ബ്ലോഗ് ആര്‍ക്കൈവ്

2013, ജൂലൈ 16, ചൊവ്വാഴ്ച

പട്ടികയ്ക്കുപിന്നിലെ പ്രതി

പട്ടികയ്ക്കുപിന്നിലെ പ്രതി

ജന്മദിവസം നോക്കി സ്വഭാവം നിര്‍ണയിക്കാന്‍പോയാല്‍ പെട്ടുപോകും. രണ്ടാം ലോകയുദ്ധത്തിന്റെ ബോംബുസ്ഫോടനങ്ങളും വെടിയൊച്ചകളും ഒടുങ്ങി രാജ്യം ശാന്തമാകുന്ന വേളയിലാണ് 1946ന്റെ വിഷുപ്പുലരിയില്‍ വടകര ചോമ്പാലില്‍ രാമചന്ദ്രതാരകം ഉദിച്ചുയര്‍ന്നത്. വിഷുപ്പടക്കത്തിന്റെയും വിഷുക്കണിയുടെയും സമ്മോഹന മുഹൂര്‍ത്തത്തില്‍ പിറന്ന കുഞ്ഞിനെ തീയില്‍ കുരുത്തവന്‍ എന്നാണ് വിളിക്കേണ്ടത്. പക്ഷേ, മുല്ലപ്പള്ളി ഗോപാലന്റെയും പാറുഅമ്മയുടെയും സീമന്തപുത്രനായി ജനിച്ച രാമചന്ദ്രന്‍ തീ കണ്ടാല്‍ ഓടുന്നവനായാണ് വളര്‍ന്നത്. ജന്മസിദ്ധമായി കിട്ടിയ ഒരേയൊരു വാസന, കമ്യൂണിസ്റ്റ് വിരോധമാണ്. അതിന്റെ ചെറുപയര്‍ പുഴുക്കായിരുന്നു കുട്ടിക്കാലത്തെ ഇഷ്ടഭോജ്യം. ആരെക്കണ്ടാലും ചിരിക്കും; കുശലമന്വേഷിക്കും; നന്മ നേരും-തിരിഞ്ഞുനിന്ന് പുച്ഛിക്കുകയുംചെയ്യും. കമ്യൂണിസ്റ്റുകാരെയാണ് കാണുന്നതെങ്കില്‍ ചിരിക്കുപിന്നാലെ പകയാണ് പുറത്തുവരിക. പറ്റുമെങ്കില്‍ പൊലീസിനെക്കൊണ്ട് പിടിപ്പിക്കും. അക്കാലത്ത് ഒളിക്കാനുള്ള കേന്ദ്രം വീടിന്റെ മച്ചാണ്. വടകരക്കാര്‍ മച്ചിനെ "അട്ടം" എന്ന് വിളിക്കും. പകര്‍ന്നുകിട്ടിയ കുലത്തൊഴില്‍ "അട്ടം തപ്പല്‍"(പരതല്‍) ആയത് അങ്ങനെയാണ്.

കെഎസ്യുവിലാണ് തുടക്കം. ചുവപ്പിനോട് കലി. ആദര്‍ശം പ്രസംഗിക്കും; ആരെയും കുമ്പിടും. അടിയന്തരാവസ്ഥയില്‍ പ്രദേശത്തെ പ്രധാന ദിവ്യന്‍. പൊലീസുകാര്‍ സല്യൂട്ടടിക്കും. അന്ന് ആന്റണി പത്ര സെന്‍സര്‍ഷിപ്പിന്റെ തലവനാണ്. മുല്ലപ്പള്ളി അസിസ്റ്റന്റ്. അടിയന്തരാവസ്ഥയെ ഒട്ടുമിക്ക ഖാദിക്കുപ്പായക്കാരും തള്ളിപ്പറഞ്ഞപ്പോള്‍ ഉറച്ചുനിന്ന് പിന്തുണച്ചതിന്റെ ഗുണഫലം രാമചന്ദ്രന്‍ ഇന്നും ഭുജിക്കുന്നു.

ഐഎഎസ് ആയിരുന്നു മോഹം. കരകയറിയില്ല. എങ്കിലെന്ത് ഐഎഎസ് ഏമാന്മാരെ നിലയ്ക്കുനിര്‍ത്തുന്ന പണി ഇന്ദിരാജിയും രാജീവ്ജിയും കനിഞ്ഞു നല്‍കി. എക്കാലത്തെയും ശത്രു ലീഡറായിരുന്നു. പില്‍ക്കാലത്ത് ഉമ്മന്‍ചാണ്ടി ലീഡറെ കുത്താന്‍ ഉപയോഗിച്ച ആയുധങ്ങളെല്ലാം അന്ന് മുല്ലപ്പള്ളിയുടെ കൈയില്‍. ലീഡര്‍ക്ക് ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനുള്ള കണ്ണുണ്ടായിരുന്നു. ഒരുവേള ലക്ഷദ്വീപിലേക്ക് പോകുംവഴി ഇന്ദിരാജി കൊച്ചിയിലെത്തി. അന്ന് ലീഡര്‍ സര്‍വപ്രതാപി. ഇന്ദിരാജിയെ മുഖം കാണിക്കാന്‍ ഖദര്‍ധാരികള്‍ നിരന്നുനിന്നു. സര്‍വരെയും ലീഡര്‍ പരിചയപ്പെടുത്തി. ഒരാളെമാത്രം വിട്ടു- ഗോപാലന്‍ മകന്‍ രാമചന്ദ്രനെ. കണ്ണില്‍നിന്ന് കുടുകുടെ വെള്ളം ചാടി. ഇന്ദിരാജി അതുകണ്ട് തിരിച്ചുവന്ന് കണ്ണീരൊപ്പി ""കരയല്ലേ മോനേ, ഞാനില്ലേ ഇവിടെ"" എന്ന് ആശ്വസിപ്പിച്ചത് എഴുതപ്പെട്ട ചരിത്രം. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചോമ്പാല്‍ കടപ്പുറത്ത് ഇന്ദിരാജി അനുഗ്രഹം ചൊരിയാനെത്തി. തിക്കിലും തിരക്കിലും പാദുകങ്ങള്‍ നഷ്ടമായി. കോമളപാദങ്ങള്‍ ചുട്ടുപൊള്ളുന്ന മണലില്‍ പതിച്ചപ്പോള്‍ വെന്തുനീറി. രാമചന്ദ്രന്‍ രക്ഷകനായി. ഇന്ദിരാജിയെ പൊക്കിയെടുത്ത് വണ്ടിയിലെത്തിച്ചു. അതാണ് മൂലധനം. അതിന്റെ ബലത്തില്‍ എംപിയായി, കേന്ദ്രമന്ത്രിയുമായി. ആദര്‍ശത്തിന്റെ കഞ്ഞിമുക്കിയ കുപ്പായമാണ് എന്നും ധരിച്ചത്. ആദര്‍ശം കുപ്പായത്തില്‍മാത്രം. ഉള്ളില്‍ എല്ലാം തികഞ്ഞ കോണ്‍ഗ്രസാണ്. ആരെയും ചിരിച്ചു മയക്കും. കണ്ണൂരുകാര്‍ ചിരിയില്‍ മയങ്ങിപ്പോയി. രണ്ടുമൂന്നുവട്ടം ലോക്സഭയിലേക്ക് വിട്ടു. തനിനിറം തെളിഞ്ഞപ്പോള്‍ ദയനീയമായി തോല്‍പ്പിക്കുകയുംചെയ്തു. പിന്നെ വനവാസമായിരുന്നു. കോണ്‍ഗ്രസുകാരായി ജനിച്ച ആര്‍ക്കും വേണ്ടാതിരുന്ന വടകര സീറ്റ് ഓര്‍ക്കാപ്പുറത്താണ് തരപ്പെട്ടത്. ചില കൊടുക്കല്‍ വാങ്ങലുകളുടെയും കുലദ്രോഹത്തിന്റെയും ചെലവില്‍ ജയം തരപ്പെട്ടു. പഴയ ചുമട്ടുകൂലിയായി മന്ത്രിസ്ഥാനവും വന്നു. അതു നിലനിര്‍ത്താന്‍ അഭ്യാസം വേറെ വേണം. അങ്ങനെയാണ് ചന്ദ്രശേഖരന്‍ വധക്കേസിന്റെ മുതുകില്‍ ട്രപ്പീസ് കളിച്ചത്.

പരലിനെ പിടിച്ചു, സ്രാവുകള്‍ പുറത്താണ്. എന്ന് ആദ്യത്തെ പരിദേവനം. പൊലീസ് താന്‍ വരച്ച വരയില്‍ പോകണമെന്ന് ആജ്ഞ. ഇഷ്ടമില്ലാത്തവരുടെ പേരുകള്‍ പട്ടികയിലാക്കിക്കൊടുത്തു. കേസ് തീരുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയും അവസാനിക്കണമെന്ന വന്യസ്വപ്നം. കടത്തനാടന്‍ മുറകള്‍ ആവോളം പയറ്റി. ലോകനാര്‍കാവിലമ്മയ്ക്ക് നേര്‍ച്ചകള്‍ നേര്‍ന്നു. പയറ്റിലൊന്നും പക്ഷേ വിജയം കണ്ടില്ല. മാര്‍ക്സിസ്റ്റ് പാര്‍ടി അതുപോലെ നില്‍ക്കുന്നു. കണ്ണീരൊപ്പാന്‍ ഇനിയാരും വരുന്ന ലക്ഷണവുമില്ല. അട്ടം പരതിയിട്ടും കോലിട്ടിളക്കിയിട്ടും ശത്രുസംഹാരം നടക്കുന്നില്ല. കഷ്ടതരമാണ് അവസ്ഥ. കൂട്ടിനുപോരുമെന്ന് കരുതിയ ആര്‍എംപി ക്ഷയിച്ചുപോയി. വടകര മണ്ഡലം അര്‍ഹതയുള്ളവര്‍ കൊണ്ടുപോകുമെന്നും വന്നു. ദുഃഖഭാരം പേറി തളര്‍ന്നു നിരങ്ങിയ ആ ഘട്ടത്തിലാണ് ചന്ദ്രശേഖരന്‍ കേസില്‍ പെടുത്തേണ്ടവരുടെ ലിസ്റ്റ് കൊടുത്തുവെന്ന് സഹപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നത്. തിരുവഞ്ചൂരും മുല്ലപ്പള്ളിയും മന്ത്രിമാരുമാണ്, ആന്റണിഭക്തരുമാണ്. ആന്റണിദൈവത്തോട് അതിനേക്കാള്‍ ഭക്തി ഒരേ ഒരാള്‍ക്കേ ഉള്ളൂ ആന്റണിക്കുതന്നെ. എ ഗ്രൂപ്പ് ആന്റണി ഭക്തി ഇവ വാളും പരിചയുമാക്കി യുദ്ധത്തിനിറങ്ങിയ മുല്ലപ്പള്ളി ആരും വീഴാത്ത കുഴിയിലാണ് വീണത്. ആന്റണിയും തള്ളി, തിരുവഞ്ചൂരും തള്ളി. ജനങ്ങള്‍ പണ്ടേ തള്ളി. ഹൈക്കമാന്‍ഡ് അയച്ച ഫണ്ടില്‍ പാതി കളഞ്ഞുകുളിച്ച കഴിവുകേടിന് ഇന്നുവരെ മാപ്പു കിട്ടിയിട്ടില്ല. അതിജീവനം ഇന്ന് നാവിന്റെ ചെലവില്‍മാത്രം. കോണ്‍ഗ്രസുകാര്‍ക്കും പുച്ഛം.

പണ്ട് കോളേജ് കാന്റീന്‍ അടിച്ചുതകര്‍ത്ത കെഎസ്യുക്കാരന്റെ നിലവാരം ഒട്ടും ചോര്‍ച്ചയില്ലാതെ ഇന്നും സൂക്ഷിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി ഇന്നും നിവര്‍ന്നു നില്‍ക്കണമെങ്കില്‍ ഒരു ചാരു വേണം. വാര്‍ത്തയില്‍ വരണമെങ്കില്‍ സിപിഐ എമ്മിനെ തെറി വിളിക്കണം. കള്ളനാണയമാണോ നല്ല നാണയമാണോ എന്ന ചോദ്യത്തില്‍ കാര്യമില്ല. കുറെ കള്ളനാണയങ്ങള്‍ക്കിടെ കടുപ്പം കൂടിയ ഒരു കള്ളനാണയം. വാര്‍ത്തയില്‍ കയറിക്കൂടാന്‍ ഏതുവേഷവും കെട്ടും.

ഓരോ മലയാളിക്കും അഭിമാനിക്കാം, ഹിമാലയന്‍ അവാര്‍ഡ് തട്ടിപ്പ്

ഓരോ മലയാളിക്കും അഭിമാനിക്കാം, ഹിമാലയന്‍ അവാര്‍ഡ് തട്ടിപ്പ്




"വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും ഗള്‍ഫിലെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ പൊതുജന സേവനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനാ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങി. യുഎന്‍ സാമൂഹിക, ധനകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ വു ഹോങ്ങ്ബോ ആണ് പുരസ്കാരം സമ്മാനിച്ചത്."- മലയാള മനോരമ ഒന്നാംപുറത്ത് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ്. ആവേശം കൊണ്ട് ഭാഷാശുദ്ധി മനോരമ മറന്നു. അത്തരം പാളിച്ചയില്ലാതെ മാതൃഭൂമി, ""കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്കാരം ഏറ്റുവാങ്ങി"" എന്നെഴുതി. സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്രങ്ങള്‍ക്ക് നല്‍കിയ വര്‍ണ പരസ്യത്തില്‍, "ഓരോ മലയാളിക്കും അഭിമാനിക്കാം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൊതുജന സേവനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അവാര്‍ഡ്" എന്നും "ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് ആദ്യമായി ഈ അംഗീകാരം" എന്നുമാണുള്ളത്. സര്‍ക്കാര്‍ പരസ്യത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അവാര്‍ഡ് സമ്മാനിക്കുന്നു എന്നാണ്. ബാന്‍ കി മൂണ്‍ ബഹ്റൈനിലേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടേയില്ല എന്നാണ് പക്ഷെ, യുഎന്‍ വൃത്തങ്ങള്‍ പറയുന്നത്.

സര്‍ക്കാരും സര്‍ക്കാര്‍ വിലാസം പത്രങ്ങളും രണ്ടുകാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒന്ന്- അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ളതാണ്. രണ്ട്- അത് പൊതുജന സേവനത്തിനുള്ളതാണ്. രണ്ടും തെറ്റാണ്. Preventing and Combating Corruption in the Public Service വിഭാഗത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചത്. അതായത്, "പൊതു സേവനരംഗത്തെ അഴിമതി തടയുകയും അതിനെതിരെ പൊരുതുകയും ചെയ്തതിന്". അതല്ലാതെ പൊതുജനസേവനത്തിനുള്ള അംഗീകാരമല്ല അത്. കേരളത്തില്‍ ഇന്നു നടക്കുന്ന സമര വേലിയേറ്റത്തിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ വേണം ഇതിനെ കാണാന്‍. അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങി നില്‍ക്കുന്ന ഒരാള്‍ അഴിമതിക്കെതിരെ "യുദ്ധം ചെയ്ത"തിന് അവാര്‍ഡ് വാങ്ങുന്നു!
ആ നാണക്കേട് മറയ്ക്കാനാണ്, "പൊതുജന സേവനം" എന്ന മുഖംമൂടി അവാര്‍ഡിന് വച്ചുകൊടുത്തത്്. ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരെ വിട്ട് അന്വേഷിപ്പിച്ച്, ഉമ്മന്‍ചാണ്ടി എന്നൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടെന്നും അദ്ദേഹം നാടുനീളെ സഞ്ചരിച്ച് "ജനസമ്പര്‍ക്കം" നടത്തി അഴിമതിയെ ചെറുക്കുന്നുണ്ടെന്നും കണ്ടെത്തി വന്ന അവാര്‍ഡല്ല ഇത്. മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി മികച്ച അഴിമതി നിര്‍മാര്‍ജന നീക്കമാണെന്ന് ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് രേഖയുണ്ടാക്കി ചില ഇടനിലക്കാരുടെ സഹായത്തോടെ ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് ഫോറത്തിലേക്ക് അവാര്‍ഡിന് അപേക്ഷിച്ചു. അത് അംഗീകരിച്ച്, അഞ്ച് അവാര്‍ഡ് വിഭാഗങ്ങളില്‍ ഒന്നായ "അഴിമതി തടയലി"ല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പെടുത്തുകയാണുണ്ടായത്. ആഫ്രിക്ക, എഷ്യാ- പസിഫിക്ക്, യൂറോപ്പും വടക്കേ അമേരിക്കയും ലാറ്റിനമേരിക്കയും കരീബിയയും പടിഞ്ഞാറന്‍ ഏഷ്യ എന്നിങ്ങനെ ലോകത്തെ അഞ്ചാക്കി തിരിച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതേ അവാര്‍ഡുകള്‍ മറ്റു നാല് സ്ഥാപനങ്ങള്‍ക്ക് വേറെ കിട്ടിയിട്ടുണ്ട്.

ഇന്നുവരെ ഈ അവാര്‍ഡ് ഒരു വ്യക്തിക്ക് ലഭിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിക്ക് അവാര്‍ഡ് എന്ന പ്രചാരണം പച്ചക്കള്ളമെന്നര്‍ഥം. വാദത്തിനായി, മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിക്കല്ലേ അവാര്‍ഡ് എന്നു ചോദിച്ചാലും രക്ഷയില്ല. ആ പരിപാടിയില്‍ എവിടെയാണ് "അഴിമതി വിരുദ്ധ പോരാട്ടം" എന്ന് കേരളത്തിലെ ജനങ്ങളോടെങ്കിലും വിശദീകരിക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ആയിരവും രണ്ടായിരവും കൊടുത്തതാണല്ലോ ബഹുജന സമ്പര്‍ക്കപരിപാടിയുടെ ഏറ്റവും "വലിയ" നേട്ടം. ദുരിതാശ്വാസ വിതരണത്തില്‍ എന്തഴിമതിയാണ് മുമ്പ് നടന്നിരുന്നത്? ഏത് അഴിമതിയെയാണ് ഉമ്മന്‍ചാണ്ടി ചെറുത്ത് തോല്‍പ്പിച്ചത്? മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച അംഗീകാരം മുഖ്യമന്ത്രിക്കുതന്നെ എന്നു പറയാനാകുമോ? എങ്കില്‍, ആ
ഓഫീസിനെതിരെ വന്ന ആക്ഷേപങ്ങളും ഉമ്മന്‍ചാണ്ടി ഏറ്റെടുക്കേണ്ടതല്ലേ?

സഹായികളായ ജോപ്പനും ജിക്കുമോനും സലിംരാജും ഗിരീഷും ഇപ്പോള്‍ പുറത്താണ്. അവര്‍ നിരന്തരം ബന്ധം പുലര്‍ത്തിയതായി തെളിഞ്ഞ സരിത എസ് നായര്‍ എന്ന തട്ടിപ്പുകാരി പൊലീസ് കസ്റ്റഡിയിലും. സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണനുമായി അടച്ചിട്ടമുറിയില്‍ "കുടുംബകാര്യം" ചര്‍ച്ചചെയ്തു എന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ തട്ടിപ്പുകളില്‍നിന്ന് ഉമ്മന്‍ചാണ്ടിക്കുമാത്രം ഒഴിഞ്ഞു നില്‍ക്കാനാകുമോ? അവാഡ് വന്നാല്‍ എനിക്ക്, ആരോപണം വന്നാല്‍ ആരാനും എന്ന ന്യായം "പുരസ്കൃത പൊതുജന സേവന"ത്തിന്റെ പട്ടികയില്‍ വരുമോ? പൊതുസേവനം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കിയതിന് ഉത്തര്‍പ്രദേശിലെ ആരോഗ്യം എന്ന ജില്ലാ ഹെല്‍ത്ത് സൊസൈറ്റിക്കാണ് കഴിഞ്ഞ വര്‍ഷം ഈ അവാര്‍ഡ് കിട്ടിയത്. അതിനു മുമ്പത്തെ വര്‍ഷം ഡല്‍ഹിയിലെ സാമാജിക് സുവിധാ സംഘത്തിനും സ്വന്‍ ചേതന്‍ സൊസൈറ്റി എന്ന എന്‍ജിഒയ്ക്കും. 2009ല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട പദ്ധതിക്കായിരുന്നു പുരസ്കാരം. അതിനുമുമ്പ് നാഗാലാന്‍ഡ് സര്‍ക്കാരിനും ആന്ധ്രാപ്രദേശിലെ ഐടി വകുപ്പിനുമൊക്കെ ഇത്തരം പുരസ്കാരം കിട്ടിയിട്ടുണ്ട്. അന്നൊന്നും ഷീലാ ദീക്ഷിതോ മറ്റാരെങ്കിലുമോ നരേന്ദ്രമോഡിപോലുമോ വ്യക്തിപരമായ നേട്ടമായി അതിനെ കാണുകയോ കൊട്ടിഘോഷിക്കുകയോ അതിശയോക്തി പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല.

മുനിസിപ്പാലിറ്റികള്‍ക്ക്, വിവിധ വകുപ്പുകള്‍ക്ക്, സംഘടനകള്‍ക്ക്, പൊതുകര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്ന സ്ഥാപനങ്ങള്‍ക്ക്- അവാര്‍ഡിനായി ഇവര്‍ക്കെല്ലാം അപേക്ഷിക്കാം. അതിന് ശുപാര്‍ശവേണം. മാനേജ്മെന്റ് വേണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ സമര്‍പ്പിച്ച് ലോബിയിങ്ങ് നടത്തി സംഘടിപ്പിച്ച അവാര്‍ഡിന് ഇല്ലാത്ത മഹത്വം ചാര്‍ത്തി ഉമ്മന്‍ചാണ്ടി ഞെളിയുമ്പോള്‍, കണ്ടുനില്‍ക്കുന്ന എല്ലാവരെയും പൊട്ടന്‍മാരാക്കുകയല്ലേ? ഈ അവാഡിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഇന്റര്‍നെറ്റ് തപ്പിയാല്‍ ആര്‍ക്കും ലഭിക്കുമെന്നിരിക്കെയാണ് ഈ തട്ടിപ്പ് എന്നത്, മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അമ്പരപ്പിക്കുന്ന തൊലിക്കട്ടിയെ സൂചിപ്പിക്കുന്നു.

അഴിമതിയാരോപണങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ദുരൂഹ ബന്ധങ്ങളുടെയും ഊരാക്കുരുക്കില്‍ ശ്വാസംമുട്ടുന്ന ഉമ്മന്‍ചാണ്ടിക്കുള്ള ഓക്സിജന്‍ സിലിണ്ടറായാണ് ഈ അവാര്‍ഡിനെ മലയാള മനോരമയടക്കമുള്ള മാധ്യമങ്ങള്‍ എഴുന്നള്ളിച്ചത്. അത് അവരുടെ ജന്‍മോദ്ദേശ്യമെന്ന് കരുതി സമാധാനിക്കാം. എന്നാല്‍, ഖജനാവില്‍ കയ്യിട്ടുവാരി ഈ അവാഡ് നാടകത്തിന് നല്‍കിയ പ്രചാരണ ഘോഷത്തെ അങ്ങനെ തള്ളിക്കളയാനാകില്ല. പരസ്യങ്ങള്‍ക്കും ഫ്ളക്സ് ബോഡുകള്‍ക്കും ഉമ്മന്‍ചാണ്ടിയുടെ സഹായികളായി ബഹ്റൈനില്‍ പോയ മന്ത്രി കെ സി ജോസഫടക്കമുള്ളവരുടെ ധൂര്‍ത്തിനും ജനങ്ങളോട് കണക്കുപറയേണ്ടിവരും. മുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിതന്നെ വലിയ തട്ടിപ്പാണ്്. ആ തട്ടിപ്പിനുമേല്‍ മറ്റൊരു ഹിമാലയന്‍ തട്ടിപ്പാണ് ഇപ്പോള്‍ നടന്നത്. കഴുത്തിനു പിടിച്ചുനിര്‍ത്തി ജനങ്ങള്‍ സമാധാനം പറയിക്കേണ്ട തോന്ന്യാസമാണിത് എന്നതില്‍ സംശയമില്ല.

നരേന്ദ്ര മോഡി തന്റെ പ്രാമാണിത്തം തെളിയിച്ച് അധികാരമുറപ്പിക്കാന്‍ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി മനുഷ്യക്കുരുതിയാണ് നടത്തിയത്. ഇവിടെ ഉമ്മന്‍ചാണ്ടി അഴിമതിക്കുരുക്കില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ മുതല്‍ എടുത്ത് കള്ളപ്രചാരണം നടത്തുന്നു. ആദ്യത്തേത് ക്രൂരനായ ഫാസിസ്റ്റിന്റെ ശൈലിയെങ്കില്‍ രണ്ടാമത്തേ് നുണപറച്ചിലില്‍ നിലനില്‍പ്പ് കണ്ടെത്തുന്ന ബൂര്‍ഷ്വാരാഷ്ട്രീയക്കാരന്റെ രീതി. ഉമ്മന്‍ചാണ്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും സ്നേഹവുമൊന്നും ഇന്ന് നിലനില്‍ക്കുന്ന കാര്യങ്ങളല്ല. അതാക്കെ പഴങ്കഥ. നുണ പറയുന്നവനും നുണകള്‍ക്ക് കാതുകൊടുക്കുന്നവനും തന്റെയുള്ളിലുള്ളതോ, തനിക്കു ചുറ്റുമുള്ളതോ ആയ നേരിനെ തിരിച്ചറിയാനാകാത്ത വിധത്തിലാകുകയും തന്നോടോ, അന്യരോടോ മതിപ്പില്ലാത്ത ഒരാളായിപ്പോകുകയും ചെയ്യുമെന്ന ഫിയോദര്‍ ദസ്തയേവ്സ്കിയുടെ വാക്കുകള്‍ ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ നൂറുശതമാനം ശരിയാവുകയാണ്.

എന്താണു് വിപ്ലവം ? - ഭഗത്‌ സിങ്ങു് കോടതിയില്‍ നല്‍കിയ സ്റ്റേറ്റു്മെന്റു്

എന്താണു് വിപ്ലവം ? - ഭഗത്‌ സിങ്ങു് കോടതിയില്‍ നല്‍കിയ സ്റ്റേറ്റു്മെന്റു്



(ജോബി ജോണിന്റെ മെയില്‍ വഴി കിട്ടിയതു്)

എന്താണ് വിപ്ലവം എന്ന് ബോംബ് കേസിന്റെ വിചാരണവേളയില്‍ ജഡ്ജി ഭഗത്‌സിങ്ങിനോടു ചോദിച്ചിരുന്നു. അതിനു മറുപടിയായി ഭഗത്‌സിങ്ങും ബി.കെ. ദത്തും കൂടി ഒരു സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു.

അതിങ്ങനെയായിരുന്നു:

'അനീതിയില്‍ മുങ്ങിയ ഇന്നത്തെ സാമൂഹികവ്യവസ്ഥയ്ക്കു മാറ്റം വരുത്തി സമത്വാധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കുകയാണ് വിപ്ലവത്തിന്റെ ഉദ്ദേശ്യം. ഉത്പാദകരായ തൊഴിലാളിവര്‍ഗം സമൂഹത്തില്‍ ആവശ്യമായ ഘടകമാണെങ്കിലും അവരെ കൊള്ളയടിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. നാടിനുവേണ്ടി ധാന്യം ഉത്പാദിപ്പിക്കുന്ന കൃഷിക്കാരും അവരുടെ കുടുംബവും ഒന്നാകെ പട്ടിണിയിലാണ്. തുണി നെയ്യുന്ന നെയ്ത്തുകാര്‍ക്ക് സ്വന്തമാവശ്യത്തിനു വേണ്ട തുണി കിട്ടുന്നില്ല. കല്പണിക്കാരനും കൊല്ലനും ആശാരിയും കൊട്ടാരങ്ങള്‍ പണിയുന്നു. പക്ഷേ, അവര്‍ക്കു തലചായ്ക്കാന്‍ വീടില്ല. അവര്‍ ചേരികളില്‍ അന്തിയുറങ്ങുന്നു. സമൂഹത്തിലെ ഇത്തിക്കണ്ണികള്‍ കോടികള്‍ കൊള്ളയടിക്കുന്നു. ഇവിടെ കാണുന്ന അസമത്വങ്ങള്‍ ഭയാനകമാണ്. പാവപ്പെട്ടവന് അവസരങ്ങളില്ല. ഈ അനീതി അധികകാലം നിലനില്ക്കാന്‍ അനുവദിച്ചുകൂടാ. ഒരഗ്നിപര്‍വതത്തിന്റെ മുകളിലിരുന്നാണ് ചൂഷകവര്‍ഗം തങ്ങളുടെ ഉത്സവാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ഈ എടുപ്പിനെ ഇപ്പോള്‍ നമുക്ക് രക്ഷപ്പെടുത്താനായില്ലെങ്കില്‍ അതു തകര്‍ന്നുവീഴും. സമൂലമായ ഒരു മാറ്റം ആവശ്യമാണ്. ഇന്നത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ബോധമുള്ളവര്‍ സമൂഹത്തെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പുനഃസംഘടിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യന്‍ മനുഷ്യരോടും രാഷ്ട്രം രാഷ്ട്രത്തോടും ചെയ്യുന്ന ഈ ചൂഷണം അവസാനിപ്പിക്കുന്നില്ലെങ്കില്‍ സമൂഹത്തെ പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങളെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇവിടെ സൃഷ്ടിക്കുക, അതു നിലനിര്‍ത്താനാവശ്യമായ സാഹചര്യം ഒരുക്കുക, തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള മുതലാളിത്തത്തിന്റെ ബന്ധനങ്ങളില്ലാത്ത സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയുണ്ടാകാത്ത ഒരു ലോക ഫെഡറേഷന്‍ രൂപീകരിക്കുക - അതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം.

ഞങ്ങള്‍ ആവശ്യത്തിലേറെ മുന്നറിയിപ്പുകള്‍ നല്കിക്കഴിഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അന്തിമസമരത്തിനു ഞങ്ങള്‍ തയ്യാറാവും. എല്ലാ തടസ്സങ്ങളും ഞങ്ങള്‍ പിഴുതെറിയും. തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള ഒരു ഭരണം ഞങ്ങള്‍ ഇവിടെ സ്ഥാപിക്കും.

മനുഷ്യന്റെ ജന്മാവകാശമാണ് സ്വാതന്ത്ര്യം. സമൂഹത്തെ നിലനിര്‍ത്തുന്നത് തൊഴിലാളിയാണ്. ജനങ്ങളുടെ പരമാധികാരം സ്ഥാപിക്കുക തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള സമരത്തില്‍ എന്തു കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാലും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

രാജ്യത്തെ മുഴുവന്‍ യുവജനങ്ങളെയും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ഞങ്ങള്‍ അണിനിരത്തും. വിപ്ലവത്തിന്റെ പുലരിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. വിപ്ലവം നീണാള്‍ വാഴട്ടെ!

വിപ്ലവം എന്ന പദത്തിന് അര്‍ഥം നല്കുന്നതിലും പല താത്പര്യങ്ങളും കടന്നുവരാറുണ്ട്. രക്തരൂഷിതഭീകരതയായി പലരും ഇതിനെ ചിത്രീകരിച്ചിട്ടുണ്ട്. വിപ്ലവകാരികള്‍ക്ക് ഈ പദം വിശുദ്ധമാണ്. വിപ്ലവകാരികള്‍ ബോംബിന്റെയോ തോക്കിന്റെയോ ആരാധകരല്ല. വിപ്ലവം നേടാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് ഇവ.

ഒരു നല്ല നാളേക്കുവേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് വിപ്ലവം. അതിനു നിലവിലുള്ള വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാക്കണം. നിലവില്‍ എന്താണോ ഉള്ളത്, അതു മുറുകെ പിടിക്കാനാണ് ജനം ഇഷ്ടപ്പെടുന്നത്. മാറ്റം എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണ്. ഈ ഒരു ചിന്താഗതി മാറിയാലേ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂ. അല്ലെങ്കില്‍ ജീര്‍ണതയായിരിക്കും ഫലം. അതോടെ മനുഷ്യപുരോഗതിതന്നെ സ്തംഭിക്കും. മനുഷ്യന്റെ ആത്മാവിലേക്കായിരിക്കണം വിപ്ലവത്തിന്റെ സൂര്യകിരണങ്ങള്‍ കടന്നുചെല്ലേണ്ടത്. അല്ലെങ്കില്‍ പ്രതിലോമശക്തികള്‍ വിപ്ലവത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു തടസ്സം സൃഷ്ടിക്കും.

ഈ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ക്കു ദുഃഖമുണ്ട്. പക്ഷേ, കൊല്ലപ്പെട്ടയാള്‍ പ്രതിനിധീകരിക്കുന്ന ഭരണകൂടം ദുഷിച്ചുപോയിരുന്നു. അതു നശിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. മനുഷ്യന്റെ മരണത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭീകരവാഴ്ചയുടെ മരണമണിയാണ് നാം കേട്ടത്. ലോകത്തെ ഏറ്റവും ഭീകരമായ ഒരു ഭരണത്തിന്റെ അവകാശികളാണ് ബ്രിട്ടീഷുകാര്‍. ഒരു മനുഷ്യന്റെ ജീവരക്തം ഇവിടെ ചൊരിയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. വ്യക്തികളുടെ ത്യാഗങ്ങളിലൂടെയേ ഒരു രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കൂ എന്ന ആശ്വാസം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്.

വിപ്ലവം നീണാള്‍ വാഴട്ടെ!' 

മൃഗങ്ങളും സൗരോര്‍ജവും

മൃഗങ്ങളും സൗരോര്‍ജവും തമ്മില്‍ വല്ല പ്രത്യേക ബന്ധവുമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അങ്ങനെ ഒന്നും കണ്ടെത്തുന്നില്ലെങ്കില്‍ സരിതാനായരും ഉമ്മന്‍ചാണ്ടിയും തമ്മില്‍ എന്ത് ബന്ധം എന്ന് അന്വേഷിച്ച് കണ്ടെത്തുകതന്നെ വേണം. ഉമ്മന്‍ചാണ്ടി എവിടെയുണ്ടോ അവിടെയെല്ലാം സരിതയുണ്ട് എന്നാണ് കേള്‍ക്കുന്നത്. ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഗ്രീന്‍ചാനലിലൂടെ സരിതോര്‍ജം അങ്ങോട്ടൊഴുകുന്നു. തലസ്ഥാനത്ത് ഓഫീസിലിരിക്കുമ്പോള്‍ കെ സി ജോസഫിന്റെ വകുപ്പ് അയച്ചുകൊടുക്കുന്ന കാറിലാണ് സരിത ഉമ്മന്‍ചാണ്ടിയെ മുഖം കാണിക്കാനെത്തുന്നത്. പുതുപ്പള്ളിയില്‍ ഞായറാഴ്ച ദര്‍ബാര്‍ കൂടുംമുമ്പ് സരിതയോടൊപ്പം പ്രഭാതഭക്ഷണമായാല്‍ ഊര്‍ജം ഇരട്ടിക്കും. ക്ലിഫ് ഹൗസിലാണെങ്കില്‍ ഒരു കുടുംബംപോലെ ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കാം. സ്വന്തമായി ഫോണില്ല എങ്കിലും സ്നേഹിക്കാനറിയാവുന്ന ഒരു മനസ്സുണ്ട്. ആ മനസ്സിനെ കരുതിയാകണം, ഇരുകൈയിലും ഓരോ ഫോണും പിടിച്ചുനില്‍ക്കുന്ന സരിതയെയാണ് തൃശൂരിലെ മൃഗശാല ഉദ്ഘാടനവേദിയില്‍ കാണുന്നത്. ജോപ്പന്‍ ചെയ്യുന്ന പണി സരിതയ്ക്കും ചെയ്യാവുന്നതേയുള്ളൂ.

യുഎന്‍ അവാര്‍ഡ് എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം എന്ന് ആരൊക്കെയോ തെറ്റിദ്ധരിച്ചിട്ടുണ്ട്. നാടാകെ ഉയര്‍ന്ന ഫ്ളക്സുകള്‍ കണ്ടാല്‍ ആരും അങ്ങനെ ധരിച്ചുപോകും. യുഎന്‍ എന്നാല്‍ ഭൂലോക (യൂണിവേഴ്സല്‍) നുണയനെന്നും അര്‍ഥമുണ്ടെന്നാണ് ഒരു രസികന്റെ എസ്എംഎസ് വന്നത്. അതങ്ങനെ തള്ളിക്കളയാനാകില്ല. പറയുന്നതെല്ലാം അര്‍ധസത്യവും അസത്യവുമാണ്. ആദ്യം ശ്രീധരന്‍നായരെ കണ്ടില്ലെന്ന്; ഇപ്പോള്‍ കണ്ടുവെന്ന്. വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും നുണപറയാനും മാത്രമെന്ന് പണ്ടൊരാളെക്കുറിച്ച് കഥ പരന്നിരുന്നു. ആ നേതാവിനെക്കൂടി നുണപറഞ്ഞ് തള്ളിത്താഴത്തിട്ട പാരമ്പര്യമുണ്ട്. നുണയുടെ ഗോദയില്‍ പുതുപ്പള്ളിക്കാരനോട് മുട്ടാന്‍ തൊട്ടടുത്ത തിരുവഞ്ചൂര്‍ മേഖലയില്‍നിന്നുള്ള ഫയല്‍വാനേയുള്ളൂ. പോയില്ല, ക്ഷണിച്ചില്ല, രണ്ടുമിനിറ്റ്, ടവര്‍ നോക്കൂ എന്നെല്ലാം പറഞ്ഞുപറഞ്ഞ് തളര്‍ന്നിരിപ്പാണ് ആ മത്സരാര്‍ഥി. എംസി റോഡിലൂടെ പോകുമ്പോള്‍ ആരോ കൈനീട്ടി, അലിവുതോന്നി കൂടെപ്പോയി, രണ്ടുമിനിറ്റ് മാത്രം ചെലവിട്ടു എന്ന പല്ലവി പാടിക്കൊണ്ടേയിരിക്കുന്നു. നല്ല കരിക്ക് മൊത്തിക്കുടിക്കുന്ന ചിത്രം വന്നിട്ടും, വഴിക്കണ്ണുമായി കാത്തിരിക്കുന്ന സുന്ദരിക്കരികിലേക്ക് നിറചിരിയുമായി നടന്നടുക്കുന്ന ദൃശ്യം നാട്ടിലാകെ ചിരിപടര്‍ത്തിയിട്ടും ഫയല്‍വാന്റെ ആഭ്യന്തരം ഉലഞ്ഞിട്ടില്ല. രണ്ടുപേരും സദാ ഖദറാണുടുക്കുന്നത്. അതിന്റെ ഗതിയോര്‍ത്താണ് സങ്കടപ്പെടേണ്ടത്. ഇത്ര കൊടിയ കാപട്യവും കള്ളവും തട്ടിപ്പും വൃത്തികേടുമൊക്കെ പൊതിഞ്ഞുവയ്ക്കാനുള്ള തുണിയായിപ്പോയല്ലോ ഗാന്ധിജിയുടെ ഖാദി. നമ്മള്‍ നൂറ്റ നൂലുകൊണ്ട്, നമ്മള്‍ നെയ്ത വസ്ത്രം കൊണ്ട് നിര്‍മിതമി,തനീതിക്കൊരന്ത്യാവരണം എന്നാണ് മഹാകവി മൂവര്‍ണക്കൊടിയെക്കുറിച്ച് പാടിയത്. അതേ തുണിയാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ധരിക്കുന്ന വസ്ത്രത്തിന്റേതും.

കന്റോണ്‍മെന്റ് ഹൗസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ യുവതിയെ തല്ലിച്ചതയ്ക്കുമ്പോള്‍ തലയില്‍ കെട്ടിയിരുന്നതും അതേ തുണികൊണ്ടുള്ള കൊടി. അനീതിക്ക് അന്ത്യാവരണമല്ല; അപരാധത്തിനാവരണമാണിന്നത്. അഴിക്കുന്തോറും മുറുകുന്ന കുരുക്കാണ്. മലവെള്ളത്തില്‍ ഒലിച്ചുവന്ന കരടിയെ കമ്പിളിക്കെട്ടാണെന്നുകരുതി പിടിച്ചവന്റെ അവസ്ഥ. സരിത വിടില്ല. ജയിലില്‍ കപ്പപ്പുഴുക്കും ചെറുപയറും കഞ്ഞിയും കുറെനാള്‍ കഴിക്കുമ്പോള്‍ ശാലുവിന്റെ നര്‍ത്തനവൈഭവം പൂത്തുലയും. ശാലു ആരെ വിളിച്ചു; ആരെല്ലാം അങ്ങോട്ട് വിളിച്ചു എന്നുള്ള വിവരങ്ങളൊന്നും ദൈവം വന്നാലും കിട്ടാത്തവണ്ണം നശിപ്പിച്ചശേഷമായിരുന്നു ചങ്ങനാശേരിയില്‍നിന്ന് അട്ടക്കുളങ്ങരയിലേക്കുള്ള എഴുന്നള്ളിപ്പ്്. വഴിയില്‍ ഒരു രഹസ്യവും ചോര്‍ന്നില്ല. അല്ലെങ്കിലും ശാലുവിന്റെ രഹസ്യങ്ങളെല്ലാം മണിച്ചിത്രത്താഴിട്ട് പൂട്ടിയതാണ്. ദുബായില്‍ പോയപ്പോള്‍ കണ്ടതും കൊണ്ടുപോയതും പുറത്തുവന്നാല്‍ എല്ലാം കീഴ്മേല്‍ മറിയും. സരിഗമപധനിസ, സനിധപമഗരിസ എന്നാകും. ഉമ്മന്‍ ചാണ്ടി, ചാണ്ടി ഉമ്മന്‍ ആകുന്നതുപോലെ. ശാലുവിന്റെ കേസില്‍ വലിയ വകുപ്പൊന്നുമില്ല. രണ്ടുവട്ടം ജാമ്യം നിഷേധിക്കും, ഇടയ്ക്ക് പൊലീസ്കസ്റ്റഡിയില്‍ സുഖവാസത്തിന് പോകാം, അല്ലാത്തപ്പോള്‍ ഒരു കര്‍ക്കടകചികിത്സയുടെ സുഖം. പണമൊക്ക അവിടെ കിടക്കും. ആരുടെയും പേരുപറയാതിരുന്നാല്‍ ജാമ്യാനന്തരം പറുദീസയെന്നാണ് വാഗ്ദാനം. അല്ലെങ്കിലും കുടിപ്പിച്ച കരിക്കിനുള്ള പ്രതിഫലം കിട്ടേണ്ടതാണ്. ജനപ്രതിനിധികളായാല്‍ ശാലുവിന്റെ വീട്ടില്‍ പോകുകയും കരിക്കുകുടിക്കുകയും കട്ടിലില്‍ ഇരിക്കുകയും വേണം.

തിരുവഞ്ചൂര്‍ ചെയ്ത എല്ലാറ്റിന്റെയും ചിത്രം പുറത്തുവന്നിട്ടില്ല. ബിജു രാധാകൃഷ്ണന്റെ കൈപിടിക്കുന്നതടക്കമുള്ളവ പൊലീസ് മുക്കി. സരിതയുടെ ചില ചിത്രങ്ങള്‍ ബിജു എടുത്തിട്ടുണ്ടെന്നല്ലാതെ സരിത അറിഞ്ഞുകൊണ്ട് ആരുടെയും പടം പിടിച്ചിട്ടില്ല. സൗരോര്‍ജവ്യാപനമെന്ന മഹദ്സേവനത്തിന്റെ ചിത്രം അതുകൊണ്ടാണ് പുറത്തുവരാത്തത്. ജോപ്പന് കൊടുത്ത സന്തോഷത്തിന്റെ തോതുതന്നെ ആ നിഷ്കളങ്കതയെ സൂചിപ്പിക്കുന്നു. ജോപ്പനുള്ള സമ്മാനം അതാണെങ്കില്‍, മൂപ്പന്മാര്‍ക്ക് എന്തുമാത്രം കിട്ടിയിട്ടുണ്ടാകും എന്ന ചര്‍ച്ച ഐ ഗ്രൂപ്പ് നടത്തിയതുകൊണ്ട് കാര്യമൊന്നുമില്ല. മുരളി പറഞ്ഞപോലെ, പാതിരാത്രി ഭാഗവതം വായിക്കുന്നതിനേക്കാള്‍ നല്ലത് തിരമാലയില്‍നിന്ന് വൈദ്യുതി എടുക്കുന്ന പരിപാടിക്ക് വല്ല സാധ്യതയുമുണ്ടോ എന്ന് അന്വേഷിക്കുന്നതാണ്. പൊലീസ് വേണോ സിബിഐ വേണോ എന്നാണിപ്പോഴത്തെ ചിന്ത. ചോറുവേണോ ബിരിയാണിവേണോ എന്ന് ചോദിക്കുന്നതുപോലെ. രണ്ടായാലും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും രക്ഷപ്പെടും. പൊലീസാണെങ്കില്‍ നാറിനാറി രക്ഷപ്പെടും. സിബിഐയാണെങ്കില്‍ കേസ് വേണ്ടിവന്നാല്‍ ചെന്നിത്തലയിലിട്ട് രക്ഷപ്പെടുത്തും. തട്ടിപ്പുകള്‍ വരുന്ന വഴി എംസി റോഡാണെങ്കില്‍, രക്ഷാപ്രവര്‍ത്തനത്തിന് രണ്ടുവഴിയുണ്ടെന്നര്‍ഥം. അതുകൊണ്ടാണ്, പാവപ്പെട്ട ശാലുവിന് സെന്‍സര്‍ ബോര്‍ഡംഗത്വംപോലും നഷ്ടമാകുന്നത്. ശാലുവിനെ അങ്ങോട്ട് കൈപിടിച്ചുകയറ്റിയ കൊടിക്കുന്നില്‍ സുരേഷ് കൊടിവച്ച കാറില്‍ത്തന്നെ.

കലാകാരിക്ക് കാരാഗൃഹം- സാംസ്കാരികനായകര്‍ സടകുടഞ്ഞെണീക്കേണ്ടതാണ്. ശാലുവിന്റെയും സരിതയുടെയും പരിസ്ഥിതിക്ക് ഭംഗംവരുത്തുന്ന പ്രതിപക്ഷഗൂഢാലോചനയ്ക്കെതിരെ ഒരു മരമഹാസംഗമവും ഹരിതസരിതാതിജീവന മഹായജ്ഞവും നടത്താന്‍ നീലകണ്ഠനെങ്കിലും മുന്‍കൈയെടുക്കണം. പ്രതികരണ മഹാത്മാക്കള്‍ കര്‍ത്തവ്യബോധം കാട്ടണം. അല്ലെങ്കില്‍ പാവം എം ജി എസ് നാരായണന്‍ അതും ചെയ്യേണ്ടിവരും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ അപകടത്തെക്കുറിച്ച് അന്‍പത്തിയൊന്ന് കവിതയെഴുത്തുകാരെ ക്ഷണിക്കുന്ന പരസ്യം വീരഭൂമിയില്‍ അച്ചടിച്ചുകാണാനും മലയാളിക്ക് ഭാഗ്യംവരും.

*

ഫേസ്ബുക്കില്‍ കണ്ട ഒരു പ്രസ്താവന, എം ജി എസ് നാരായണന്‍ എന്ന തൂലികാനാമത്തില്‍ ലേഖനമെഴുതുന്നത് മാതൃഭൂമിയിലെ ശേഖരന്‍നായരാണ് എന്നാണ്. വയസ്സുകൂടുമ്പോള്‍ സര്‍ക്കാര്‍ സ്ഥാനങ്ങളോട് ആര്‍ത്തി കൂടുന്ന ഇനത്തിലല്ല എം ജി എസ്. ശരിക്കും ചരിത്രപണ്ഡിതനാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ അന്ത്യം പ്രവചിച്ച ധീരാത്മാവാണ്. ആ മഹാമനീഷിയുടെ പേരുവച്ച്, ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും സ്തുതിഗീതമെഴുതിയ ആള്‍ എത് ശേഖരന്‍നായരായാലും സാക്ഷാല്‍ വീരേന്ദ്രകുമാര്‍ തന്നെയായാലും യുഎന്‍ പുരസ്കാരത്തിനര്‍ഹരാണ്. അവശന്മാര്‍ക്കും ആര്‍ത്തന്മാര്‍ക്കും ആലംബഹീനര്‍ക്കും ഇതുപോലുള്ള സേവനം ചെയ്തുകൊടുക്കുന്നതില്‍പരം പുണ്യപ്രവൃത്തി എന്തുണ്ട്. എം ജി എസ് യഥേഷ്ടം എഴുതിക്കോട്ടെ. കെ എം റോയിയെപ്പോലുള്ളവര്‍ എഴുതുന്നില്ലേ. അവരെ ആരെങ്കിലും കുറ്റം പറയുന്നുണ്ടോ? അതുകൊണ്ട് ആര്‍ക്കും വിഷമമൊന്നുമില്ലല്ലോ. ശാലുമേനോന്‍ കപ്പപ്പുഴുക്ക് കഴിച്ച ത്യാഗത്തെക്കുറിച്ച് വാര്‍ത്തയെഴുതിയ മനോരമയെ സഹിക്കുന്നതിനേക്കാള്‍ വലുതല്ല അതൊന്നും. പിആര്‍ഡി ഡയറക്ടര്‍ ഫിറോസ് ഒളിവിലായതിനാല്‍ മനോരമയുടെ ജോലിഭാരം വര്‍ധിക്കും. ഉമ്മന്‍ചാണ്ടിയുടെ പിആര്‍ഒ ജോലി പരിപൂര്‍ണമായി തലയിലല്ലേ.

ബെന്നി ബഹനാന് ഇപ്പോള്‍ പണിയൊന്നുമില്ല. ചെന്നിത്തല ഒരു ദുര്‍ബലനിമിഷത്തില്‍ ധൈര്യം വന്നപ്പോള്‍ വീക്ഷണത്തില്‍നിന്ന് പുറത്താക്കിയതാണ്. മനോരമയില്‍ സബ് എഡിറ്ററായി വയ്ക്കാവുന്നതേയുള്ളൂ. തിരുവഞ്ചൂരിന്റെ ജാതകദോഷം കൊണ്ട് ആഭ്യന്തരം കളഞ്ഞുകിട്ടാന്‍ സാധ്യതയുണ്ടെന്ന് ഏതോ ആഴ്ചപ്പതിപ്പിലെ വാരഫലം വായിച്ച് പുളകംകൊള്ളുന്ന ചെന്നിത്തലയുടെ തലയില്‍ ഇനി ഒന്നും കയറില്ല. മുരളീധരന്റെ കൂട്ടുകൊണ്ട് നട്ടെല്ലിന്റെ വളവ് അല്‍പ്പം മാറിയിട്ടേയുള്ളൂ- നിവര്‍ന്നിട്ടില്ല. തിരുവഞ്ചൂര്‍ എടുത്തു കളിച്ച് നശിപ്പിച്ച് നാനാവിധമാക്കിയ പൊലീസ് വകുപ്പിനെ ചാടിപ്പിടിച്ച് സ്വന്തമാക്കിയാല്‍ ചെന്നിത്തല രക്ഷപ്പെടും എന്ന വിശ്വാസം അദ്ദേഹത്തെ രക്ഷിക്കുമെങ്കില്‍ അത്രയുംനന്ന്. എന്തായാലും എംസി റോഡിലൂടെയുള്ള തട്ടിപ്പിന്റെ ഒഴുക്ക് അതോടെ ദേശീയപാതയിലേക്കും വികേന്ദ്രീകരിക്കപ്പെടും.