ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 6, ബുധനാഴ്‌ച

പണിമുടക്കാനുള്ള അവകാശം തട്ടിപ്പറിക്കാനാവില്ല: യെച്ചൂരി


പണിമുടക്കാനുള്ള അവകാശം തട്ടിപ്പറിക്കാനാവില്ല: യെച്ചൂരി
Posted on: 06-Feb-2013 02:11 AM
കൊല്‍ക്കത്ത: പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ ആര്‍ക്കും തട്ടിപ്പറിക്കാനാവില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. 20, 21 തീയതികളിലെ അഖിലേന്ത്യാ പണിമുടക്ക് എന്തു വിലകൊടുത്തും തടയുമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭീഷണി വിലപ്പോവില്ലെന്നും യെച്ചൂരി പറഞ്ഞു. ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് ഓഫ് ഇന്ത്യ(എഫ്എംആര്‍എഐ) 23-ാം അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് കൊല്‍ക്കത്തയിലെ റാണി റാഷ്മണി റോഡില്‍ സംഘടിപ്പിച്ച വന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശം ഭരണഘടനാദത്തമാണ്. അതാര്‍ക്കും നിഷേധിക്കാനാവില്ല. സമരം തടയുമെന്ന് ഭീഷണിപ്പെടുത്താന്‍ തയ്യാറായ ഏക മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി. എല്ലാവരെയും ഭീഷണിപ്പെടുത്തി ഭരിക്കാമെന്നത് മമതയുടെ വ്യാമോഹംമാത്രമാണ്. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിക്കുപോലും തൊഴിലാളികളുടെ പണിമുടക്കുകള്‍ തടയാനായിട്ടില്ല. മമതയുടെ ഭീഷണി അതിശക്തമായ സമരത്തിന്റെ അനിവാര്യതയാണ് വെളിപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ സൂര്യകാന്ത മിശ്ര പറഞ്ഞു. തിങ്കളാഴ്ച ആരംഭിച്ച എഫ്എംആര്‍എഐ സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആയിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ