ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 7, വ്യാഴാഴ്‌ച

പി ജയരാജനെ പ്രതിയാക്കിയത് ഉന്നതരുടെ കുബുദ്ധി: പിണറായി


പി ജയരാജനെ പ്രതിയാക്കിയത് ഉന്നതരുടെ കുബുദ്ധി: പിണറായി


മറ്റൊരു കേസില്‍ പ്രതിയാക്കാനുള്ള ഗൂഢാലോചനയുടെ തുടര്‍ച്ചയായാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഷുക്കൂര്‍ കേസില്‍പ്പെടുത്തിയതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ കുബുദ്ധിയില്‍ വേറെ ചില ലക്ഷ്യങ്ങളായിരുന്നു. എന്നാല്‍ ആ കേസില്‍പെടുത്തിയവരെ തിരിച്ചും മറിച്ചും ചോദ്യംചെയ്തിട്ടും ദിവസങ്ങളോളം ഭീകരമായി മര്‍ദിച്ചിട്ടും പി ജയരാജനും മറ്റുമെതിരെ തെളിവിന്റെ കണികപോലും ലഭിച്ചില്ല. ആ വഴിക്ക് അധികം പോയിട്ട് കാര്യമില്ലെന്ന് ബോധ്യമായതോടെയാണ് എങ്കില്‍ ഷുക്കൂര്‍ കേസില്‍തന്നെ ഇരിക്കട്ടെയെന്ന് തീരുമാനിച്ചതും അതിനായി കള്ളക്കഥ മെനഞ്ഞതും. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "നീതിസാക്ഷ്യം" പരിപാടി സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

ഇപ്പോള്‍ സത്യം പുറത്തുവന്നതോടെ യുഡിഎഫ് സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ രണ്ടു പ്രധാന നേതാക്കള്‍ക്കെതിരെ കള്ളക്കേസ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് നേതൃത്വം നല്‍കി. അതിനായി സാക്ഷികളെയും കള്ളമൊഴിയുമുണ്ടാക്കി. നീതിബോധമുള്ള സര്‍ക്കാരാണെങ്കില്‍ കള്ളക്കഥ മെനഞ്ഞ പൊലീസ് ഉദ്യോസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമായിരുന്നു. ഇവിടെ മുഖ്യപ്രതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായതിനാല്‍ അതു പ്രതീക്ഷിക്കാനാവില്ല. ഷുക്കൂര്‍ കേസുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള ഗൂഢാലോചന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നതായാണ് തെളിഞ്ഞത്. രാഷ്ട്രീയ നെറികേട് കാണിക്കുന്നതിന് ഒരു മനഃസാക്ഷിക്കുത്തുമില്ലാത്തയാളാണ് ഉമ്മന്‍ചാണ്ടി. ആളുകളുടെ മേല്‍ തെറ്റിദ്ധാരണ പരത്താനും രാഷ്ട്രീയ എതിരാളികളെ ബോധപൂര്‍വം കരിവാരിത്തേക്കാനും മുഖ്യമന്ത്രിക്ക് മടിയില്ല.

പിറവം ഉപതെരഞ്ഞെടുപ്പില്‍ കരകയറുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് കഥ മെനഞ്ഞുണ്ടാക്കി. യുഡിഎഫിനുവേണ്ടി എന്തുംചെയ്യാന്‍ സന്നദ്ധതയുള്ള, അതിന്റെ പേരില്‍ സ്വന്തം വിശ്വാസ്യത തകരുന്നതില്‍പോലും അങ്കലാപ്പില്ലാത്ത വലതുപക്ഷ മാധ്യമങ്ങള്‍ ഈ കഥ നാട്ടുകാരുടെ മുന്നിലെത്തിച്ചു. അരിയില്‍വച്ച് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും അപായപ്പെടുത്താനാണ് ലീഗുകാര്‍ ശ്രമിച്ചത്. ആശ്ചര്യകരമായ രക്ഷപ്പെടലായിരുന്നു. തുടര്‍ന്ന് നിര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നു. അതിനുശേഷം ചേര്‍ന്ന സമാധാന കമ്മിറ്റി യോഗത്തില്‍പോലും സിപിഐ എമ്മിനെയല്ല, ലീഗിനെയാണ് ഡിസിസി പ്രസിഡന്റുള്‍പ്പെടെ കുറ്റപ്പെടുത്തിയത്. ഏറെക്കഴിഞ്ഞാണ് പുതിയ കഥ രൂപപ്പെടുത്തുന്നത്. പിറവം തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനെതിരെ വികാരമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. കുറച്ചുദിവസം ഇത് നന്നായി കൊണ്ടാടി. തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ ഇതുമാത്രമായിരുന്നു യുഡിഎഫിന്റെ പ്രചാരണായുധം. ഷുക്കൂര്‍ വധത്തിന്റെ എഫ്ഐആറില്‍, പിന്നെ കഥയിലെ ഒരു ഭാഗവും ഉണ്ടായിരുന്നില്ല. ഇത്തരം നെറികേടുകള്‍ക്കെതിരെ വന്‍ ജനരോഷമുയരണമെന്ന് പിണറായി പറഞ്ഞു.

deshabhimani 070313

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ