ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

ലോകത്തെ പട്ടിണിക്കാരില്‍ നാലിലൊന്നും ഇന്ത്യയില്‍

ലോകത്തെ പട്ടിണിക്കാരില്‍ നാലിലൊന്നും ഇന്ത്യയില്‍

ലോകത്താകെ വിശപ്പുകൊണ്ട് വലയുന്നവരില്‍ നാലിലൊന്ന് ഇന്ത്യയില്‍. പട്ടിണിയും പോഷകാഹാരക്കുറവും കുറയ്ക്കുന്നതില്‍ ഇന്ത്യക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആഗോള വിശപ്പുസൂചികയില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യസംഘടനയാണ് വിശപ്പുസൂചിക തയ്യാറാക്കിയത്.

വിശപ്പ് കുറയ്ക്കുന്നതില്‍ പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയ്ക്കു മുന്നിലാണ്. ഇന്ത്യയില്‍ 21 കോടി പേര്‍ പട്ടിണിയിലാണെന്ന് സൂചിക പറയുന്നു. ലോകത്താകെ 87 കോടി ജനങ്ങളാണ് പട്ടിണിയിലും ഗുരുതരമായ പോഷകാഹാരക്കുറവിലും ജീവിക്കുന്നത്. 120 രാജ്യങ്ങളിലെ ഭക്ഷ്യലഭ്യത, പോഷകാഹാര ലഭ്യത, പോഷകാഹാരമില്ലാതെ മരിച്ച അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ എണ്ണം, അഞ്ചു വയസ്സിനു താഴെയുള്ള ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് കണക്ക്.

2012ലെ സൂചികയെ അപേക്ഷിച്ച് ഇന്ത്യ നില അല്‍പ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആഫ്രിക്കന്‍ രാജ്യങ്ങളടക്കം കൈവരിച്ച നേട്ടത്തിന്റെ തോതനുസരിച്ച് ഇന്ത്യക്ക് നില മെച്ചപ്പെടുത്താനായില്ല. നൂറു പോയിന്റ് അടിസ്ഥാനമാക്കിയാണ് സ്ഥാനനിര്‍ണയം. പൂജ്യംപോയിന്റുള്ള രാജ്യങ്ങളില്‍ പോഷകാഹാരക്കുറവുമൂലം മരണമില്ല. ഭാരക്കുറവുള്ള കുഞ്ഞുങ്ങളുമില്ല. ഇവയാണ് പട്ടികയില്‍ മികച്ച രാജ്യങ്ങള്‍. 100 പോയിന്റ് നേടുന്ന രാജ്യത്ത് കുഞ്ഞുങ്ങളെല്ലാം പോഷകാഹാരക്കുറവുള്ളവരും ഭാരക്കുറവുമുള്ളവരായിരിക്കും. ശിശുമരണം കൂടിയ നിരക്കിലായിരിക്കും.

4.9 പോയിന്റില്‍ താഴെയുള്ള രാജ്യങ്ങളാണ് പോഷകാഹാരക്കുറവ് ഇല്ലാത്തവ. അഞ്ചു പോയിന്റിനും 9.9 പോയിന്റിനുമിടയ്ക്കുള്ള രാജ്യങ്ങള്‍ സാമാന്യം മെച്ചപ്പെട്ട വിഭാഗത്തില്‍. 10നും 19.9നും ഇടയ്ക്കുവരുന്ന രാജ്യങ്ങളെ ഗുരുതരം, 20 പോയിന്റിനും 29.9 പോയിന്റിനുമിടയ്ക്കുള്ള രാജ്യങ്ങളെ ഭയാനകം, 30 പോയിന്റിനു മുകളിലുള്ളവയെ അതീവ ഭയാനകം എന്നീ വിഭാഗങ്ങളിലാണ്. 21.3 പോയിന്റുള്ള ഇന്ത്യ ഭയാനകസ്ഥിതിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ്. പാകിസ്ഥാന്‍ (19.3 പോയിന്റ്), ബംഗ്ലാദേശ് (19.4), നേപ്പാള്‍ (17.3), ശ്രീലങ്ക (15.6) എന്നിവ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയില്‍. ചൈന 5.5 പോയിന്റും വിയറ്റ്നാം 7.7 പോയിന്റും നേടി മെച്ചപ്പെട്ട നിലയിലാണ്.

ഇരുപതുവര്‍ഷത്തിനിടെ പട്ടിണിയും പോഷകാഹാരക്കുറവും കുറയ്ക്കുന്നതില്‍ അംഗോള, ബംഗ്ലാദേശ്, കംബോഡിയ, എത്യോപ്യ, ഘാന, മലാവി, നൈജര്‍, റുവാണ്ട, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവ മികച്ച നേട്ടം കൈവരിച്ചു. ഇന്ത്യ നില മെച്ചപ്പെടുത്തുന്നെങ്കിലും വേഗതയില്ല. കലോറി അടിസ്ഥാനമാക്കിയുള്ള പ്രതിശീര്‍ഷ പോഷകാഹാര ലഭ്യതയെക്കുറിച്ച് ദേശീയ സാമ്പിള്‍ സര്‍വേ സംഘടന നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ 1993-94ലെ പ്രതിശീര്‍ഷ കലോറിയായ 2153ല്‍ നിന്ന് 2009-10ല്‍ 2020 ആയി കുറഞ്ഞെന്നു സൂചിപ്പിക്കുന്നുണ്ട്. ഭക്ഷ്യോല്‍പ്പാദനം കൂടുന്നതിന് ആനുപാതികമായി പോഷകാഹാരലഭ്യത വര്‍ധിക്കാത്തതിനു കാരണം വിതരണത്തിലെ പോരായ്മയാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
(വി ജയിന്‍)

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ