ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 6, ബുധനാഴ്‌ച

അഞ്ചുവര്‍ഷത്തില്‍ തൊഴില്‍നഷ്ടം 50 ലക്ഷം


അഞ്ചുവര്‍ഷത്തില്‍ തൊഴില്‍നഷ്ടം 50 ലക്ഷം


 സാമ്പത്തികമാന്ദ്യംമൂലം രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയില്‍ 2005-2010 കാലയളവില്‍ 50 ലക്ഷം തൊഴില്‍ ഇല്ലാതായെന്ന് ആസൂത്രണ കമീഷന്‍. 1999-2000 മുതല്‍ 2004-05 വരെ ഉല്‍പ്പാദന മേഖലയിലെ തൊഴില്‍ 9.01 ശതമാനം കുറഞ്ഞതായുംകമീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2004-05ല്‍ 5.577 കോടിയായിരുന്നു തൊഴില്‍ ലഭ്യത. എന്നാല്‍ 2009-10 ആയപ്പോഴേക്കും ഇത് 5.074 കോടിയായി ചുരുങ്ങി. കാര്‍ഷികമേഖലയുടെ പ്രതിസന്ധി അഞ്ചു വര്‍ഷംകൊണ്ട് 1.4 കോടി തൊഴില്‍ നഷ്ടപ്പെടുത്തി. ഇത് നഗരകുടിയേറ്റത്തിന് ആക്കംകൂട്ടി. 2005ല്‍ 25.893 കോടി ജനങ്ങള്‍ക്ക് കാര്‍ഷിക മേഖല ജോലി ലഭ്യമാക്കിയെങ്കില്‍ 2010 ആയപ്പോഴേക്കും ഇത് 24.485 കോടി ആയി കുറഞ്ഞു.

ചൈന, ബ്രസീല്‍, ദക്ഷിണ ആഫ്രിക്ക എന്നീ വളര്‍ന്നുവരുന്ന രാജ്യങ്ങളില്‍ മൊത്ത വരുമാനത്തേക്കാള്‍ വേഗത്തിലാണ് ഉല്‍പ്പാദന രംഗത്തെ വളര്‍ച്ച. ഇന്ത്യയില്‍ മൊത്ത വരുമാനത്തിന്റെ 16 ശതമാനം എന്ന നില മാറ്റമില്ലാതെ നില്‍ക്കുന്നു. 1999-2000 മുതല്‍ 2004-05 വരെ 25 ശതമാനം വളര്‍ച്ച കൈവരിച്ച മേഖലയിലാണ് വന്‍ ഇടിവുണ്ടായത്. ഉല്‍പ്പാദന രംഗത്ത് ഇതേ സമയം ചൈന വന്‍ നേട്ടം കൈവരിച്ചു. ഇതുമായി ബന്ധപ്പെട്ട വാണിജ്യത്തിന്റെ 15 ശതമാനം ചൈനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയുടെ സംഭാവന വെറും 1.4 ശതമാനം. പത്ത് വര്‍ഷത്തിനകം ഇന്ത്യയ്ക്ക് 18.3 കോടി തൊഴില്‍ പുതുതായി സൃഷ്ടിക്കേണ്ടിവരുമെന്നാണ് ആസൂത്രണ കമീഷന്റെ കണക്ക്. എന്നാല്‍, വളര്‍ച്ച മുരടിച്ച ഉല്‍പ്പാദനരംഗം ഈ ആവശ്യം നിറവേറ്റില്ലെന്ന് വ്യക്തം. വൈദ്യുതി, വാതകം, ജലവിതരണം എന്നീ മേഖലകളിലെ തൊഴില്‍ ലഭ്യതയില്‍ 2004-05 മുതല്‍ 2009-10 വരെ 3.84 ശതമാനത്തിന്റെ ഇടിവുണ്ടായി. നിര്‍മാണ, ഖനന, സേവന മേഖലകളില്‍ ഇതേ സമയം വളര്‍ച്ച രേഖപ്പെടുത്തി.

deshabhimani 060313

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ