ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

സൂര്യനെല്ലി: നിയമസഭയിലേക്ക് വിദ്യാര്‍ഥിനിമാര്‍ച്ച്


സൂര്യനെല്ലി: നിയമസഭയിലേക്ക് വിദ്യാര്‍ഥിനിമാര്‍ച്ച്


സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥിനികള്‍ കുര്യന്റെ കോലംകത്തിച്ചു. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് പി കെ ശ്രീമതി പറഞ്ഞു. 17 വര്‍ഷമായി മറ്റൊരു കുടുംബവും നേരിടാത്ത വേദനയാണ് ആ കുടുംബം അനുഭവിക്കുന്നത്. 17 വര്‍ഷമായി പെണ്‍കുട്ടി ഒരേ കാര്യംതന്നെ പറയുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പെണ്‍കുട്ടി മൊഴി മാറ്റി പറയണമെന്നതാണോ മുഖ്യമന്ത്രിയുടെ ആവശ്യം. ഐസ്ക്രീം കേസില്‍ മൊഴി മാറ്റിയതുമൂലം ഉണ്ടായ അവസ്ഥ എല്ലാവര്‍ക്കും അറിയാം. ഇരയായ പെണ്‍കുട്ടിയോട് ആശ്വാസവാക്കുപോലും പറയാത്ത മുഖ്യമന്ത്രി കുറ്റാരോപിതനെ സംരക്ഷിക്കുകയാണ്. കുര്യനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍നയത്തില്‍ പ്രതിഷേധിച്ച വനിതാ എംഎല്‍എമാരെയും മഹിളാപ്രവര്‍ത്തകരെയും മര്‍ദിച്ച പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുക, കുര്യനെതിരെ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.

യൂണിവേഴ്സിറ്റി കോളേജ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് യുദ്ധസ്മാരകത്തിനു സമീപം പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ നൂറുകണക്കിനു വിദ്യാര്‍ഥിനികള്‍ അണിനിരന്നു. സംസ്ഥാന കമ്മിറ്റി അംഗം അഥീന സതീഷ് അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ചിന്ത ജെറോം, ധന്യ വിജയന്‍, ജില്ലാ പ്രസിഡന്റ് എ എം അന്‍സാരി എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ പ്രതിഷേധ പരിപാടികളും യോഗങ്ങളും സംഘടിപ്പിച്ചു. എഐവൈഎഫ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി കുര്യന്റെ കോലം കത്തിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി മാര്‍ച്ച് ഉദ്ഘാടനംചെയ്തു. മീനാങ്കല്‍ കുമാര്‍ അധ്യക്ഷനായി. പി ജെ കുര്യന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു.

സോണിയാഗാന്ധി ഇടപെടുമോ: ശ്രീമതി

സൂര്യനെല്ലിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പി ജെ കുര്യനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുമോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച സോണിയാഗാന്ധി, സൂര്യനെല്ലി പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വികാരം മാനിക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ബില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പീഡനക്കേസില്‍ ആരോപണവിധേയനായ ആള്‍ അധ്യക്ഷപദവിയില്‍ ഇരിക്കുന്നത് ശരിയാണോ എന്ന് സോണിയാഗാന്ധി പരിശോധിക്കണമെന്നും ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു.

കുര്യനെ രക്ഷിക്കാന്‍ ഡിജിപി നിയമോപദേശം നല്‍കി

കൊച്ചി: സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്റെ പേരില്‍ കേസെടുക്കാനോ അന്വേഷണത്തിനോ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി. ബുധനാഴ്ചയാണ് ഡിജിപി ടി പി ആസിഫ് അലി പ്രത്യേക ദൂതന്‍ മുഖേന നിയമോപദേശം ആഭ്യന്തരവകുപ്പിനു കൈമാറിയത്.

 പി ജെ കുര്യനെ കുറ്റവിമുക്തനാക്കി 2007ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കുര്യനെതിരെ പുതിയ കേസെടുക്കാന്‍ തടസ്സമുണ്ടെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്. സൂര്യനെല്ലിക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളോ തെളിവുകളോ പുറത്തുവന്നിട്ടില്ലെന്ന വിചിത്രവാദവും ഡിജിപി മുന്നോട്ടുവക്കുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി മുമ്പ് പറഞ്ഞ മൊഴി ആവര്‍ത്തിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കുര്യനെതിരായി ബിജെപി നേതാവ് രാജനും ഇടിക്കുളയുടെ ഭാര്യ അന്നമ്മയും അടക്കം നാലുപേര്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത് ഡിജിപി മറച്ചുവച്ചു. സുപ്രീംകോടതി അവസാനിപ്പിച്ച ജയകൃഷ്ണന്‍, അഞ്ചേരി ബേബി വധക്കേസുകളില്‍ പുന:രന്വേഷണം നടത്താമെന്ന് നിയമോപദേശം ലഭിച്ചതും ഇതേ സര്‍ക്കാരിന്റെ കാലത്താണ്.

deshabhimani 080213

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ