ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

ബിജെപി കേന്ദ്രനേതൃത്വം കുര്യനൊപ്പം തന്നെ


ബിജെപി കേന്ദ്രനേതൃത്വം കുര്യനൊപ്പം തന്നെ
Posted on: 09-Feb-2013 01:41 AM
ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ. കുര്യനെതിരായ ആരോപണം രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്ന് ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. കുര്യന്‍ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും നഖ്വി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്നാണ് ബിജെപി നിലപാട്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ലമെന്ററി പാര്‍ടി ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് നഖ്വി പറഞ്ഞു. ബിജെപി സംസ്ഥാന ഘടകം കുര്യന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ നഖ്വി അന്വേഷണം ആവശ്യപ്പെട്ടാണ് സംസ്ഥാനകമ്മിറ്റി പ്രതിഷേധം നടത്തുന്നതെന്നും അവകാശപ്പെട്ടു. കുര്യനെ രാജ്യസഭ ഉപാധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായിരുന്നു. കുര്യനെ കേസില്‍ നിന്നൊഴിവാക്കാന്‍ സുപ്രീംകോടതിയില്‍ ഹാജരായത് ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയും. ഇതിനൊക്കെ മറുപടി പറയേണ്ടിവരുന്നത് ഒഴിവാക്കാനാണ് ശ്രമം. വിഷയം പഠിച്ചിട്ടില്ലെന്നായിരുന്നു നേരത്തേ മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദിന്റെ വാദം. കുര്യന്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് മുരളി മനോഹര്‍ ജോഷി തുടര്‍ന്ന് വ്യക്തമാക്കി. ഇപ്പോള്‍ നഖ്വിയും കേരള ഘടകത്തിന്റെ നിലപാട് പൂര്‍ണമായും തള്ളിയിരിക്കുകയാണ്. കുര്യന്‍ നല്ല വ്യക്തിയാണെന്നും തങ്ങളുടെ അടുത്ത സുഹൃത്താണെന്നും എന്‍ഡിഎ കണ്‍വീനര്‍ ശരദ് യാദവും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ