ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 9, ബുധനാഴ്‌ച



WEDNESDAY, JANUARY 9, 2013

സ്ത്രീവിരുദ്ധ നിര്‍ദേശങ്ങളുമായി ജമാഅത്തെ ഇസ്ലാമിയും


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാരണം കണ്ടെത്തുന്നതില്‍ ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറിന്റെ പാതയില്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കുന്നതിന് അവസരം നല്‍കുന്നതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി. വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാര്‍ ശാരീരികമായി അടുത്ത് ഇടപഴകാന്‍ ഒരുകാരണവശാലും അനുവദിക്കരുതെന്നും വിവാഹിതരല്ലാതെ ഒരുമിച്ച് ജീവിക്കുന്നതടക്കം എല്ലാ തരത്തിലുള്ള വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളും കുറ്റകരവും ശിക്ഷാര്‍ഹവുമാക്കണമെന്നും ജസ്റ്റിസ് ജെ എസ് വര്‍മ സമിതി മുമ്പാകെ ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.

യാഥാസ്ഥിതിക ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ നിയമസംവിധാനങ്ങളാണ് നിര്‍ദേശങ്ങളെന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവച്ചിട്ടുള്ളത്. സ്ത്രീകളെ അടുക്കളയില്‍ത്തന്നെ ഒതുക്കണമെന്ന ആര്‍എസ്എസ് തലവന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ജമാഅത്തെയുടെ തികച്ചും സ്ത്രീവിരുദ്ധമായ നിര്‍ദേശങ്ങള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുപഠിക്കുന്ന നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം അവസാനിപ്പിക്കണം. പ്രാഥമികതലം മുതല്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങണം. ആത്മനിയന്ത്രണം സാധ്യമാകുന്നതും മാന്യവുമായ വസ്ത്രം പെണ്‍കുട്ടികള്‍ ധരിക്കണമെന്ന നിബന്ധന വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കണം. ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം. പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ പരസ്യമായി വേണം ശിക്ഷ നടപ്പാക്കേണ്ടത്. രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും ജമാഅത്തെ ഇസ്ലാമി നിര്‍ദേശിച്ചു.

ജാതിപഞ്ചായത്ത് പെണ്‍കുട്ടികള്‍ക്ക് ജീന്‍സും ടീഷര്‍ട്ടും നിരോധിച്ചു

ഹിസാര്‍ (ഹരിയാന): യുവജനങ്ങള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നും പെണ്‍കുട്ടികള്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുതെന്നും ഹരിയാനയിലെ ഹിസാറില്‍ ഖേദര്‍ ഗ്രാമത്തില്‍ ജാതിപഞ്ചായത്ത് തീട്ടൂരമിറക്കി. വൈകുന്നേരങ്ങളിലെ നൃത്ത ആഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പെണ്‍കുട്ടികള്‍ക്ക് ഉചിതമായ വേഷമല്ലാത്തതിനാലാണ് ടീ ഷര്‍ട്ടും ജീന്‍സും നിരോധിച്ചതെന്ന് ഗ്രാമമുഖ്യന്‍ ഷമീര്‍ സിങ് പറഞ്ഞു. പഞ്ചായത്ത് തീരുമാനം നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പതിനൊന്നംഗ സമിതിയെ നിയോഗിച്ചു. വിലക്ക് ലംഘിച്ച് നൃത്താഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 11,000 രൂപവരെ പിഴയിടും.


ബിഹാറില്‍ ദളിത് പഞ്ചായത്ത് ഉപമുഖ്യക്കും മകനും മര്‍ദനം

പറ്റ്ന: ബിഹാറില്‍ പഞ്ചായത്ത് യോഗത്തില്‍ മേല്‍ജാതിക്കാര്‍ക്ക് മുന്നില്‍ കസേരയിലിരുന്നതിന് ദളിത് പഞ്ചായത്ത് ഉപമുഖ്യക്കും (വൈസ്പ്രസിഡന്റ്) മകനും മര്‍ദനം. അതിര്‍ത്തി ജില്ലയായ സിവാനിലെ കൗറിയ ഗ്രാമപഞ്ചായത്തില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സര്‍ക്കാര്‍ സ്കൂള്‍പരിസരത്ത് നടന്ന ചടങ്ങിനിടെയാണ് പഞ്ചായത്ത് ഉപമുഖ്യയായ അസ്മ ഖാടുന്‍ (60) മേല്‍ജാതിക്കാര്‍ ഇരുന്ന വേദിയില്‍ കസേരയില്‍ ഇരുന്നത്. തുടര്‍ന്ന് മേല്‍ജാതിക്കാര്‍ വൃദ്ധയെയും സ്ഥലത്തുണ്ടായിരുന്ന മകന്‍ അഫ്താബിനെയും മര്‍ദിക്കുകയായിരുന്നു. ആസ്മയെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ആറ് പേര്‍ക്കെതിരെ കേസെടുത്തെന്ന് സിവാന്‍ പൊലീസ് സൂപണ്ട് അറിയിച്ചു. പൊലീസില്‍ പരാതിപ്പെട്ടതില്‍ പ്രതിഷേധിച്ച് തന്റെ വീട്ടിലേക്കുള്ള റോഡ് തകര്‍ത്തെന്നും ജീവന് ഭീഷണിയുണ്ടെന്നും അഫ്താബ് മാധ്യമങ്ങളോട് പറഞ്ഞു.


deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ