ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 19, ശനിയാഴ്‌ച

ഐഎന്‍ടിയുസിയെ തഴഞ്ഞു; ശിബിറില്‍ തൊഴിലാളിക്ക് അയിത്തം


ഐഎന്‍ടിയുസിയെ തഴഞ്ഞു; ശിബിറില്‍ തൊഴിലാളിക്ക് അയിത്തം


ജയ്പുര്‍: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറില്‍ ഐഎന്‍ടിയുസിയെ തഴഞ്ഞു. തൊഴിലാളിപ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമെന്നതിനാലാണ് ഐഎന്‍ടിയുസി നേതാക്കളെ ക്ഷണിക്കാതിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉദ്ഘാടനപ്രസംഗത്തിലും വ്യവസായ തൊഴിലാളികളും അസംഘടിത മേഖലയിലെ തൊഴിലാളികളും അടക്കമുള്ള കോടിക്കണക്കിനു വരുന്ന തൊഴിലാളികളെപ്പറ്റി പരാമര്‍ശമില്ല. ഐഎന്‍ടിയുസി പ്രസിഡന്റ് എന്ന നിലയിലല്ല, വര്‍ക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണനയിലാണ് സംഘടനയുടെ പ്രസിഡന്റ് ഡോ. സഞ്ജീവറെഡ്ഡിയെ ക്ഷണിച്ചത്. ഐഎന്‍ടിയുസിയില്‍ നിന്ന് വേറെ പ്രാതിനിധ്യമില്ല. എന്നാല്‍, ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്ന മുന്നൂറ്റമ്പതോളം പേരില്‍ 160 പേര്‍ എന്‍എസ്യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ നിന്നാണ്. തൊഴിലാളി പ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ഒട്ടും ഗൗരവമില്ലെന്ന വിമര്‍ശം ഐഎന്‍ടിയുസി നേരത്തെ ഉന്നയിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് സംഘടനകളില്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ വിമര്‍ശിക്കുന്ന സംഘടന ഐഎന്‍ടിയുസി മാത്രമായിരിക്കുമെന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഇതാണ് ഐഎന്‍ടിയുസിയെ തഴയാന്‍ കാരണം.

സാമ്പത്തിക നയങ്ങളടക്കം ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ധനമന്ത്രി പി ചിദംബരത്തെ ഉള്‍പ്പെടുത്തിയില്ല. പകരം രാഷ്ട്രീയ വെല്ലുവിളികളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ (എ കെ ആന്റണി ചെയര്‍മാന്‍) പെടുത്തി. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ആചാര്യന്‍ സാം പിത്രോദയെയും ഈ നയങ്ങളോട് ആഭിമുഖ്യക്കുറവുള്ള മണിശങ്കര്‍ അയ്യര്‍, വയലാര്‍ രവി എന്നിവരെയും സാമ്പത്തിക നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. സാമ്പത്തികവളര്‍ച്ച കൊണ്ട് പാവപ്പെട്ടവരുടെ ജീവിതത്തില്‍ എന്തു മാറ്റമുണ്ടായെന്നു കൂടി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് വയലാര്‍ രവി ഉദ്ഘാടനപ്രസംഗത്തിനുശേഷം മാധ്യമങ്ങളോടു പറയുകയും ചെയ്തു. ഉദ്ഘാടന സമ്മേളനവേദിയില്‍ സോണിയാഗാന്ധി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നിവര്‍ക്കുശേഷമുള്ള കസേരയിലായിരുന്നു എ കെ ആന്റണി. അതിനുശേഷം രാഹുല്‍ഗാന്ധിയും. പക്ഷേ, വേദിയുടെ പശ്ചാത്തലത്തില്‍ സോണിയ, മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി എന്നിവരുടെ ചിത്രം മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ