ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 8, ചൊവ്വാഴ്ച

സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന...

കഴിഞ്ഞ ഒന്‍പതു മാസത്തിലധികമായി സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന 17 ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഒരു നടപടിയും ഭരണാധികാരികള്‍ സ്വീകരിക്കുന്നില്ലെന്നത്‌ അത്യന്തം ഭീതിജനകമായ സ്ഥിതി സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഒമാന്‍ ഉള്‍ക്കടലില്‍ കൊള്ളസംഘം പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ ജീവനക്കാരെല്ലാം ചെറുപ്പക്കാരാണ്‌. ഇതില്‍ അഞ്ചുപേര്‍ മലയാളികളാണ്‌. ഇവരെ മോചിപ്പിക്കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന ആവശ്യമാണ്‌ ഭീകരന്മാരായ കൊള്ളസംഘം തടവില്‍ കഴിയുന്നവരുടെ കുടുംബങ്ങളെ അറിയിച്ചിരിക്കുന്നത്‌. കപ്പലില്‍ കഴിയുന്നവരെ പൈശാചികമായി മര്‍ദ്ദിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ട വാര്‍ത്തയുണ്ട്‌. കഴിഞ്ഞ ദിവസം മുതല്‍ തടവുകാര്‍ക്ക്‌ ആഹാരം നല്‍കുന്നില്ല.

മരണവുമായി മല്ലടിക്കുന്ന ഈ തടവുകാരെ മോചിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ നിയമസഭയില്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും പ്രതിരോധമന്ത്രി ശ്രീ. എ.കെ. ആന്റണിയോടും ശ്രീ. വയലാര്‍ രവിയോടും പ്രതിപക്ഷ നേതാക്കന്മാര്‍ നേരിട്ട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിട്ടും എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി ഒരു സൂചനയുമില്ല. രാഷ്‌ട്രത്തിന്റെ അന്തസ്സിനെയും നമ്മുടെ സഹോദരങ്ങളുടെ ജീവനെയും ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണ്‌.

ഇനിയൊട്ടും വൈകാതെ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അടിയന്തരമായി ഇടപെടണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു.
ബലാല്‍സംഗത്തിന് ആയുഷ്കാല തടവ് നല്‍കണം 

കൂട്ടബലാല്‍സംഗം, കുട്ടികളെ പീഡിപ്പിക്കൽ, പൊലീസ് കസ്റ്റഡിയിലെ ബലാല്‍സംഗം തുടങ്ങിയ കടുത്തകുറ്റങ്ങളിൽ ഏർപ്പെടുന്ന വ്യക്തികള്‍ക്ക് ആയുഷ്കാലം മുഴുവന്‍ തടവ് നല്‍കണം. സ്ത്രീ പീഡനത്തിനെതിരെയുള്ള നിയമം കൊണ്ടു വരുന്നതിനു രൂപീകരിച്ച ജസ്റ്റിസ് വര്‍മ്മ കമീഷന് പാര്‍ട്ടി ഇതടക്കമുള്ള നിര്‍ദേശങ്ങളും ഭേദഗതികളും സമര്‍പ്പിച്ചു. മറ്റു രൂപത്തിലുള്ള ബലാല്‍സംഗത്തിന് പരമാവധി ജീവപര്യന്തം ശിക്ഷ നല്‍കണം. തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളാണ് സിപിഐ എം നല്‍കിയിട്ടുള്ളത്.

കരട് ബില്ലില്‍ പറയുന്ന കുറഞ്ഞ ശിക്ഷയില്‍ ഒരുകാരണവശാലും ഇളവ് നല്‍കാന്‍ പാടില്ല. എന്തെങ്കിലും ഒഴിവ് കഴിവ് ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ സഹായിക്കുന്ന ഒരു വ്യവസ്ഥയും നിയമത്തില്‍ ഉണ്ടാകരുത്. കേസുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ വ്യവസ്ഥവേണം. ഇതിനായി അതിവേഗ കോടതികള്‍ രൂപീകരിക്കാനും നിയമവ്യവസ്ഥ വേണം. എല്ലാ ലൈംഗിക പീഡന കേസുകളും മുന്നുമാസത്തിനകം തീര്‍പ്പാക്കണം. കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഒരുതരത്തിലുള്ള അപ്പീലും അനുവദിക്കരുത്. സമയബന്ധിതമായി തീര്‍ക്കാന്‍ ഇതാവശ്യമാണ്. യഥാസമയത്ത് പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതിലടക്കം നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ഇവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ നിയമത്തില്‍ വ്യക്തമാക്കണം. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവരെ സാമ്പത്തികസഹായം അടക്കം നല്‍കി പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ക്ക് നിയമ പിന്‍ബലം നല്‍കണം.

സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണം ഗൗരവമുള്ള കുറ്റമായി കാണണം. ഇതിനുള്ള കുറഞ്ഞ ശിക്ഷ ഉയര്‍ത്തുകയും പരമാവധി ശിക്ഷ ജീവപര്യന്തം ആക്കുകയും വേണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാനും നിയന്ത്രിക്കാനും മേല്‍നോട്ട സംവിധാനം രൂപീകരിക്കണം. ഇതിനും നിയമപിന്‍ബലം നല്‍കണം. പാര്‍ലമെന്റില്‍ ഇപ്പോഴുള്ള ബില്ലില്‍ ഏതുലിംഗത്തിലുള്ള ആള്‍ക്കെതിരെ ലൈംഗിക കുറ്റമുണ്ടായാലും ഒരേതരത്തില്‍ കൈകാര്യം ചെയ്യുംവിധമാണ് വ്യവസ്ഥ. ഇത് മാറ്റി സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ വേര്‍തിരിക്കും വിധം വ്യവസ്ഥ വേണം.

കടുത്ത സ്ത്രീവിരുദ്ധമായ സ്വഭാവത്തോടെ സ്ത്രീശരീരത്തെ കച്ചവടച്ചരക്കാക്കി മാത്രം ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തടയാനും നടപടി വേണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലിംഗബോധം ഉള്‍ക്കൊള്ളാനാകും വിധത്തിലുള്ള കോഴ്സുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാഠ്യഭാഗങ്ങളില്‍ ഉണ്ടാകണം. ഇത് നിയമം മുലം നിര്‍ബ്ബന്ധമാക്കുകയും വേണം.