ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 6, ബുധനാഴ്‌ച

കോര്‍പറേറ്റുകളുടെ മോഡിസ്നേഹം


കോര്‍പറേറ്റുകളുടെ മോഡിസ്നേഹം

ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസികള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്രമോഡിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന നിര്‍ണായക സംഭവവികാസമാണിത്. വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ കൃത്യമായ വര്‍ഗതാല്‍പ്പര്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഒരു ദശാബ്ദമായി ഗുജറാത്തിലെ മുഖ്യമന്ത്രിപദവിയിലിരിക്കുന്ന മോഡി അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏറ്റവും നല്ല സേവകനാണെന്ന് തെളിയിച്ചിട്ടുണ്ട്. മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് മോഡലിനെ കോര്‍പറേറ്റ് മേഖല വര്‍ഷങ്ങളായി പുകഴ്ത്തുകയുമാണ്.

കോര്‍പറേറ്റ് മേഖലയ്ക്ക് അവരുടെ വ്യവസായസ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ സബ്സിഡിയോടെ നല്‍കുന്ന പാക്കേജുകളും ഗുജറാത്ത് മാതൃകയെന്ന് വിളിക്കപ്പെടുന്ന "വികസനമാതൃക"യിലുണ്ട്. തുച്ഛമായ വിലയ്ക്കാണ് ഭൂമി നല്‍കുന്നത്. സബ്സിഡിയോടെ വൈദ്യുതിയും നികുതി ഇളവുകളും ഇവര്‍ക്ക് നല്‍കുന്നു. വന്‍കിട ബൂര്‍ഷ്വാസികള്‍ക്ക് അതിലാഭം കൊയ്യാനുള്ള അവസരം നരേന്ദ്രമോഡിയുടെ ഭരണം ഉറപ്പുനല്‍കുന്നു. ഇവര്‍ക്ക് വഴങ്ങാത്ത തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും കടുത്ത അടിച്ചമര്‍ത്തലിന് വിധേയരാക്കി വിനീതരാക്കുകയും ചെയ്യുന്നു. സംസ്ഥാനത്തേക്കുള്ള സ്വകാര്യനിക്ഷേപത്തിന്റെ ഒഴുക്കും അവര്‍ നേടുന്ന ഉയര്‍ന്ന ലാഭവുമാണ് വികസനത്തിന്റെ "തിളക്കമാര്‍ന്" വശം. തൊഴിലാളികളുടെ യഥാര്‍ഥ കൂലി കുറഞ്ഞുവരുന്നതാണ് അതിന്റെ ഇരുണ്ട വശം. സാധാരണ ജനങ്ങള്‍ക്കായി എടുത്തുപറയത്തക്ക ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ നടപടികളൊന്നും ഗുജറാത്തില്‍ ഇല്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തിലെ 48 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരം ലഭിക്കുന്നില്ല. ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതില്‍ പത്താംസ്ഥാനത്തുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആറ് വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ സാക്ഷരതാനിരക്കില്‍ ഗുജറാത്ത് അഞ്ചാംസ്ഥാനത്തുനിന്ന് ഏഴാംസ്ഥാനത്തേക്ക് വീണു. നേരത്തെ വന്‍കിട ബൂര്‍ഷ്വാസികള്‍ ഗുജറാത്തിലെ ഭരണത്തിനും നേതൃത്വത്തിനുമാണ് മോഡിയെ പുകഴ്ത്തിയത്.

എന്നാലിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വമേറ്റെടുക്കാനാണ് അവര്‍ മോഡിയെ പിന്തുണയ്ക്കുന്നത്. ജനുവരിയില്‍ അഹമ്മദാബാദില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ കോര്‍പറേറ്റ് മേധാവികള്‍ മോഡിയെ വാനോളം പുകഴ്ത്താന്‍ മത്സരിച്ചു. മുകേഷ് അംബാനി, അനില്‍ അംബാനി, രത്തന്‍ ടാറ്റ, ഗൗതം അദനി, ശശി റൂയിയ, ആദി ഗോദ്റെജ് തുടങ്ങി പ്രധാന വ്യവസായപ്രമുഖരെല്ലാം അവിടെയെത്തി. റിലയന്‍സ്, ടാറ്റ, എസ്സാര്‍, അദനീസ്, ഗോദ്റെജ് എന്നീ വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് ഇവര്‍. മോഡിയെ "രാജാക്കന്മാരുടെ രാജാവ"് എന്ന് വിശേഷിപ്പിച്ച അനില്‍ അംബാനി, മഹാത്മാഗാന്ധിയുമായും സര്‍ദാര്‍ പട്ടേലുമായും മോഡിയെ താരതമ്യപ്പെടുത്തുകയും ചെയ്തു. ഗുജറാത്ത് മാതൃകയിലുള്ള വികസനം ഇന്ത്യയിലെമ്പാടും വ്യാപിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അമേരിക്ക- ഇന്ത്യ ബിസിനസ് കൗണ്‍സില്‍ തലവന്‍ റോന്‍ സമ്മേഴ്സും ഈ ഉച്ചകോടയില്‍ പങ്കെടുത്തു. ഗുജറാത്തിന്റെ പുരോഗതിയെ "അത്യത്ഭുതം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇവരോടൊപ്പം അണിചേര്‍ന്ന കോര്‍പറേറ്റ് മാധ്യമങ്ങളും നരേന്ദ്ര മോഡിയെയും അദ്ദേഹത്തിന്റെ വികസനമാതൃകയെയും പുകഴ്ത്തി.

ഡല്‍ഹി സര്‍വകലാശാലയില്‍ മോഡി അടുത്തിടെ നടത്തിയ പ്രസംഗത്തിന് മുഖ്യ ദേശീയമാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യത്തില്‍നിന്ന് ഇവരുടെ താല്‍പ്പര്യവും മനസ്സിലാക്കാം. യുപിഎ സര്‍ക്കാരിന്റെ നയങ്ങളിലൂടെ വര്‍ധിച്ച ആനുകൂല്യങ്ങളാണ് വന്‍കിട ബൂര്‍ഷ്വാസികള്‍ക്ക് ലഭിക്കുന്നത്. വന്‍കിട ബിസിനസുകാരെയും വിദേശമൂലധനത്തെയും പ്രീണിപ്പിക്കാന്‍ മന്‍മോഹന്‍സിങ്ങും പി ചിദംബരവും കഴിഞ്ഞ കുറച്ചുമാസങ്ങളായി വഴിവിട്ട് ശ്രമിക്കുകയാണ്. നികുതിവെട്ടിപ്പ് തടയാനുള്ള ഗാര്‍ ചട്ടങ്ങള്‍ യുപിഎ സര്‍ക്കാര്‍ തടഞ്ഞുവച്ചതിനര്‍ഥം കോര്‍പറേറ്റുകളും വന്‍കിട ബിസിനസുകാരും നടത്തുന്ന നികുതിവെട്ടിപ്പ് തടയാനുള്ള വഴി അടയ്ക്കുകയാണെന്നാണ്. മാത്രമല്ല, ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപവും അനുവദിച്ചു. 2009ന് ശേഷം മാത്രം 20 ലക്ഷം കോടിയുടെ ഇളവുകളാണ് വന്‍കിടക്കാര്‍ക്ക് യുപിഎ സര്‍ക്കാര്‍ നല്‍കിയത്. ഇതൊക്കെ ചെയ്തിട്ടും വന്‍കിട ബൂര്‍ഷ്വാസികള്‍ തൃപ്തരല്ല. രക്തം മണത്ത ഇവര്‍ കൂടുതല്‍ ആവശ്യം ഉയര്‍ത്തുകയാണ്. മോഡി ഇവര്‍ക്ക് ബദല്‍മുഖമാകുന്നതും ഇതുകൊണ്ടുതന്നെ. മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2002ല്‍ 2000 മുസ്ലിങ്ങളെ കൂട്ടക്കൊലചെയ്ത സംഭവമൊന്നും വന്‍കിട ബൂര്‍ഷ്വാസികളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നില്ല. കൊടിയ ഹിന്ദുത്വശക്തികളുടെ പ്രതിനിധിയാണ് മോഡി. കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ധനമുതലാളിത്തത്തിനും പ്രധാനം അവരുടെ അതിലാഭം ഉറപ്പാക്കലും അതിനായി തടസ്സമേതുമില്ലാതെ രാജ്യത്തെ ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം നേടലുമാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍എസ്എസും മോഡിയെ പിന്തുണയ്ക്കും. അന്തിമമായി മോഡിയും സംഘ പ്രചാരകനാണ്. ആര്‍എസ്എസിന്റെ മുന്നണിയില്‍പെട്ട വിശ്വഹിന്ദുപരിഷത്ത് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിച്ചുകഴിഞ്ഞു. മാത്രമല്ല, കുംഭമേളയില്‍ നടന്ന യോഗത്തില്‍ മോഡിയെ ഹിന്ദുത്വത്തിന്റെ മുഖമായി പ്രഖ്യാപിക്കുകയും ചെയ്തു. അന്തിമഘട്ടത്തില്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നതില്‍ വന്‍കിട ബൂര്‍ഷ്വാസികള്‍ക്കുള്ള പങ്ക് പ്രസിദ്ധമാണ്. ജര്‍മനിയില്‍ സംഭവിച്ചത് അതാണ്. ഇന്ത്യയില്‍ അത്തരമൊരു പ്രതിസന്ധി ഭരണവര്‍ഗത്തിന് ഇതുവരെയും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. ഹിന്ദുത്വവര്‍ഗീയതയും വന്‍കിട ബൂര്‍ഷ്വാ പിന്തുണയും ചേര്‍ന്നുള്ള മിശ്രിതം അപകടകരമാണ്. വലതുപക്ഷ സ്വേച്ഛാധിപത്യത്തിലേക്ക് ഇത് വളര്‍ന്നാല്‍ അത് രാജ്യത്തെ അപകടത്തിലാഴ്ത്തുകയും ഐക്യം തകര്‍ക്കുകയും ചെയ്യും.

വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യങ്ങളെ ദീര്‍ഘകാലമായി സേവിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിക്കും യുപിഎ സര്‍ക്കാരിനും ഈ ഭീഷണിയെ നേരിടാനാകില്ല. തൊഴിലാളികളെയും കര്‍ഷകരെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് മാത്രമേ ഈ ഭീഷണിയെ നേരിടാനാകൂ. ഈ ബദല്‍ മാര്‍ഗമാണ് രണ്ട് ദിവസത്തെ പണിമുടക്കിലൂടെ തൊഴിലാളിവര്‍ഗം കാട്ടിത്തരുന്നത്. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങും സഞ്ചരിക്കുന്ന സംഘര്‍ഷ് സന്ദേശ് ജാഥയും എല്ലാ മതനിരപേക്ഷ ജനാധിപത്യ പുരോഗമനശക്തികളെയും സംഘടിപ്പിച്ച് നവഉദാരവല്‍ക്കരണ മുതലാളിത്തത്തിനും വലതുപക്ഷ വര്‍ഗീയശക്തികള്‍ക്കും ബദല്‍ മുന്നോട്ടുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 21 ഫെബ്രുവരി 2013

അമൃതയുടെ ഇടിയും ആര്യയുടെ കൂവലും


അമൃതയുടെ ഇടിയും ആര്യയുടെ കൂവലും

ഇവള്‍ അമൃത. അങ്കക്കലി പൂണ്ടാല്‍ ചുറ്റുമുള്ളതൊന്നും ഇവള്‍ കാണില്ല. പിന്നെ ഇടിയും ചവിട്ടും മാത്രം... ഇടിയെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര ഇടിയാ... സൈബര്‍ലോകത്ത് നിറഞ്ഞിരിക്കുന്ന പോസ്റ്റാണിത്. ഇത്തവണ ഒരുപാട് ലൈക്കുകളും കമന്റുകളും ഷെയറുകളും ഇതിന് കിട്ടി. തന്റെ നേരെ കമന്റുമായി വന്നവര്‍ക്ക് കൈക്കരുത്തുകൊണ്ട് മറുപടി കൊടുത്ത അമൃത സൈബര്‍ലോകത്തെ കരുത്തുള്ള പെണ്‍കുട്ടിയാണ്. ജൂനിയര്‍ വിജയശാന്തിയായി അവള്‍ സൈബര്‍ലോകത്തെ താരമായി. ഒരു ആക്ഷന്‍ പടം കണ്ടപോലെ എന്നായിരുന്നു അമൃതയെക്കുറിച്ചുള്ള പോസ്റ്റുകളില്‍ പലരും പറഞ്ഞത്. സൈബര്‍ ലോകം മുഴുവന്‍ അമൃതയെ അഭിനന്ദിക്കാന്‍ മുന്നിലുണ്ടായിരുന്നു. എല്ലാ പെണ്‍കുട്ടികളും അമൃതയെപ്പോലെ ആയെങ്കില്‍ എന്നുപോലും ചിന്തിക്കുന്നവരുണ്ട്. അമൃതയെ അനുകൂലിച്ചെഴുതിയ പോസ്റ്റിന് കമന്റുകളും ലൈക്കുകളും ഒരുപാട് കിട്ടി.

ഷബ്ന ഫാത്തിമ എഴുതുന്നത് ഇങ്ങനെയാണ്- ഇത് ചിലപ്പോള്‍ ആണുങ്ങളുടെ കണ്ണില്‍ തെറ്റാവാം. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇത് ആവശ്യമാണ്. അച്ഛന്റെ കൈകളില്‍പ്പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത കാലമാണിത്. ചിലര്‍ക്ക് അമൃതയുടെ ഇടി അത്രയങ്ങ് പിടിച്ചില്ല. നാലുപേരുടെ സപ്പോര്‍ട്ട് കിട്ടിയപ്പോള്‍ പെണ്ണിന്റെ ശബ്ദം മാറിയത് കണ്ടില്ലേ? ഇനി ഭരണം അങ്ങ് ഏല്‍പ്പിച്ചാല്‍ എന്താകും ലോകത്തിന്റെ അവസ്ഥ എന്നു വിലപിച്ച കൂട്ടരുമുണ്ട് കേട്ടോ... വധശ്രമത്തിന് കേസെടുക്കാനും ചിലര്‍ ആഗ്രഹിക്കുന്നു. ആണിനെ തൊട്ടുകളിച്ചപ്പോള്‍ വര്‍ഗബോധം ഉണര്‍ന്നവരാണ് ഇക്കൂട്ടര്‍ എന്ന് തോന്നുന്നു. എവിടെയോ ഉള്ള ഒരു അക്ബര്‍ പറയുന്നത് സ്ത്രീക്ക് പുരുഷന്മാരുടെ അത്ര മസില്‍ ഇല്ലപോലും! അഞ്ജലി അനില്‍ കുമാര്‍ അതിന് കണക്കിന് മറുപടി കൊടുത്തിട്ടുണ്ട്. അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാത്ത ആ തെമ്മാടികളുടെ പടം സൈബര്‍ലോകത്തില്‍ പ്രചരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ഒരു യോഗത്തില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെയും മറ്റും മോശമായി പരാമര്‍ശിച്ച പ്രാസംഗികനെ കൂകിത്തോല്‍പ്പിച്ച ആര്യയും സൈബര്‍ലോകത്തെ മിന്നുംതാരംതന്നെ. ഒറ്റ കൂവല്‍കൊണ്ട് സ്ത്രീകളുടെ ആകെ ശബ്ദമായി ആര്യ മാറി. നൂറുകണക്കിനു വിദ്യാര്‍ഥിനികള്‍ ഇരുന്നവേദിയിലാണ് സ്ത്രീകളെ ആകെ അപമാനിച്ച് സംസാരിച്ച ആളെ ആര്യ ഒറ്റയ്ക്ക് എഴുന്നേറ്റുനിന്ന് കൂകി തോല്‍പ്പിച്ചത്.

തിരുവനന്തപുരം വിമന്‍സ്കോളജിലെ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് ആര്യ. അവള്‍ക്കും കിട്ടി ഒരുപാട് ലൈക്കുകള്‍. ഒരു അമൃതയിലോ ആര്യയിലോ അവസാനിക്കരുത് പെണ്‍കരുത്തെന്ന് പലരും ആശിക്കുന്നു. സ്വകാര്യചാനലിലെ മാധ്യമപ്രവര്‍ത്തകയോട് ഒരു "തമാശ" പറഞ്ഞ കേന്ദ്രമന്ത്രി വയലാര്‍ രവിക്കും മൂല്യബോധന വിദ്വാന്‍ രജിത് കുമാറിനും കിട്ടി സൈബര്‍ലോകത്തിന്റെ വക കണക്കിന് ചീത്ത. രണ്ടുപേരും തങ്ങളുടെ സംസ്കരമാണ് കാട്ടിയതെന്ന് എല്ലാവരും ഉറപ്പിക്കുന്നു. പ്രണയിതാക്കളുടെ ദിവസം ആഘോഷമാക്കിയും കരിദിനമായി ആചരിച്ചും ഒരുപാടുപേര്‍ പോസ്റ്റിട്ടു. എന്നാല്‍, ഒരു നാടോടി പെണ്‍കുട്ടി റോസാപ്പൂ വില്‍ക്കുന്ന ഫോട്ടോ ആരുടെയും കരളലിയിക്കുന്നതും വേറിട്ട് നില്‍ക്കുന്നതുമായിരുന്നു. ആഘോഷത്തിനിടയിലും ഒരു നൊമ്പരമായി ആ പെണ്‍കുട്ടിമാറി. ഈ ലോകവും അതിലെ കാഴ്ചകളും നമ്മുടെ ഉറക്കം കെടുത്തുന്നു എന്നായിരുന്നു അലീന സോഫിയുടെ കമന്റ്. കേന്ദ്രസര്‍ക്കാരിന്റെ അടിക്കടിയുള്ള പെട്രോല്‍ വില വര്‍ധനയ്ക്കെതിരെ സൈബര്‍ലോകം ഒന്നടങ്കം പ്രതിഷേധിച്ചു.

*
വന്ദന കൃഷ്ണ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

ദേ, പുലി വന്നുകഴിഞ്ഞു!


ദേ, പുലി വന്നുകഴിഞ്ഞു!

'പുലി വരുന്നേ! പുലി വരുന്നേ!' എന്ന് വിളിച്ചുകൂവി നാട്ടുകാരെ പറ്റിച്ച പയ്യന്റെ കഥ പഴകി എന്ന് തോന്നിയവര്‍ക്ക് ഇതാ പുതിയ കഥ. 'ആഗോളവത്കരണം, എന്ന പുലി ഇറങ്ങിയിട്ടുണ്ട്, താമസിയാതെ അത് നമ്മെയെല്ലാം കടിച്ചുകീറും' എന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നാടുമുഴുവന്‍ പ്രചരണം നടത്തിയവരായിരുന്നു നമ്മളില്‍ പലരും. ഉദാരവല്‍കരണം, സ്വകാര്യവല്‍കരണം, ആഗോളവല്‍കരണം എന്നീ മൂന്ന് അവതാരങ്ങളായിട്ടാണ് അവന്‍ വരുക, എന്നായിരുന്നു നമ്മളൊക്കെ പറയാന്‍ ശ്രമിച്ചത്. പക്ഷെ, അന്ന് 'ഇത് പഴയ പുലിക്കഥ തന്നെ' എന്ന് പലരും പുഛിച്ചത് ഓര്‍ക്കുന്നു. ഇപ്പോള്‍ അങ്ങനെ പുഛിച്ചവര്‍ക്കുകൂടി സംഗതികള്‍ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്  എന്ന് തോന്നുന്നു.

ഇത് പറയാന്‍ കാരണം, 'ഇങ്ങനെ പോയാല്‍ കെ എസ് ആര്‍ ടി സി പൂട്ടിപ്പോകും' എന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി തന്നെ പ്രസ്താവിച്ചതായ പത്രവാര്‍ത്തയാണ്. 'ഇങ്ങനെ പോയാല്‍' എന്ന് പറഞ്ഞാല്‍, 'കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ഇങ്ങനെ പോയാല്‍' എന്നല്ലേ  അര്‍ഥം! ഒരു കോണ്‍ഗ്രസ് മന്ത്രിക്കുതന്നെ ഇങ്ങനെ പറയേണ്ടി വരുന്ന ഗതികേട് ആലോചിച്ചുനോക്കൂ! എങ്ങനെ പറയാതിരിക്കും? നമ്മുടെ കെ എസ് ആര്‍ ടി സി പോലുള്ള പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളെ 'വമ്പന്മാര്‍' എന്ന് മുദ്രകുത്തി അവരില്‍ നിന്ന് ഡീസലിന് പത്തും പന്ത്രണ്ടും രൂപ അധികം വാങ്ങുന്ന ഒരു നയം എണ്ണക്കമ്പനികള്‍ കൊണ്ടുവന്നിരിക്കുകയല്ലേ? രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ഒത്താശയില്ലാതെ അവര്‍ ഇങ്ങനെ ചെയ്യില്ല എന്നുറപ്പാണല്ലോ. എണ്ണവിലനിയന്ത്രണം എടുത്തുകളഞ്ഞു, വിലയൊക്കെ കമ്പനികള്‍ നേരിട്ടാണ് നിശ്ചയിക്കുന്നത്, എന്നൊക്കെ എത്രപറഞ്ഞാലും, കമ്പനികള്‍ സര്‍ക്കാരിന്റെ ഇംഗിതമാണ് നടപ്പാക്കുന്നത് എന്ന് വ്യക്തമല്ലേ?  എന്നുതന്നെയല്ല, പൊതുമേഖലാ സ്ഥാപനങ്ങളെ ഇങ്ങനെ 'കരിമ്പട്ടികയില്‍' പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങള്‍ പരാതി പറഞ്ഞിട്ട് കേന്ദ്രം കേട്ട ഭാവം പോലും നടിക്കുന്നുമില്ല. അതേസമയം, സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്ക് പഴയവിലയ്ക്കുതന്നെ ഡീസല്‍ കിട്ടുന്നുമുണ്ട്. (ദശലക്ഷക്കണക്കിനു രൂപ വിലവരുന്ന ആഡംബരക്കാറുകള്‍ക്കും സൗജന്യവിലയ്ക്ക് ഡീസല്‍ കൊടുക്കുന്നു എന്നും ഓര്‍ക്കണം.) എന്തു പൊതു താത്പര്യം സംരക്ഷിക്കാനാണ് ഇതു  ചെയ്യുന്നത് എന്ന് ജനങ്ങളോട് വ്യക്തമാക്കാനുള്ള ബാധ്യത രാജ്യം ഭരിക്കുന്നവര്‍ക്ക് ഇല്ലേ? ഈ കളിയുടെയൊക്കെ ലക്ഷ്യം പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ പൂട്ടിച്ച്  ആ ചെലവില്‍ സ്വകാര്യകമ്പനികളെ വളര്‍ത്തുക എന്നതാണ് എന്ന് ആരോപിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ? ഇപ്പോള്‍ പാര്‍ലമെന്റ് കൂടിക്കൊണ്ടിരിക്കുകയല്ലേ? എന്തുകൊണ്ട് അവിടെ ഇത് ഇഷ്യൂ ആകുന്നില്ല? 

ഈ നയം ട്രാന്‍സ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ മാത്രമായി ഒതുങ്ങുന്നുമില്ല. കുടിവെള്ള വിതരണം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കം ശക്തമാണല്ലോ. കേരളത്തില്‍ കുടിവെള്ള വിതരണത്തിനായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഒരു കമ്പനി തുടങ്ങാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. ആ കമ്പനിയില്‍ 51 ശതമാനം ഓഹരി സ്വകാര്യവ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും ആയിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ താല്‍പര്യക്കാര്‍ക്ക് മുന്‍തൂക്കം ഉള്ള കമ്പനിയുടെ നയങ്ങള്‍ തീരുമാനിക്കുന്നത് അവര്‍ ആയിരിക്കുമല്ലൊ. സ്വകാര്യ ഓഹരി ഉടമകളുടെ താല്‍പര്യം ലാഭം പരമാവധിയാക്കുക എന്നത് തന്നെ ആയിരിക്കും. അല്ലാതെ, സര്‍ക്കാരിനെ സഹായിക്കാനൊന്നുമല്ലല്ലോ അവര്‍ കമ്പനിയില്‍ ഓഹരി എടുക്കുന്നത്. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വെള്ളം വാങ്ങി ജനങ്ങള്‍ക്ക് വില്‍ക്കുന്ന കമ്പനി ലാഭം ഉണ്ടാക്കുന്നത്  വെള്ളത്തിന്റെ വില കൂട്ടി വിറ്റിട്ടായിരിക്കും എന്നറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഇതിനല്ലേ സ്വകാര്യവത്കരണം എന്ന് പറയുന്നത്? കുടിവെള്ളം സ്വകാര്യവല്‍കരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ പുഛിച്ചവര്‍ ഇപ്പോള്‍ എന്ത് പറയുന്നു? ഏറ്റവും രസം, വാട്ടര്‍ അതോറിറ്റി ഇത്രയും കാലം ശ്രമിച്ചിട്ടും കേരളത്തില്‍ എല്ലാവര്‍ക്കും  ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ആ കുറവ് പരിഹരിക്കാനാണ് സ്വകാര്യ കമ്പനി തുടങ്ങുന്നത് എന്നുമാണ് ഈ നീക്കത്തെ ന്യായീകരിക്കാനായി പറയുന്നത് എന്നതത്രേ! ജനങ്ങളെ വിഡ്ഢികളാക്കുന്നതിനും ഒരതിര് വേണ്ടേ? വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ഉണ്ട് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, അത് പരിഹരിക്കുന്നത് ഇങ്ങനെയാണോ? ഇതേ ന്യായം പറഞ്ഞാണല്ലോ 'ജലനിധി ' പദ്ധതി നടപ്പാക്കിയത്. അതിനും  പല പരിമിതികളും ഉണ്ടായിരുന്നെങ്കിലും നല്ലൊരു ഭാഗം ജനങ്ങള്‍ക്ക് പൈപ്പുവെള്ളം എത്തിക്കാന്‍ ജലനിധിക്ക് കഴിഞ്ഞു എന്നുള്ളത് സത്യമാണ്. അതിലെ കുറവുകള്‍ പരിഹരിച്ചു അത് വ്യാപിപ്പിക്കുന്നതിന് പകരം ഇപ്പോള്‍ ഇങ്ങനെ ഒരു ഭൂതോദയം ഉണ്ടാകാന്‍ കാരണമെന്ത്? എവിടത്തെ ജനങ്ങള്‍, അല്ലെങ്കില്‍ ആര്, ആവശ്യപ്പെട്ടിട്ടാണ് ഈ ഉത്തരവ് ഇറങ്ങിയത്? അതിനും ഉത്തരം സ്വകാര്യവത്കരണ അജണ്ടയുടെ വ്യാപനത്തിന്റെ ഭാഗം ആണിത്, എന്ന് മാത്രമേ പറയാന്‍ കഴിയൂ. അത് കേന്ദ്രത്തിന്റെ നിര്‍ബന്ധമോ അതോ സംസ്ഥാനം ഭരിക്കുന്നവരുടെ സ്വന്തം കൈയിലിരിപ്പോ, എന്നതില്‍  മാത്രമേ സംശയിക്കണ്ടു. രണ്ടായാലും ഉറവിടം ഒന്ന് തന്നെ!

ഈ സന്ദര്‍ഭത്തില്‍ മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭ ഒരു അപൂര്‍വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചു. ഇരുപക്ഷത്തുമുള്ള സാമാജികന്മാര്‍ ഒരേ ശബ്ദത്തോടെ ഒരു അഭിപ്രായം പാസ്സാക്കി: വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ  സമ്മര്‍ദ്ദത്തിനെതിരായി. വളരെ നല്ലത് തന്നെ. പക്ഷെ, അവിടെയും പ്രകടമാകുന്ന വൈരുദ്ധ്യം എന്തേ  ശ്രദ്ധിക്കപ്പെടുന്നില്ല? വൈദ്യുതിരംഗം സ്വകാര്യവത്കരിക്കാന്‍ നിയമം പാസ്സാക്കിയത് കേന്ദ്രം ഭരിക്കുന്ന കൂട്ടുകക്ഷി ഭരണക്കാരല്ലേ? കേന്ദ്രം ഭരിക്കുന്ന കൂട്ടായ്മയില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന കക്ഷി തന്നെയല്ലേ കേരളം ഭരിക്കുന്നതിലും പ്രമുഖ സ്ഥാനത്ത് ? ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തങ്ങള്‍ തങ്ങളുടെ  രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് ഏതുവിധ ചെറുത്തുനില്‍പ്പ് ആണ് നടത്തുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാദ്ധ്യത അവര്‍ക്കില്ലേ? അതോ, ഇതുപോലെ നിയമസഭയില്‍ അഭിപ്രായം പറഞ്ഞാല്‍ മതിയോ? അതുപറയേണ്ട സ്ഥലത്ത് അവര്‍ പറയുന്നുണ്ടോ? ഇല്ലങ്കില്‍ അത് ജനവഞ്ചനയല്ലേ?

തീര്‍ന്നില്ല. റേഷന്‍ കടകളെ അപ്രസക്തമാക്കുന്ന മറ്റൊരു നിയമം വരികയാണ്. അവയുടെ പ്രാധാന്യം അനുക്രമം കുറഞ്ഞുവരികയായിരുന്നെങ്കിലും റേഷന്‍ കടകള്‍ ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നു. ആനുകൂല്യങ്ങള്‍ പണമായി നേരിട്ടു വിതരണം ചെയ്യുന്നതോടെ അവ അടച്ചുപൂട്ടും.  കേരളത്തെ താങ്ങി നിര്‍ത്തുന്നതില്‍ പൊതുവിതരണ സമ്പ്രദായത്തിനുള്ള പങ്കു പ്രസിദ്ധമാണല്ലോ. അതിനെ തകര്‍ക്കുക എന്നത് കുറെ നാളായി കേന്ദ്രത്തിന്റെ ലക്ഷ്യമാണ്. എങ്കിലല്ലേ സ്വകാര്യ ഏജന്‍സികള്‍ക്ക് യഥേഷ്ടം വില നിയന്ത്രിക്കാന്‍ കഴിയൂ. ആ ദിശയിലുള്ള ഒരു നീക്കമാണ് നേരിട്ടുള്ള ആനുകൂല്യ വിതരണം. കേള്‍ക്കുമ്പോള്‍ ആകര്‍ഷകം. റേഷന്‍ കടയില്‍ പോയി അരി വാങ്ങണ്ട. നമുക്കിഷ്ടമുള്ള കടയില്‍ നിന്ന് നമുക്കിഷ്ടമുള്ള അരി വാങ്ങാം. നമുക്ക് അര്‍ഹമായ ആനുകൂല്യം പണമായി ബാങ്കിലെത്തും. പക്ഷേ, അതിന്റെ ഭവിഷ്യത്ത്  പൊതുവിതരണ സമ്പ്രദായം ഒഴിവാക്കി വിലകള്‍ വിപണിക്ക് വിടുക എന്നത് ആയിരിക്കും. വില വിപണി തീരുമാനിക്കട്ടെ. പാവപ്പെട്ടവര്‍ക്ക് വേണ്ട ആനുകൂല്യം ഞങ്ങള്‍ വേറെ നല്കിക്കൊള്ളാം എന്നാണു വാഗ്ദാനം. പക്ഷെ, വിപണിയിലെ വില കയറുന്നതിനൊപ്പം ആനുകൂല്യങ്ങള്‍ വര്‍ദ്ധിക്കില്ല എന്നത് പ്രതീക്ഷിക്കാവുന്നതെയുള്ളൂ. വിപണിയിലെ അരിവില വാണം പോലെ കയറുകയും ആനുകൂല്യം ഒച്ചുപോലെ ഇഴയുകയും ചെയ്യും! ഫലത്തില്‍ നിലവിലുള്ള ഭക്ഷ്യസുരക്ഷപോലും ഇല്ലാതാകും. പക്ഷേ, 'ഭക്ഷ്യസുരക്ഷാ നിയമം' എന്നാണു ഈ നിയമത്തിന് ഇട്ടിരിക്കുന്ന പേര് എന്നത് ഒരു ഓര്‍വലിയന്‍ തമാശ എന്നേ പറയേണ്ടൂ!

വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും എങ്ങനെയാണ് സ്വകാര്യവത്കരണം നടക്കുന്നത് എന്നും നാം ദിവസവും അനുഭവിക്കുന്നുണ്ട്. രണ്ടു മേഖലയിലും പൊതുമേഖലയെ ക്ഷീണിപ്പിക്കുകയും ഗുണമേന്മ വേണമെങ്കില്‍ സ്വകാര്യ മേഖലയെ ആശ്രയിക്കൂ എന്ന സന്ദേശം പകരുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇങ്ങനെ ഓരോരോ മേഖലയെയായി സ്വകാര്യവല്‍ ക്കരിക്കുകയും അവയുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുകയും ആണ് ഇന്ന് നടക്കുന്നത്. അതോടൊപ്പം വിദേശ കുത്തകകള്‍ക്ക് രാജ്യത്തിലെ വിപണി യഥേഷ്ടം തുറന്നു കൊടുക്കുകയും കൂടി ചെയ്യുമ്പോള്‍ ആഗോളവല്‍ക്കരണം പൂര്‍ത്തിയാകുന്നു. ഇത് തന്നെയാണ് പണ്ട് പറഞ്ഞത്. അന്ന് 'പുലിക്കഥ' എന്ന് പുഛിച്ചവര്‍ക്കുകൂടി ഇപ്പോള്‍ സംഗതികള്‍ മനസിലായി വരുന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം. പക്ഷേ, അത് പോരാ. അടുത്ത പടി ഈ തിരിച്ചറിവിനെ പ്രതിഷേധം ആക്കി മാറ്റുക എന്നതാണ്. അത് പ്രകടിപ്പിക്കാനുള്ള വേദിയാണ് രാഷ്ട്രീയം. അല്ലാ, അതാണ് യഥാര്‍ത്ഥ രാഷ്ട്രീയം.

*
ആര്‍ വി ജി മേനോന്‍ ജനയുഗം

അഞ്ചുവര്‍ഷത്തില്‍ തൊഴില്‍നഷ്ടം 50 ലക്ഷം


അഞ്ചുവര്‍ഷത്തില്‍ തൊഴില്‍നഷ്ടം 50 ലക്ഷം


 സാമ്പത്തികമാന്ദ്യംമൂലം രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയില്‍ 2005-2010 കാലയളവില്‍ 50 ലക്ഷം തൊഴില്‍ ഇല്ലാതായെന്ന് ആസൂത്രണ കമീഷന്‍. 1999-2000 മുതല്‍ 2004-05 വരെ ഉല്‍പ്പാദന മേഖലയിലെ തൊഴില്‍ 9.01 ശതമാനം കുറഞ്ഞതായുംകമീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2004-05ല്‍ 5.577 കോടിയായിരുന്നു തൊഴില്‍ ലഭ്യത. എന്നാല്‍ 2009-10 ആയപ്പോഴേക്കും ഇത് 5.074 കോടിയായി ചുരുങ്ങി. കാര്‍ഷികമേഖലയുടെ പ്രതിസന്ധി അഞ്ചു വര്‍ഷംകൊണ്ട് 1.4 കോടി തൊഴില്‍ നഷ്ടപ്പെടുത്തി. ഇത് നഗരകുടിയേറ്റത്തിന് ആക്കംകൂട്ടി. 2005ല്‍ 25.893 കോടി ജനങ്ങള്‍ക്ക് കാര്‍ഷിക മേഖല ജോലി ലഭ്യമാക്കിയെങ്കില്‍ 2010 ആയപ്പോഴേക്കും ഇത് 24.485 കോടി ആയി കുറഞ്ഞു.

ചൈന, ബ്രസീല്‍, ദക്ഷിണ ആഫ്രിക്ക എന്നീ വളര്‍ന്നുവരുന്ന രാജ്യങ്ങളില്‍ മൊത്ത വരുമാനത്തേക്കാള്‍ വേഗത്തിലാണ് ഉല്‍പ്പാദന രംഗത്തെ വളര്‍ച്ച. ഇന്ത്യയില്‍ മൊത്ത വരുമാനത്തിന്റെ 16 ശതമാനം എന്ന നില മാറ്റമില്ലാതെ നില്‍ക്കുന്നു. 1999-2000 മുതല്‍ 2004-05 വരെ 25 ശതമാനം വളര്‍ച്ച കൈവരിച്ച മേഖലയിലാണ് വന്‍ ഇടിവുണ്ടായത്. ഉല്‍പ്പാദന രംഗത്ത് ഇതേ സമയം ചൈന വന്‍ നേട്ടം കൈവരിച്ചു. ഇതുമായി ബന്ധപ്പെട്ട വാണിജ്യത്തിന്റെ 15 ശതമാനം ചൈനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയുടെ സംഭാവന വെറും 1.4 ശതമാനം. പത്ത് വര്‍ഷത്തിനകം ഇന്ത്യയ്ക്ക് 18.3 കോടി തൊഴില്‍ പുതുതായി സൃഷ്ടിക്കേണ്ടിവരുമെന്നാണ് ആസൂത്രണ കമീഷന്റെ കണക്ക്. എന്നാല്‍, വളര്‍ച്ച മുരടിച്ച ഉല്‍പ്പാദനരംഗം ഈ ആവശ്യം നിറവേറ്റില്ലെന്ന് വ്യക്തം. വൈദ്യുതി, വാതകം, ജലവിതരണം എന്നീ മേഖലകളിലെ തൊഴില്‍ ലഭ്യതയില്‍ 2004-05 മുതല്‍ 2009-10 വരെ 3.84 ശതമാനത്തിന്റെ ഇടിവുണ്ടായി. നിര്‍മാണ, ഖനന, സേവന മേഖലകളില്‍ ഇതേ സമയം വളര്‍ച്ച രേഖപ്പെടുത്തി.

deshabhimani 060313

അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി; 16 ദിവസത്തെ ശമ്പളം തിരിച്ചടയ്ക്കണം


അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി; 16 ദിവസത്തെ ശമ്പളം തിരിച്ചടയ്ക്കണം


അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി ധനവകുപ്പ് ഉത്തരവിറക്കി. ഒരുവര്‍ഷത്തെ മുന്‍കാലപ്രാബല്യത്തോടെയുള്ള ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം അധ്യാപകര്‍ 300 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണം. പുതിയ ഉത്തരവ് പ്രകാരം അവധി ദിവസങ്ങളില്‍ ജോലിചെയ്താല്‍ എട്ടുദിവസത്തെ ലീവ് സറണ്ടറേ അനുവദിക്കൂ. നേരത്തെ 24ദിവസംവരെ അനുവദിച്ചിരുന്നു. കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്ത് 48 ദിവസം സെന്‍സസ് ജോലിചെയ്ത അധ്യാപകര്‍ക്ക് 24 ദിവസത്തെ ലീവ് സറണ്ടര്‍ ലഭിച്ചു. ഇതാണിപ്പോള്‍ എട്ടു ദിവസമായി വെട്ടിക്കുറച്ചത്. ഇതോടെ 16 ദിവസത്തെ ശമ്പളം തിരിച്ചുനല്‍കണം.

അവധിക്കാലത്തും ജോലിയുള്ള ജീവനക്കാര്‍ക്ക് നല്‍കുന്ന എട്ടുദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യം അധ്യാപകര്‍ക്കും ബാധകമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. അവധിക്കാലത്ത് പരീക്ഷാജോലി ഉള്‍പ്പടെ ചെയ്യുന്ന അധ്യാപകര്‍ക്ക് ലീവ് സറണ്ടറിന് അര്‍ഹതയുണ്ടായിരുന്നു. ഇത് സെന്‍സസ് ജോലിക്കും ബാധകമാക്കി 2010ല്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ നിഷേധിച്ചത്. പുതിയ ഉത്തരവ് പ്രകാരം എത്ര ദിവസം ജോലിചെയ്താലും എട്ടുദിവസത്തെ ലീവ് സറണ്ടര്‍ മാത്രമെ ലഭിക്കൂ. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷ നടക്കുന്നതിനാല്‍ അധ്യാപകര്‍ പ്രക്ഷോഭത്തിനിറങ്ങില്ലെന്ന കണക്കുകൂട്ടലിലാണ് ഈ ഘട്ടത്തില്‍ ഉത്തരവിറക്കിയത്

deshabhimani 060313

ഇരുപതാം സാക്ഷി മൊഴി തിരുത്തി


ഇരുപതാം സാക്ഷി മൊഴി തിരുത്തി


 ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന്റെ പ്രഥമ വിസ്താരത്തില്‍ പറഞ്ഞ മൊഴി 20-ാംസാക്ഷി സി പി ഹാരിസ് തിരുത്തി. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകരുടെ ക്രോസ് വിസ്താരത്തിലാണിത്. കൊലയ്ക്കുപയോഗിച്ചതായി പറയുന്ന ഇന്നോവ കാര്‍ 18-ാം പ്രതി പി വി റഫീക്ക് എന്ന വായപ്പടച്ചി റഫീക്കിന് എത്തിച്ചത് ഹാരിസാണെന്നാണ് പൊലീസ് പറഞ്ഞത്. മാഹി പാലത്തിനുസമീപം കാര്‍ കൊണ്ടുവന്നപ്പോള്‍ വാടകത്തുക 35,000 രൂപയും ബ്ലാങ്ക് ചെക്ക്, ഒപ്പിട്ട മുദ്രപത്രം, ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി എന്നീ രേഖകളും റഫീക്ക് ഏല്‍പ്പിക്കുകയും താന്‍ റിജേഷിന് കൈമാറുകയും ചെയ്തു എന്നായിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ പ്രഥമ വിസ്താരത്തില്‍ ഹാരിസിന്റെ മൊഴി. ചെക്കില്‍ ആദ്യം റഫീക്ക് ഒപ്പിട്ടിരുന്നില്ലെന്നും താന്‍ പറഞ്ഞ് ഒപ്പിടുവിച്ചെന്ന് പറഞ്ഞതും ഹാരിസ് തിരുത്തി. പ്രതിഭാഗം വിസ്താരത്തില്‍ റഫീക്ക് രേഖകള്‍ റിജേഷിനെ ഏല്‍പ്പിക്കുകയാണുണ്ടായതെന്ന് ഹാരിസ് മൊഴി നല്‍കി. ചെക്കില്‍ റഫീക്ക് ഒപ്പിടുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.

ഹാരിസിന്റെ മൊഴിയില്‍നിന്ന്: "രേഖകള്‍ റിജേഷിന് റഫീക്ക് കൊടുക്കുന്നതാണ് താന്‍ കണ്ടത്. അതുവാങ്ങി റിജേഷ് പോയി. അവ പരിശോധിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. റിജേഷിന് രേഖകള്‍ കൈമാറിയത് ഞാനല്ല, റഫീക്കാണ്. ഇക്കാര്യം പൊലീസിനോട് പറഞ്ഞോ എന്ന് ഓര്‍മയില്ല. രേഖകള്‍ കൊണ്ടുവരാന്‍ റഫീക്കിനോട് ആവശ്യപ്പെട്ടത് ഞാനാണ്. റഫീക്കിന്റെ ശരിയായ വീട്ടുപേര്‍ അറിയില്ല. വടകര എസ്പി ഓഫീസില്‍ 2012 മെയ് ആറിനും ഏഴിനുമാണ് പൊലീസ് എന്നെ ചോദ്യം ചെയ്തത്. സംഭവത്തിനുശേഷം പൊലീസ് പലപ്പോഴും വിളിക്കാറുണ്ട്. ചൊവ്വാഴ്ചയും തിങ്കളാഴ്ചയും രണ്ടു പ്രാവശ്യം വിളിച്ചു"വെന്നും ഹാരിസ് മൊഴി നല്‍കി.

പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവരാണ് വിസ്താരം നടത്തിയത്. തനിക്ക് ഭീഷണിയുണ്ടോ എന്നു ചോദിക്കാനാണ് പൊലീസ് രണ്ടുദിവസം വിളിച്ചതെന്ന് പ്രോസിക്യൂഷന്റെ പുനര്‍ വിസ്താരത്തില്‍ ഹാരിസ് പറഞ്ഞു. ബുധനാഴ്ച 16-ാം സാക്ഷി ടി കെ സുമേഷിനെയും 182, 183 സാക്ഷികളും വള്ളിക്കാട് ബ്രദേഴ്സ് ക്ലബ് ഭാരവാഹികളുമായ ശിവരാജന്‍, സൂരജ്കുമാര്‍ എന്നിവരെയും വിസ്തരിക്കും. എതിര്‍മൊഴി നല്‍കുന്നെ ഭയത്താല്‍ സുമേഷിനെ വിസ്തരിക്കുന്നതില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രോസിക്യൂഷന്‍ ഒഴിഞ്ഞുമാറിയിരുന്നു.

deshabhimani 060313