നിലയില്‍ വേര്‍തിരിച്ചു കൈകാര്യംചെയ്യാനാവില്ല. പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന രീതിയില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുള്ള പ്രയോജനം ഭീകരവാദശക്തികള്‍ക്കാണ്. ദൗര്‍ഭാഗ്യവശാല്‍, കോണ്‍ഗ്രസ് ഈ യാഥാര്‍ഥ്യം കാണാതെയാണ് എക്കാലത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്. ഹിന്ദു ഭീകരവാദികള്‍ക്കെതിരെ മൃദുസമീപനമാണ് അവര്‍ എന്നും സ്വീകരിച്ചത്. ഭിന്ദ്രന്‍വാലയെപ്പോലുള്ള കൊടുംഭീകരരെ ഊട്ടിവളര്‍ത്തിയ പാരമ്പര്യമാണ് ആ പാര്‍ടിയുടേത്. ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളും അതില്‍ പ്രകോപിതരായി ഹിന്ദുത്വശക്തികള്‍ മുഴക്കുന്ന വെല്ലുവിളികളും പുതിയ എന്തെങ്കിലും സന്ദേശം നല്‍കുന്നതല്ല എന്ന് ഇരുപക്ഷത്തിന്റെയും ഇതഃപര്യന്തമുള്ള സമീപനത്തില്‍നിന്ന് വ്യക്തമാണ്. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് വര്‍ഗീയ ശക്തികള്‍ക്കെതിരെ അണിനിരക്കണം; അവരെ ഒറ്റപ്പെടുത്തണം. അത് മനസിലാക്കി കോണ്‍ഗ്രസ് ഇടപെടുന്നില്ലെങ്കില്‍ ഷിന്‍ഡെയുടെ വാക്കുകള്‍ക്കും അതിലെ കടുപ്പത്തിനും അത് അച്ചടിക്കുന്ന കടലാസിന്റെ വിലപോലും കല്‍പ്പിക്കാനാവില്ല. ഷിന്‍ഡെയെ കോണ്‍ഗ്രസ് വക്താവ് തള്ളിപ്പറഞ്ഞതും ഭീകരപ്രവര്‍ത്തനത്തിന് പുതിയ നിര്‍വചനം നല്‍കാന്‍ ശ്രമിക്കുന്നതും അപഹാസ്യമായ നാടകത്തിന്റെ ഭാഗംമാത്രം.

വെറും വാക്കുകളല്ല, മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്ന് രാജ്യത്തിന്റെ ഐക്യവും ഉദ്ഗ്രഥനവും സുരക്ഷിതമാക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ് കോണ്‍ഗ്രസ് പ്രകടിപ്പിക്കേണ്ടത്. ബിജെപി പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷകക്ഷിയാണിന്ന്. അതിന് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് അടിസ്ഥാനപരമായ ഭിന്നതകളൊന്നുമില്ല. നവലിബറല്‍ നയങ്ങളെ അവര്‍ ഗാഢം പുണരുന്നു. വര്‍ഗീയ പാര്‍ടി എന്നതിനൊപ്പം കോണ്‍ഗ്രസിനുള്ള വലതുപക്ഷ ബദല്‍കൂടിയാണ് ബിജെപി എന്ന യാഥാര്‍ഥ്യം, ആ പാര്‍ടിക്കെതിരെ ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നയിച്ച ആക്ഷേപത്തിന്റെയും അതേത്തുടര്‍ന്നുള്ള വാദപ്രതിവാദങ്ങളുടെയും ഗൗരവമില്ലായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള സമരത്തില്‍ മതനിരപേക്ഷ ശക്തികളോടൊപ്പം അണിചേരാതെ, ആകാവുന്ന എല്ലാ മേഖലയിലും വര്‍ഗീയ-സാമുദായിക ശക്തികളുടെ ദയാദാക്ഷിണ്യത്തിന് കൈനീട്ടുന്ന കോണ്‍ഗ്രസിന് സംഘപരിവാറിന്റെ വര്‍ഗീയ-ഭീകര അജന്‍ഡകളെ ചെറുക്കാനുള്ള ത്രാണിയില്ല.

വാര്‍ത്തകള്‍ - ഗ്രീസ്, ഷാവേസ്, ആണവ നിലയം.

വാര്‍ത്തകള്‍ - ഗ്രീസ്, ഷാവേസ്, ആണവ നിലയം.

ഗ്രീസില്‍ വന്‍ പണിമുടക്ക്

ഏതന്‍സ്: ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഗ്രീസില്‍ ഗതാഗതത്തൊഴിലാളികളുടെ വന്‍ പണിമുടക്ക്. തലസ്ഥാനമായ ഏതന്‍സില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് തെരുവിലിറങ്ങിയതോടെ മെട്രോയടക്കം പൊതുഗതാഗതം സ്തംഭിച്ചു. മെട്രോയിലേക്കുള്ള വഴികളടക്കം പ്രക്ഷോഭകാരികള്‍ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് തടസ്സങ്ങള്‍ ഒഴിവാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനെതിരെയാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. സമരം പൊളിക്കാന്‍ സര്‍ക്കാര്‍ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരരംഗത്താണ്.

ഷാവേസിന്റെ വ്യാജചിത്രം പ്രസിദ്ധീകരിച്ച പത്രം മാപ്പ് പറഞ്ഞു

മാഡ്രിഡ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ വ്യാജ ചിത്രം പ്രസിദ്ധീകരിച്ച സ്പാനീഷ് പത്രം "എല്‍ പെയ്സ്" പടം പിന്‍വലിച്ച് മാപ്പു പറഞ്ഞു. അര്‍ബുദരോഗബാധിതനായി ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്ന ഷാവേസിന്റേതെന്ന വ്യാജേനെയാണ് മറ്റൊരു രോഗിയുടെ ചിത്രം ഇവര്‍ പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റില്‍നിന്ന് പടം പിന്‍വലിച്ചതിനുപുറമെ ന്യൂസ് സ്റ്റാന്‍ഡുകളില്‍നിന്ന് പത്രവും ഒഴിവാക്കി. സ്പെയിനിലും ലാറ്റിനമേരിക്കയിലും മികച്ച പ്രചാരമുള്ള പത്രമാണ് എല്‍പെയ്സ്. പത്രത്തിന്റെ ഈ നടപടിക്കെതിരെ വ്യാപക വിമര്‍ശമുണ്ടായി. വെനസ്വേലന്‍ നേതാക്കള്‍ക്കുപുറമെ ലാറ്റനമേരിക്കന്‍ രാജ്യങ്ങളിലെ ഒട്ടുമിക്ക നേതാക്കളും പത്രത്തിന്റെ പ്രവൃത്തിയെ അപലപിച്ചിരുന്നു.

മുല്ലപ്പൂവിപ്ലവ വാര്‍ഷികത്തില്‍ ഈജിപ്തില്‍ വീണ്ടും ഏറ്റുമുട്ടല്‍

കെയ്റോ: ഈജിപ്തില്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ മുല്ലപ്പൂവിപ്ലവത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പൊലീസും പ്രതിപക്ഷ പ്രവര്‍ത്തകരുമായി കെയ്റോയില്‍ ഏറ്റുമുട്ടി. 16 പ്രവര്‍ത്തകര്‍ക്കും അഞ്ചു പൊലീസുകാര്‍ക്കും പരിക്കുണ്ട്. ആഴ്ചകളോളം സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടന്ന തഹ്രീര്‍ ചത്വരത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. പ്രക്ഷോഭകര്‍ ചത്വരത്തിലേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തെങ്കിലും അത് തകര്‍ത്താണ് ഇവരെത്തിയത്. രാജ്യത്തെ രണ്ടാമത്തെ നഗരമായ അലക്സാന്‍ഡ്രിയയിലും മറ്റു നഗരങ്ങളിലും വന്‍ റാലി നടന്നു. 2011ലെ സമരത്തിലെ മുദ്രാവാക്യങ്ങളായ "ഭക്ഷണം, സ്വാതന്ത്ര്യം, സാമൂഹ്യനീതി" എന്നിവയാണ് വിപ്ലവവാര്‍ഷികത്തിലും ജനങ്ങള്‍ മുഴക്കിയത്.

ലോകത്തെ ഏറ്റവും വലിയ ആണവനിലയം അടച്ചുപൂട്ടുന്നു

ടോക്യോ: ലോകത്തെ ഏറ്റവും വലിയ ആണവനിലയമായ മധ്യ ജപ്പാനിലെ കാസിവാസാകി-കരിവാ നിലയം അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. ഭൂകമ്പവുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കുന്നതിനെത്തുടര്‍ന്നാണിത്. 2011 മാര്‍ച്ചില്‍ സുനാമിയെത്തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിലുണ്ടായ പ്രതിസന്ധിയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സുരക്ഷാനിലപാടുകള്‍ കര്‍ശനമാക്കുന്നത്. ടോക്യോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് കരിവാ നിലയം പ്രവര്‍ത്തിപ്പിക്കുന്നത്. ജൂലൈമുതല്‍ പുതിയ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങും. തുടര്‍ന്ന് ഓരോ ആണവനിലയവും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആണവനിയന്ത്രണ അതോറിറ്റി വ്യക്തമാക്കി. 2007ല്‍ നിലയത്തിനടുത്ത് ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് കരിവാ നിലയം താല്‍ക്കാലികമായി അടച്ചിരുന്നു.

deshabhimani 260113

വെളിവാകുന്നത് കോണ്‍ഗ്രസിന്റെ പാപ്പരത്തം: പിണറായി

വെളിവാകുന്നത് കോണ്‍ഗ്രസിന്റെ പാപ്പരത്തം: പിണറായി

കോണ്‍ഗ്രസിനകത്തുള്ള ഒരു ഗ്രൂപ്പിന്റെ നേതാവായി എന്‍എസഎസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു ജാതി സംഘടനയും മുമ്പ് ഒരു കാലത്തും സ്വീകരിക്കാത്ത പരസ്യനിലപാട് സുകുമാരന്‍നായര്‍ സ്വീകരിച്ചിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എന്‍.എസ്.എസിന്റെ ശക്തി കൊണ്ടല്ല. യു.ഡി.എഫ് അത്രയ്ക്ക് ദുര്‍ബലമായി എന്നതാണ് ഇത്തരം ഒരു നിലപാടിലേക്കെത്തിച്ചത്.

എന്‍.എസ്.എസ് പരസ്യമായി പറയാറുള്ളത് "ഞങ്ങള്‍ സമദൂരത്തില്‍ നില്‍ക്കുന്നു" എന്നാണ്. എന്നാല്‍ ഇതിന്റെ നിജസ്ഥിതി തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ് സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ സുകുമാരന്‍ നായര്‍ തുറന്നു കാട്ടിയിരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വവും എന്‍.എസ്.എസും തമ്മില്‍ 2011 ലെ തെരഞ്ഞെടുപ്പിനുമുമ്പ് നടത്തിയ രഹസ്യ ചര്‍ച്ചയെപ്പറ്റിയുള്ള വിവരമാണ്.

ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ 2010 സെപ്തംബര്‍ 6 ന് വിലാസ്റാവു ദേശ്മുഖ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തി. ഇത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ഈ ചര്‍ച്ചയില്‍ രൂപപ്പെട്ട "രഹസ്യ റിപ്പോര്‍ട്ടി"ന്റെ ഉള്ളടക്കമാണ്് സുകുമാരന്‍ നായര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനം ന്യൂനപക്ഷത്തിന് ലഭിക്കാനിടയുണ്ടെന്നും അങ്ങനെ വന്നാല്‍ തത്തുല്യമായ സ്ഥാനം ഭൂരിപക്ഷ പ്രതിനിധിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടതായി സുകുമാരന്‍നായര്‍ പറയുന്നു. രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് എന്‍.എസ്.എസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ജാതി-മത ശക്തികള്‍ക്ക് കോണ്‍ഗ്രസ് ഏതെല്ലാം തരത്തില്‍ കീഴടങ്ങുന്നു എന്നതാണ് ഇവിടെ വ്യക്തമാക്കുന്നത്. നാല് സീറ്റിനുവേണ്ടി ജാതി-മത ശക്തികള്‍ക്ക് കീഴടങ്ങി അവര്‍ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കോണ്‍ഗ്രസിന്റെ പാപ്പരത്വമാണ് ഇതിലൂടെ പ്രകടമാവുന്നത്.-പിണറായി ചൂണ്ടിക്കാട്ടി.

സുകുമാരന്‍നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതിലൂടെ എന്‍.എസ്.എസിന് ഒരു ജാതി സംഘടന എന്നവകാശപ്പെടാന്‍ ഇനിയങ്ങോട്ട് കഴിയില്ല. കോണ്‍ഗ്രസുകാരായ നായന്മാരുടെ ഒരു സംഘടന മാത്രമാണ് എന്‍.എസ്.എസ് എന്നാണ് ഈ വെളിപ്പെടുത്തലിന്റെ അര്‍ത്ഥം. എന്‍.എസ്.എസ് കോണ്‍ഗ്രസ് നേതാക്കന്മാരിലെ നായന്മാരെ സ്ഥാനാര്‍ത്ഥിയാക്കാനും മന്ത്രിയാക്കാനും അങ്ങനെ വിവിധ സ്ഥാനമാനങ്ങളിലേക്കെത്തിക്കാനും ശ്രമിക്കുന്ന സംഘടനയാണെന്നും വ്യക്തമായിരിക്കുന്നു. അതുകൊണ്ടാണ് വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ടാല്‍പോലും അതിന് എന്‍.എസ്.എസിന് അവകാശമുണ്ട് എന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പ്രതികരിക്കേണ്ടിവരുന്നത്.

കോണ്‍ഗ്രസിന്റെ ഒരു ബഹുജനസംഘടനയായി സ്വയം പ്രഖ്യാപിച്ച എന്‍.എസ്.എസ് സോണിയാഗാന്ധിക്ക് നിവേദനം നല്‍കാന്‍ പോകുമെന്ന് ഉമ്മന്‍ചാണ്ടിയേയും മറ്റും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതി-മത ശക്തികളോടുള്ള വിധേയത്വം ജാതി സംഘടനാ നേതാക്കള്‍ക്ക് എത്രത്തോളം ധാര്‍ഷ്ട്യം നല്‍കുന്നു എന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. ഇത്തരം സംഘടനകള്‍ കാണിക്കുന്ന ഓലപ്പാമ്പിനെ ഭയപ്പെടുന്നത് ആത്യന്തികമായി കേരളത്തിലെ മതനിരപേക്ഷതയെയാണ് ദുര്‍ബലപ്പെടുത്തുക എന്നതും മതനിരപേക്ഷ ചിന്താഗതിക്കാരായ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണം.- പിണറായി പറഞ്ഞു.
 
deshabhimani