ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 9, ബുധനാഴ്‌ച


അന്നയും റസൂലും - പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ റിയലസ്റ്റിക്ക് പ്രണയകാവ്യം 7.50/10

കൊച്ചിയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന പൊന്നാനി സ്വദേശി റസൂലും, ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പെട്ട വൈപ്പിന്‍ക്കാരി അന്നയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ ശക്തമായ കഥ പറയുന്ന സിനിമയാണ് അന്നയും റസൂലും. പ്രശസ്ത ചായഗ്രഹകാന്‍ രാജീവ്‌ രവി ആദ്യമായി സംവിധാനം ചെയ്യുന്ന അന്നയും റസൂലും നിര്‍മ്മിച്ചിരിക്കുന്നത് വിനോദ് വിജയനും സെവന്‍ ആര്‍ട്സ് മോഹനും ചേര്‍ന്നാണ്. അന്നയായി ദക്ഷിണ ഇന്ത്യയിലെ പ്രമുഖ നടിയും ഗായികയുമായ ആന്‍ഡ്രിയ ജറമിയയും റസൂലായി മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസിലുമാണ്‌ അഭിനയിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ രഞ്ജിത്ത്, ആഷിക് അബു, പി.ബാലചന്ദ്രന്‍, ജോയ് മാത്യു, എം.ജി.ശശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ സെക്കന്റ്‌ ഷോനി കൊ ഞാ ചാ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സണ്ണി വെയിനും ഒരു മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെചാപ്പ്റ്റേഴ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം, പുതുമുഖങ്ങളായ സൗബിന്‍ ഷാഹിര്‍, ജിന്‍സ് ഭാസ്കര്‍, നി കൊ ഞാ ചാ ഫെയിം സിജ റോസ്,22 ഫീമെയില്‍ കോട്ടയം ഫെയിം ശ്രിന്ദ അഷബ്, മുത്തുമണി, പുതിയ തീരങ്ങള്‍ ഫെയിം മോളി എന്നിവരുമുണ്ട്. രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി.സേതുനാഥ് എന്നിവരുടെ കഥയ്ക്ക്‌ സന്തോഷ്‌ എച്ചിക്കാനം തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. മധു നീലകണ്ഠന്‍ ചായാഗ്രഹണവും, ബി.അജിത്കുമാര്‍ ചിത്രസന്നിവേശവും, തപസ് നായക് ശബ്ദമിശ്രണവും, കെ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ഒരു ബോട്ട് യാത്രക്കിടയില്‍ അന്നയെ റസൂല്‍ കാണുന്നു. കണ്ട ആദ്യ നിമിഷം മുതലേ അന്നയെ റസൂല്‍ പ്രണയിച്ചു തുടങ്ങിയിരുന്നു.അമ്മയുടെ മരണശേഷം മൂകനായി ജീവിക്കുന്ന അപ്പനും, തല്ലും വഴക്കുമായി നടക്കുന്ന കൌമാരക്കാരന്‍ അനുജനും മാത്രമുള്ള അന്നയുടെ ജീവിതം കഷ്ടപാടുകള്‍ നിറഞ്ഞതാണ്‌. ജേഷ്ടന്‍ ഹൈദരും, പൊന്നാനിയില്‍ വേറൊരു ഭാര്യയും കുട്ടികളുമായി കഴിയുന്ന ബാപ്പയും മാത്രമുള്ള റസൂലും ജീവിക്കുവാന്‍ വേണ്ടി കഷ്ടപെടുന്നയാളാണ്. കഷ്ടപാടുകളുടെ ലോകത്തില്‍ അന്നയ്ക്കു ലഭിച്ച ചെറിയ സന്തോഷമാണ് റസൂലിന്റെ പ്രണയം. ഒരുപാട് നാളത്തെ പ്രണയ അഭ്യര്‍ത്ഥനയ്ക്ക് ശേഷം റസൂലിന്റെ സ്നേഹത്തിനു മുന്നില്‍ അന്ന കീഴടങ്ങുന്നു. ഒരിക്കല്‍, ഇരുവരുടെയും പ്രണയം അന്നയുടെ വീട്ടില്‍ അറിയുന്നു. തുടര്‍ന്ന് അന്നയുടെയും റസൂലിന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: വെരി ഗുഡ് 
മലയാള സിനിമയില്‍ സമീപകാലത്തൊന്നും ഇത്രയും റിയലസ്റ്റിക്കായ തിരക്കഥയും സംഭാഷണങ്ങളും ഒരു തിരക്കഥകൃത്തും എഴുതിയിട്ടില്ല. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ സംഭാഷണങ്ങള്‍ രചിച്ചുകൊണ്ട് സന്തോഷ്‌ എച്ചിക്കാനം പുതിയൊരു അധ്യായം മലയാള സിനിമയില്‍ തുടങ്ങിയിരിക്കുകയാണ്. ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ അന്നയെയും റസൂലിനെയും, സിനിമയിലെ മറ്റു അഭിനേതാക്കളെയെല്ലാം നേരിട്ട് പരിചയമുള്ളതുപോലെ അനുഭവപെടുന്നുണ്ട്. ഈ സിനിമയുടെ കഥ പറയുന്നതിന് ആവശ്യമല്ലാത്ത ഒരൊറ്റ രംഗമോ സംഭാഷണങ്ങളോ ഈ സിനിമയിലില്ല. അന്നയെ പോലെ ഒരു പെണ്‍കുട്ടി റസൂലിനെ പോലെ ഒരു അപരിചിതനെ പ്രേമിക്കുവാന്‍ എത്രത്തോളം സമയമെടുക്കുമോ, അത്രത്തോളം സമയമെടുക്കുന്നത് പോലെ പ്രേക്ഷകര്‍ക്ക്‌ തോന്നുന്ന വിധത്തിലുള്ള രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. അനിവാര്യമായ സംഭാഷണങ്ങളും നടീനടന്മാരുടെ അഭിനയവും രംഗങ്ങളെ കൂടുതല്‍ വിശ്വസനീയമാക്കുന്നു. മട്ടാഞ്ചേരിയിലെ ജനങ്ങള്‍ എങ്ങനെയോക്കെയാണോ സംസാരിക്കുന്നത്, അതെ രീതിയിലാണ് സിനിമയുടെ സംഭാഷണങ്ങള്‍. സന്തോഷ്‌ എച്ചിക്കാനം എന്ന തിരക്കഥ രചയ്താവിന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച തിരക്കഥയാണ് അന്നയും റസൂലും. അഭിനന്ദനങ്ങള്‍! 

സംവിധാനം: ഗുഡ് 
ശേഷം, രസികന്‍, ക്ലാസ് മേറ്റ്സ്, സീത കല്യാണം, ഇവന്‍ മേഘരൂപന്‍ എന്നീ സിനിമകളുടെ ചായഗ്രഹകനായിരുന്ന രാജീവ്‌ രവിയുടെ ആദ്യ സംവിധാന സംരംഭമാണ് അന്നയും റസൂലും. തിരക്കഥയിലെ ഓരോ രംഗങ്ങളും ഏറ്റവും മികച്ച രീതിയില്‍ ചിത്രീകരിച്ചു, അഭിനേതാക്കളെ സ്വഭാവീകതയോടെ അഭിനയിപ്പിച്ചു, റിയാലിറ്റി കൈവിടാതെ ശബ്ദമിശ്രണം ചെയ്തു സിനിമയെ ഉന്നത നിലവാരത്തില്‍ കൊണ്ടെത്തിച്ചത് രാജീവ്‌ രവിയുടെ കഴിവ് തന്നെയാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ പുതുമുഖ നടീനടന്മാരെ കണ്ടുപിടിച്ചു നല്ല രീതിയില്‍ അവരെകൊണ്ട് അഭിനയിപ്പിക്കുവാന്‍ രാജീവ്‌ രവിയ്ക്ക് സാധിച്ചു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, രണ്ടു വ്യതസ്ത മതങ്ങളിലുള്ള ആണും പെണ്ണും തമ്മിലുള്ള പ്രണയകഥകളും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗം സിനിമകളും വളരെ കളര്‍ഫുള്‍ ആയ ദ്രിശ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. അതിലുപരി പ്രേക്ഷകരെ രസിപ്പിക്കുന്നതിനായുള്ള എല്ലാ ഘടഗങ്ങളും ആ സിനിമകളില്‍ ഉണ്ടായിരുന്നു. ആ സിനിമകളില്‍ നിന്നെല്ലാം വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ് രാജീവ്‌ രവിയുടെ അന്നയും റസൂലും. ഇത്രയും റിയലസ്റ്റികായ, മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഒരു പ്രണയകഥയും മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. ബാലു മഹേന്ദ്രയുടെ യാത്ര, പ്രിയദര്‍ശന്റെ താളവട്ടം, ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ, രാജീവ്കുമാറിന്റെ ക്ഷണക്കത്ത് തുടങ്ങിയ വ്യതസ്ത പ്രണയകഥകള്‍ മലയാളികളുടെ മനസ്സില്‍ ഇന്നും നൊമ്പരമുണര്‍ത്തുന്ന ചലച്ചിത്ര അനുഭവങ്ങളാണ്. അതെ ശ്രേണിയില്‍ മലയാളികള്‍ ഇന്നും എന്നും എന്നാളും ഓര്‍ക്കും അന്നയെയും റസൂലിനെയും. രാജീവ്‌ രവിയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ് 
തപസ് നായകിന്റെ ശബ്ദമിശ്രണം, മധു നീലകണ്ടന്റെ സ്വഭാവീകതയോടെയുള്ള ചായഗ്രഹണവും, ബി.അജിത്കുമാറിന്റെ ചിത്രസന്നിവേശവും, മെഹബൂബിന്റെ സംഗീതത്തിലുള്ള പാട്ടുകളും, നാഗരാജിന്റെ കലാസംവിധാനവും തുടങ്ങി ശ്യാം കൌശലിന്റെ സംഘട്ടന രംഗങ്ങള്‍ വരെ പുതുമയുള്ളതായിരുന്നു. സിനിമയുടെ ചിത്രീകരിക്കുമ്പോള്‍ തന്നെ ശബ്ദങ്ങള്‍ പകര്‍ത്തിയതുകൊണ്ട് ഓരോ രംഗങ്ങള്‍ക്കും ജീവനുള്ളതുപോലെ അനുഭവപെട്ടു. അനാവശ്യമായ വെളിച്ചമോ കളറുകളൊ നല്‍ക്കാതെ യഥാര്‍ത്ഥ രീതിയില്‍ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ മധു നീലകണ്ടനും സിനിമയ്ക്ക് പുതിയൊരു ദ്രിശ്യാനുഭവം സമ്മാനിച്ചു. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കൂടുതലാണ് എന്നതൊഴിച്ചാല്‍ അജിത്കുമാറിന്റെ സന്നിവേശവും മികവുറ്റതായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, മനോജിന്റെ മേക്കപും, നാഗരാജിന്റെ കലാസംവിധാനവും, ശ്യാം കൌശലിന്റെ സംഘട്ടനവും സിനിമയുടെ മാറ്റുകൂട്ടുന്ന ഘടഗങ്ങളാണ്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ മെഹബൂബ് സംഗീതം നല്‌ക്കിയ കണ്ടു രണ്ടു കണ്ണ്, കായലിനരികെ എന്ന് തുടങ്ങുന്ന പാട്ടുകള്‍ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. രണ്ടു ഗാനങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കെ എന്ന പേരില്‍ ഒരാളാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് വീണ്ടും സംഗീതം നല്ക്കിയിരിക്കുന്നത്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍! 

അഭിനയം: വെരി ഗുഡ്
22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലെയ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ഫഹദ് ഫാസിലിനു ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ റസൂല്‍. ഫഹദ് അഭിനയിച്ച സിനിമകളില്‍ ഏറ്റവും മികച്ച രീതിയില്‍ അഭിനയിചിരിക്കുന്നതും അന്നയും റസൂലിലുമാണ്. ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ ഫഹദ് തന്നെയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികകല്ലായിരിക്കും ഈ സിനിമയിലെ കഥാപാത്രം. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് റസൂലിന്റെ സുഹൃത്തുക്കളായി അഭിനയിച്ച ആഷ്‌ലി(സണ്ണി വെയ്ന്‍), അബു(ഷൈന്‍), കോളി(സൗബിന്‍), അബുവിന്റെ ഭാര്യ(ശ്രിന്ദ) എന്നിവരാണ്. മട്ടാഞ്ചേരിയിലെ ആളുകള്‍ എങ്ങനെയാണോ പെരുമാറുന്നത് ആ ഭാവപ്രകടനങ്ങള്‍ തെല്ലിടെ വ്യതാസമില്ലാതെയാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഷിക് അബുവും, രഞ്ജിത്തും, ജോയ് മാത്യുവും, പി.ബാലചന്ദ്രനും, ഒട്ടെറ പുതുമുഖങ്ങളും ഒക്കെ മികവുറ്റ രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ നായിക നടി ആന്‍ഡ്രിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് അന്നയും റസൂലും. ആദ്യ മലയാള സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ അവിസ്മരണീയമാക്കി അന്ന എന്ന കഥാപാത്രത്തെ. ഇനിയും ഇതുപോലുള്ള കഥാപാത്രങ്ങള്‍ ആന്‍ഡ്രിയയ്ക്ക് ലഭിക്കട്ടെ എന്ന ആശംസിക്കുന്നു.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.തിരക്കഥ, സംഭാഷണങ്ങള്‍ 
2.റിയലസ്റ്റിക് രീതിയിലുള്ള സംവിധാനം 
3.എല്ലാ നടീനടന്മാരുടെയും അഭിനയം 
4.ചായാഗ്രഹണം, ശബ്ദമിശ്രണം
5.പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ദൈര്‍ഘ്യം

അന്നയും റസൂലും റിവ്യൂ: കെട്ടുറപ്പുള്ള കഥയും, റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, മനോഹരമായ സാങ്കേതിക പിന്‍ബലവും, മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും കൂടിച്ചേര്‍ന്ന അന്നയും റസൂലും, നല്ല സിനിമകളെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും കണ്ടിരിക്കേണ്ട സിനിമയാണ്.

അന്നയും റസൂലും റേറ്റിംഗ്: 7.50/10
കഥ,തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 22.5/30 [7.5/10]

സംവിധാനം: രാജീവ്‌ രവി 
കഥ: രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി.സേതുനാഥ് 
തിരക്കഥ,സംഭാഷണം:സന്തോഷ്‌ എച്ചിക്കാനം
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് മോഹന്‍, വിനോദ് വിജയന്‍ 
ബാനര്‍: ഡി കട്ട്സ് ഫിലിം കമ്പനി 
ചായാഗ്രഹണം: മധു നീലകണ്ടന്‍  
ചിത്രസന്നിവേശം:ബി.അജിത്കുമാര്‍ 
കലാസംവിധാനം:നാഗരാജ് 
ശബ്ദമിശ്രണം: തപസ് നായക് 
ഗാനരചന: അന്‍വര്‍ അലി, റഫീക്ക് തിരുവള്ളൂര്‍ 
സംഗീതം: കെ 
മേക്കപ്പ്: മനോജ്‌ 
വസ്ത്രാലങ്കാരം: സമീറ സനീഷ് 
സംഘട്ടനം:ശ്യാം കൌശല്‍
വിതരണം: ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ