ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി


അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി
Posted on: 09-Feb-2013 10:13 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്. തിഹാര്‍ ജയിലിലെ നമ്പര്‍ മൂന്നില്‍ അതീവരഹസ്യമായി രാവിലെ എട്ടിന് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി. ആഭ്യന്തരമന്ത്രാലയ സെക്രട്ടറി ആര്‍ കെ സിങ്ങ് ഇക്കാര്യം സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ഇത് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു. മൃതശരീരം ജയില്‍ വളപ്പില്‍ തന്നെ സംസ്കരിക്കും. കാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുമായി സംസാരിച്ചശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശിക്ഷ നടപ്പാക്കിയത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രത പാലിക്കുകയാണ്. ജമ്മു കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കാശ്മീരില്‍ സംഘര്‍ഷം പടരാന്‍ സാധ്യതയുണ്ട്.

ജനുവരി 23 ന് അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. 2001 ലാണ് അഞ്ചു ഭീകരര്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയത്. പാര്‍ലമെന്റിന്റെ ഔദ്യോഗികവാഹനത്തിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനത്തിലാണ് ആയുധധാരികളായ അക്രമികള്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 9 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. രണ്ടു ദിവസത്തിനുശേഷം അഫ്സല്‍ ഗുരുവിനെ കാശ്മീരില്‍ നിന്നും അറസ്റ്റു ചെയ്തു. ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പ്രതിനിധിയാണ് അഫ്സല്‍ ഗുരു.പ്രതികളില്‍ നാലുപേരെ വെറുതെ വിട്ടു. 2002 ല്‍ ഡല്‍ഹി കോടതി അഫ്സല്‍ ഗുരുവിനു വധശിക്ഷ വിധിച്ചു. 2003 ഒക്ടോബര്‍ 29 ന് ഹൈക്കോടതി ശിക്ഷ ശരിവച്ചു. 2005 ഓഗസ്റ്റ് നാലിന് അഫ്സല്‍ ഗുരുവിന്റെ അപ്പീല്‍ സുപ്രീം കോടതിയും തള്ളി. ദയാഹര്‍ജി തള്ളിയതോടെ ശനിയാഴ്ച വധശിക്ഷ നടപ്പാക്കി.

കാശ്മീരിലെ ബാരാമുള്ള സോപോറില്‍ ജനിച്ച അഫ്സല്‍ എംബിബിഎസ് ഒരുവര്‍ഷം പൂര്‍ത്തിയാക്കിയശേഷം ഐഎഎസിന് ശ്രമിച്ചു. ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ അനന്ത്നാഗില്‍ കാശ്മീരിനായി ജിഹാദ് നയിക്കണമെന്ന താരിഖിന്റെ ആശയങ്ങളുമായി അടുത്തു. കാശ്മീര്‍ വിമോചനത്തിനായി പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളില്‍ നിന്നും പണവും പരിശീലനവും നേടി. ലഷ്കര്‍ ഇ തൊയിബയും ജെയ്ഷെ മുഹമ്മദും സംയുക്തമായാണ് പാര്‍ലമെന്റ് ആക്രമണം നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ