ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 8, ചൊവ്വാഴ്ച

സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന...

കഴിഞ്ഞ ഒന്‍പതു മാസത്തിലധികമായി സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന 17 ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഒരു നടപടിയും ഭരണാധികാരികള്‍ സ്വീകരിക്കുന്നില്ലെന്നത്‌ അത്യന്തം ഭീതിജനകമായ സ്ഥിതി സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഒമാന്‍ ഉള്‍ക്കടലില്‍ കൊള്ളസംഘം പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ ജീവനക്കാരെല്ലാം ചെറുപ്പക്കാരാണ്‌. ഇതില്‍ അഞ്ചുപേര്‍ മലയാളികളാണ്‌. ഇവരെ മോചിപ്പിക്കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന ആവശ്യമാണ്‌ ഭീകരന്മാരായ കൊള്ളസംഘം തടവില്‍ കഴിയുന്നവരുടെ കുടുംബങ്ങളെ അറിയിച്ചിരിക്കുന്നത്‌. കപ്പലില്‍ കഴിയുന്നവരെ പൈശാചികമായി മര്‍ദ്ദിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ട വാര്‍ത്തയുണ്ട്‌. കഴിഞ്ഞ ദിവസം മുതല്‍ തടവുകാര്‍ക്ക്‌ ആഹാരം നല്‍കുന്നില്ല.

മരണവുമായി മല്ലടിക്കുന്ന ഈ തടവുകാരെ മോചിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ നിയമസഭയില്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും പ്രതിരോധമന്ത്രി ശ്രീ. എ.കെ. ആന്റണിയോടും ശ്രീ. വയലാര്‍ രവിയോടും പ്രതിപക്ഷ നേതാക്കന്മാര്‍ നേരിട്ട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിട്ടും എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി ഒരു സൂചനയുമില്ല. രാഷ്‌ട്രത്തിന്റെ അന്തസ്സിനെയും നമ്മുടെ സഹോദരങ്ങളുടെ ജീവനെയും ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണ്‌.

ഇനിയൊട്ടും വൈകാതെ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അടിയന്തരമായി ഇടപെടണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ