ബ്ലോഗ് ആര്‍ക്കൈവ്

2014, മാർച്ച് 12, ബുധനാഴ്‌ച

കരട് വിജ്ഞാപനത്തിന് നിയമസാധുതയില്ല: പരിസ്ഥിതിമന്ത്രാലയം

കരട് വിജ്ഞാപനത്തിന് നിയമസാധുതയില്ല: പരിസ്ഥിതിമന്ത്രാലയം

കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കിയുള്ള 2013 നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റമില്ലെന്ന് വനം-പരിസ്ഥിതിമന്ത്രാലയം സെക്രട്ടറി വി രാജഗോപാല്‍. നിര്‍ദേശങ്ങള്‍ സംബന്ധിച്ച് അന്തിമവിജ്ഞാപനം വരുംവരെ നിലനില്‍ക്കുന്നത് നവംബര്‍ 13ലെ ഉത്തരവാണെന്നും അദ്ദേഹം വ്യക്തമാക്കി. കരട്വിജ്ഞാപനമിറങ്ങിയതോടെ നവംബര്‍ 13ലെ ഉത്തരവ് റദ്ദായെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം ഇതോടെ പൊളിഞ്ഞു. ബന്ധപ്പെട്ടവരുടെ അഭിപ്രായം സ്വീകരിക്കുന്നതിനാണ് കരട്വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ഇതില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായി ഒരു സാധുതയുമില്ലെന്നും പരിസ്ഥിതി മന്ത്രാലയത്തില്‍ പശ്ചിമഘട്ടം സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്തിമവിജ്ഞാപനത്തിലൂടെ മാത്രമേ നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റം വരുത്താനാകൂ. മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. കരട് വിജ്ഞാപനമെന്നത് വകുപ്പുതലത്തിലുള്ള തുടര്‍നടപടിമാത്രമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേരളം സമ്മര്‍ദം ചെലുത്തിയതിനാല്‍ പുറത്തിറക്കിയെന്നു മാത്രം- ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം കരട്വിജ്ഞാപനത്തില്‍ കേരളത്തിലെ പരിസ്ഥിതിലോല മേഖലകളുടെമാത്രം ഭൂപടം ഉള്‍പ്പെടുത്താതെ പരിസ്ഥിതിമന്ത്രാലയം തന്ത്രപരമായി നീങ്ങി. എന്നാല്‍, പശ്ചിമഘട്ട മേഖലയില്‍ വരുന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല മേഖലകളുടെ ഭൂപടം ഉള്‍പ്പെടുത്തി. പരിസ്ഥിതിലോല മേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് കേരളം എന്തൊക്കെ നിര്‍ദേശിച്ചുവെന്ന് കരടുവിജ്ഞാപനത്തില്‍ പരാമര്‍ശമുണ്ട്. എന്നാല്‍,ഭൂപടംമാത്രമില്ല. കേരളത്തിന്റെ ഭൂപടത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദേശം. ഇത് കേരളം നിര്‍ദേശിച്ച ഭൂപടംമാത്രമാണെന്ന് എടുത്തുപറയുന്നുമുണ്ട്. ഇതുവഴി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും പരിഗണയിലാണെന്നത് കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ തന്ത്രപരമായ നിലപാട്. ഭാവിയില്‍ വന്നേക്കാവുന്ന കോടതി ഉത്തരവുകള്‍ക്ക് അനുസൃതമായി കരടില്‍ മാറ്റമുണ്ടാകുമെന്ന് മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലപാട് അടിക്കടി മാറ്റുന്നത് ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശത്തിനിടയാക്കുമോയെന്ന ആശങ്ക മന്ത്രാലയത്തിനുണ്ട്. ജനുവരി 28ന് കേസ് പരിഗണിച്ചപ്പോള്‍ കസ്തൂരിരംഗന്‍ നിര്‍ദേശം നടപ്പാക്കിയുള്ള നവംബര്‍ 13ന്റെ ഉത്തരവ് മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രം അറിയിച്ചത് ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെ ഭാഗമായി ചേര്‍ത്തിരുന്നു. അന്തിമ വിജ്ഞാപനം വരുംവരെ നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റത്തിന് ട്രിബ്യൂണല്‍ അനുമതി നല്‍കില്ലെന്ന് തീര്‍ച്ച. നവംബര്‍ 13ന്റെ ഉത്തരവില്‍ 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള പരിസ്ഥിതിലോല മേഖലയുടെ ഭൂപടവും ചേര്‍ത്തിരുന്നു. ഭൂപടത്തിലെ മാറ്റം കേരളത്തിന്റെ ശുപാര്‍ശ മാത്രമാണെന്നും തങ്ങള്‍ അംഗീകരിക്കുകയോ അന്തിമ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ലെന്നും ട്രിബ്യൂണലില്‍ വാദിക്കാന്‍ ഇതുവഴി മന്ത്രാലയത്തിനാവും. കേരളത്തില്‍ 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതിലോലമായി കണ്ടെത്തിയത്. ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടതെന്ന് കരടുവിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നു. നവംബര്‍ 13ലെ ഉത്തരവുവഴി പരിസ്ഥിതിലോല മേഖലയില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കരടിലും ആവര്‍ത്തിക്കുന്നു.

ആശയക്കുഴപ്പം കൂടുതല്‍ രൂക്ഷമായി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള കരടുവിജ്ഞാപനം തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള തട്ടിപ്പാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതോടെ മുടന്തന്‍ന്യായങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. കരടുവിജ്ഞാപനത്തെ പൂര്‍ണമായി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി നടത്തുന്ന ന്യായവാദമെല്ലാം വീണ്ടും പൊളിയുകയാണ്. ഒരു നിയമസാധുതയുമില്ലാത്ത കരടുവിജ്ഞാപനത്തെ അന്തിമവിജ്ഞാപനമാക്കി ചിത്രീകരിക്കാന്‍ യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ ശ്രമം തുടങ്ങി. കരടുവിജ്ഞാപനം ഇറങ്ങിയാലും നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയ നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന കാര്യം കേന്ദ്ര പരിസ്ഥിതി വകുപ്പ് സെക്രട്ടറി ആവര്‍ത്തിച്ചു വ്യക്തമാക്കി കഴിഞ്ഞു. ഉത്തരവ് റദ്ദാക്കാനും ആകില്ല. കരടുവിജ്ഞാപനത്തിന് നിയമസാധുതയുണ്ടെന്ന് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചറിയിച്ച മുഖ്യമന്ത്രി അടുത്ത ആഴ്ചമുതല്‍ ഇതു നടപ്പാക്കുമെന്നുവരെ പറഞ്ഞുവച്ചു. അന്തിമവിജ്ഞാപനമോ ഗ്രീന്‍ ട്രിബ്യൂണലിന്റെ അനുമതിയോ ഇല്ലാത്ത കാര്യത്തില്‍ എങ്ങനെ ഇത് സാധ്യമാകുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. കൂടുതല്‍ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉമ്മന്‍ചാണ്ടി ക്ഷുഭിതനാകുകയും ചെയ്തു.

കരടുവിജ്ഞാപനം നടപ്പാക്കുന്നതിനായി സംസ്ഥാനം ഉത്തരവ് ഇറക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മുഖ്യമന്ത്രി തിരുത്തി. മുഖ്യമന്ത്രിയുടെ വിശദീകരണങ്ങള്‍ ആശയക്കുഴപ്പം രൂക്ഷമാക്കിയതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെ അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് പോകുകയും ചെയ്തു. കരടുവിജ്ഞാപനത്തിന്മേല്‍ പൊതുജനാഭിപ്രായം തേടി അന്തിമവിജ്ഞാപനമടക്കമുള്ള കാര്യങ്ങളിലേക്ക് എത്തണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും. ഇവയെല്ലാം ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കുകയും ചെയ്യും. ഏഴു സംസ്ഥാനത്തിന് ബാധകമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിനു മാത്രമായി തട്ടിക്കൂട്ടി ഇറക്കിയിരിക്കുന്ന കരടുവിജ്ഞാപനത്തിന് നിലനില്‍പ്പില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിജ്ഞാപനത്തില്‍ മറ്റ് ആറ് സംസ്ഥാനത്തെപ്പറ്റി ഒരു പരാമര്‍ശവുമില്ല. വിജ്ഞാപനത്തെ മറ്റു സംസ്ഥാനങ്ങള്‍ ചോദ്യംചെയ്താലും പ്രശ്നങ്ങള്‍ സങ്കീര്‍ണമാകും.

ദിലീപ് മലയാലപ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ