ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 9, ശനിയാഴ്‌ച

വനിതാദിനത്തില്‍ ദളിത് കവി ചെങ്കൊടി കൈമാറി; പടിഞ്ഞാറന്‍ ജാഥ തുടങ്ങി


വനിതാദിനത്തില്‍ ദളിത് കവി ചെങ്കൊടി കൈമാറി; പടിഞ്ഞാറന്‍ ജാഥ തുടങ്ങി


നൂറിലേറെപ്പേരുടെ ചുടുനിണം വേണ ഹുതാത്മ ചൗക്കില്‍നിന്ന് സിപിഐ എം സമരസന്ദേശയാത്രയുടെ പടിഞ്ഞാറന്‍ ജാഥയ്ക്ക് ഉജ്വല തുടക്കം. മറാഠിയിലെ ഏറ്റവും ശ്രദ്ധേയയായ ദളിത് കവി പ്രദ്ന്യ ദയപവാര്‍, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് ചെങ്കൊടി കൈമാറിയതോടെയാണ് 1960ലെ സംയുക്ത മഹാരാഷ്ട്രാ പ്രക്ഷോഭഭൂമിയില്‍ ജാഥയ്ക്ക് തുടക്കമായത്. ജാഥാംഗങ്ങളായ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പ്പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് സലിം, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മറിയം ധവാളെ, സംസ്ഥാന സെക്രട്ടറി അശോക് ധവാളെ, കേന്ദ്രകമ്മിറ്റി അംഗം കെ എല്‍ ബജാജ് എന്നിവരടക്കം വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഫ്ളാഗ് ഓഫ്. ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ (സിഐടിയു) പ്രവര്‍ത്തകരും ഉദ്ഘാടനത്തിനെത്തി. ജാഥ തുടങ്ങുംമുമ്പ് നേതാക്കള്‍ ഹുതാത്മ ചൗക്കിലെ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു.

തൊഴിലാളികളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ ഉന്നയിച്ച് സിപിഐ എം അഖിലേന്ത്യാ ജാഥകള്‍ സംഘടിപ്പിക്കുന്നത് അഭിമാനകരമാണെന്നും പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ബദല്‍നയങ്ങളെ എല്ലാ വിഭാഗം ജനങ്ങളും പിന്തുണയ്ക്കണമെന്നും പ്രദ്ന്യ ദയപവാര്‍ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു. നവഉദാരനയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് ദളിതരാണ്. മെച്ചപ്പെട്ടതും തുല്യതയുള്ളതുമായ ഇന്ത്യക്കുവേണ്ടിയുള്ള സിപിഐ എമ്മിന്റെ പോരാട്ടത്തെ എല്ലാ ദളിതരും പിന്തുണയ്ക്കണം-അവര്‍ പറഞ്ഞു. ഒരു മികച്ച ഇന്ത്യ സൃഷ്ടിക്കാന്‍ ആവശ്യമായ പ്രകൃതിവിഭവങ്ങളും മനുഷ്യവിഭവവും ഇന്ത്യയിലുണ്ടെങ്കിലും എല്ലാവര്‍ക്കും തൊഴിലും വിദ്യാഭ്യാസവും വൈദ്യസഹായവും ലഭ്യമാകാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ജാഥാ ക്യാപ്റ്റന്‍ സീതാറാം യെച്ചൂരി ചോദിച്ചു. ഈ അവസ്ഥ മാറണം. അതിനുള്ള ഏകമാര്‍ഗം ശക്തമായ സമരമാണ്. സമരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനുള്ള മാര്‍ഗമാണ് സമരസന്ദേശജാഥ- യെച്ചൂരി പറഞ്ഞു. മുംബൈയിലെ പ്രധാന സമരകേന്ദ്രമായിരുന്ന ആസാദ് മൈതാനിയിലായിരുന്നു ആദ്യസ്വീകരണം. എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥ മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ വെള്ളിയാഴ്ച പര്യടനം നടത്തി. ആയിരക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യക്ക് സാക്ഷിയായ കിന്‍വത്, യവത്മാല്‍ എന്നിവിടങ്ങളില്‍ ജാഥയ്ക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന കിഴക്കന്‍ ജാഥ ബിഹാറിലെ കല്യാണ്‍പുര്‍, ബിഷന്‍പുര്‍, ലഹാരിയ സരായ്, ബിസ്ഫി, മുസഫര്‍പുര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. പൊളിറ്റ്ബ്യൂറാ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന ജാഥ ഹരിയാനയില്‍ പര്യടനം തുടരുകയാണ്.

ആന്ധ്രപ്രദേശും ജാര്‍ഖണ്ഡും പഞ്ചാബും ജാഥകളെ വരവേറ്റു

ഹൈദരാബാദ്/കൊദേര്‍മ/ലുധിയാന: ആന്ധ്രപ്രദേശിലെയും ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും ജനങ്ങള്‍ സിപിഐ എം സമരസന്ദേശ ജാഥകളെ ആവേശപൂര്‍വം വരവേറ്റു. ജാര്‍ഖണ്ഡിലെ ആദിവാസികളും തൊഴിലാളികളും ആന്ധ്രപ്രദേശിലെയും പഞ്ചാബിലെയും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടക്കം പതിനായിരക്കണക്കിനു ബഹുജനങ്ങളാണ് മൂന്നു ജാഥകളെയും സ്വീകരിച്ചത്.

എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ചൊവ്വാഴ്ച പൂര്‍ണമായും ആന്ധ്രപ്രദേശിലായിരുന്നു പര്യടനം നടത്തിയത്. കര്‍ണൂലില്‍നിന്ന് പ്രയാണമാരംഭിച്ച ജാഥയ്ക്ക് മെഹബൂബ് നഗറിലും തലസ്ഥാനമായ ഹൈദരാബാദിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഹൈദരാബാദിലെ സമാപന യോഗത്തില്‍ ആയിരങ്ങളാണ് എത്തിയത്. ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരുടെ നിറഞ്ഞ സാന്നിധ്യവുമുണ്ടായി. സ്വീകരണകേന്ദ്രങ്ങളില്‍ ജനങ്ങളുടെ പരാതി ജാഥാംഗങ്ങള്‍ കേട്ടു. പൊതുസമ്മേളനത്തില്‍ എസ് രാമചന്ദ്രന്‍പിള്ള, ജാഥാംഗങ്ങളായ എം എ ബേബി, വി ശ്രീനിവാസ് റാവു, സുധ സുന്ദരരാമന്‍, സംസ്ഥാന സെക്രട്ടറി ബി വി രാഘവുലു എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന കിഴക്കന്‍ മേഖലാ ജാഥ ചൊവ്വാഴ്ച ജാര്‍ഖണ്ഡിലെ പര്യടനം പൂര്‍ത്തിയാക്കി.പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ലുധിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ ജനങ്ങളാണ് വരവേറ്റത്. ലുധിയാന നഗരാതിര്‍ത്തിയില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആയിരങ്ങളാണ് ജാഥയെ സ്വീകരിച്ചത്.

ജാഥ വനിതാദിനത്തില്‍

സുഭാഷിണി അലി

ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ കല്യാണ്‍പുര്‍ ബ്ലോക്കിലെ വലിയൊരു പൊതുയോഗത്തോടെയാണ് കിഴക്കന്‍ മേഖലാ ജാഥ അന്താരാഷ്ട്ര വനിതാദിനത്തില്‍ ആരംഭിച്ചത്. രണ്ട് ജില്ലാ പരിഷത്ത് അംഗങ്ങളടക്കം ഒട്ടേറെ സ്ത്രീകള്‍ കല്യാണ്‍പുരില്‍ ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു. യോഗത്തില്‍ ജാഥാംഗങ്ങളായ ബിമന്‍ ബസു, ജോഗീന്ദര്‍ശര്‍മ, സുഭാഷിണി അലി എന്നിവര്‍ സംസാരിച്ചു.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെ അപലപിക്കാനുള്ള ദിനം കൂടിയാക്കി അന്താരാഷ്ട്ര വനിതാദിനത്തെ മാറ്റണമെന്ന് നേതാക്കള്‍ പറഞ്ഞു. ബലാല്‍സംഗവും തട്ടിക്കൊണ്ടുപോകലും അടക്കം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മറ്റിടങ്ങളിലെപ്പോലെ ബിഹാറിലും വന്‍തോതില്‍ വര്‍ധിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പഴയ ഭരണകാലത്തെ അതേതോതില്‍ തന്നെ തട്ടിക്കൊണ്ടുപോകല്‍ നടക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

സ്ത്രീകളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രധാനമായ വിഷയങ്ങള്‍ സംഘര്‍ഷ സന്ദേശ യാത്രയില്‍ ഉയര്‍ത്തുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. എല്ലാവര്‍ക്കും കിലോയ്ക്ക് രണ്ടുരൂപയ്ക്ക് 35 കിലോ ധാന്യം ലഭ്യമാക്കണമെന്നും ലിംഗനീതി ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
ജാഥയുടെ പര്യടനവേളയില്‍ പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലും ബിഹാറിലും ചേര്‍ന്ന യോഗത്തിലെല്ലാം വന്‍തോതിലുള്ള സ്ത്രീ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇവരിലെറെയും തൊഴിലാളികളായിരുന്നു. എംഎന്‍ആര്‍ഇജിഎ തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, അംഗനവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, സ്കൂള്‍ പാചകത്തൊഴിലാളികള്‍, കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

പട്നയില്‍ ജോലി സുരക്ഷിതത്വവും സര്‍ക്കാര്‍ ശമ്പളവും ആവശ്യപ്പെട്ട് സമരംചെയ്ത കരാര്‍ അധ്യാപകര്‍ക്കെതിരെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ക്രൂരമായ ലാത്തിച്ചാര്‍ജായിരുന്നു. ജാഥ ഈ സര്‍ക്കാര്‍ ക്രൂരതയെ അപലപിക്കുകയും അധ്യാപകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുംചെയ്തു.

ജാഥയെ ദര്‍ഭാഗയിലേക്ക് വരവേറ്റത് വലിയൊരു ജനക്കൂട്ടമാണ്. ഇവിടെയും സ്ത്രീകള്‍ വളരെയേറെയുണ്ടായിരുന്നു. അവരുടെ എണ്ണവും ഉത്സാഹവും ഏറെ ശ്രദ്ധേയമായിരുന്നു.

പൊരുതുന്നത് ബദല്‍ നയങ്ങള്‍ക്കായി: കാരാട്ട്

കൊദേര്‍മ:13 വര്‍ഷത്തിനുള്ളില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ജാര്‍ഖണ്ഡിലെ പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കുകയായിരുന്നുവെന്ന് കൊദേര്‍മയില്‍നിന്ന് കിഴക്കന്‍ മേഖലാ ജാഥയുടെ ചൊവ്വാഴ്ചത്തെ പര്യടനം തുടങ്ങുംമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു.

സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ബദല്‍നയങ്ങള്‍ക്കുവേണ്ടിയാണ് സിപിഐ എം പൊരുതുന്നത്. 1996ല്‍ കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര പാര്‍ടികളുമായി കൈകോര്‍ത്ത് ഐക്യമുന്നണി രൂപീകരിച്ചത് തെരഞ്ഞെടുപ്പിനുശേഷമാണ്. ബിജെപിയെ അകറ്റിനിര്‍ത്താനായിരുന്നു അത്. ഇടതുപക്ഷപാര്‍ടികളുടെ ഐക്യത്തിലുപരി എഫ്ഡിഐപോലുള്ള വിഷയങ്ങളില്‍ മറ്റു പാര്‍ടികളെക്കൂടി അണിനിരത്തുകയാണ് പാര്‍ടിയുടെ ലക്ഷ്യം- കാരാട്ട് പറഞ്ഞു.

വിവിധ പാര്‍ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ കാരാട്ടുമായി ആശയവിനിമയം നടത്തി. 35 വര്‍ഷത്തിനുശേഷം തദ്ദേശതെരഞ്ഞെടുപ്പ് നടന്നിട്ടും അധികാരമോ ഫണ്ടോ വികേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് തെരഞ്ഞെടുക്കപ്പെ പഞ്ചായത്ത് അംഗങ്ങള്‍ പരാതിപ്പെട്ടു. അഭ്രഖനികളുടെ തലസ്ഥാനമെന്നറിയപ്പെടുന്ന കൊദേര്‍മയിലെ ഖനിത്തൊഴിലാളികള്‍ തങ്ങളുടെ വിഷമതകള്‍ നേതാക്കളുമായി പങ്കുവച്ചു. ആശാവര്‍ക്കേഴ്സ് തങ്ങള്‍ക്ക് അലവന്‍സ് ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു. മാഘാതാരിയിലെ സ്വീകരണത്തിനുശേഷം ജാഥ ബിഹാറിലേക്ക് കടന്നു. രജൗലി, നവാദ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാജ്ഗിറില്‍ സമാപിച്ചു.

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ