ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 5, ചൊവ്വാഴ്ച

വിഴിഞ്ഞം പദ്ധതിക്ക് മരണമണി


വിഴിഞ്ഞം പദ്ധതിക്ക് മരണമണി


കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മരണമണി മുഴങ്ങുന്നു. നിര്‍ദിഷ്ട പദ്ധതിക്ക് കേന്ദ്രബജറ്റില്‍ ഒരുരൂപപോലും അനുവദിക്കാതിരുന്നതോടെ പദ്ധതി അട്ടിമറിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണ് പുറത്തായത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്ന പ്രഖ്യാപനങ്ങളുടെ പൊള്ളത്തരവും വ്യക്തമായി. കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാകില്ലെന്ന് ഉറപ്പായതോടെ പദ്ധതി പൂര്‍ണമായി നിലയ്ക്കും. പൊതുബജറ്റില്‍ വിഴിഞ്ഞം പദ്ധതിയെപ്പറ്റി പരാമര്‍ശം പോലുമില്ല. ആന്ധ്രയിലും പശ്ചിമബംഗാളിലും പുതിയ രണ്ട് തുറമുഖങ്ങളും തമിഴ്നാട് തൂത്തുക്കുടിയില്‍ പുതിയ കണ്ടെയ്നര്‍ ടെര്‍മിനല്‍ തുറമുഖവും അനുവദിച്ച ധനമന്ത്രി ചിദംബരം വിഴിഞ്ഞത്തെ പൂര്‍ണമായി തഴഞ്ഞു. തൂത്തുക്കുടിയില്‍ 7500 കോടിയുടെ അനുബന്ധ തുറമുഖത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ 600 കോടി അധികമായി അനുവദിക്കുകയും ചെയ്തു.

ഒന്നാം ഘട്ടത്തില്‍ 4010 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം ഉറപ്പാക്കിയെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രചാരണം. പ്രധാനമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത നിരത്തുകയും ചെയ്തു. കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രചാരണവുമുണ്ടായി. എന്നാല്‍, ബജറ്റ് പ്രസംഗം പുറത്തു വന്നതോടെ ഇവര്‍ക്ക് മിണ്ടാട്ടമില്ലാതായി. പദ്ധതിക്ക് ധനമന്ത്രാലയത്തിന്റെയും ആസൂത്രണകമീഷന്റെയും സഹായം നല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം പൂര്‍ണമായി തള്ളി.

പദ്ധതിക്കെതിരെ കേന്ദ്രതലത്തിലും അന്തരാഷ്ട്ര തലത്തിലുമുള്ള ലോബികള്‍ നീക്കം നടത്തി വരികയായിരുന്നു. അവര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേന്ദ്ര ആസൂത്രണകമീഷന്‍ അടുത്തകാലത്ത് മുന്നോട്ടുവച്ച ഉപാധികളും പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതായിരുന്നു. പദ്ധതി നടത്തിപ്പ് സ്വകാര്യ പങ്കാളിത്ത മാതൃകയിലാക്കണമെന്നും സര്‍ക്കാരിന്റെ ഉടമസ്ഥത ഒഴിവാക്കണമെന്നുമായിരുന്നു കമീഷന്‍ നിര്‍ദേശം. സംസ്ഥാന ആസൂത്രണ ബോര്‍ഡും ഇതേ നിലപാടാണെടുത്തത്. തുറമുഖം സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സംവിധാനമായ ലാന്‍ഡ് ലോര്‍ഡ് വികസിപ്പിക്കാണ് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 12,500 കണ്ടെയ്നര്‍ ശേഷിയുള്ള കപ്പലുകള്‍ അതിവേഗം എത്തി കയറ്റിറക്ക് നടത്തി മടങ്ങാനുള്ള സൗകര്യങ്ങളുള്ള ലോകത്തെ തന്നെ വലുതും സ്വാഭാവികവുമായ തുറമുഖത്തിനായിരുന്നു പദ്ധതി. മൂന്നുഘട്ടമായി പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിനായി 450 കോടി സര്‍ക്കാര്‍ ധനസഹായം നല്‍കാനും 2500 കോടി കണ്ടെത്തുന്നതിന് എസ്ബിഐയുടെ കണ്‍സോര്‍ഷ്യവും രൂപീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി 120 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചു. വൈദ്യുതി, റെയില്‍, റോഡ്, ജലവിതരണം എന്നിവയ്ക്കായുള്ള നടപടികളും പൂര്‍ത്തീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ പലകാരണങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി സ്തംഭിച്ചു. സ്ഥലം ഏറ്റെടുക്കല്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെല്ലാം നിലച്ചു. ഒന്നര വര്‍ഷമായി പരിസ്ഥിതി ആഘാത പഠനം എന്നപേരില്‍ ഇടംകോലിടുകയും ചെയ്തു.
(ദിലീപ് മലയാലപ്പുഴ)

deshabhimani 020313

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ