ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 6, ബുധനാഴ്‌ച

ബംഗ്ലാദേശില്‍ 71ലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി നേതാവിന് ജീവപര്യന്തം


ബംഗ്ലാദേശില്‍ 71ലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി നേതാവിന് ജീവപര്യന്തം
Posted on: 06-Feb-2013 12:05 AM
ധാക്ക: 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് നടത്തിയ കൂട്ടക്കൊലയടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി ഉന്നത നേതാവിന് ജീവപര്യന്തം തടവ്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഖാദര്‍ മൊള്ളയ്ക്കാണ് മൂന്നംഗ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍ മനുഷ്യരാശിക്കെതിരെ ചെയ്ത കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചത്. വധശിക്ഷ ആവശ്യപ്പെട്ടിരുന്ന പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കും എന്നാണ് സൂചന. ട്രിബ്യൂണല്‍ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പേ അക്രമം ആരംഭിച്ച ജമാഅത്തെ പ്രവര്‍ത്തകര്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. തലസ്ഥാനമായ ധാക്കയടക്കം പല നഗരങ്ങളിലും കാറുകളും മറ്റ് വാഹനങ്ങളും കത്തിച്ചു. ചിറ്റഗോങ്ങില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ചൊവ്വാഴ്ച ദേശീയ ഹര്‍ത്താലിന് ആഹ്വാനംചെയ്തിരുന്നു. അധികൃതര്‍ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ പാകിസ്ഥാനായിരുന്ന ബംഗ്ലാദേശിന്റെ വിമോചനപ്പോരാട്ടം അടിച്ചമര്‍ത്താന്‍ പാക് സൈന്യത്തിന് ഒപ്പം ചേര്‍ന്ന് അതിക്രമങ്ങള്‍ നടത്തിയ കക്ഷികളില്‍ പ്രമുഖമായിരുന്നു ജമാഅത്തെ ഇസ്ലാമി. മൂന്നാഴ്ചമുമ്പ് മറ്റൊരു മുന്‍ ജമാഅത്തെ നേതാവ് അബുല്‍ കലാം അസാദിന് ട്രിബ്യൂണല്‍ വധശിക്ഷ വിധിച്ചിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ ഇസ്ലാമിക പരിപാടികള്‍ അവതരിപ്പിക്കുന്ന അയാള്‍ ഇപ്പോള്‍ പാകിസ്ഥാനിലാണ്. മൊള്ളയ്ക്കെതിരെ ചുമത്തിയ ആറ് കുറ്റങ്ങളില്‍ അഞ്ചും തെളിയിക്കപ്പെട്ടതായി ചൊവ്വാഴ്ചത്തെ വിധിയില്‍ വ്യക്തമാക്കി. നിരായുധരായ ജനങ്ങള്‍ക്കെതിരെ വംശഹത്യയും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നടത്തുന്നതില്‍ സജീവപങ്കു വഹിച്ച മൊള്ള മറ്റ് കുറ്റവാളികള്‍ക്ക് സൗകര്യമൊരുക്കുന്നതിലും മുന്നിലായിരുന്നു. നിരായുധരായ 381 പൗരന്മാരെ കൊല്ലുന്നതില്‍ പങ്കുവഹിച്ചു എന്നായിരുന്നു ചുമത്തപ്പെട്ട കുറ്റങ്ങളില്‍ ഒന്ന്. ജമാഅത്തെ ഇസ്ലാമിയുടെ മറ്റ് ആറ് നേതാക്കള്‍കൂടി ട്രിബ്യൂണലിന്റെ മുന്നില്‍ വിചാരണ നേരിടുകയാണ്. 2010ല്‍ ട്രിബ്യൂണല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ ജമാഅത്തെയടക്കം ബംഗ്ലാദേശിലെ വലതുപക്ഷ കക്ഷികള്‍ അതിനെതിരെ രംഗത്തുണ്ട്. 2010 ജൂലൈയിലാണ് മൊള്ള മറ്റൊരു നേതാവിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ മെയ് 28നാണ് കുറ്റം ചുമത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ