ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 17, വ്യാഴാഴ്‌ച

ഭൂസമരം വിജയിച്ചു


ഭൂസമരം വിജയിച്ചു

പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി മണ്ണിന്റെ മക്കള്‍ നടത്തിയ സഹനസമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ഭൂസംരക്ഷണ സമിതി നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പതിനാറുനാള്‍ നീണ്ട ഐതിഹാസിക സമരം ഒത്തുതീര്‍ന്നത്.

ഭൂസംരക്ഷണ സമിതി നേതാക്കളായ ഇ പി ജയരാജന്‍, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, ബി രാഘവന്‍, വിദ്യാധരന്‍ കാണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമര സമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി ചര്‍ച്ചയ്ക്കുശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. എന്നാല്‍ വില്ലേജ് തലത്തിലുള്ള ഭൂസംരക്ഷണ സമിതിയെ നിലനിര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

നല്ല നിലയിലുള്ള ചര്‍ച്ചയാണ് നടന്നതെന്നും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായമാണ് ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അനുസരിച്ച് ഭൂരഹിതരായ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഭൂമി നല്‍കുന്നത് ത്വരിതപ്പെടുത്തും. ഭൂരഹിതര്‍ക്ക് കുറഞ്ഞത് മൂന്നു സെന്റ് ഭൂമി വീതം നല്‍കും. ഫെബ്രുവരി 15നകം ഇതിനായി അപേക്ഷ നല്‍കണം. ആഗസ്തിനകം ഒരു ലക്ഷം പേര്‍ക്കെങ്കിലും ഭൂമി നല്‍കും. ആദിവാസികള്‍ക്ക് ഒരേക്കര്‍ വരെ ഭൂമിനല്‍കുന്ന നടപടി ത്വരിതപ്പെടുത്തും. ഭൂമി അനധികൃതമായി കൈവശം വയ്ക്കുനവര്‍ക്കെതിരെ നടപടിയെടുക്കും ഇതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തും. ഭൂസമരവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

പുതുവര്‍ഷപ്പുലരിയിലാണ് മണ്ണിന്റെ മക്കള്‍ മിച്ചഭൂമികളില്‍ അവകാശം സ്ഥാപിക്കുന്ന ഐതിഹാസികമായ പ്രക്ഷോഭം തുടങ്ങിയത്. അറസ്റ്റു വരിക്കാന്‍ സന്നദ്ധമായാണ് 14 ജില്ലയിലും ഓരോ കേന്ദ്രത്തില്‍ വീതം സമര വളന്റിയര്‍മാര്‍ മിച്ച ഭൂമിയില്‍ കൊടികെട്ടി അവകാശം സ്ഥാപിച്ചതെങ്കിലും സര്‍ക്കാര്‍ ഒളിച്ചോടി. പത്തുനാള്‍ നീണ്ട ഒന്നാംഘട്ടം പിന്നിട്ടിട്ടും സര്‍ക്കാര്‍ നിസ്സംഗത തുടര്‍ന്നപ്പോഴാണ് വെള്ളിയാഴ്ച മുതല്‍ മിച്ചഭൂമികളില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഭൂരഹിതരായ പതിനായിരങ്ങള്‍ അവകാശം സ്ഥാപിച്ചു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതമായത്. എന്നാല്‍, ചര്‍ച്ച പ്രഹസനമാക്കി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കുക, ഭൂവിതരണത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്ക് കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭൂസമരത്തിലൂടെ മുന്നോട്ടുവച്ചത്.

ഐതിഹാസിക സമരത്തിന്റെ രണ്ടാം ഘട്ടം ആറുദിവസം പിന്നിട്ടപ്പോള്‍ 5653 കുടിലാണ് മിച്ചഭൂമിയില്‍ ഉയര്‍ന്നത്. പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസികള്‍ മാത്രം 100 കുടില്‍ കെട്ടി. മറ്റു ജില്ലകളിലും സമരകേന്ദ്രങ്ങളില്‍ പുതിയ കുടില്‍ കെട്ടി സമരരംഗത്ത് ആവേശം വിതറിനില്‍ക്കുകയാണ് ഭൂരഹിതരായ സമര വളന്റിയര്‍മാരും അവര്‍ക്കൊപ്പമുള്ള ആയിരങ്ങളും. തിരുവനന്തപുരത്ത് മൂന്നു സമരകേന്ദ്രത്തിലായി 45 കുടില്‍ പുതുതായി കെട്ടി. കൊല്ലത്ത് പുതുതായി രണ്ടു കേന്ദ്രത്തില്‍ കൂടി കുടില്‍ കെട്ടി 1010 കുടിലായി വര്‍ധിച്ചു. പത്തനംതിട്ടയില്‍ 840ഉം ആലപ്പുഴയില്‍ 138ഉം കോട്ടയത്ത് പുതിയ 7 കുടിലും ഇടുക്കിയില്‍ 575ഉം എറണാകുളത്ത് 177ഉം തൃശൂരില്‍ 665ഉം കുടില്‍ കെട്ടി. പാലക്കാട്ട് 400ഉം മലപ്പുറത്ത് 659ഉം കോഴിക്കാട്ട് 130 വയനാട്ടില്‍ 471ഉം കുടില്‍ കെട്ടി, ഒരു കേന്ദ്രത്തില്‍ ആദിവാസി ജനവിഭാഗങ്ങള്‍ മാത്രമായിരുന്നു. കണ്ണൂരില്‍ പുതിയ 49 കുടിലും കാസര്‍കോട്ട് 487 കുടിലുമാണ് കെട്ടിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ