ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 12, ശനിയാഴ്‌ച

പണിമുടക്ക് ചര്‍ച്ച: മാണിയെ തള്ളി മുഖ്യമന്ത്രി


പണിമുടക്ക് ചര്‍ച്ച: മാണിയെ തള്ളി മുഖ്യമന്ത്രി


ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍െകൈയെടുത്ത ധനമന്ത്രി കെ എം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളിപ്പറഞ്ഞു. സമരസമിതി നേതാക്കളെ വ്യാഴാഴ്ച രാത്രി മാണി ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. മസ്ക്കറ്റ് ഹോട്ടലില്‍ ഏറെനേരം ചര്‍ച്ച നീണ്ടു. മൂന്നു വട്ടം ചര്‍ച്ച നടന്നിട്ടും അന്തിമതീരുമാനമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തീരുമാനമായത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മാണിതന്നെയാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും ഞായറാഴ്ച രാത്രി എട്ടിന് സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും മാണി അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലായിരിക്കും ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തേ കാലോടെയാണ് മാണി ഇക്കാര്യമറിയിക്കുന്നത്.

അസാധാരണമായ നടപടിയാണ് അല്‍പ്പസമയത്തിനകം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. മാണിയെ തള്ളിപ്പറഞ്ഞ് രാത്രി 11.15ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കി. ആരുമായും ചര്‍ച്ചയില്ലെന്നും സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ വാര്‍ത്താക്കുറിപ്പ് മാണി പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ നിരാകരിച്ചു. മുഖ്യമന്ത്രി യാത്രയിലായിരുന്നെന്നും മാണി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുക മാത്രമാണുണ്ടായതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമരത്തിനു നേരെ ഭീഷണിയുടെ സ്വരമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. വ്യാഴാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ജീവനക്കാര്‍ക്കെതിരെ ഭീഷണി മുഴക്കി. ഇതിനു പിന്നാലെയാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയ മാണിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

deshabhimani 120113

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ