ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 16, ബുധനാഴ്‌ച

കോണ്‍ഗ്രസ്സിന്റെ സ്വന്തം ഹരിജന്‍ കോളനി


കോണ്‍ഗ്രസ്സിന്റെ സ്വന്തം ഹരിജന്‍ കോളനി

കെ.കെ. കൊച്ച്‌


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകന്‍ ബ്രിട്ടീഷുകാരനായ എ.ഒ. ഹ്യൂം ആണെങ്കിലും ആ സംഘടനയെ ഒരു ബഹുവംശ - വര്‍ഗ, ദേശീയ പ്രസ്ഥാനമാക്കി മാറ്റിയത് മഹാത്മാഗാന്ധിയാണ്. ഇതിനായി സ്വീകരിച്ച മാര്‍ഗങ്ങളിലൊന്നായിരുന്നു അയിത്തോച്ചാടനവും ഹരിജനോദ്ധാരണവും. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ അനിഷേധ്യ ഭാഗമായതുകൊണ്ടാണ് ജഗ്ജീവന്റാം അടക്കം നിരവധി പേര്‍ക്ക് നേതൃത്വത്തിലും ഭരണരംഗത്തും എത്തിച്ചേരാന്‍ കഴിഞ്ഞത്. ഇപ്പോഴാകട്ടെ, ഗാന്ധിയുടെ പിന്മുറക്കാര്‍ നയിക്കുന്ന കോണ്‍ഗ്രസ് കെട്ടുകാഴ്ചകളിലൂടെയും വ്യാജമായ അവകാശവാദങ്ങളിലൂടെയും ദലിത് സ്‌നേഹത്തിന്റെ അപ്പോസ്തലന്മാരാകുമ്പോള്‍, ഭരണ - രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ദലിതരുടെ അര്‍ഹമായ പ്രാതിനിധ്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കോണ്‍ഗ്രസ് പുനഃസംഘടനാലിസ്റ്റ് പരിശോധിക്കുക. ഒരു കെ.പി.സി.സി. പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റുമാര്‍, 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരടങ്ങിയ 69 ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരുമടങ്ങുന്നതാണ് ലിസ്റ്റ്. ഇവരില്‍ ജില്ലാപ്രസിഡന്റുമാരില്‍ ഒരാള്‍പോലും ദലിത് സമുദായത്തില്‍നിന്നില്ല. എട്ടു വര്‍ഷം മുമ്പ്, ജില്ലാ പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്തപ്പോള്‍ ദലിത് നേതാക്കന്മാരെ ഒഴിവാക്കിയതിനെതിരെ ദലിത് സംഘടനകളും കെ.പി.സി.സി. നിര്‍വാഹക സമിതിയിലെ ഏതാനും ദലിത് പ്രതിനിധികളും പ്രതിഷേധിച്ചിരുന്നു. അന്ന്, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത്, വരുംനാളുകളില്‍ ദലിതര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നായിരുന്നു. എന്നാല്‍, പുതിയ ലിസ്റ്റില്‍ ഒരാളെയെങ്കിലും നിര്‍ദേശിക്കാന്‍ കഴിയാതിരുന്നതിലൂടെ, അന്നത്തേത് പൊള്ളയായ വാഗ്ദാനമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്.

ദലിത് സമുദായത്തില്‍നിന്ന് ഒരു വൈസ് പ്രസിഡന്റുള്‍പ്പെടെ നാലു പേര്‍ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളത്. ഇവരില്‍ മൂന്നു പേര്‍ സെക്രട്ടറിമാരാണെങ്കില്‍, ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍പോലുമില്ല. കോണ്‍ഗ്രസ്സിന്റെ ഭരണഘടനയില്‍ 20 ശതമാനം പ്രാതിനിധ്യം ദലിതര്‍ക്കുണ്ടായിരിക്കണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ള പത്തുശതമാനം സംവരണംപോലും പാലിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. നിലവിലുള്ള സെക്രട്ടറിമാരായ ഭുവനേശ്വരന്‍, സുധീര്‍, വിജയലക്ഷ്മി എന്നിവരുടെ പ്രാതിനിധ്യം അംഗീകരിക്കുമ്പോള്‍ത്തന്നെ, കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിട്ടുള്ളവരും ഭരണനിര്‍വഹണ സ്ഥാനത്തുണ്ടായിരുന്നവരുമായ ഡോ. എം. കുട്ടപ്പന്‍, പന്തളം സുധാകരന്‍ തുടങ്ങിയ നേതാക്കന്മാര്‍ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല.

വയനാട്ടിലെ ഏക പാര്‍ലമെന്റ് സീറ്റും മുഴുവന്‍ നിയമസഭാസീറ്റുകളും യു.ഡി.എഫിന്് ലഭിക്കുന്നതിന് സഹായിച്ച ആദിവാസികളുടെ പ്രതിനിധികളില്‍ ഒരാള്‍പോലും പുതിയ ലിസ്റ്റിലില്ല. മധ്യ തിരുവിതാംകൂറില്‍ മാത്രമല്ല, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും സ്ഥിരം വോട്ടുബാങ്കായ ദലിത് ക്രൈസ്തവരില്‍നിന്ന് ഒരംഗംപോലും ഭാരവാഹിപ്പട്ടികയിലില്ല. ചുരുക്കത്തില്‍ കേരളത്തിലെ ജനസംഖ്യയില്‍ 20 ശതമാനത്തോളം വരുന്ന ദലിത്, ദലിത് ക്രിസ്ത്യന്‍, ആദിവാസി ജനതകളെ ബോധപൂര്‍വം അവഗണിച്ച് സംഘടിത മത - സാമുദായികാംഗങ്ങളുടെ മേല്‍ക്കോയ്മയാണ് പുനഃസംഘടനാ ലിസ്റ്റ് മുന്നോട്ടു വെച്ചിരിക്കുന്നത്.

വസ്തുതകള്‍ ഇപ്രകാരമായിരിക്കേ, കെ.പി.സി.സി. പ്രസിഡന്റിന്റെ അവകാശവാദങ്ങളും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലും ദേശീയരാഷ്ട്രീയത്തിലും നാല്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള, ആറു പ്രാവശ്യം വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷ്, കേന്ദ്ര സഹമന്ത്രിയായി നിയമിക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ അര്‍ഹതയുടെയും യോഗ്യതയുടെയും അംഗീകാരമായല്ല; മറിച്ച് കോണ്‍ഗ്രസ്സിന്റെ ദലിത് സ്‌നേഹത്തിന്റെ മാതൃകയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. കേന്ദ്രമന്ത്രിസഭയിലെ നായര്‍ - ക്രിസ്ത്യന്‍ - ഈഴവ മന്ത്രിമാര്‍ക്ക് സാമുദായിക പ്രാതിനിധ്യം കല്പിക്കാതെ, കൊടിക്കുന്നില്‍ സുരേഷിന് മാത്രം സാമുദായിക പ്രാതിനിധ്യം കല്പിക്കുന്നത്, സവര്‍ണ ഉദാരതയല്ലാതെ മറ്റൊന്നുമല്ല. സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളായ എ.കെ. മണിയുടെ കാര്യത്തിലും രമേശ് ചെന്നിത്തലയുടെ നിലപാട് വ്യത്യസ്തമല്ലെന്നറിയുമ്പോഴാണ് കോണ്‍ഗ്രസ്സിന്റെ സ്വന്തം 'ഹരിജന്‍ കോളനി'യായി ദലിത് നേതൃത്വം മാറിയിട്ടുണ്ടെന്ന് തിരിച്ചറിയപ്പെടുന്നത്.

സ്വന്തം ഹരിജന്‍ കോളനിയെ തൊട്ടും തലോടിയും നിലനിര്‍ത്തുന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ ഗാന്ധിയന്‍ അനുഷ്ഠാനമാണ് ഗാന്ധിഗ്രാംപദ്ധതി. അറുപതു വര്‍ഷത്തെ ഭരണനേട്ടമായ കോളനികളിലെ ഭൂരഹിതര്‍ക്ക് ഭൂമിയും തൊഴിലും വിദ്യാഭ്യാസവും നല്‍കാനല്ല, കോളനികള്‍ക്കുമേല്‍ വെറുംവാക്കുകളും പൊള്ളവാഗ്ദാനങ്ങളുംകൊണ്ട് ചായംതേച്ച് മോടിപിടിപ്പിച്ച ഒരനുഷ്ഠാനമാണ് ഇതെന്നത് പകല്‍പോലെ വ്യക്തമാണ്.

'യഥാ രാജാ തഥാ പ്രജാ' എന്നാണ് ചൊല്ലെങ്കിലും കോണ്‍ഗ്രസ്സിലെ ദലിത് നേതാക്കന്മാരെ സംബന്ധിച്ചിടത്തോളം 'യഥാ പ്രജാ തഥാ രാജാ' എന്നാണ് മാറ്റിയെഴുതേണ്ടത്. കോണ്‍ഗ്രസ്സില്‍ 'യോഗ്യത' മാത്രം മാനദണ്ഡമാക്കുന്ന നേതാക്കന്മാര്‍ സ്വന്തം കാര്യത്തിലും അവരവര്‍ പ്രതിനിദാനം ചെയ്യുന്ന സമുദായങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി വിലക്കുകള്‍ ലംഘിച്ച് പരസ്യ പ്രസ്താവനകളും തെരുവുയോഗങ്ങളും കോലംകത്തിക്കലും നടത്തുമ്പോള്‍, അച്ചടക്കംപാലിക്കുന്ന മര്യാദാപുരുഷോത്തമന്മാരായി മാറുന്നവരാണ് കോണ്‍ഗ്രസ്സിലെ ദലിത് നേതാക്കന്മാര്‍. കോണ്‍ഗ്രസ് പുനഃസംഘടനാ ലിസ്റ്റിനെതിരെ കെ. മുരളീധരന്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തുവന്നപ്പോള്‍, മുന്‍ചൊന്ന നേതാക്കന്മാര്‍ മഹാമൗനത്തിലായിരുന്നു. തൃശ്ശൂരില്‍ പി.സി. ചാക്കോ എം.പി.യുടെ കോലം കത്തിക്കലും വീടിനുനേരെ കല്ലേറും ഐ ഗ്രൂപ്പുകാര്‍ നടത്തുമ്പോള്‍, അച്ചടക്കത്തെ അടിമത്തമാക്കിയവര്‍ പാര്‍ട്ടി വേദികളില്‍പ്പോലും ശബ്ദമുയര്‍ത്താന്‍ തയ്യാറായില്ലെന്നുള്ളതാണ് അതിശയിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ - ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങളില്‍ പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റേതൊഴിച്ചുള്ള സ്ഥാനങ്ങളില്‍നിന്നൊഴിവാക്കപ്പെട്ടപ്പോള്‍ പുലര്‍ത്തിയ അതേ നിശ്ശബ്ദതയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ഒറ്റ എം.എല്‍.എ.പോലുമില്ലാത്ത എം.വി.രാഘവന്റെ സി.എം.പി. ഇതേകാരണത്താല്‍ യു.ഡി.എഫിനോട് കണക്കുചോദിച്ചുകൊണ്ടിരിക്കുകയാണെന്ന നേര്‍ക്കാഴ്ച, ദലിത് നേതാക്കന്മാര്‍ക്കെന്തുകൊണ്ട് പാഠമാകുന്നില്ല? ഒരു ജനാധിപത്യസമൂഹത്തില്‍ സമത്വം ലക്ഷ്യമായിമാറുന്നത്, അവഗണനയ്ക്കും വിവേചനത്തിനുമെതിരെ വ്യക്തിയും സമൂഹവും നിലകൊള്ളുമ്പോഴാണ്. കോണ്‍ഗ്രസ്സിലെ ദലിത് നേതൃത്വത്തിനറിവില്ലാത്ത പാഠവും ഇതാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവുകയില്ല.

കൊച്ചി ഏകദിനം: ബൂലോകം പ്രതിനിധി ലിജീഷ് കുമാറിന്റെ ചിത്രങ്ങളിലൂടെ


കൊച്ചി ഏകദിനം: ബൂലോകം പ്രതിനിധി ലിജീഷ് കുമാറിന്റെ ചിത്രങ്ങളിലൂടെ

1
അലകടലായി കാണികള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും ബാറ്റില്‍ നിന്നും ഫോറും സിക്‌സും ഒഴുകി, ബൗളര്‍മാര്‍ ഹൃദയം കൊണ്ട് പന്തെറിഞ്ഞു, ഫീല്‍ഡര്‍മാര്‍ പറന്നു നടന്ന് പന്തുകള്‍ പിടിച്ചു. എല്ലാ മേഖലയിലും ഇംഗ്ലീഷ് താരങ്ങളെ പിന്തള്ളി കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ത്യ ആധികാരിക വിജയം നേടി. ഇന്ത്യയുടെ വിജയം കാണാന്‍ ബൂലോകം പ്രതിനിധിയും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
ബൂലോകം പ്രതിനിധി ലിജീഷ് കുമാര്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ
1
1
45678910111213
14


Read & Share on Ur Facebook Profile: http://boolokam.com/archives/84007#ixzz2I7R8HHMr

കൌതുകലോകം (പൊതുവിജ്ഞാനം)


കൌതുകലോകം (പൊതുവിജ്ഞാനം)

ഇനി അല്പം കൌതുകം പങ്കുവെയ്ക്കാം. പലയിടങ്ങളിലായി ഞാന്‍ വായിച്ചതും, എഴുതിവെച്ചതുമായ ചില കൌതുക വാര്‍ത്തകളും വസ്തുതകളും ശേഖരിച്ചു ഒറ്റ പോസ്റ്റില്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. ഇവയെല്ലാം കിട്ടിയ സ്രോതസ്സ് അതിന്‍റെ കൂടെ തന്നെ കൊടുത്തിട്ടുണ്ട്. വായിക്കുക, അത്ഭുതപ്പെടുക! മാത്രമല്ല, നിങ്ങളുടെ പക്കല്‍ ഇതുപോലുള്ള കൌതുകങ്ങള്‍ ഉണ്ടെങ്കില്‍ അവ ലിങ്ക് സഹിതം ഷെയര്‍ ചെയ്യുക.


വനിതകളുടെ കണ്ടുപിടുത്തങ്ങള്‍


നമ്മളെല്ലാം കുട്ടിക്കാലം മുതല്‍ക്കേ പഠിച്ചിട്ടുള്ള ശാസ്ത്രം മുഴുവനും പുരുഷജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു. എഡിസണ്‍, ഐന്‍സ്റീന്‍, ന്യൂട്ടന്‍, അങ്ങനെ നിരവധി അനവധി. ചുരുക്കം ചില സ്ത്രീജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ മാത്രമാണ് പഠിച്ചിട്ടുള്ളത്. അതിലൊന്നാണ് മാഡം ക്യൂറി കണ്ടുപിടിച്ച "റേഡിയം" - പക്ഷെ അതുതന്നെ, ഭര്‍ത്താവായ പിയറി ക്യൂറിയുടെ ഒപ്പമാണ് കണ്ടുപിടിച്ചതും.

അതുകൊണ്ട്തന്നെ, "പെണ്ണുങ്ങളെക്കൊണ്ട് എന്തെങ്കിലും പുതിയത് കണ്ടുപിടിക്കാന്‍ കഴിയില്ല" എന്നൊരു ധാരണയും നമുക്കുണ്ടാകാം. ന്നാല് അത് അങ്ങനെയല്ല കേട്ടോ... നമുക്ക് ചുറ്റും കാണുന്ന അനേകം വസ്തുക്കള്‍ സ്ത്രീകളുടെ കണ്ടുപിടുത്തങ്ങളായി ഉണ്ട്. അതില്‍ കുറെ സാധനങ്ങള്‍ ഞാന്‍ ലിസ്റ്റ് ചെയ്യാം. അത് നോക്കിയിട്ട് "ഓ, ഇതും ഒരു സ്ത്രീ കണ്ടുപിടിച്ചതോ?" എന്ന് അത്ഭുതം കുറുക :-)

  • വട്ടത്തിലുള്ള അറക്കവാള്‍

  • വൈദ്യുത ഹീറ്റര്‍

  • ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്

  • ഡയപ്പര്‍

  • എന്‍ജിനുകളുടെ പുകക്കുഴല്‍

  • കോബോള്‍ പ്രോഗ്രാമ്മിംഗ് ഭാഷ

  • ഡിഷ്‌ വാഷര്‍

  • വാഹനങ്ങളുടെ വൈപ്പര്‍

  • വൈറ്റ്നര് എന്ന് അറിയപ്പെടുന്ന "തിരുത്ത് പേന"

  • ചോക്ലേറ്റ് ചിപ്സ് ഇട്ട കുക്കീസ്‌

  • കുത്തിവെപ്പിനുള്ള സിറിഞ്ച് (അയ്യോ!)

  • പേപ്പര്‍ ക്യാരി ബാഗ്‌

  • ലേസര്‍ പ്രിന്‍റര്‍‍. (ഇത് ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു!)

ഇത് മാത്രമല്ല, ഇനിയും ലിസ്റ്റ് നീളും. മുകളില്‍ പറഞ്ഞ കണ്ടുപിടുത്തങ്ങളുടെ പിന്നിലുള്ള പൂര്‍ണരൂപത്തിലുള്ള കഥകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി വായിക്കാം.
(അവലംബം: How Stuff WorksFactMonster)


നീല നിറമുള്ള ഫേസ്ബുക്ക്


ഫേസ്ബുക്ക് ലോഗോ

ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയെക്കാം.

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്  "വര്‍ണാന്ധത" എന്ന രോഗം ഉണ്ട്. അതായത് ചില നിറങ്ങള്‍ കാണാന്‍ കഴിയാത്ത ഒരുതരം രോഗാവസ്ഥ. സക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
(അവലംബം: CNN News Report, September 20, 2010)


പൊതുവായ ചില തെറ്റിദ്ധാരണകള്‍


യേശു ജനിച്ചത്‌ ഡിസംബര്‍ 25 നു ആണെന്ന് ബൈബിളില്‍ പറയുന്നില്ല. പകരം സെപ്റ്റംബര്‍ മാസത്തോടു അടുത്ത എന്നോ ഒരു ദിവസമാണ്. പോപ്‌ ജൂലിയസ് ഒന്നാമന്‍ ആണത്രേ ഡിസംബര്‍ 25 അങ്ങനെ ആഘോഷിക്കാന്‍ പ്രഖ്യാപിച്ചത്.

അതുപോലെ തന്നെ ഉണ്ണിയേശുവിനെ കാണാന്‍ വന്നത് കൃത്യം "മൂന്നു രാജാക്കന്മാര്‍" ആണെന്നും പറയുന്നില്ല. പക്ഷെ അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ മൂന്നെണ്ണം ആയിരുന്നു. അതില്‍നിന്നും ആയിരിക്കണം "മൂന്നു" രാജാക്കന്മാര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടായത്.

"വിലക്കപ്പെട്ട കനി" എന്നത് ഒരു ആപ്പിള്‍ ആണെന്ന് പരക്കെ ഒരു തെറ്റിധാരണ ഉണ്ട്; എന്നാല്‍ അങ്ങനെ ബൈബിളില്‍ പ്രതിപാദിക്കുന്നില്ല. പ്രസ്തുത തെറ്റിദ്ധാരണ ഉണ്ടായത് പഴയ ചിത്രകാരന്മാര്‍ രചിച്ച ചിത്രങ്ങളില്‍ നിന്നുമാണ്.

ഇതുപോലുള്ള കുറെയധികം കൌതുകമുളവാക്കുന്ന, പൊതുവായ തെറ്റിധാരണകള്‍ വിക്കിപ്പീഡിയയില്‍ വായിക്കാം -http://en.wikipedia.org/wiki/List_of_common_misconceptions


ബാത്ത്റൂം സിങ്ങിംഗ് - അഥവാ കുളിമുറിയിലെ "ഗാനമേള"


അത്ഭുതപ്പെടണ്ട, നിങ്ങള്‍ മാത്രമല്ല, ഈ ലോകത്ത് മിക്ക ആളുകളും കുളിമുറിയില്‍ ഗാനാലാപനം നടത്തുന്നവരാണ്. കുളിമുറിയില്‍ പാടുന്നത് നാമെല്ലാം വളരെയധികം ഇഷ്ടപെടുന്നു എന്നത് ഒരു വലിയ "നഗ്ന"സത്യം തന്നെ.

ഇനി, എന്താണ് ഇതിനു പിന്നിലെ രഹസ്യം? കുളിമുറിയുടെ വലിപ്പക്കുറവ്, ചുവരുകളില്‍ പതിച്ചിട്ടുള്ള ടൈല്‍സ് - ഇത് രണ്ടുംകൂടി ചേരുമ്പോള്‍ നമ്മുടെ ശബ്ദം വളരെ മനോഹരമായി പ്രതിഫലിക്കുകയും ആസ്വാദ്യകരമായി അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ മറ്റാരും കേള്‍ക്കാനില്ല എന്നുള്ള ധൈര്യവും. അതുകൊണ്ടാണ് നാമെല്ലാം കുളിമുറിയെ ഒരു "റെക്കോര്‍ഡിംഗ് സ്റ്റുഡിയോ" ആക്കി മാറ്റുന്നത്.

(അവലംബം: http://community.musiciansfriend.com/docs/DOC-1177?src=3SOSWXXA)


ചിലതരം പേടികള്‍


പേടി എന്ന വികാരം എല്ലാപെര്‍ക്കുമുണ്ട്. പക്ഷെ ചില പ്രത്യേകതരം "പേടികള്‍" അപൂര്‍വം ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്. നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് "ഹൈഡ്രോഫോബിയ" - അതായത് വെള്ളത്തോടുള്ള ഭയം. എന്നാല്‍ തികച്ചും അപ്രതീക്ഷിതവും അത്ഭുതകരവുമായ ചില "ഫോബിയകള്‍" ഇതാ:

  • "Anatidaephobia" - എവിടെയോ ഒരു താറാവ് നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു എന്ന ഭയം.

  • "Hippopotomonstrosesquipedaliophobia" - നീണ്ട വാക്കുകളോടുള്ള ഭയം. ഇതിന്‍റെ പേര് കേട്ടാല്‍ തന്നെ ആരും ഭയന്നുപോകും.

മറ്റു ഭയങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കാം -http://en.wikipedia.org/wiki/List_of_phobias


"മഞ്ഞപ്പത്രം", "നീലച്ചിത്രം" - ചില നിറമുള്ള വാക്കുകള്‍


മുന്‍പൊക്കെ "മഞ്ഞപ്പത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മഞ്ഞനിറമുള്ള, അല്ലെങ്കില്‍ മങ്ങിയ പേപ്പറില്‍ അച്ചടിക്കുന്ന പത്രം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെ അത് "യെല്ലോ പേജസ്" എന്നറിയപ്പെടുന്ന ടെലിഫോണ്‍ ഡയറക്ടറി ആണോ എന്നും സംശയിച്ചു. പക്ഷെ "മഞ്ഞപ്പത്രം" എന്നാല്‍ ഇത് രണ്ടുമല്ല - വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും വായനക്കാരെ "ഇക്കിളിപ്പെടുത്തുന്ന" വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയാണ്‌ "മഞ്ഞപ്പത്രം" എന്ന് വിളിച്ചു പോരുന്നത്. വര്‍ഷം 1882 മുതല്‍ക്കേ തന്നെ ഈ പ്രയോഗം നിലവിലുണ്ട്.

1882 ല്‍ ന്യൂയോര്‍ക്കില്‍ രണ്ടു പത്രങ്ങള്‍ തമ്മില്‍ സര്‍ക്കുലേഷന് വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ച കാലഘട്ടം. ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന മിടുക്കന്മാരെ മറ്റേ പത്രം വമ്പന്‍ കാശുകൊടുത്തു ചാടിക്കുന്നത് പതിവായി. അതില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ആയിരുന്ന പുലിസ്ടരിന്‍റെ പത്രമായ "ദി വേള്‍ഡ്" സ്ഥിരമായി "ദി യെല്ലോ കിഡ്" എന്ന പേരിലുള്ള ഒരു കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചു പോന്നു. ആ കാര്‍ടൂണ്‍ വരച്ചിരുന്ന കാര്‍ടൂണിസ്ടിനെ എതിരാളി പത്രം തട്ടിയെടുത്തു. ഇതില്‍ കലിപൂണ്ട പുലിസ്ടര്‍ അതിവേഗം മറ്റൊരു കാര്‍ടൂണിസ്ടിനെ കണ്ടെത്തുകയും പ്രസ്തുത "യെല്ലോ കിഡ്" തുടരുകയും ചെയ്തു. ക്രമേണ തരം താഴ്ന്ന മത്സരങ്ങളിലേക്ക് പത്രപ്രവര്‍ത്തനം നീങ്ങിയപ്പോള്‍ ആളുകള്‍ അതിനെ കളിയാക്കിക്കൊണ്ട്‌ "യെല്ലോ ജേര്‍ണലിസം" അഥവാ "മഞ്ഞ പത്രപ്രവര്‍ത്തനം" എന്ന് വിളിച്ചുതുടങ്ങി. പിന്നീട് പത്രപ്രവര്‍ത്തന രംഗത്തെ സകല തരംതാഴലുകളും "മഞ്ഞ" ആയി.

(അവലംബം: "മാറുന്ന ലോകം മാറുന്ന മാധ്യമലോകം" - രാജേന്ദ്രന്‍ എന്‍ .പി, മാതൃഭൂമി പബ്ലിഷേഴ്സ്  (ISBN : 978-81-8264-711-4)
കൂടുതല്‍ വിശദമായി : മാതൃഭുമി ബുക്സ്‌ വെബ്സൈറ്റിലെ ലേഖനം)

ഇതുപോലെ തന്നെ "നിറമുള്ള" മറ്റൊരു വാക്കാണ്‌ "നീലച്ചിത്രം" - പ്രസ്തുത വാക്ക് കേള്‍ക്കാത്തവര്‍ വിരളം. ഇന്ത്യയില്‍ മാത്രമാണ് ഈ വാക്ക് ഉപയോഗിക്കുന്നതും. സാധനം എന്താണെന്ന് പറയേണ്ടതില്ലല്ലോ, അത് തന്നെ! പ്രസ്തുത വാക്കില്‍ എവിടുന്നാണ് "നീല" കടന്നുവന്നത് എന്നറിയുമോ? ആദ്യകാലങ്ങളിലെ ചിത്രങ്ങളില്‍ രാത്രിയും ഇരുട്ടുമൊക്കെ ചിത്രീകരിക്കുന്നത് പട്ടാപ്പകല്‍ തന്നെയായിരുന്നു. രാത്രിയുടെ "ഇരുട്ട്" തോന്നിക്കാന്‍ ക്യാമറയില്‍ നീല നിറമുള്ള ഫില്‍റ്റര്‍ ഇട്ടാണ് ചിത്രീകരിക്കുക. മേല്‍പ്പറഞ്ഞതരം ചിത്രങ്ങളിലും അഭിനേതാക്കളെ മനസിലാകാതിരിക്കുന്നതിനായി നീല നിറമുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് "നീലചിത്രം" എന്ന പേര് വീഴുകയായിരുന്നു.
(അവലംബം: വിക്കിപീഡിയ ലേഖനം)


ജന്തുലോകത്തെ ചില കൌതുകങ്ങള്‍


കടുവകളുടെ പുറത്തു കാണുന്ന വരകള്‍ അതിന്‍റെ രോമങ്ങളില്‍ മാത്രമല്ല, അതിന്‍റെ തൊലിപ്പുറത്തും ഉള്ളതാണ്. അതായത്, ഒരു കടുവയുടെ രോമം മുഴുവനും ഷേവ് ചെയ്തു കളഞ്ഞാലും അതിന്‍റെ വരകള്‍ അതേപടി അതിന്‍റെ പുറത്ത്‌ ഉണ്ടാകും എന്നര്‍ത്ഥം. (അവലംബം: വിക്കിപീഡിയ ലേഖനം)

സീബ്രയുടെ പുറത്തുള്ളത് കറുത്ത വരകളോ അതോ വെളുത്ത വരകളോ? ഇത് പണ്ടുമുതലേ കേള്‍ക്കുന്ന ഒരു ചോദ്യമാണ്. സീബ്രയുടെ വയറിന്റെ അടിഭാഗം വെളുത്ത നിറം ആയതുകൊണ്ട് "വെളുത്ത ശരീരത്തില്‍ കറുത്ത വരകള്‍" എന്നാണ് പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല്‍, പഠനങ്ങള്‍ തെളിയിക്കുന്നത് സീബ്രയുടെ യഥാര്‍ത്ഥ നിറം കറുപ്പും, അതിനു മുകളിലായി വെളുത്ത വരകളും എന്നാണ്. (അവലംബം: വിക്കിപീഡിയ ലേഖനം)

നമ്മള്‍ രുചിയോടെ കഴിക്കുന്ന ചോക്ലേറ്റ് പട്ടികള്‍ക്ക് വിഷമാണ് എന്നത് മറ്റൊരു കൌതുകം, അതിനേക്കാളുപരി അറിഞ്ഞിരിക്കേണ്ട ഒരു കാര്യവും. "തിയോബ്രോമിൻ വിഷബാധ" എന്നാണു ഇത് അറിയപ്പെടുക. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള "തിയോബ്രോമിന്‍" എന്ന രാസവസ്തുവാണ് ഈ വിഷബാധക്ക് കാരണം. മനുഷ്യനെ ഈ വിഷം ബാധിക്കാറില്ല. പക്ഷെ നായ, പൂച്ച, കുതിര, എലി മുതലായ ജീവികള്‍ക്ക് "തിയോബ്രോമിൻ" വളരെയധികം ഹാനികരമാണ്. അതുകൊണ്ടുതന്നെ, ഇനി ചോക്ലേറ്റ് വാങ്ങുമ്പോള്‍ സ്നേഹത്തോടെ സ്വന്തം വളര്‍ത്തുനായക്ക്‌ കൊടുക്കാതിരിക്കുക.

(അവലംബം: വിക്കിപീഡിയ - "തിയോബ്രോമിൻ വിഷബാധ" - ലേഖനം)



തല്‍ക്കാലം ഇത്രയും കൌതുകങ്ങള്‍ ആയിക്കോട്ടെ, ഇനിയും കിട്ടുന്ന ഓരോന്നായി പങ്കുവെക്കാം.

നിങ്ങളുടെ ശേഖരത്തിലും കാണുമല്ലോ ഇതുപോലുള്ള കൌതുകങ്ങള്‍? അവ ഷെയര്‍ ചെയ്യുക. ഒപ്പംതന്നെ അവ എവിടുന്നു കിട്ടി എന്നുള്ള ലിങ്ക് കൂടി ചേര്‍ക്കാന്‍ ഓര്‍ക്കുമല്ലോ :-)



ചില മൊബൈല്‍ കഥകള്‍ ...

മൊബൈല്‍ ഇന്ന് ജീവിതത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിരിക്കുകയാണ്. "കാണം വിറ്റും കണക്ഷന്‍ എടുക്കുന്ന" ഒരു കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് തന്നെ. നമുക്ക് ചുറ്റും കാണുന്നവരില്‍ നിന്നും മൊബൈല്‍ ഇല്ലാത്തവരെ കണ്ടുപിടിക്കാന്‍ പ്രയാസം തന്നെ!



മൊബൈല്‍ ഫോണ്‍ പലപ്പോഴും പല തമാശകള്‍ക്കും വഴി വെക്കാറുണ്ട്. അത്തരത്തില്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ചില രസകരമായ മൊബൈല്‍ സംഭവങ്ങള്‍ ഇവിടെ പറയാം.



***     ***    ***     ***



കോളേജില്‍ എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഗോമതി ആണ് ഈ കഥയിലെ ഇര. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ മൊബൈല്‍ പതുക്കെ അടിച്ചുമാറ്റി അതില്‍ എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റി "Airtel" എന്നാക്കി. അന്ന് ഞാന്‍ ഗോമതിക്ക് ഒരു മെസ്സേജ് അയച്ചു. അത് കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Please pay your Airtel bill immediately. Otherwise your connection will be terminated without any further notice"

പാവം ഗോമതി ഒന്നും മനസിലാകാതെ നിന്നു. തന്‍റെ prepaid മൊബൈലില്‍ ബില്‍ ഉണ്ടോ എന്ന് സംശയിച്ചു. പിന്നെ പതുക്കെ സംഭവം മറന്നു. എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റിയ കാര്യം ഞാനും  മറന്നു.

കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് ഞാന്‍ ഗോമാതിക്ക് മെസ്സേജ് അയച്ചു. അത് ഗോമതി കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Food kazhikkaan varunno????"

ഇത്തവണ ഗോമതിക്ക് കാര്യം മനസിലായി. വടി ആയത് ഞാന്‍ ..!



***     ***    ***     ***
ഇതുപോലെ തന്നെ ബ്ലൂടൂത്ത്‌ നെയിം മാറ്റുന്നതും ഒരു ക്രൂര വിനോദം ആയിരുന്നു. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ ഫോണില്‍ ബ്ലൂടൂത്ത്‌ നെയിം മാറ്റി. വളരെ നാളുകള്‍ക്ക്‌ ശേഷം ഗോമതി ആ ഭീകര സത്യം തിരിച്ചറിഞ്ഞു - തന്‍റെ ഫോണ്‍ ബ്ലൂടൂത്ത്‌ ഓണ്‍ ആക്കി മറ്റുള്ളവര്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ കാണുന്ന "komalan vadakara" എന്ന് പേരുള്ള ഡിവൈസ് തന്‍റെ സ്വന്തം ഫോണ്‍ തന്നെ ആണെന്ന്!!!
പാവം, അത് കാരണം പുള്ളിക്കാരിക്ക് വളരെ പ്രിയപ്പെട്ട ഏതൊക്കെയോ പാട്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതെ നഷ്ടമായി...!

എന്‍റെ കൂട്ടുകാരന്‍ മിഥുന്‍ മോഹന്‍റെ ബ്ലൂടൂത്ത്‌ നെയിം ഞാന്‍ മാറ്റിയത് "kaattumooppan" എന്നായിരുന്നു. ഇത് അവന്‍ പഠിപ്പിക്കുന്ന പൊളിടെക്നിക്കില്‍ ആരൊക്കെയോ കാണുകയും, അവനു കാട്ടുമൂപ്പന്‍ എന്ന് പേര് വീഴുകയും ചെയ്തു എന്ന് ഒരു കഥ. സത്യമാണോ എന്തോ...!



***     ***    ***     ***



എന്‍റെ സുഹൃത്ത് സുഭാഷ്‌ ഒരിക്കല്‍ ചെയ്തത് വളരെ ഭീകരമായിരുന്നു. ഞങ്ങള്‍ എല്ലാരും കൂടി "കംബൈന്‍ സ്റ്റഡി" നടത്താന്‍ ദിലീപിന്‍റെ വീട്ടില്‍ പോവുകയും അവിടെ വെച്ച് കംബൈന്‍ സ്റ്റഡി വളരെ വേഗം "കംബൈന്‍ സ്ലീപ്" ആയി പുരോഗമികുകയും ചെയ്യുന്നു. ആ സമയത്ത് ഒരു കള്ളനെപോലെ സുഭാഷ്‌ മാത്രം ഉണര്‍ന്നിരുന്നു "പഠിക്കുന്നു". പാവം, പഠിക്കട്ടെ, ശല്യം ചെയ്യണ്ടാന്നു കരുതി.

പിറ്റേന്ന് ആണ് സുഭാഷിന്റെ "പഠനം" എന്താണെന്ന് മനസിലായത്. അവന്‍ ഞങ്ങളില്‍ പലരുടെയും ഫോണ്‍ എടുത്തു കൂട്ടുകാരുടെയും കാമുകിമാരുടെയും ശത്രുക്കളുടെയും നമ്പരുകള്‍ തമ്മില്‍ മാറ്റി.  ആരൊക്കെ ആരൊക്കെയാണ് എന്ന് അറിയാതെ ഓരോരുത്തര്‍ക്കായി അമളി പറ്റി തുടങ്ങിയപ്പോള്‍ ആണ് സംഭവം പുറത്തായത്.

പക്ഷെ, ആരുടെയൊക്കെ പേരുകളും നമ്പരുകളും ആണ് മാറ്റിയതെന്ന് സുഭാഷ്‌ ഒരു ലിസ്റ്റ് എഴുതി വെച്ചിരുന്നത് കൊണ്ട് കുറെ യുദ്ധങ്ങള്‍ ഒഴിവായിക്കിട്ടി!



***     ***    ***     ***



റിംഗ്ടോണ്‍ പലപ്പോഴും തമാശകള്‍ ഒപ്പിക്കാറുണ്ട്. മണിച്ചിത്രത്താഴില്‍ നാഗവള്ളി വരുമ്പോള്‍ കേള്‍ക്കുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ആണ് വിഷ്ണു മേനോന്‍ കുറച്ചുകാലം റിംഗ്ടോണ്‍ ആയി ഉപയോഗിച്ചത്. ഒരിക്കല്‍ അവന്‍റെ വീട്ടില്‍ രാത്രി പവര്‍ കട്ട്‌ സമയത്ത് ആരോ അവന്‍റെ ഫോണില്‍ വിളിച്ചു, ഇരുട്ടത്ത് വളരെ ഉച്ചത്തില്‍ പ്രസ്തുത റിംഗ്ടോണ്‍ കേട്ട് പാവം മേനോന്‍ പേടിച്ചുപോയി എന്ന് പറഞ്ഞു കേട്ടു. പക്ഷെ അവന്‍ അത് സമ്മതിക്കുന്നില്ല എന്നുള്ളത് മറ്റൊരു നഗ്നസത്യം.

സുഭാഷിന്റെ റിംഗ്ടോണ്‍ ആയി പൂച്ച കരയുന്ന ശബ്ദം കുറേകാലം ഉണ്ടായിരുന്നു. ഒരിക്കല്‍ നമ്മുടെ ഒരു കൂട്ടുകാരിയുടെ അച്ഛനുമായി വളരെ ഗൌരവമേറിയ ചര്‍ച്ച നടത്തുകയാണ് ഞങ്ങള്‍. പെട്ടെന്ന്  സുഭാഷിന്റെ പോക്കറ്റില്‍ നിന്നും പൂച്ച കരയുന്ന ശബ്ദം. ഞങ്ങള്‍ക്ക് കാര്യം മനസിലായി. പക്ഷെ കൂട്ടുകാരിയുടെ അച്ഛന്‍ ഒന്ന് ഞെട്ടി. ആ സംഭവം ചിരിക്കാന്‍ ഒരുപാട് വക നല്‍കി...!



***     ***    ***     ***
മൊബൈലില്‍ അലാറം വയ്ക്കുമ്പോള്‍ ഒരു നൂറു അബദ്ധങ്ങള്‍ പറ്റാറുണ്ട്. അതില്‍ ചിലത് പറയട്ടെ.

1. അലാറം സെറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് രാവിലെ 5 മണിക്ക്, അലാറം വയ്ക്കുന്നതോ, 5pm നും.
2. അലാറം സെറ്റ്‌ ചെയ്യുന്നു, എന്നിട്ട് അലാറം ടോണ്‍ ആയി "silent" തിരഞ്ഞെടുക്കുന്നു... ആര് കേള്‍ക്കാന്‍!!!
3. ചിലപ്പോള്‍ മൊബൈലില്‍ 24 മണിക്കൂര്‍ സമയം ആയിരിക്കും. അപ്പോഴും അബദ്ധം ഉണ്ടാകാറുണ്ട് - ഉച്ചക്ക് 3 മണിക്ക് അലാറം വെയ്ക്കും, അലാറം അടിക്കുന്നതോ, അതി രാവിലെ 3 മണിക്കും.

പിന്നെ എന്‍റെ, അല്ല, എല്ലാരുടെയും ഒരു അനുഭവം ആണ് - ഏതെങ്കിലും ഒരു പാട്ട് വെറുക്കണോ...? ആ പാട്ട് നിങ്ങളുടെ രാവിലത്തെ അലാറം ടോണ്‍ ആയി സെറ്റ്‌ ചെയ്യുക. ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍  ആ പാട്ട് വെറുത്തിരിക്കും. (ഞാന്‍ അങ്ങനെ വെറുത്തു പോയ ഒരു പാട്ടാണ് "മിന്നാമിന്നിക്കൂട്ടം" ചിത്രത്തിലെ "മിഴി തമ്മില്‍ പുണരുന്ന നേരം..." എന്ന പാട്ട്)



***     ***    ***     ***



മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍ വേറെ ചിലതുണ്ട്, അതും കൂടി പറയണമല്ലോ.

1. ചാര്‍ജര്‍ പ്ലഗ്ഗില്‍ കുത്തി, മൊബൈലിലും കണക്റ്റ്‌ ചെയ്തു, പക്ഷെ പ്ലഗ്ഗിന്റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നെന്നു മനസിലാകുന്നത് 3 മണിക്കൂര്‍ കഴിഞ്ഞാകും.
2. ഇത്തവണ സ്വിച്ച് ഓണ്‍ ചെയ്തു... പക്ഷെ പിന്നീട് മനസിലാകും ചാര്‍ജര്‍ മൊബൈലില്‍ കണക്ട് ചെയ്യാന്‍ മറന്നു എന്ന്...!!! എങ്ങനെ ദേഷ്യം വരാതിരിക്കും!
3. ഇത്തവണ എല്ലാം കൊടുത്തിട്ടുണ്ട്‌, എല്ലാം ഓക്കേ ആണ്... പക്ഷെ.... പക്ഷെ... വീട്ടില്‍ കറന്റ്‌ ഇല്ല....!!! #@*&@&^#(@



***     ***    ***     ***



മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ഇന്ന് വളരെ ചുരുക്കം പേര്‍ മാത്രം. നിങ്ങള്‍ക്കും ഉണ്ട് മൊബൈല്‍ ഫോണ്‍. അപ്പൊ നിങ്ങള്‍ക്കും ഇതുപോലെ മണ്ടത്തരങ്ങളും തമാശകളും ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ ആരെയൊക്കെ പറ്റിച്ചിട്ടുണ്ട്...? അതൊക്കെ ഇവിടെ ഷെയര്‍ ചെയ്തോളു...!

ധന മൂല ധനം വിളയാടുന്ന ആരോഗ്യ രംഗത്തു് ജനകീയ ബദലിനായി എടിപിഎസ് പഠന ഗവേഷണം ആരംഭിച്ചിരിക്കുന്നു.


ധന മൂല ധനം വിളയാടുന്ന ആരോഗ്യ രംഗത്തു് ജനകീയ ബദലിനായി എടിപിഎസ് പഠന ഗവേഷണം ആരംഭിച്ചിരിക്കുന്നു.


ആരോഗ്യ രംഗം ഇന്നു് മറ്റു് പല മേഖലകളും പോലെ ആഗോള പണ മൂലധനാധിപത്യത്തിന്റെ പിടിയിലമരുകയാണു്. ഭൂമി, കെട്ടിടം, വിദ്യാഭ്യാസം, കൃത്രിമാഹാരം, മരുന്നു്, ആശുപത്രി, പരിശോധന തുടങ്ങി പല മേഖലകളിലും ധന മൂലധനത്തിന്റെ വിളയാട്ടം കൊഴുക്കുകയാണു്. അത്തരം മേഖലകളിലെല്ലാം അടിയന്തിരമായ ജനകീയ ഇടപെടല്‍ ആവശ്യപ്പെടുന്നു. 'ആരോഗ്യ കച്ചവടം' പലതു് കൊണ്ടും പ്രത്യേകതകളുള്ളതുമാണു്. മറ്റു് പലതുമായും പാരസ്പര്യവും അതിനുണ്ടു്. ''മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു'' എന്ന പ്രസിദ്ധ മാര്‍ക്സിയന്‍ നിരീക്ഷണം ഇന്നു് ഏറെ പ്രകടമാകുന്നതു് മരുന്നു് വ്യവസായത്തിലും അവയുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുന്നതിലൂമാണു്. അനുയോജ്യ സാങ്കേതിക വിദ്യ പ്രോത്സാഹക സംഘം ആരോഗ്യ രംഗത്തേക്കുറിച്ചു് ഒരു പഠന പരമ്പര ആരംഭിക്കുകയാണു്. 2001 ല്‍ സംഘം ഏറ്റെടുത്ത ആദ്യ പഠനം 'ജനകീയ വിവര സാങ്കേതിക പദ്ധതി'യിലേയ്ക്കാണു് അതിനെ എത്തിച്ചതു്. അതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും വ്യാപനവും ചെലവു് കുറഞ്ഞ വിവര സാങ്കേതിക പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നതിനും വിവര സാങ്കേതിക വിദ്യാരംഗത്തു് നിലനിന്ന നിഗൂഢത അവസാനിപ്പിക്കുന്നതിനു് തുടക്കമിടാനും ആ പഠന പ്രവര്‍ത്തനവും തുടര്‍ പദ്ധതിയും ഉതകി. ഇന്നു് 'സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും' 'ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും' ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു് കഴിഞ്ഞു. എടിപിഎസ് ആഗോള ധന മൂല ധനത്തിന്റെ മറ്റൊരു വിളയാട്ട രംഗമായ ആരോഗ്യത്തേക്കുറിച്ചു് പഠനം ആരംഭിക്കുകയാണു്. എല്ലാ വശത്തു് നിന്നും ആരോഗ്യ മേഖലയെ സമീപിക്കുക. വ്യത്യസ്തങ്ങളായ ആരോഗ്യ പരിപാലന വ്യവസ്ഥകളും രോഗ ചികിത്സാ വ്യവസ്ഥകളും പഠിക്കുക. രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ വിലയിരുത്തുക. അവയിലേയെല്ലാം നെല്ലും പതിരും തിരിച്ചെടുക്കുക. ചെലവു് കുറഞ്ഞ ആരോഗ്യ പരിപാലന തന്ത്രം രൂപപ്പെടുത്തുക. ധന മൂല ധനത്തിന്റെ കടന്നു് കയറ്റത്തെ ചെറുക്കാനുതകുന്നതും ഭാവി സമൂഹത്തിനു് അനുവര്‍ത്തിക്കാനാവുന്നതുമായ ബദല്‍ അരോഗ്യ സംവിധാനത്തിന്റെ രൂപ രേഖ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളാണു് ഈ പഠന പ്രക്രിയയ്ക്കുള്ളതു്. പത്രക്കുറിപ്പു്. ജനകീയാരോഗ്യ പഠന-ഗവേഷണ പദ്ധതി. ആരോഗ്യം ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയാണു്. പക്ഷെ, അതിനെ രോഗ ചികിത്സയുടെ പര്യായമായാണു് ഇന്നു് കച്ചവടാധിഷ്ഠിത സമൂഹം കാണുന്നതു്. ആഗോളമായി ധന മൂല ധനത്തിന്റെ മേധാവിത്വം അടിച്ചേല്പിക്കപ്പെടുന്ന ഇന്നു് ആരോഗ്യരംഗവും തനി കച്ചവടമായി മാറിയിരിക്കുന്നു. ധര്‍മ്മാശുപത്രികള്‍ കച്ചവടത്തിനു് വഴിമാറിയിരിക്കുന്നു. മരുന്നു് ഉല്പാദിപ്പിക്കുന്നവര്‍ അവയുടെ ഉപഭോക്താക്കളായ രോഗികളേയും സൃഷ്ടിക്കുന്നു. രോഗീ പരിചരണം നടത്തുന്ന ആശുപത്രികളും രോഗികളെ സൃഷ്ടിക്കുകയും ചികിത്സയ്ക്കു് ചെല്ലുന്നവരെ രോഗികളായി നിലനിര്‍ത്തുകയും ചെയ്യുന്നു. രോഗ പരിശോധകരും ഇതേ പോലെ രോഗികളെ സൃഷ്ടിക്കുന്നതില്‍ താല്പര്യമുള്ളവരായിരിക്കുന്നു. അരോഗ്യ രംഗത്തെ ഈ കച്ചവടക്കാരുടെ കൂട്ടായ്മ ആരോഗ്യ സംരക്ഷണത്തിനു് പകരം രോഗ സംരക്ഷണം നടത്തുന്നതായി അഥപ്പതിച്ചിരിക്കുന്നു. ഈ സാഹചര്യം ആരോഗ്യത്തേപ്പറ്റി മാറി ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നു. ബദല്‍ കണ്ടെത്തലിന്റേയും സൃഷ്ടിയുടേയും ഭാഗമായി അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം 'ആരോഗ്യശ്രീ' എന്ന പേരില്‍ ഒരു പഠന ഗവേഷണ പദ്ധതി ഏറ്റെടുത്തിരിക്കുകയാണു്. ശുദ്ധവായു, കുടി വെള്ളം, ആഹാരം, പരിസ്ഥിതി, അദ്ധ്വാനം, വ്യായാമം, വിശ്രമം, വിനോദം തുടങ്ങി ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളും അവയുടെ കുറവോ കൂടുതലോ മൂലമുണ്ടാകുന്ന രോഗങ്ങളും അവയുടെ ചികിത്സയും വിശദമായി പഠിച്ചു് മനുഷ്യ ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയ്ക്കാവശ്യമായ സമഗ്ര ധാരണ രൂപപ്പെടുത്തുകയാണു് പഠന ഗവേഷണ പരിപാടിയുടെ ലക്ഷ്യം. സ്വാഭാവികമായും അത്തരം ഒരു ജനകീയ ബദല്‍ ആഗോള ധന മൂല ധനത്തിന്റെ കടന്നാക്രമണത്തിനെതിരായ ചെറുത്തു് നില്പിന്റെ ഒരു രൂപമായിരിക്കും. മാത്രമല്ല, അതു് കുറഞ്ഞ ചെലവിലുള്ള രോഗീ പരിചരണവും യഥാര്‍ത്ഥത്തിലുള്ള ആരോഗ്യ പരിരക്ഷയും താരതമ്യേന രോഗ മുക്തമായ സമൂഹവും ഉറപ്പാക്കുകയും ചെയ്യും. ബാബു ഡൊമിനിക് (ഡയറക്ടര്‍, എടിപിഎസ്) 9446564540, babudomnic@gmail.com 12-01-2013 (തുടര്‍ന്നുള്ള നാളുകളില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ വിഷയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്യും.) സെമിനാറുകള്‍ ചര്‍ച്ചകള്‍ (നടന്നവ)

സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം സമരരംഗത്ത്


സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം സമരരംഗത്ത്


സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനികളുടെ മുഴുവന്‍ പ്രതിഷേധം. പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ പ്രിന്‍സിപ്പലിനെ തിരിച്ചുകൊണ്ടുത്തരണമെന്ന ആവശ്യവുമായി സമരരംഗത്ത് എത്തിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പൊതുപണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരിലാണ് പട്ടം സ്കൂളിലെ പ്രിന്‍സിപ്പല്‍ എന്‍ രത്നകുമാറിനെ ചിറയിന്‍കീഴ് കൂന്തളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് സ്ഥലംമാറ്റിയത്.

ഇദ്ദേഹത്തിനെതിരെ പ്രതികാരനടപടി എടുത്ത ദിവസംതന്നെ വിദ്യാര്‍ഥിനികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നടപടി റദ്ദുചെയ്ത് സ്കൂളിന് പ്രിയപ്പെട്ട പ്രിന്‍സിപ്പലിനെ തിരകെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനികള്‍ രംഗത്തെത്തി. പണിമുടക്ക് ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പണിമുടക്കിയവര്‍ക്കെതിരായ പ്രതികാരനടപടികള്‍ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ചയും രത്നകുമാറിനെ തിരികെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പകരം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥിനികള്‍ പ്രത്യക്ഷസമരം തുടങ്ങിയത്. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥിനികളും ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ച് പ്രത്യക്ഷസമരം തുടങ്ങി. സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റാന്‍ സ്കൂളിലെത്തിയ രത്നകുമാറിനെ കുട്ടികള്‍ പോകാന്‍ അനുവദിച്ചില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുട്ടികള്‍ അധ്യാപകനെ തടഞ്ഞത്. ഇദ്ദേഹത്തിന് പകരമെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥിനികള്‍ സ്കൂളിന് മുന്നില്‍ തടഞ്ഞു.

ഇതോടെ രക്ഷിതാക്കളും കുട്ടികളുടെ പ്രതിഷേധത്തിനൊപ്പം കൂടി. പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ സ്ഥലത്തെത്തി കുട്ടികളും രക്ഷിതാക്കളുമായി സംസാരിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് സെക്രട്ടറി കുട്ടികള്‍ക്ക് ഉറപ്പുനല്‍കി. ഇതിനിടെ, പൊലീസ് സംഘവും സ്കൂളിലെത്തി.

deshabhimani 160113

കാരുണ്യ ലോട്ടറി: ലാഭം 112 കോടി; സഹായം നല്‍കിയത് പകുതി


കാരുണ്യ ലോട്ടറി: ലാഭം 112 കോടി; സഹായം നല്‍കിയത് പകുതി


"കാരുണ്യ" ഭാഗ്യക്കുറിയുടെ വരുമാനം റെക്കോഡ് കുറിക്കുമ്പോഴും രോഗികള്‍ക്ക് വിതരണം ചെയ്തത് ലാഭത്തുകയുടെ പകുതിമാത്രം. 336.94 കോടി രൂപയുടെ വിറ്റുവരവില്‍നിന്ന് 112 കോടിയാണ് ലാഭം. ഇതില്‍ 56.14 കോടി രൂപയാണ് സംസ്ഥാനത്തെ 5404 രോഗികള്‍ക്ക് വിതരണം ചെയ്തത്. ജില്ലകളില്‍ നൂറുകണക്കിന് അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. ക്യാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം, തലച്ചോറിനും കരളിനും ബാധിക്കുന്ന അസുഖങ്ങള്‍, ഹീമോഫീലിയ തുടങ്ങിയ മാരകരോഗങ്ങള്‍ക്കും സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികള്‍ക്കുമാണ് പദ്ധതിയിലൂടെ ചികിത്സാസഹായം ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാത്തവരാകണം. ആജീവനാന്തമുള്ള ചികിത്സക്ക് പരമാവധി രണ്ടു ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സഹായം ലഭിച്ചവര്‍ക്ക് 70,000 രൂപ കുറച്ചാണ് നല്‍കുക. അപേക്ഷ സംബന്ധിച്ച നൂലാമാലകളാണ് നിര്‍ധന രോഗികളെ വലയ്ക്കുന്നത്. ഇത് പരിഹരിക്കുന്നതിനുപകരം സ്വകാര്യമേഖലയില്‍ കാരുണ്യ പദ്ധതിയുടെ പണം ചെലവഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സര്‍ക്കാര്‍, സഹകരണ ആശുപത്രികള്‍ക്ക് പുറമെ സംസ്ഥാനത്തെ 40 പ്രമുഖ സ്വകാര്യ ആശുപത്രികളെയും പദ്ധതിയില്‍ പങ്കാളികളാക്കി. ഓരോ താലൂക്കിലും രണ്ട് സ്വകാര്യ ആശുപത്രികളെ "കാരുണ്യ" കേന്ദ്രങ്ങളാക്കാനാണ് തീരുമാനം. ഇതിലൂടെ ലക്ഷങ്ങള്‍ ഈ ആശുപത്രികളിലേക്ക് ഒഴുകിയെത്തും. ഡയാലിസിസിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി തുകയാണ് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി നല്‍കിയ മരുന്ന് കാരുണ്യ പദ്ധതിയില്‍ പണം ഈടാക്കി വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് പണം കൈമാറാന്‍ വ്യവസ്ഥയില്ലെന്ന കാരണം പറഞ്ഞാണ് ആനുകൂല്യം നിഷേധിക്കുന്നത്. ആശുപത്രികള്‍ക്കും ന്യായവില മരുന്നുഷോപ്പുകള്‍ക്കും പരിശോധനാ ലാബുകള്‍ക്കുമുള്ള ബില്‍ തുക അടയ്ക്കാന്‍ മാത്രമേ നിയമപ്രകാരം അനുമതിയൂള്ളൂ. ജില്ലാ ലോട്ടറി ഓഫീസുകളിലെ "കാരുണ്യ" വിഭാഗത്തിലെത്തുന്ന അപേക്ഷയില്‍ കലക്ടര്‍ ചെയര്‍മാനായ സമിതിയാണ് സഹായം ശുപാര്‍ശ ചെയ്യുന്നത്.

deshabhimani 160113

2012ല്‍ 349 യുഎസ് സൈനികര്‍ ആത്മഹത്യ ചെയ്തു


2012ല്‍ 349 യുഎസ് സൈനികര്‍ ആത്മഹത്യ ചെയ്തു


വാഷിങ്ടണ്‍: 2012ല്‍ 349 അമേരിക്കന്‍ സൈനികര്‍ ആത്മഹത്യചെയ്തതായി പെന്റഗണ്‍. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞവര്‍ഷം 229 സൈനികരാണ് കൊല്ലപ്പെട്ടത്. 2011ല്‍ 301 സൈനികരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാനിരക്ക് ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ആത്മഹത്യാനിരക്കില്‍ മുന്നിലുള്ള സേനാവിഭാഗം മറീന്‍ കോറാണ്. മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനത്തിലധികം മറീനുകള്‍ കഴിഞ്ഞവര്‍ഷം ജീവനൊടുക്കി. 48 പേര്‍. പൊതുവേ ആത്മഹത്യാനിരക്ക് കുറഞ്ഞ വ്യോമസേനയിലും നാവികസേനയിലും ഇക്കുറി കൂടുതല്‍പേര്‍ ആത്മഹത്യ ചെയ്തു. 60 നാവികസേനാംഗങ്ങളും 59 വ്യോമസേനാംഗങ്ങളുമാണ് ജീവനൊടുക്കിയത്. സൈനികരുടെ മാനസികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ക്ലിനിക്ക് തുടങ്ങിയെങ്കിലും ഇതൊന്നും ഫലപ്രദമായിട്ടില്ല. ആത്മഹത്യ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രശ്നത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ പഠിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പെന്റഗണ്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.