ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

ന്യൂനപക്ഷ സംരക്ഷണത്തിന് ഇടതുപക്ഷം ശക്തിപ്പെടണം: പിണറായി

ന്യൂനപക്ഷ സംരക്ഷണത്തിന് ഇടതുപക്ഷം ശക്തിപ്പെടണം: പിണറായി

ന്യൂനപക്ഷ സംരക്ഷണത്തിന് മതനിരപേക്ഷ സമൂഹം അത്യന്താപേക്ഷിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷമാണ് അതിന്റെ ഗ്യാരന്റി. ഇടതുപക്ഷ ശക്തികളുടെ വളര്‍ച്ചയിലൂടെ മാത്രമേ ഇവിടെ ന്യനപക്ഷ സംരക്ഷണവും ഉറപ്പുവരുത്താനാവൂ. "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" സെമിനാര്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ സാമൂഹ്യമായി ഏറെ മുന്‍പന്തിയിലാണ്. മതപരപായ വിവേചനമോ അടിച്ചമര്‍ത്തലുകളോ ഇവിടെയില്ല. ഇതിനുകാരണം ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഇടപെടലുകളാണ്. മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് കേരളത്തിലാണ്- 1957ലെ ഇ എം എസ് സര്‍ക്കാര്‍. പാവപ്പെട്ട മുസ്ലിം ജനവിഭാഗത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നില മെച്ചപ്പെടുത്താനും ഇടതുപക്ഷ സര്‍ക്കാരുകള്‍ വലിയ പങ്കുവഹിച്ചു. ഭൂപരിഷകരണം ഉണ്ടാക്കിയ മാറ്റം ചെറുതല്ല. സച്ചാര്‍ കമീഷന്‍ ശുപാര്‍കളെ തുടര്‍ന്ന് പാലോളി കമീഷനെ നിയോഗിച്ച് റിപ്പോര്‍ട്ട് താമസംവിനാ നടപ്പാക്കിയതു വരെയുള്ള കാര്യങ്ങള്‍ ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇടതുപക്ഷത്തിന്റെ പ്രതിബന്ധത വ്യക്തമാക്കുന്നു.

സാമ്രാജ്യത്ത - ജന്മിത്ത വിരുദ്ധകലാപങ്ങളില്‍ കേരളത്തിലെ മുസ്ലീങ്ങള്‍ സുപ്രധാനപങ്കാണ് വഹിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോര്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയെന്ന നിലയില്‍ വര്‍ഗീയകക്ഷികള്‍ സ്വീകരിക്കുന്നത് സ്ത്രീവിരുദ്ധ - പിന്തിരിപ്പന്‍ നയങ്ങളാണ് . ഇത് തിരിച്ചറിയപ്പെടണം. അതാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന നിലപാടിന് പിന്നിലും. ഇത് ആ വിഭാഗത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തെ തടയുകയും അവരെ പൊതുധാരയില്‍നിന്ന് അകറ്റുകയും ചെയ്യും. ശാരീരികവും മാനസീകവുമായ പക്വത വരുമ്പോളാണ് വിവാഹവും ഗര്‍ഭധാരണവും വേണ്ടത്. അല്ലാതെ കളിച്ച് നടക്കുന്ന കുട്ടിയെ വിവാഹം കഴിപ്പിക്കലല്ല. എന്നാല്‍ ഇതിന്റെ വക്താക്കളായി വരുന്നവര്‍ മതത്തിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന മുസ്ലിംലീഗ് അധികാര രാഷ്ട്രീയമാണ് ലക്ഷ്യംവെക്കുന്നത്. മതത്തിന്റെ പേരില്‍ അധികാരത്തിലെത്തുന്നവര്‍ മുസ്ലീം വിഭാഗത്തിലെ പ്രമാണിമാരായ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. ഭൂരിപക്ഷം വരുന്ന ദരിദ്രരെ കാണാന്‍ അവര്‍ക്കാകില്ല. ബിജെപിയില്‍നിന്നും എന്‍ഡിഎഫിന്‍നിന്നും ഒരുപോലെ വോട്ടുവാങ്ങി കോണ്‍ഗ്രസും മുസ്ലീം ലീഗും അടങ്ങുന്ന യുഡിഎഫ് അധികാരത്തിലെത്തുന്നത് കേരളം കണ്ടതാണ്.

യുഡിഎഫ് രാഷ്ട്രീയത്തിന്റെ മൊത്തം ഫലം വര്‍ഗീയ ധ്രുവീകരണം സംഭവിക്കുന്നു എന്നതാണ്. കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും പരിശോധിച്ചാല്‍ അതെല്ലാം യുഡിഎഫ് ഭരിക്കുമ്പോഴാണെന്നു കാണാം. എല്‍ഡിഎഫ് ഭരണകാലത്ത് ഇത്തരം അവസ്ഥയില്ല. രാഷ്ട്രീയ അധികാരം സ്ഥാപിക്കല്‍ ഒരു ഘട്ടത്തിലും മുസ്ലിം സമൂഹത്തിന്റെ അജന്‍ഡയായിരുന്നില്ല. ഈ പാരമ്പര്യം തകര്‍ത്തത് മുസ്ലിം വിഭാഗത്തിലെ വര്‍ഗീയ ശക്തികളാണ്. ഇത് പൊതുധാരയില്‍നിന്ന് മുസ്ലിങ്ങളെ ഒറ്റപ്പെടുത്തും. ഭൂരിപക്ഷ വര്‍ഗീയതക്ക് വളരാന്‍ സൗകര്യമൊരുക്കും. ഇത്തരം വര്‍ഗീയ അജന്‍ഡകളെ പ്രതിരോധിക്കണം. പൊതു മണ്ഡലങ്ങള്‍ ശക്തിപ്പെടുത്തണം.മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കല്‍ ഉള്‍പ്പെടെ ജനങ്ങളെ പിന്നോട്ടു നയിക്കുന്ന എല്ലാ നിലപാടുകളെയും ചെറുക്കാന്‍ കഴിയണമെന്നും പിണറായി പറഞ്ഞു.

ജവഹര്‍ സ്റ്റേഡിയത്തില്‍ അയ്യായിരത്തിലേറെ പേര്‍ അണിനിരന്ന സെമിനാറില്‍ സംഘാടകസമിതി ചെയര്‍മാന്‍ റിട്ട. ജില്ലാ ജഡ്ജി എം എ നിസാര്‍ അധ്യക്ഷനായി. ഡോ. ഹുസൈന്‍ രണ്ടത്താണി വിഷയം അവതരിപ്പിച്ചു. മുന്‍മന്ത്രി ടി കെ ഹംസ, പി ടി എ റഹിം എംഎല്‍എ, ഡോ. ഫസല്‍ ഗഫൂര്‍, എസ് എ പുതിയവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. "കേരളത്തിലെ വര്‍ഗീയ കലാപങ്ങളും ഇടതുപക്ഷവും" എന്ന വിഷയം സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനും "വഖഫ് സ്വത്തുക്കളുടെ അന്യാധീനപ്പെടല്‍" എന്ന വിഷയം എം എ നിസാറും അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ