ബ്ലോഗ് ആര്‍ക്കൈവ്

2013 മാർച്ച് 8, വെള്ളിയാഴ്‌ച

നാടോടി കുരുന്നിനും മന്ത്രിപത്നിക്കും രക്ഷയില്ല


നാടോടി കുരുന്നിനും മന്ത്രിപത്നിക്കും രക്ഷയില്ല


"വാഗ്ദാനം വാഗ്ദാനമാണ്, സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണിത്"- ഈ വര്‍ഷത്തെ സാര്‍വദേശീയ വനിതാദിനാചരണത്തിന്റെ സന്ദേശമാണിത്. പക്ഷെ, തെരുവില്‍ കിടന്നുറങ്ങിയ നാടോടികളുടെ പിഞ്ചുകുഞ്ഞു മുതല്‍ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ പൊട്ടിക്കരഞ്ഞ മന്ത്രിപത്നിക്കു പോലും നീതി നിഷേധിക്കപ്പെട്ടു. തിരൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ കിടന്നുറങ്ങിയ പിഞ്ചുബാലികയെ കാമവെറിയന്മാര്‍ പിച്ചിച്ചീന്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ജീവനു വേണ്ടി പൊരുതുകയാണ് ഈ മുന്നുവയസ്സുകാരി. ആതുരശുശ്രൂഷാരംഗത്ത് ഏറെ അംഗീകാരം നേടിയ ഡോ. യാമിനി തങ്കച്ചി ഒടിഞ്ഞ കൈയുമായി ഭരണത്തലവന് മുന്നില്‍ ഗാര്‍ഹികപീഡനത്തിന്റെ കെട്ടഴിച്ചെങ്കിലും ആ രോദനം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഭര്‍ത്താവായ മന്ത്രി ഗണേശ്കുമാറിന്റെ മര്‍ദനത്തില്‍ കൈയൊടിഞ്ഞ യാമിനി ഇടപ്പഴിഞ്ഞിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ഈ വിവരം അന്നുതന്നെ മുഖ്യമന്ത്രിയെ ഫോണില്‍ അറിയിച്ചു. നേരില്‍ കാണാന്‍ അവസരം ചോദിച്ചപ്പോഴെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവില്‍ പത്രവാര്‍ത്തയും ചീഫ് വിപ്പിന്റെ വെളിപ്പെടുത്തലും ഉയര്‍ത്തിയ വിവാദത്തിനുശേഷമാണ് ബുധനാഴ്ച രാവിലെ യാമിനിയെ കാണാന്‍ മുഖ്യമന്ത്രി സന്നദ്ധമായത്.

ഒറ്റയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെത്തി പീഡനകഥകള്‍ ഓരോന്നായി നിരത്തി. ഒരവസരത്തില്‍ അവര്‍ പൊട്ടിക്കരഞ്ഞു. താന്‍ ജീവിക്കുന്നത് മക്കള്‍ക്കുവേണ്ടി മാത്രമാണെന്നും അതല്ലെങ്കില്‍ മരിക്കുമായിരുന്നെന്നും പറഞ്ഞു. കഴിഞ്ഞദിവസത്തേത് ഒറ്റപ്പെട്ട സംഭവമല്ല, വര്‍ഷങ്ങളായി അനുഭവിക്കുന്നു. നിരന്തരം മര്‍ദിക്കുന്നു. മാനസികപീഡനവും. ആ മനുഷ്യന്റെ കൂടെ ഇനി കഴിയാനാകില്ല. തനിക്ക് ആരുമില്ല. സഹായിക്കണം- യാമിനി കരഞ്ഞുകൊണ്ട് പറഞ്ഞു.

എല്ലാം നിസ്സംഗതയോടെ കേട്ട മുഖ്യമന്ത്രി യാമിനി എഴുതിക്കൊണ്ടുവന്ന പരാതി കൈപ്പറ്റാതെ ഒഴിഞ്ഞുമാറി. പരാതി കൈപ്പറ്റിയാല്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാനാകില്ലെന്ന് വ്യക്തമായി അറിയുന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 498 വകുപ്പ് പ്രകാരം സ്ത്രീപീഡനത്തിന് കേസെടുക്കാനുള്ള കുറ്റമാണ് മന്ത്രി ഗണേശ് ചെയ്തതെന്ന് യാമിനിയുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം-2005 നെയും മുഖ്യമന്ത്രി വെല്ലുവിളിച്ചു. വാഗ്ദാനം വാഗ്ദാനം മാത്രമാണെന്നും നടപടിയാണ് വേണ്ടതെന്നുമുള്ള സാര്‍വദേശീയ മഹിളാദിനത്തിന്റെ സന്ദേശം ഇടിമുഴക്കംപോലെ കാതുകളില്‍ പതിക്കുകയാണ്. മന്ത്രിപത്നിക്ക് പോലും രക്ഷയില്ലാത്ത നാട്ടില്‍ ആരുടെ സംരക്ഷണമാണ് ഭരണാധികാരികള്‍ക്ക് ഉറപ്പാക്കാന്‍ കഴിയുക? പ്രത്യേകിച്ചും പിഞ്ചുകുട്ടികളെ പോലും മനുഷ്യാകാരം പൂണ്ട ചെന്നായ്ക്കള്‍ വേട്ടയാടുന്ന ഈ കെട്ടകാലത്ത്.

deshabhimani 080313

പള്ളിയില്‍ വരരുതെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കുടുംബത്തോട് വികാരി


പള്ളിയില്‍ വരരുതെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കുടുംബത്തോട് വികാരി

സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബാംഗങ്ങളും പള്ളിയില്‍ വരരുതെന്ന് വികാരിയുടെ ഉപദേശം. ലത്തീന്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള വിജയപുരം രൂപതയിലെ കുറിച്ചി സെന്റ്സേവ്യേഴ്സ് പള്ളി വികാരിയാണ് കുടുംബത്തോട് ഈ അഭ്യര്‍ഥന നടത്തിയത്. "കേസ് വീണ്ടും മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായതോടെ മറ്റ് ഇടവകാംഗങ്ങള്‍ എല്ലാവരും നിങ്ങളെ കുറിച്ച് അറിഞ്ഞതിനാല്‍ ഇതെല്ലാം കഴിയുന്നതുവരെ പള്ളിയില്‍ വരേണ്ട" എന്നായിരുന്നു വികാരി ഉപദേശിച്ചത്. തുടര്‍ന്ന് രണ്ടാഴ്ചയായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പള്ളിയില്‍ പോകുന്നില്ല. പെണ്‍കുട്ടി ഈ പള്ളിയില്‍ പോകാറില്ല. സഭയുടെ കീഴിലുള്ള കോട്ടയം നഗരത്തിലെ മറ്റൊരുപള്ളിയില്‍ സ്ഥിരമായി പോകാറുണ്ട്. പെണ്‍കുട്ടിക്കുണ്ടായ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മാനസികമായി ഈ കുടുംബത്തെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ബന്ധുക്കളടക്കം സ്വീകരിച്ചത്. തുരുത്തിയില്‍ ആറുവര്‍ഷമായി താമസിക്കുന്ന കുടുംബം തുടക്കം മുതല്‍ ഈ പള്ളിയിലാണ് ഇടവക ചേര്‍ന്നത്.

deshabhimani 080313

ഈ അമ്മയോട് നാമെന്തു പറയും...


ഈ അമ്മയോട് നാമെന്തു പറയും...


ഇമചിമ്മാതെ കാത്തുവച്ചിട്ടും...

കോഴിക്കോട്: അര്‍ധരാത്രിയാവുംവരെ ഒരുപോള കണ്ണടയ്ക്കാതെ കിടന്നിട്ടും തന്റെ പൊന്നു മകളെ കാത്തുസൂക്ഷിക്കാന്‍ കഴിയാതിരുന്നതിന്റെ വേദനയില്‍ തകര്‍ന്നിരിക്കുകയാണ് ആ അമ്മ. മരുന്നിന്റെ മയക്കത്തിനിടെ ഞെട്ടിയുണര്‍ന്ന് പേടിച്ച് കരയുന്ന മൂന്നു വയസ്സുകാരിയുടെ അടുത്തുനിന്ന് വിശപ്പും ദാഹവുമില്ലാതെ മാറാതെ നില്‍ക്കുകയാണവര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ഉണങ്ങാത്ത മുറിവാകുന്നു ആ നാടോടി സ്ത്രീ. 15-ാം വയസില്‍ വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് വിസമ്മതിച്ച് തമിഴ്നാട്ടില്‍നിന്ന് പ്രണയിച്ചയാളുടെകൂടെ ഇറങ്ങി തിരൂരില്‍ എത്തിയതാണിവര്‍. രണ്ട് കുട്ടികള്‍ ജനിച്ച് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ലഹരിക്ക് അടിമയായി. മാസങ്ങള്‍ക്ക് മുമ്പ് വീണ് പരിക്കുപറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അയാള്‍ മരിച്ചു. പിന്നീട് രക്ഷകനായി എത്തിയതായിരുന്നു നാടോടിക്കൂട്ടത്തിലെ മറ്റൊരാള്‍. അയാളെ വിവാഹം കഴിച്ചു. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്.

കടത്തിണ്ണകളിലും പീടിക മുറികളിലും തങ്ങള്‍ കിടന്നുറങ്ങുമ്പോഴും ആര്‍ത്തിനിറഞ്ഞ നോട്ടത്തോടെ ശല്യപ്പെടുത്താന്‍ എത്തുന്ന പലരെയും അദ്ദേഹം ആട്ടിയോടിക്കുമായിരുന്നു. സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ഒരുത്തനെക്കുറിച്ച് ഒരു തവണ പൊലീസിലും പരാതിപ്പെട്ടു. ഫലമൊന്നുമുണ്ടായില്ല. തന്നെ ശല്യംചെയ്ത ഇയാളെ പേടിച്ച് അന്ന് രാത്രിയും കുട്ടിയെ ഉറക്കി കാവലിരിക്കുകയായിരുന്നു ഇരുപതുകാരിയായ ഈ അമ്മ. ഭര്‍ത്താവ് പുറത്തെവിടെയോ പോയിരുന്നു. ഇടയ്ക്ക് കാവലിനിടെ ഒന്ന് മയങ്ങി. അഞ്ച് വയസ്സുകാരനായ മകന്‍ ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്നറിഞ്ഞത്. പിന്നീട് നാട്ടുകാര്‍ക്കൊപ്പം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ ഈ അവസ്ഥയില്‍ കിട്ടിയതെന്നവര്‍ ഓര്‍ക്കുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കുഞ്ഞിന്റെ ദേഹത്ത് കൈ പതുക്കെ വച്ച് അടുത്തുള്ള ബെഞ്ചില്‍ തളര്‍ന്ന് ഇരിക്കുമ്പോഴും കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പൂര്‍ണമായി അവര്‍ക്കറിയില്ല. മകള്‍ പഴയ അവസ്ഥയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.
(സൗമ്യ സരയൂ)

ഈ അമ്മയോട് നാമെന്തു പറയും...

പാലക്കാട്: "എന്റെ മകളോടും മറ്റെന്താണ് അവന്‍ ചെയ്തത്. ചോരയില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിക്കുമേല്‍ കാമഭ്രാന്തോടെ ചീറിയടുത്തു. അഞ്ചുദിവസം വേദനയില്‍ പുളഞ്ഞ് അവള്‍ ഈ ലോകത്തുനിന്ന് പോയി. വധശിക്ഷ കിട്ടിയ ഗോവിന്ദച്ചാമി ജയിലില്‍ സുഖിച്ചു കഴിയുന്നു. അയാളെ എത്രയുംവേഗം തൂക്കിക്കൊല്ലണം. പീഡനക്കേസില്‍ ഒരു വധശിക്ഷയെങ്കിലും നടപ്പാക്കിയാല്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്ന ദുഷ്ടമാര്‍ ചിലരെങ്കിലും പിന്‍വാങ്ങിയേക്കും". എത്ര ജന്മംകൊണ്ടും ഒടുങ്ങാത്ത ദുഃഖത്തോടെയും രോഷത്തോടെയും ചോദിക്കുന്നു സൗമ്യയുടെ അമ്മ സുമതി. രണ്ടുവര്‍ഷംമുമ്പ് ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ഗോവിന്ദച്ചാമിയെന്ന നരാധമന്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് പിച്ചിച്ചീന്തുകയായിരുന്നു സൗമ്യയെ. മലപ്പുറത്ത് നാടോടിക്കുഞ്ഞിനെ ക്രൂരതയ്ക്കിരയാക്കിയ സംഭവം കേട്ടപ്പോള്‍ ഹൃദയം നുറുങ്ങിയെന്ന് ആ അമ്മ പറയുന്നു. മകളുടെ മരണശേഷം കാതില്‍ എത്തുന്ന ഓരോ സംഭവവും നടുക്കത്തോടെയാണ് സുമതി അറിയുന്നത്.

ജീവിതത്തിന്റേയോ മാനഭംഗത്തിന്റേയോ അര്‍ഥമറിയാത്ത മൂന്നുവയസ്സുകാരി ആശുപത്രിക്കിടക്കയില്‍ ജീവനോട് മല്ലിടുമ്പോള്‍ വേദനിക്കുന്നത് നമ്മുടെ എല്ലാ അമ്മമാരുമാണെന്നത് സൗമ്യയുടെ അമ്മയുടെ ഓരോ വാക്കിലും. ഇരുട്ടിന്റെ മറവില്‍ കുട്ടിയുടെ അലറിക്കരച്ചില്‍ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലേ. ഈ സംഭവങ്ങളില്‍നിന്ന് നാം ഒന്നും പഠിച്ചില്ലേ- ചോദ്യത്തിനു മുന്നില്‍ നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം. സൗമ്യയോടു ചെയ്ത അതേ ക്രൂരത കുഞ്ഞിനോടും ചെയ്ത "മൃഗങ്ങള്‍ക്ക്" ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ല. മുലപ്പാലിന്റെ മണംമാറാത്ത പിഞ്ചുകുഞ്ഞിനെ ഇരുട്ടിന്റെ മറവില്‍ പിച്ചിച്ചീന്തുമ്പോള്‍ അവളുടെ നിഷ്കളങ്കമുഖത്തേക്ക് ഒന്നു നോക്കിയിരുന്നെങ്കില്‍... ഹൃദയംനൊന്ത് അവര്‍ പൊട്ടിത്തെറിക്കുന്നു.
(എസ് സിരോഷ)

ഒറ്റപ്പെടലിന്റെ കനലില്‍ ഒരമ്മ

കോട്ടയം: ""പപ്പായ്ക്കും എനിക്കും ജോലിയുണ്ടായിരുന്നു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി അവരെ നല്ല സാഹചര്യത്തില്‍ വളര്‍ത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഞങ്ങളുടെ സ്വപ്നങ്ങളും ജീവിതംതന്നെയും ഇല്ലാതാക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവങ്ങള്‍... ആത്മഹത്യയുടെ വക്കിലെത്തിയിട്ടും അതിനു ധൈര്യമില്ലാതെ എല്ലാം നഷ്ടപ്പെട്ട്, സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് കഴിയുകയാണ് ഞങ്ങള്‍....."" വാക്കുകള്‍ മുഴുമിക്കാനാകാതെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ 17 വര്‍ഷത്തെ നീറുന്ന അനുഭവങ്ങള്‍ വിവരിച്ചു.

രണ്ടു പെണ്‍കുട്ടികളുടെ ആ അമ്മ വളരെ കരുതലോടെയാണ് അവരെ വളര്‍ത്തിയത്. രണ്ടാമത്തെ മകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാല്‍പ്പതിലേറെ പേര്‍ കശക്കിയെറിഞ്ഞപ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് ഒരു കുടുംബമാണ്. ""പപ്പായുടെ ബന്ധുക്കളുടെ മരണം പോലും ഞങ്ങളെ അറിയിച്ചില്ല. എന്റെ സഹോദരങ്ങളും മക്കളും ഞങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചു. പെന്‍ഷന്‍ പറ്റിയതോടെ പോകാനുള്ള ഇടം ആശുപത്രിയും പള്ളിയും മാത്രമായി. വര്‍ഷങ്ങളായുള്ള മനസ്സിന്റെ നീറ്റലില്‍ ആരോഗ്യം നഷ്ടപ്പെട്ടു. പപ്പായ്ക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു. എനിക്ക് ആറ് ഓപ്പറേഷന്‍ നടത്തി. മരുന്നിന്റെ ബലത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കൊച്ചുമക്കളെയും നോക്കി സ്വസ്ഥമായി ജീവിക്കേണ്ട കാലത്തും കേസും കോടതിയുമായി കയറിയിറങ്ങുന്നു"". ""മകളെ ജീവച്ഛവമായി തിരിച്ചുകിട്ടിയപ്പോള്‍..."" ജീവിതത്തിലെ ശപിക്കപ്പെട്ട നിമിഷങ്ങളെക്കുറിച്ച് അവര്‍ക്ക് തുടരാനായില്ല. മോളുടെ ജീവന്‍ അപകടത്തിലായ അവസ്ഥ കണ്ടറിഞ്ഞ് അവളെ എങ്ങനെയും മടക്കിക്കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ആഴ്ചകളോളം മകളെ മുറിയ്ക്കുള്ളില്‍ അടച്ചിട്ട് പരിചരിച്ചു...

അതിനിടെ പ്രലോഭനങ്ങളും ഭീഷണിയുമായി കയറിയിറങ്ങിയ പ്രതികള്‍... നോട്ടുകെട്ടുകളുമായെത്തി മോളുടെ മാനത്തിന് വിലപേശിയവരെ ആട്ടിയിറക്കി. മകളെ ഉപദ്രവിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പെണ്‍കുഞ്ഞുങ്ങളുള്ള ഒരു അമ്മയ്ക്കും ഇങ്ങനെ ദുര്യോഗങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ കൂടിയാണിത്. മകളെ സ്വസ്ഥമായി ജീവിക്കാന്‍ വേട്ടക്കാര്‍ അനുവദിക്കുന്നില്ല. ജോലിസ്ഥലത്തും വേട്ടയാടി. ഉള്ളതെല്ലാം വിറ്റാണ് ബാധ്യത തീര്‍ത്തത്. എന്നിട്ടും കേസുമായി അവര്‍ പിന്നാലെയുണ്ട്. സമൂഹത്തിന്റെ ഒറ്റപ്പെടുത്തലില്‍നിന്ന് രക്ഷപ്പെടാന്‍ ജന്മനാട്ടില്‍നിന്ന് എല്ലാം വിറ്റ് പുതിയ സ്ഥലത്തെത്തി. ഇവിടെയും ഞങ്ങള്‍ ഒറ്റയ്ക്കാണ്. അയല്‍വാസികള്‍ പോലും അകറ്റിനിര്‍ത്തുന്നു. മൂത്ത മകള്‍ വിവാഹപ്രായം കഴിഞ്ഞ് നില്‍ക്കുന്നു. അവള്‍ ഞങ്ങള്‍ക്കുവേണ്ടി അവളുടെ കുടംബജീവിതം പോലും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. മകളെ ഉപദ്രവിച്ചവര്‍ എത്ര ഉന്നതാരായാലും ശിക്ഷിക്കപ്പെടണം. പീഡനത്തിനിരയായ ഒരു കുടുംബത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ അമ്മയുടെ മനസ്സ് ഇപ്പോഴും നെഞ്ചുരുകുന്ന നീറ്റലിലാണ്.
(എസ് ശാന്തി)

തീയായി പടരുന്നു ഓര്‍മയിലെ ജ്യോതി

ന്യൂഡല്‍ഹി: തന്റെ പ്രിയപ്പെട്ട മകള്‍ക്ക് ലോകം നല്‍കിയ പേര് നിര്‍ഭയ. ചകിതയാവാതെ മരണത്തിലും നിതാന്തമായി പൊരുതിയ അവളുടെ മരിക്കാത്ത ഓര്‍മകളുമായാണ് ഈ അമ്മ ഇന്നും ജീവിക്കുന്നത്, ദുഃഖത്തിന്റെ മഹാസാഗരംപോലെ. ക്രൂരത മനുഷ്യരൂപം പൂണ്ട ആറ് നരാധമന്മാരുടെ ആക്രമണത്തില്‍ പിടഞ്ഞിട്ടും മരണംവരെ പൊരുതിയ മകളെക്കുറിച്ചുള്ള അഭിമാനം വാനോളം ഉയര്‍ന്നുനില്‍ക്കുന്നു. ജീവനും അഭിമാനത്തിനും വേണ്ടി അന്ത്യംവരെ പൊരുതിയതിനാണ് തന്റെ മകളെ ലോകം ബഹുമാനിക്കുന്നതെന്ന് നാല്‍പ്പത്തിമൂന്നുകാരിയായ ഈ അമ്മ മനസിലാക്കുന്നു. കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ വേണ്ടി അവര്‍ ശബ്ദമുയര്‍ത്തുന്നു. എല്ലാ കുറ്റവാളികള്‍ക്കും വധശിക്ഷ ലഭിച്ചാല്‍മാത്രമേ മകള്‍ക്ക് നീതി ലഭിക്കൂ എന്ന് അവര്‍ വിശ്വസിക്കുന്നു. മരണം മുന്നില്‍ വന്ന് വിളിക്കുമ്പോഴും തനിക്കെതിരെ ക്രൂരത കാട്ടിയവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പോരാട്ടം മകള്‍ ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് നടത്തിയെന്ന് അമ്മ ഓര്‍ക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് രണ്ടു തവണ മൊഴി നല്‍കി. മരണശിക്ഷതന്നെ അവര്‍ക്ക് കിട്ടണമെന്ന് ഇടയ്ക്ക് പറഞ്ഞു. അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ചു. ജീവിതത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചു. മകള്‍ക്ക് നേരിട്ട ക്രൂരമായ ആക്രമണത്തിലും പിന്നീട് മരണത്തിലും ഞെട്ടിത്തരിച്ചു നിന്നുപോയെങ്കിലും ജ്യോതിയുടെ അമ്മ മകള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഏറ്റെടുത്തു. "ലക്ഷങ്ങള്‍കൊണ്ടൊന്നും തന്റെ കുഞ്ഞിനെ പകരം വയ്ക്കാനാവില്ല"- മകളുടെ മരണം സൃഷ്ടിച്ച ഞെട്ടലില്‍നിന്ന് മുക്തിനേടിയപ്പോള്‍ അവര്‍ പറഞ്ഞു.

മകളോട് ആറു പേര്‍ കാട്ടിയ ക്രൂരത ലോകം മുഴുവന്‍ അറിയണമെന്ന ആമുഖത്തോടെയാണ് ആ അമ്മ പിന്നീട് സംസാരിച്ചത്. മകളെ ഇരുമ്പുദണ്ഡ് കൊണ്ടടിച്ചു വീഴ്ത്തുകയും ശരീരത്തിനുള്ളില്‍ ദണ്ഡ് കയറ്റി കുടല്‍മാല പുറത്തെടുക്കുകയുംചെയ്ത നരാധമനെ "ജുവനൈല്‍" എന്നുവിളിക്കുന്ന നിയമത്തെ അവര്‍ പരിഹസിച്ചു. എല്ലാ കുറ്റവാളികള്‍ക്കും മരണശിക്ഷതന്നെയാണ് നല്‍കേണ്ടതെന്നും ഈ അമ്മ ആവശ്യപ്പെടുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍നിന്നാണ് ജ്യോതിയുടെ കുടുംബം ഡല്‍ഹിയിലെത്തിയത്. കുറഞ്ഞ വരുമാനംകൊണ്ട് ജീവിച്ച കുടുംബത്തിന്റെ പ്രത്യാശാനാളമായിരുന്നു ജ്യോതി. ഒന്നാം ക്ലാസ് മുതല്‍ ഒന്നാമതായിരുന്നു അവള്‍. വിമാനത്താവളത്തിലെ തുച്ഛവേതനത്തിലെ വലിയ പങ്കും അച്ഛന്‍ അവളെ പഠിപ്പിക്കാനുപയോഗിച്ചു. പഠനസമയം കഴിഞ്ഞ് പ്രമുഖ ഐടി കമ്പനിയില്‍ ജോലിചെയ്ത് മകളും കുറച്ച് വരുമാനമുണ്ടാക്കിയിരുന്നു. പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയില്‍തന്നെ ഇല്ലാതാക്കുന്ന സാമൂഹ്യാന്തരീഷമുള്ള ഉത്തരേന്ത്യയില്‍ ഒരു മകളില്‍ കുടുംബത്തിന്റെ വിശ്വാസമര്‍പ്പിച്ചവരാണ് ജ്യോതിയുടെ അച്ഛനും അമ്മയും. അവളുടെ ജീവിതവും പഠനവും ഭാവിയും സുഗമമാക്കാന്‍ വേണ്ടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചു ഈ മാതാപിതാക്കള്‍. സ്ത്രീത്വത്തിന്റെ മഹനീയതയും ശക്തിയും തിരിച്ചറിഞ്ഞവര്‍. പെണ്‍കുട്ടിയുടെ പേരും വിശദാംശങ്ങളും മറച്ചുവയ്ക്കാന്‍ ഭരണകൂടം ശ്രമിച്ചപ്പോള്‍ ഈ അമ്മയും അച്ഛനും പറഞ്ഞു, "ഞങ്ങളുടെ മകള്‍ ജ്യോതി. ജ്യോതിസിങ് പാണ്ഡെ".

deshabhimani 080313

മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍; ഗണേശ് പുറത്തേക്ക്


മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍; ഗണേശ് പുറത്തേക്ക്


ഭാര്യാമര്‍ദനവും സദാചാരപ്രശ്നവും നേരിടുന്ന മന്ത്രി കെ ബി ഗണേശ്കുമാറിനെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തി സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രീയമായും നിയമപരമായും പ്രതിക്കൂട്ടിലായി. പക്ഷേ, എത്ര വിയര്‍പ്പൊഴുക്കിയാലും രക്ഷപ്പെടാന്‍ കഴിയാത്ത വാരിക്കുഴിയിലാണ് വനം-സിനിമാ മന്ത്രി ഗണേശ്. ആക്ഷേപത്തില്‍ പരാതിക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഗണേശന്റെ രാജിയല്ലാതെ പ്രതിസന്ധി പരിഹരിക്കാന്‍ വഴിയില്ല. 2005ലെ ഭരണകാലയളവില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം കാക്കാന്‍ പരിശ്രമിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മാനം പോകുകയും അവസാനം കുഞ്ഞാലിക്കുട്ടിയെ കൈയൊഴിയേണ്ട ഗതികേടുണ്ടാകുകയും ചെയ്തു. ചരിത്രം മറ്റൊരുതരത്തില്‍ ആവര്‍ത്തിക്കുകയാണ്.

ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനശൈലിയുടെ വൈകല്യമാണ് ഗണേശ് വിഷയവും വ്യക്തമാക്കുന്നത്. 2004-06ല്‍ നൂറിന്റെ ഭൂരിപക്ഷം നിയമസഭയില്‍ ഉണ്ടായിരുന്നപ്പോള്‍ കാണിച്ചതിനേക്കാള്‍ വഴിവിട്ട പ്രവര്‍ത്തനത്തിലാണ് ഉമ്മന്‍ചാണ്ടി ഇന്ന്. അംഗബലത്തിലെ കുറവ് അതിന് ന്യായമല്ല. ഒരു ഭരണാധികാരി പുലര്‍ത്തേണ്ട അനിവാര്യമായ ഭരണസത്യസന്ധത ഉമ്മന്‍ചാണ്ടി കാട്ടുന്നില്ലെന്ന് നിലവിലെ സംഭവഗതികള്‍ വ്യക്തമാക്കുന്നു.

ഗണേശന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി ക്ലിഫ്ഹൗസില്‍ ബുധനാഴ്ച രാവിലെ എത്തി മുഖ്യമന്ത്രിയോട് മന്ത്രിയെപ്പറ്റി പരാതി പറഞ്ഞു എന്നത് നിഷേധിക്കാനാകാത്ത വസ്തുത. എഴുതി തയ്യാറാക്കിയ പരാതി യാമിനി നല്‍കിയത് ഉമ്മന്‍ചാണ്ടി വായിച്ചശേഷം അവരെ തിരിച്ചേല്‍പ്പിച്ചത് മറ്റൊരു യാഥാര്‍ഥ്യം. പരാതിയില്‍ നടപടിയെടുക്കാം എന്ന ഉറപ്പിന്റെ മറവിലാണ് അത് തിരിച്ചുകൊടുത്തത്. വായുവില്‍ പറന്ന് നിവേദനങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി എന്തിന് അദ്ദേഹത്തിന്റെ പേരെഴുതി മന്ത്രിപത്നിയില്‍നിന്ന് കിട്ടിയ മന്ത്രിക്കെതിരായ പരാതി കൗശലപൂര്‍വം തിരിച്ചുകൊടുത്തു? ഇത്രയും ചെയ്തിട്ട് കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതിയില്‍ അടക്കം ഗണേശിന് എതിരെ രേഖാമൂലം പരാതി ഇല്ലെന്ന് ഒരു മുഖ്യമന്ത്രി കളവുപറഞ്ഞത് കേരളത്തിന് അപമാനമാണ്.

മന്ത്രിവസതിയില്‍ കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുവാങ്ങുകയും ഭാര്യയെ തല്ലുകയുംചെയ്ത ഗണേശിനെ മന്ത്രിസഭയില്‍ നിലനിര്‍ത്താനുള്ള പരിശ്രമത്തിലൂടെ മുഖ്യമന്ത്രി തുടര്‍ച്ചയായി നിയമം കാറ്റില്‍ പറത്തുകയാണ്. മന്ത്രിവസതിയില്‍ ഗണേശന്‍ തന്നെ തല്ലി പരിക്കേല്‍പ്പിച്ചെന്ന് ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രിയെ വാക്കാല്‍ അറിയിച്ചാലും ഗാര്‍ഹികപീഡന നിയമപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പുപ്രകാരം ഗണേശിനെതിരെ കേസ് എടുക്കണം. മൂന്നുവര്‍ഷം തടവുശിക്ഷ കിട്ടുന്ന കുറ്റത്തിന് മന്ത്രിയെ അറസ്റ്റുചെയ്യണം. ഉടനെ ജാമ്യം കിട്ടുകയുമില്ല. ഇത്തരം സംഭവങ്ങള്‍ സമവായത്തിലൂടെ ഒതുക്കാന്‍ മുഖ്യമന്ത്രിക്ക് നിയമം അധികാരം നല്‍കുന്നില്ല. അങ്ങനെ ചെയ്താല്‍ കുറ്റകൃത്യത്തെപ്പറ്റി അറിവുകിട്ടിയിട്ടും നിയമപരമായ കടമനിര്‍വേറ്റാത്തതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 176 വകുപ്പ് പ്രകാരം കേസ് എടുക്കണം. ആറുമാസംവരെ തടവു കിട്ടാവുന്ന കുറ്റമാണിത്.

ഗണേശ് വിഷയം കുടുംബപ്രശ്നമാക്കി ചുരുക്കാനുള്ള നീക്കത്തിലൂടെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കൂടുതല്‍ തകരുകയാണ്. ഗണേശനെ സംരക്ഷിക്കാനുള്ള യുഡിഎഫ് തീരുമാനത്തെയും ഉമ്മന്‍ചാണ്ടിയുടെ യജ്ഞത്തെയും ചോദ്യംചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉടനെതന്നെ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തി. ഉമ്മന്‍ചാണ്ടിയുടെ പിടിപ്പുകേടുകൊണ്ട് ഭരണം കൂടുതല്‍ വഷളാകുന്നതില്‍ സന്തോഷമുള്ള ഒരുവിഭാഗം കോണ്‍ഗ്രസിലടക്കമുണ്ട്. കേസൊതുക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന ആക്ഷേപം ചീഫ്വിപ്പ് പി സി ജോര്‍ജ് യുഡിഎഫ് യോഗത്തിനുപിന്നാലെ ഉന്നയിച്ചതിലൂടെ യുഡിഎഫ് പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. മന്ത്രിപത്നിയുടെ നിലവിളിക്കുപോലും ചെവികൊടുക്കാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നത് വെള്ളിയാഴ്ച സാര്‍വദേശീയ വനിതാദിനം ആചരിക്കുന്ന മലയാള നാടിന് അപമാനമാകും.
(ആര്‍ എസ് ബാബു)

deshabhimani 080313

ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്ന് കെ എം ഷാജി


ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്ന് കെ എം ഷാജി


പാനൂര്‍: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് പങ്കില്ലെന്ന് കെ എം ഷാജി എംഎല്‍എ. ബുധനാഴ്ച കടവത്തൂരില്‍ നടന്ന മുസ്ലിംലീഗ് പൊതുയോഗത്തിലാണ് ഷാജി മോഡിയെ വാനോളം പുകഴ്ത്തിയത്. കലാപത്തില്‍ ഹിന്ദുത്വ അജന്‍ഡയുണ്ടായിരുന്നില്ല. മുസ്ലിങ്ങളെ മോഡി കൊന്നൊടുക്കിയിട്ടുമില്ല. ഒരു പള്ളിയും ആക്രമിക്കുകയോ പൊളിക്കുകയോ ചെയ്തിട്ടില്ല. ഗുജറാത്തില്‍ പോയി അവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ മനസ്സിലാക്കിയതാണിതെന്നും ഷാജി പറഞ്ഞു.

കലാപം വ്യവസായികള്‍ സ്പോണ്‍സര്‍ ചെയ്തതാണ്. ഇതില്‍ മതത്തെ മറയാക്കുകയായിരുന്നു. വന്‍ വ്യവസായികള്‍ക്ക് ഗുജറാത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത് അങ്ങനെയാണ്. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ഐക്യത്തോടെയാണ് കഴിയുന്നത്. മോഡിയെക്കുറിച്ച് മലയാളികളായ മുസ്ലിങ്ങള്ക്ക്് നല്ലതേ പറയാനുള്ളൂ. വികസന കാര്യത്തില്‍ ഗുജറാത്തിനെ മാതൃകയാക്കാമെന്നും ഷാജി പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളെ വേദിയിലിരുത്തിയായിരുന്നു ഷാജിയുടെ മോഡി പ്രകീര്‍ത്തനം.

deshabhimani 080313

2013 മാർച്ച് 7, വ്യാഴാഴ്‌ച


Monday, March 4, 2013

ഗജേന്ദ്രമോഷണ്‍

എല്ലാം ഓക്കേ അല്ലേ? മൊത്തത്തില്‍ ഒരു അരുക്കാക്കിയില്ലേ?

നമ്മളൊരുമിച്ചാ പിന്നെ എന്താ സാധിക്കാത്തത്..

ഇദ് പോലെ എപ്പഴും നമ്മളൊരുമിച്ച് നില്‍ക്കണം...

എപ്പ നിന്നെന്ന് കേട്ടാ മതി..

മുന്‍പിലെ ആ ചില്ല് എനിക്ക് വേണം..

എന്നാ ബാക്കിലെ ചില്ല് ഞാനെടുക്കാം..

കസേരകള്‍ പപ്പാതി ല്ലേ?

പിന്നല്ലാതെ...

ഫസ്റ്റ് എയിഡ് ബോക്സ് നിനക്കിരിക്കട്ടെ...

എങ്കി പൊപ്പോം ഹോണ്‍ നീ എടുത്തോ..

ടയറും പപ്പാതിയാക്കാം...

ഗിയറിന്റെ കോല് എനിക്ക് വേണം..ഭയങ്കര പട്ടി ശല്യം..

സ്റ്റിയറിംഗ് എനിക്ക്...

ആക്സിലും ഷാഫ്ടുമൊക്കെ സമാസമം

വോക്കെ..

ഡീസല്‍ ടാങ്ക് നീയെടുത്തോ...

ഇദ്ദാണ്‍ എനിക്ക് പിടിക്കാത്തത്..അത് നീയെടുത്തോ

എനിക്ക് വേണ്ട..

എനിക്കും..

എന്നാല്‍ അത് ജനത്തിരിക്കട്ടെ..ഇബടെ വെച്ചിട്ട് പോവാം..

ഇപ്പ ഘമ്പ്ലീറ്റ് വീതിച്ച് തീര്‍ന്നില്ലേ..

വടിച്ച് നക്കിയ പോലായിട്ടുണ്ട്...

ഇതാണ് പണ്ടുള്ളോരു പറഞ്ഞത്..കേന്ദ്രോം കേരളോം ഒരുമിച്ച് ഫരിച്ചാ വികസനം വരൂന്ന്...

നുമ്മ ഇപ്പ അത് വികസിച്ച് തെളിയിച്ച്

ഇനി ആനവണ്ടി മുട്ടി ആളുചത്തൂന്നൊരു പരാതി.. ങേഹേ!

Friday, August 17, 2012

പൊങ്കാല

“മനുഷ്യ സ്നേഹമാണ് കമ്മ്യുണിസം.“

ലിത് നുമ്മ യെടക്കെടക്ക് താങ്ങിക്കോണ്ടിരിക്കും. യെന്നുവെച്ച് ലയിനുവേണ്ടി നില്‍ക്കാനൊന്നും നുമ്മേനെ കിട്ടൂല. കമ്മൂന്റെ നെഞ്ചത്ത് പൊങ്കാലയിടാനുള്ള അടുപ്പാണ് നുമ്മക്ക് ഈ സൈസ് വായകങ്ങള്‍. കമ്മുവോ കമ്മൂന്റെ പാര്‍ട്ടിയോ യാരുടെങ്കിലും നെഴലേ ചവിട്ടിയാ നുമ്മ ഇറങ്ങും..”മനുഷ്യസ്നേഹമാണ് കമ്യൂണിസം..അതിന്റെ ആളോള് യിങ്ങനെ നെഴലേ ചവിട്ടാമോ?”

എന്നിട്ട് നുമ്മ ധാര്‍മ്മികരോഷം സഹിക്കാണ്ട് പോയി ഒരു കമ്മൂന്റെ നെഞ്ചത്ത് ഒറ്റ ചവിട്ട് ചവിട്ടും..അപ്പൊരു ആശ്വാസൊക്കെ തോന്നും..

നുമ്മടെയോരോ ബുത്തിമുട്ട്കള്‍ ആരറിയുന്നു..

Tuesday, July 10, 2012

ഏമാന്മാര്‍ പരിധിക്ക് പുറത്താണ്

അലോ...
ഹലോ..
ഇത് മറ്റേ പത്രത്തീന്നാ സാറേ. ഡി.വൈ.എസ്.പി സാറല്ലേ?
തെന്നെഡേ..
വല്ല ന്യൂസും ഒണ്ടോ സാറേ?
ഇന്നൊരു ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെ പൊക്കാന്‍ ഉത്തരവായിട്ടുണ്ട്.
പൊക്കുവോ സാറേ?
വൈകീട്ട് പൊക്കുമെഡേ
കേസ് എന്നതാ സാറേ?
ബീഡി കത്തിക്കാന്‍ തീപ്പെട്ടി കൊടുത്തു എന്നതാഡേ കുറ്റമായി ഇപ്പോ തീരുമാനിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കാച്ചിക്കോട്ടോ സാറേ?
കാച്ചെഡേ..ഞാനില്ലെ ഇവിടെ..

2

ഹലോ..ഡി.വൈ.എസ്.പി അല്ലേ?
അതേ
നാളെ വൈകീട്ട് ഒരു ലോക്കലിനെ പൊക്കണം കേട്ടോഡേ..
വകുപ്പ് ഏതാന്ന്...?
കട്ടന്‍‌ചായ വാങ്ങിക്കൊടുത്തെന്ന് കേറ്റാന്‍ ഏത് പള്ളീ ചെന്ന് ചോദിച്ചാലും പറയൂല്ലേഡേ
ഉത്തരവ് അങ്ങത്തേ..

3

അലോ...
ഹലോ..
സാറേ...മറിച്ച പത്രത്തീന്നാ..പൊട്ടിക്കാന്‍ ബ്രേക്കിംഗ് വല്ലതും?
നാളെ കഴിഞ്ഞ് ഏരിയാ കമ്മിറ്റിയെ പൊക്കുമെഡേയ്
സ്ക്രോള്‍ പൂശട്ടോ?
പൂശടേയ്..ഞാനില്ലേ ഇവിടെ

4

ഹലോ..ഡി.വൈ.എസ്.പി അല്ലേ?
അതേ
ജില്ലാ കമ്മിറ്റിയെ പൊക്കാന്‍ പറഞ്ഞിട്ട് എന്തായെഡേയ്?
പറ്റിയ വകുപ്പ് കിട്ടിയാലുടന്‍ ഒരുത്തനെ പൊക്കാന്‍ തയ്യാറായി നിപ്പാ സാറേ
പൊക്കിയില്ലേ നിന്റെ തൊപ്പി ഞാന്‍ പൊക്കും..
വകുപ്പ് ഏത് വേണമെന്ന് തിരുവുള്ളക്കേടില്ലെങ്കില്‍ പറഞ്ഞു തന്നിരുന്നേല്‍..
പരിപ്പുവട വാങ്ങിക്കൊടുത്തെന്ന് കേറ്റാന്‍ ഞാന്‍ പറഞ്ഞിട്ട് വേണോഡേ
ഉത്തരവ് ഏമാന്നേ..

5

അലോ
ഹലോ
വല്ലോം തരണേ സാറേ..
സംസ്ഥാന കമ്മിറ്റിയെ പൊക്കുമെന്ന് സൂചനയെന്ന് താങ്ങിക്കോഡേ
ഒറപ്പിച്ചാ സാറേ
ഇല്ലേല്‍ എന്റെ തൊപ്പി ഇളകുമെഡേയ്
ഫ്ലാഷ് ന്യൂസ് അലക്കട്ടോ?
അലക്കെഡേ..ഞാനില്ലേ ഇവിടെ

6

ഹലോ..ഡി.വൈ.എസ്.പി അല്ലേ?
അതേ
ഒരു വമ്പന്‍ സ്രാ‍വിനെ പൊക്കാന്‍ പറഞ്ഞിട്ട് നീയെന്തരെഡേ സിം വിഴുങ്ങിയ പോലെ നിക്കണത്
വല തുന്നിക്കൊണ്ടിരിക്കുകയാ സാറേ..
ഒടനെ വേണം കേട്ടോഡേ..അതിവേഗം ബഹുദൂരം പോവാനുള്ളതാ..
ഏത് വകുപ്പ് വേണമെന്നതാ സാറേ കണ്‍ഫ്യൂഷന്‍
പരസ്യമായി ഗൂഢാലോചന നടത്തി എന്നാക്കിയാല്‍ ഏക്കൂലേഡേ?
ഉത്തരവ് ഏമാന്നേ..

3001

അലോ..അല്ലലോ..
ഹലോ..
ഡി.വൈ.എസ്.പി സാറുണ്ടോ?
സംസാരിക്കുന്നത് സാറു തന്നാഡേ
സാറേ..എന്റെ വീട്ടി കള്ളന്‍ കടന്നു സാറേ..
പ്ഫ! പുല്ലേ...ഇവിടെ എഴുപത് കൂട്ടം പണി കിടക്കുമ്പോഴാ...അവന്റമ്മൂമ്മേഡേ കള്ളന്‍..അടിച്ച് നിന്റെ ഫ്യൂസ്..
അയ്യോ...അമ്മച്ചീ...

Friday, May 18, 2012

5 മാസത്തിനിടെ ആന ഇടഞ്ഞത് 129 തവണ; മരണം 18 - സി.പി.എം ബന്ധം അന്വേഷിക്കണം

തിരു: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കഴിഞ്ഞ 5 മാസത്തിനിടെ 129 തവണ ആന ഇടഞ്ഞതിനു പിന്നില്‍ സീപീയെം ആണെന്ന സംശയം ബലപ്പെടുന്നു.

ചെങ്കൊടി കണ്ടാല്‍ വിരളുന്ന കാളകളെപ്പോലെ ചെങ്കൊടി കണ്ടാല്‍ വിരളുന്ന തരത്തില്‍ ആനകളേയും പരിശീലിപ്പിക്കുന്നതിനായി പാര്‍ട്ടി ആനക്കൊട്ടില്‍ കണ്ണൂരിലും പാലകാടും തൃശൂരും പ്രവര്‍ത്തിക്കുന്നതായി നിഷ്പക്ഷ ആന നിരീക്ഷകരും ആനയെഴുത്തുകാരും സൂചിപ്പിക്കുന്നു.

നാട്ടിലെങ്ങും കാണാനാകുന്ന ചുവന്ന കൊടി അഥവാ ചെങ്കൊടി ആനകളെ അക്രമാസക്തരാക്കുകയും അവ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നതിനു പിന്നില്‍ സീപീയെമ്മിന്റെ ഹീനമായ കൊലപാതക രാഷ്ടീയമാണെന്ന് 99.9% പേരും വിശ്വസിക്കുന്നതായി ആനകളുടെ ജാതിനിരീക്ഷകനായ ആനക്കെട്ട് ജയചങ്കരന്‍ പറഞ്ഞു.

ബ്രാഞ്ച് മുതല്‍ പീബി വരെ നീളുന്ന വിവിധ ഘടകങ്ങള്‍ ഉയര്‍ത്തുന്ന ചെങ്കൊടികള്‍ കണ്ട് വിരളുന്ന ഈ ആനകളെ വേണമെങ്കില്‍ സീബീ‍ഐ പാപ്പാന്മാര്‍ ഒതുക്കിത്തരുമെന്ന് കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ അത് കേന്ദ്രമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്നും ആനകള്‍ക്ക് സംസ്ഥാന പാപ്പാന്മാരുടെ ഒതുക്കല്‍ തന്നെ ധാരാളമാണെന്നും സംസ്ഥാന മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു.

ഇതിനിടയില്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മടിക്കുന്ന സാഹിത്യകാരന്മാര്‍ മുരട്ടുകാളവന്മാര്‍ ആണെന്ന് ചീഫ് പാപ്പ് പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

Monday, January 9, 2012

ജനസമ്പര്‍ക്കം

എന്താ‍ണ് ജനസമ്പര്‍ക്ക പരിപാടി?

ജനവുമായി പ്രതേകിച്ച് സമ്പര്‍ക്കമില്ലാത്തവര്‍ ഒരു ചേയ്ഞ്ചിനു വേണ്ടി എന്നാലിത്തിരി സമ്പര്‍ക്കം നടത്തിയേക്കാം എന്ന് വിചാരിച്ച് സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന ദര്‍ബാര്‍.

നല്ല ആളുണ്ടല്ലോ..

വേദിയിലല്ലേ...ഫോട്ടോക്ക് പോസ് ചെയ്യുന്ന മുമുഖ്യമന്ത്രിമാരുടെ തള്ളാണ്.

അല്ല..ജനം കൂടുന്നുണ്ടത്രെ..

ബിരിയാണി കിട്ടും എന്ന് ഫ്ലെക്സടിച്ചിറക്കുന്നത് കണ്ട് ഇനി ശരിക്കും ബിരിയാണി ഉണ്ടെങ്കിലോ എന്ന് കരുതി ആളു വരുന്നതാണെന്ന് ജനസംസാരം..

ഈ പരിപാടി കൊണ്ട് പ്രയോജനം ഇല്ലെന്നാണോ?

പന്തല്‍, മൈക്ക് സെറ്റ്, കസേര. ഇതൊക്കെ വാടകക്ക് കൊടുക്കുന്നവര്‍ക്ക് നല്ല കോളാണത്രെ. ഇടക്കിടെ പരിപാടിയുടെ വേദി മാറ്റുമ്പോള്‍ ഇരട്ടി മെച്ചമത്രെ.

പരാതി പരിഹരിച്ചെന്നാണ് അവകാശവാദം..

കിട്ടിയ പരാതിയില്‍ 7% പരിഹരിച്ചു എന്ന് വാര്‍ത്തകളില്‍ കാണുന്നു.

മന്ത്രിമാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ അസൂയയല്ലേ?

വില്ലേജ് ആപ്പീസറും തഹസീല്‍ദാറും പരിഹരിക്കേണ്ട പരാതികള്‍ അവരെക്കൊണ്ട് പരിഹരിപ്പിക്കാന്‍ കഴിവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതില്‍ ഇത്ര അസൂഷപ്പെടാനെന്തിരിക്കുന്നു....

ജനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിലെ എതിര്‍പ്പല്ലേ?

തറവാട്ട് സ്വത്തില്‍ നിന്ന് എടുത്ത് കൊടുക്കുന്ന പോലെ തോന്നുമല്ലോ വര്‍ത്തമാനം കേട്ടാല്‍...

ദോഷൈകദൃക്‌കാണല്ലേ?

കണ്ട കാര്യം പറയുന്നതിനെയാണോ ദോഷൈകദൃക്‌കെന്ന് പറയുന്നത്..

ജനങ്ങള്‍ക്കിടയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതിനെപ്പറ്റി എന്ത് പറയാനുണ്ട്?

ജനത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ ഇങ്ങനെ അടിച്ചുമാറ്റി അവരെ ഒരു അരുക്കാക്കണോ എന്നേ ചോദിക്കാനുള്ളൂ..

ഈ പരിപാടി നിര്‍ത്താന്‍ ഭാ‍വമില്ലെന്നാണ് വാര്‍ത്തകള്‍...

നിര്‍ത്തരുത്..നിര്‍ത്തിയാല്‍ വാര്‍ത്തകളും നില്‍ക്കും.

അപ്പ ശരി

ശരി ശരി

Sunday, January 8, 2012

മാധ്യമസ്വാതന്ത്ര്യങ്ങള്......

എന്തരണ്ണാ ചാനലുകളൊന്നും വെച്ചില്ലേ അണ്ണാ?

എന്തരിനെടേയ്...

ബെച്ച് നോക്ക്...ജില്ലാ സമ്മേളനത്തീ യേക്കെ ബാലനു വിമര്‍ശനം, റ്റീവീ രാജേഷിനു വിമര്‍ശനം, കൊട്യേരിക്കി വിമര്‍ശനം, വീയെസിനു വിമര്‍ശനം, പിണ്‌റായിക്കി കൊടിയ വിമര്‍ശനം..

ആരു പറഞ്ഞെടേയ്..?

സ്ക്രോളുകളണ്ണാ...എല്ലാത്തിലും ഒണ്ടണ്ണാ..

ഒണ്ടെങ്കി?

സത്യമാരിക്കുമണ്ണാ...

നീ ഒറപ്പിച്ചാ?

ഒറപ്പിച്ചണ്ണാ...

ഇതേ ചാനലുകളല്ലെടേയ് സീപീയെമ്മീ അഭിപ്രായ സ്വാതന്ത്ര്യോം ജനാധിപത്യോം ഒന്നുമില്ല, എല്ലാം മേല്‍ക്കമ്മിറ്റീന്ന് ആളുവന്ന് നിയന്ത്രിക്കുകയാണെന്ന് ക്യേ വ്യേണൂനെക്കൊണ്ടും, ചീയേഴ്സണെക്കൊണ്ടും വള്ളിക്കുന്നനെക്കൊണ്ടും ഒക്കെ കഴിഞ്ഞയാഴ്ച പറീച്ചതും സ്ക്രോളോട്ടിച്ചതും?

തെന്നെ അണ്ണാ...

ഇപ്പ ദേ അതിന്റെ എതിരു സ്ക്രോളും ലവരു തന്നെ ഓട്ടിക്കണ്..

തെന്നെ അണ്ണാ...

അഭിപ്രായ സ്വാതന്ത്ര്യമില്ലാന്നുള്ള സ്ക്രോള്‍ പുതിയ സ്ക്രോളു വഴി കാന്‍സലായതോണ്ട് പഴയത് ഇനി അവരു ഓട്ടിക്കൂല ഇല്ലെടേയ്..

ലത് ഇനീം ഓട്ടിക്കും അണ്ണാ..

തെരഞ്ഞെടുപ്പ് നടന്നാല്‍ ലോണ്ടേ സീപീയെമ്മില്‍ വിഫാഗീയത എന്നതും ഓട്ടിക്കുമോടേയ്?

വേണ്ടിവന്നാല്‍...

മത്സരം നടന്നില്ലെങ്കില്‍ ലോണ്ടേ ലവന്മാരുടെ വിപ്ലവച്ചൂട് പോയി, ലവന്മാരു സമവായിച്ചൂന്നും ഓട്ടിക്കുവോടേയ്?

ചെലപ്പ...

ഇതൊക്കെ എന്തരു മര്യാദകളെടേയ്?

മര്യാദകളല്ലണ്ണാ...സ്വാതന്ത്ര്യങ്ങള്...പല തരം സ്ക്രോളുകളു ഓട്ടിക്കാനുള്ള സ്വാതന്ത്ര്യങ്ങള്......മാധ്യമസ്വാതന്ത്ര്യങ്ങള്..

Saturday, October 29, 2011

പീസി ഷിറ്റിങ്ങ്

ആദ്യത്തെ മൂന്ന് രംഗങ്ങള്‍ ഇവിടെ

പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ പിസി സ്പീക്കിംഗില്‍ ഇരുന്നിരുന്ന അതേ പോസില്‍ പി.സി. മേശപ്പുറത്ത് പുതിയ ഫോണ്‍. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..

ഹലോ

ഹലോ പീസി സാറുണ്ടോ?

സ്പീക്കിംഗ്

സാറേ..ഇത് തൊമ്മന്‍ പതുപ്പുള്ളിയാ....തിരക്കഥാകൃത്ത്..ഒരു സഹായം വേണാരുന്നു..

ഒരാളെ സഹായിക്കാന്‍ പോയിട്ട് ഒരു ഫോണ്‍ പോയതിന്റെ വെഷമം മാറീട്ടില്ല..എന്നാലും കാര്യം പറ...

മ്മടെ കമ്മീഷണറില്ലേ?

നാലു വെടി വെച്ചിട്ടും പിള്ളാരുടെ നെഞ്ചത്ത് കൊള്ളാത്ത ആ കമ്മീഷണറാ...ആ %$#നെപ്പറ്റി എന്നോട് മിണ്ടരുത്..

അയ്യോ അല്ല, ഇത് കമ്മീഷണര്‍ സില്‍മ..ഉച്ഛിഷ്ടവും അമേദ്യവും ...

ങാ..അത് ... രണ്ടും എനിക്ക് പെരുത്ത് ഇഷ്ടമുള്ള കാര്യമാ..അതിനെന്നാ പറ്റി?

അതിനൊന്നും പറ്റിയില്ല..അതിനെ കവച്ച് വെക്കുന്ന കുറച്ച് ഡയലോഗ് വേണം..നൂറുദിനമെങ്കിലും ഓടണം..സാറേ ഉള്ളൂ രക്ഷ..

തായും മായും പൂയും ചേര്‍ത്ത ഡൈലോഗ് മതിയോ? അതൊക്കെ പുല്ല് പോലെ ഉണ്ടാക്കാം..ആര്‍ക്കെതിരെ പറയുന്നതായിട്ട് വേണം?

മന്ത്രിക്കെതിരെ...

മന്ത്രിക്കെതിരെയോ? മുന്മന്ത്രിക്കെതിരെ ഒരെണ്ണം തരാം... ഒരു പണികൊടുക്കാന്‍ നോക്കിയിരിപ്പായിരുന്നു..ഇതൊരു റിഹേഴ്സലായിക്കോട്ടെ...

സാറു പറ.ഞാന്‍ അത് ശരിയാക്കിക്കോളാം..റെക്കോര്‍ഡ് ചെയ്യട്ടെ.സാറേ..?

ന്നാ പിടിച്ചോ..#^$&*@^@റ2 #@&!*!*!*^ പൊട്ടാ *!&!^ബ്ബേ((!^^!വ്വ് !^^!&&ക്ണാപ്പേ!&(((! $%*!@&&ണിമാ^ **!*^@!&!%!!)!!ഉചാ&!^!!^ )രചെ(*&^%()(^&*(& )തിരാ(^&%$$* (@@#*))

അയ്യോ ചെവിയുളുക്കിപ്പോയി സാറേ...‍..തല്‍ക്കാലം ഇത്രേം മതി..ഇതില്‍ കൂടിയാല്‍ സെന്‍സര്‍ ബോര്‍ഡ് ചെത്തിക്കളയും..

തുടങ്ങിപ്പോയി..നിര്‍ത്താന്‍ പറ്റൂല..സെന്‍സര്‍ ബോര്‍ഡിനെതിരെ വേറെ തരാം..ഇതൂടെ റെക്കോര്‍ഡാക്കിക്കോ..$))#‌@@മൈ‌@*@@‌*@)*@@)832-28 #$@&കു(@()@&@&പു@)

സാറേ..നിര്‍ത്ത്..ചെവീന്ന് ചോരവന്നു...

നീ സാറേ സാറേന്ന് പറഞ്ഞതോണ്ട് നിര്‍ത്തുന്നു.. മിസ്റ്റര്‍ എന്നോ മറ്റോ വിളിച്ചിരുന്നേല്‍ നിന്റെ ജീവിതം ഞാന്‍ കട്ടപ്പൊകയാക്കിയേനെ..

പെരുത്ത് നന്ദിയുണ്ട് സാറേ...

പോലീസുകാരിക്കും വനിതാ നേതാവിനും ഒക്കെ എതിരെ വേണ്ടേ? അശ്ലീലം ചേര്‍ത്ത നല്ല സൊയമ്പന്‍ ഐറ്റം തരാം..എടുക്കട്ടെ?

അത് പ്രശ്നാവൂല്ലേ സാറേ? തിരക്കഥയില്‍ അങ്ങനൊരു സംഭവം ഇല്ല...

എന്തോന്ന് പ്രശ്നം..ഇല്ലെങ്കി ഒണ്ടാക്കണമെടേയ്..പ്രമേയത്തിന്റെ ദൌര്‍ബല്യം ഇങ്ങനൊക്കെ അല്ലെടേയ് മറികടക്കുന്നത്.. ന്നാ പിടിച്ചോ..&^^%%#^ അവക്കടെ^&&*&))**#*(#)@)മാറ&$#*#

എന്റമ്മച്ചീ....

ജാതിവൈരം ഒണ്ടാക്കണോ? അതിനുള്ള മരുന്നും ഉണ്ടെടേയ്....

അയ്യോ...അത് ഇപ്പോ വേണ്ടേ വേണ്ട...സാറിതൊക്കെ എങ്ങനെ ഒപ്പിക്കുന്നു സാറേ?

കയ്യില്‍ വേറെ കോപ്പൊന്നും ഇല്ലാത്തോണ്ട് ഒപ്പിച്ച് എടുക്കുന്നതാടേയ്.. ഇതിന്റെ ബലത്തിലല്ലെടേയ് ഇങ്ങനെ കേറിക്കേറിപ്പോവുന്നത്..ഇനിയുമേറെ &^^%% ദൂരം പോകാനുണ്ടെനിക്ക്...#@!&&**W$^ ഉറങ്ങുന്നതിന്‍ മുന്നേ..@!#%%#

സാറിനും കവിതയോ? കവിതക്കും തെറിയോ? ഉഗ്രന്‍ ജന്മമാണല്ലോ സാറേ...അപ്പ.ഞാന്‍ പോട്ടെ സാറേ...

അങ്ങനങ്ങ് പോയാലോ..ഒരു കണ്ടീഷനുണ്ട്..

പറ സാറേ...

നെന്റെ അടുത്ത പടത്തിലും ഒരു റോള്‍ വേണം..ക്യാബിനറ്റ് വാല്യൂവോ സ്റ്റാര്‍ റാങ്കോ ഉള്ളത് തന്നെ ആയാല്‍ സന്തോഷം..

സാറിനു പറ്റിയ റോളെന്ന് പറഞ്ഞാല്.. ഇപ്പോ ഒള്ളത് തന്നെ നല്ല റോളല്ലേ സാറേ..തിരക്കഥയിലെ എല്ലാത്തിനും ആളായി...എക്സ്റ്റാ ആയിട്ട് ഒരെണ്ണം സൃഷ്ടിക്കാം?

എക്സ്റ്റ്രാ നിന്റെ അച്ചാച്ചനു കൊണ്ടേക്കൊട്..

ചത്തുപോയ ആളെപ്പറ്റിപ്പറയല്ലേ സാറേ...കൊട്ടേഷന്‍ നേതാവിന്റെ വേഷമായാലോ?

എന്തോന്നിന്റെയാണേലും നേതാവായാല്‍ മതി..ഡയലോഗു വേണം..

ഒപ്പിക്കാം സാറേ..

ന്നാ ഒപ്പിക്ക്..എന്നിട്ട് വിളി..എന്റെ ഡൈലോഗ് ഞാന്‍ തന്നെ എഴുതിക്കോളാം..ഒരു സാമ്പിള്‍ വേണേല്‍ കാണിച്ച് തരാം.. നിന്റച്ഛന്റെ &$(37#%%@&*@) W**(W(W

അയ്യോ എന്നൊരു നിലവിളി അപ്പുറത്ത് നിന്നും മുഴങ്ങുന്നു...


പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് അധിപനിലെ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..ഓരോരുത്തന്റെ തന്തക്ക് വിളിച്ചപ്പോ എന്തൊരു സുഖം..


തല്‍ക്കാലം കര്‍ട്ടണ്‍

ലാറ്റിനമേരിക്കയെ മാറ്റിമറിച്ച വിപ്ലവസൗഹൃദം


ലാറ്റിനമേരിക്കയെ മാറ്റിമറിച്ച വിപ്ലവസൗഹൃദം

ക്യൂബയില്‍ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യവാഴ്ച അവസാനിപ്പിക്കാന്‍ സായുധപോരാട്ടത്തിന് തുടക്കമിട്ട് യുവ വിപ്ലവകാരികളായ ഫിദല്‍ കാസ്ട്രോയും സഖാക്കളും 1953 ജൂലൈ 26ന് മൊണ്‍കാഡ സൈനിക താവളം ആക്രമിക്കുമ്പോള്‍ വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് ജനിച്ചിട്ടില്ല. വിഫലമായ മോണ്‍കാഡ ആക്രമണത്തിന്റെ ഒന്നാംവാര്‍ഷികം പിന്നിട്ട് രണ്ട് ദിവസവുംകൂടി കഴിഞ്ഞ് 54 ജൂലൈ 28നാണ് ഷാവേസ് ജനിച്ചത്. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും അനുപമമായ വിപ്ലവച്ചങ്ങാത്തങ്ങളില്‍ ഒന്നായി ഫിദലും ഷാവേസും തമ്മിലുള്ള ബന്ധം. മാര്‍ക്സും ഏംഗല്‍സും പോലെ, ഫിദലും ചെയും പോലെ ഫിദലും ഷാവേസും. ഗുരു-ശിഷ്യ ബന്ധത്തോട് ഉപമിക്കാവുന്ന ഈ വിപ്ലവസൗഹൃദം ലാറ്റിനമേരിക്കയെ മാറ്റിമറിച്ചത് ചരിത്രം.

അനീതിയും ചൂഷണവും അവസാനിപ്പിക്കാന്‍ സായുധവിപ്ലവത്തിന്റെ മാര്‍ഗം തേടിയവരാണ് ഇരുവരും. ദേശാഭിമാനബോധവും സോഷ്യലിസ്റ്റ് ചിന്തയുമായിരുന്നു ഇരുവര്‍ക്കും പ്രചോദനം. ദരിദ്രപക്ഷ-സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചു. അധികാരത്തിലെത്തിയശേഷം കൂടുതല്‍ ഇടതുപക്ഷത്തേക്ക് നീങ്ങിയവരാണ് ഇരുവരും. ഈ സമാനതകള്‍ക്ക് പുറമേ ചില വൈജാത്യങ്ങളും ഫിദലും ഷാവേസും തമ്മിലുണ്ടായിരുന്നു. ഫിദല്‍ സായുധപോരാട്ടത്തിലൂടെത്തന്നെ അധികാരത്തിലെത്തിയപ്പോള്‍ മാറിയ കാലത്ത്, നാല് പതിറ്റാണ്ടിനപ്പുറം തെരഞ്ഞെടുപ്പിലൂടെയാണ് ഷാവേസ് അധികാരത്തിലെത്തിയത്. ഫിദല്‍ കമ്യൂണിസ്റ്റായി മാറിയപ്പോള്‍ ഷാവേസ് സോഷ്യലിസ്റ്റായി തുടര്‍ന്നു. എന്നാല്‍, രണ്ട് പതിറ്റാണ്ട് നീളുന്ന ഷാവേസിന്റെ പ്രത്യക്ഷ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ എന്നും വഴികാട്ടി ഫിദലായിരുന്നു. ഒരര്‍ഥത്തില്‍ ഫിദലിന്റെ കണ്ടെത്തലായിരുന്നു ഷാവേസ്.

അമേരിക്കന്‍ പാവകളായി വെനസ്വേലയിലെ എണ്ണസമ്പത്ത് കൊള്ളയടിച്ചുവന്ന ഭരണവര്‍ഗ രാഷ്ട്രീയക്കാര്‍ക്കെതിരെ നാട്ടില്‍ പുകഞ്ഞ രോഷത്തിന്റെ പ്രതിഫലനമായിരുന്നു 1992ല്‍ വെനസ്വേലയില്‍ ഷാവേസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പട്ടാള ഓഫീസര്‍മാര്‍ നടത്തിയ സൈനിക വിപ്ലവശ്രമം. തുടര്‍ന്ന് രണ്ട് വര്‍ഷത്തിലധികം ജയിലിലായ ഷാവേസ് മോചിതനായശേഷം ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വെറുമൊരു അട്ടിമറിക്കാരനെന്ന പ്രതിച്ഛായ മാറ്റാന്‍ നടത്തിയ ആ യാത്രയില്‍ അവസാനമാണ് ക്യൂബയില്‍ എത്തിയത്. എന്നാല്‍, ഷാവേസിനെത്തന്നെ അത്ഭുതപ്പെടുത്തിയ വരവേല്‍പ്പാണ് ഹവാനയില്‍ കാത്തിരുന്നത്. 94 ഡിസംബറില്‍ ക്യൂബയില്‍ ആദ്യമായി എത്തിയ ഷാവേസിനെ സാക്ഷാല്‍ ഫിദല്‍ കാസ്ട്രോ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞും നീണ്ട അവരുടെ സംഭാഷണത്തില്‍ ഫിദല്‍ ഷാവേസിന്റെ നിലപാടുകള്‍ ചോദിച്ചറിഞ്ഞു. തന്റെ അപാരമായ ജ്ഞാനത്താല്‍ ഫിദല്‍ ഷാവേസിനെ വീഴ്ത്തിക്കളഞ്ഞു. ഇക്കാര്യം ഷാവേസ് തന്നെ സ്നേഹത്തോടെ അനുസമരിച്ചിട്ടുണ്ട്. ഒന്നാംപേജില്‍ ഫിദല്‍ ഷാവേസിനെ ആലിംഗനംചെയ്ത് സ്വീകരിക്കുന്ന ചിത്രത്തോടെയാണ് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായ ഗ്രാന്മ പിറ്റേന്ന് പുറത്തിറങ്ങിയത്. ഷാവേസ് ശ്രദ്ധിക്കപ്പെടേണ്ടയാള്‍ ആണെന്ന സന്ദേശം നല്‍കുകയായിരുന്നു കാസ്ട്രോ അതിലൂടെ.

രണ്ട് ദിവസം ഹവാനയില്‍ തങ്ങിയ ഷാവേസ് പോയിടത്തെല്ലാം വലിപ്പച്ചെറുപ്പവും പ്രോട്ടോക്കോളും നോക്കാതെ ഫിദല്‍ അനുഗമിച്ചു. പ്രശസ്തമായ ഹവാന സര്‍വകലാശാലയില്‍ ഇരുവരും ഒരേ വേദിയില്‍ പ്രഭാഷണം നടത്തി. ഇതോടെയാണ് ലാറ്റിനമേരിക്കന്‍ ഇടതുപക്ഷവൃത്തങ്ങളില്‍ ഷാവേസ് സ്വീകാര്യനായത്. 99ല്‍ ഷാവേസിന്റെ ആദ്യ സത്യപ്രതിജ്ഞാചടങ്ങില്‍ ഫിദല്‍ സംബന്ധിച്ചു. 40 വര്‍ഷത്തിനിടെ ഫിദലിന്റെ ആദ്യ വെനസ്വേല സന്ദര്‍ശനമായിരുന്നു അത്. 10 മാസം കഴിഞ്ഞ് വീണ്ടും ഫിദല്‍ വെനസ്വേലയിലെത്തി. ഇത്തവണ ഫിദലിന്റെ നേതൃത്വത്തില്‍ മുതിര്‍ന്നവരടങ്ങുന്ന ക്യൂബന്‍ ടീമും ഷാവേസിന്റെ നേതൃത്വത്തില്‍ വെനസ്വേലന്‍ ടീമും തമ്മില്‍ പ്രശസ്തമായ ബേസ്ബോള്‍ മത്സരവും ഉണ്ടായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ നിരവധി കരാറുകളും ഒപ്പിട്ടു. 2011 ആഗസ്റ്റില്‍ തന്റെ 75-ാം പിറന്നാള്‍ ഷാവേസിനൊപ്പം ആഘോഷിക്കാനാണ് ഫിദല്‍ പിന്നെ കാരക്കാസില്‍ എത്തിയത്. അടുത്തവര്‍ഷമുണ്ടായ അട്ടിമറിശ്രമത്തെ ഷാവേസ് അതിജീവിച്ചതും ഫിദലിന്റെ സമയോചിത ഇടപെടലിലൂടെയായിരുന്നു. ശത്രുപക്ഷത്ത് ചേര്‍ന്ന സേനാവിഭാഗത്തിന്റെ കാവലില്‍ ഓഫീസില്‍ കുടുങ്ങിയ ഷാവേസിനേ അര്‍ധരാത്രിയോടെ കാസ്ട്രോ ഫോണില്‍ വിളിച്ചു. 73ല്‍ ചിലിയില്‍ അലന്ദെ ചെയ്തതുപോലെ സായുധ ചെറുത്തുനില്‍പ്പിനൊരുങ്ങി ആത്മാഹുതി ചെയ്യരുതെന്ന് ഫിദല്‍ ഉപദേശിച്ചു. അലന്ദെ ഒറ്റയ്ക്കായിരുന്നു. എന്നാല്‍, ഷാവേസ് ഒറ്റയ്ക്കല്ല. സൈന്യത്തില്‍ നല്ല പങ്കും ഷാവേസിനൊപ്പമുണ്ട് എന്ന് ഫിദല്‍ ഓര്‍മിപ്പിച്ചു. ഈ വാക്കുകളാണ് ഇരുട്ടില്‍ ദിശയറിയാതെ പതറിയ തങ്ങള്‍ക്ക് വഴിവെളിച്ചമായതെന്ന് ആ രാത്രി ഷാവേസിനൊപ്പമുണ്ടായിരുന്ന ഹോസെ വിസെന്റ് റംഗേല്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ ചാനലുകളിലൂടെ നുണക്കഥകള്‍ പ്രചരിപ്പിച്ചും സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേഷണം തടഞ്ഞും അട്ടിമറിക്കാര്‍ ഷാവേസിന്റെ ഭരണം അവസാനിച്ചു എന്ന പ്രതീതിയുണ്ടാക്കിയപ്പോഴും രക്ഷകനായത് കാസ്ട്രോയാണ്. ഷാവേസ് രാജിവച്ചിട്ടില്ലെന്ന സത്യം ക്യൂബന്‍ ടെലിവിഷനിലൂടെ പുറംലോകത്തെ അറിയിക്കാന്‍ അദ്ദേഹത്തിന്റെ മരിയ ഗബ്രിയേലയ്ക്ക് ഫിദല്‍ അവസരമൊരുക്കി. തുടര്‍ന്ന് ഓരോ 30 മിനിറ്റ് ഇടവിട്ട് മരിയയെ വിളിച്ച് കാസ്ട്രോ സ്ഥിതിഗതികള്‍ മനസ്സിലാക്കിക്കൊണ്ടേയിരുന്നു. ഷാവേസ് യുഗം അവസാനിച്ചിട്ടില്ലെന്നറിഞ്ഞ് കൂടുതല്‍ ജനങ്ങള്‍ പ്രസിഡന്റിനെ രക്ഷിക്കാന്‍ കാരക്കാസിലേക്ക് ഒഴുകിയതോടെയാണ് അട്ടിമറിക്കാരുടെ പദ്ധതി പൊളിഞ്ഞത്. മേഖലയില്‍ ഫിദലിന്റെ രാഷ്ട്രീയ പിന്‍ഗാമിയായാണ് ഷാവേസിനെ നിരീക്ഷകര്‍ കണ്ടിരുന്നത്. ഫിദല്‍ തനിക്ക് പിതൃതുല്യനാണെന്ന് ഷാവേസ് പറയുമായിരുന്നു. പ്രായത്തിന്റെ അന്തരം തലമുറകളുടെ വിടവ് സൃഷ്ടിക്കാത്തതായിരുന്നു അവരുടെ സൗഹൃദം.


*
എ ശ്യാം ദേശാഭിമാനി 07 മാര്‍ച്ച് 2013

പി ജയരാജനെ പ്രതിയാക്കിയത് ഉന്നതരുടെ കുബുദ്ധി: പിണറായി


പി ജയരാജനെ പ്രതിയാക്കിയത് ഉന്നതരുടെ കുബുദ്ധി: പിണറായി


മറ്റൊരു കേസില്‍ പ്രതിയാക്കാനുള്ള ഗൂഢാലോചനയുടെ തുടര്‍ച്ചയായാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഷുക്കൂര്‍ കേസില്‍പ്പെടുത്തിയതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ കുബുദ്ധിയില്‍ വേറെ ചില ലക്ഷ്യങ്ങളായിരുന്നു. എന്നാല്‍ ആ കേസില്‍പെടുത്തിയവരെ തിരിച്ചും മറിച്ചും ചോദ്യംചെയ്തിട്ടും ദിവസങ്ങളോളം ഭീകരമായി മര്‍ദിച്ചിട്ടും പി ജയരാജനും മറ്റുമെതിരെ തെളിവിന്റെ കണികപോലും ലഭിച്ചില്ല. ആ വഴിക്ക് അധികം പോയിട്ട് കാര്യമില്ലെന്ന് ബോധ്യമായതോടെയാണ് എങ്കില്‍ ഷുക്കൂര്‍ കേസില്‍തന്നെ ഇരിക്കട്ടെയെന്ന് തീരുമാനിച്ചതും അതിനായി കള്ളക്കഥ മെനഞ്ഞതും. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "നീതിസാക്ഷ്യം" പരിപാടി സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

ഇപ്പോള്‍ സത്യം പുറത്തുവന്നതോടെ യുഡിഎഫ് സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ രണ്ടു പ്രധാന നേതാക്കള്‍ക്കെതിരെ കള്ളക്കേസ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് നേതൃത്വം നല്‍കി. അതിനായി സാക്ഷികളെയും കള്ളമൊഴിയുമുണ്ടാക്കി. നീതിബോധമുള്ള സര്‍ക്കാരാണെങ്കില്‍ കള്ളക്കഥ മെനഞ്ഞ പൊലീസ് ഉദ്യോസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമായിരുന്നു. ഇവിടെ മുഖ്യപ്രതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായതിനാല്‍ അതു പ്രതീക്ഷിക്കാനാവില്ല. ഷുക്കൂര്‍ കേസുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള ഗൂഢാലോചന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നതായാണ് തെളിഞ്ഞത്. രാഷ്ട്രീയ നെറികേട് കാണിക്കുന്നതിന് ഒരു മനഃസാക്ഷിക്കുത്തുമില്ലാത്തയാളാണ് ഉമ്മന്‍ചാണ്ടി. ആളുകളുടെ മേല്‍ തെറ്റിദ്ധാരണ പരത്താനും രാഷ്ട്രീയ എതിരാളികളെ ബോധപൂര്‍വം കരിവാരിത്തേക്കാനും മുഖ്യമന്ത്രിക്ക് മടിയില്ല.

പിറവം ഉപതെരഞ്ഞെടുപ്പില്‍ കരകയറുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് കഥ മെനഞ്ഞുണ്ടാക്കി. യുഡിഎഫിനുവേണ്ടി എന്തുംചെയ്യാന്‍ സന്നദ്ധതയുള്ള, അതിന്റെ പേരില്‍ സ്വന്തം വിശ്വാസ്യത തകരുന്നതില്‍പോലും അങ്കലാപ്പില്ലാത്ത വലതുപക്ഷ മാധ്യമങ്ങള്‍ ഈ കഥ നാട്ടുകാരുടെ മുന്നിലെത്തിച്ചു. അരിയില്‍വച്ച് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും അപായപ്പെടുത്താനാണ് ലീഗുകാര്‍ ശ്രമിച്ചത്. ആശ്ചര്യകരമായ രക്ഷപ്പെടലായിരുന്നു. തുടര്‍ന്ന് നിര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നു. അതിനുശേഷം ചേര്‍ന്ന സമാധാന കമ്മിറ്റി യോഗത്തില്‍പോലും സിപിഐ എമ്മിനെയല്ല, ലീഗിനെയാണ് ഡിസിസി പ്രസിഡന്റുള്‍പ്പെടെ കുറ്റപ്പെടുത്തിയത്. ഏറെക്കഴിഞ്ഞാണ് പുതിയ കഥ രൂപപ്പെടുത്തുന്നത്. പിറവം തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനെതിരെ വികാരമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. കുറച്ചുദിവസം ഇത് നന്നായി കൊണ്ടാടി. തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ ഇതുമാത്രമായിരുന്നു യുഡിഎഫിന്റെ പ്രചാരണായുധം. ഷുക്കൂര്‍ വധത്തിന്റെ എഫ്ഐആറില്‍, പിന്നെ കഥയിലെ ഒരു ഭാഗവും ഉണ്ടായിരുന്നില്ല. ഇത്തരം നെറികേടുകള്‍ക്കെതിരെ വന്‍ ജനരോഷമുയരണമെന്ന് പിണറായി പറഞ്ഞു.

deshabhimani 070313

കോടതിയിലെ മൊഴി പൊലീസ് തല്ലിപ്പറയിച്ചത്: പ്രധാനസാക്ഷി


കോടതിയിലെ മൊഴി പൊലീസ് തല്ലിപ്പറയിച്ചത്: പ്രധാനസാക്ഷി


ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നാദാപുരം മജിസ്ട്രേട്ട് കോടതിയില്‍ മൊഴി കൊടുത്തത് പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതുകൊണ്ടാണെന്ന് പ്രോസിക്യൂഷന്‍ ഒമ്പതാംസാക്ഷി ചൊക്ലി സമീറ ക്വാര്‍ട്ടേഴ്സിലെ ടി കെ സുമേഷ്. പ്രത്യേക അഡീഷണല്‍ കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെയാണ് നിര്‍ണായക മൊഴി. പൊലീസിനെ ഭയന്ന് സത്യമല്ലാത്ത കാര്യങ്ങളാണ് മജിസ്ട്രേട്ട് മുമ്പാകെ നല്‍കിയത്. 10 ദിവസം തന്നെ കസ്റ്റഡിയില്‍വച്ച് പൊലീസ് ദേഹോപദ്രവം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞങ്ങള്‍ പറയുന്നതുപോലെ മൊഴി നല്‍കണമെന്നും ഇല്ലെങ്കില്‍ കേസില്‍ പ്രതിയാക്കുമെന്നും പുറംലോകം കാണിക്കില്ലെന്നും ഭീഷണിപ്പെടുത്തി. മൂന്നുദിവസം പട്ടിണിക്കിട്ടു. ഉറങ്ങാന്‍ സമ്മതിച്ചില്ല. അടിച്ചാണ് മൊഴി പഠിപ്പിച്ചത്. മജിസ്ട്രേട്ടിന് കൊടുക്കുന്ന മൊഴി തങ്ങള്‍ക്ക് കിട്ടുമെന്നും പുറത്തുവരുമ്പോള്‍ കണിച്ചുതരാമെന്നും ഭീഷണിയുണ്ടായി. ക്യാമ്പ് ഓഫീസില്‍ കൊണ്ടുപോയി പഴയ പത്രങ്ങള്‍ വായിച്ച് അത് എഴുതിയെടുക്കാന്‍ പറഞ്ഞു. ഉറക്കംതൂങ്ങിയാല്‍ അടികിട്ടുമെന്നും സുമേഷ് മൊഴി നല്‍കി.

സുമേഷിന്റെ മൊഴിയിലെ പ്രസക്തഭാഗങ്ങള്‍: ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുപിറ്റേന്ന് മാഹി ചാലക്കരയിലെ തന്റെ തറവാട്ടുവീട്ടില്‍ പൊലീസ് പൂട്ടുപൊളിച്ച് അകത്തുകടന്നു. ഇതില്‍ പേടിച്ച് ചെന്നൈക്ക് പോയി. ചെന്നൈയില്‍നിന്ന് 2012 മെയ് 10നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് ബോര്‍ഡില്ലാത്ത ഇന്നോവ കാറില്‍ വയനാട് മേപ്പാടിയിലെ ഏതോ വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് വടകരയിലെ ക്യാമ്പ് ഓഫീസിലെത്തിച്ചു. പകല്‍ ഡിവൈഎസ്പി ഓഫീസിലും രാത്രി ക്യാമ്പ് ഓഫീസിലുമായിരുന്നു. മജിസ്ട്രേട്ടിന് കൊടുക്കാനുള്ള മൊഴി പഠിപ്പിച്ചത് ക്യാമ്പ് ഓഫീസിലാണ്. മജിസ്ട്രേട്ട് ചോദിക്കുമ്പോള്‍ പറയേണ്ട ഉത്തരങ്ങളും പഠിപ്പിച്ചു. മജിസ്ട്രേട്ടിനുമുമ്പാകെ ഹാജരാകാന്‍ സമന്‍സ് കിട്ടിയിട്ടില്ല. പൊലീസ് വിളിച്ചുവരുത്തിയതാണ്. പൊലീസ് ജീപ്പിലാണ് കോടതിയിലേക്ക് പോയതും തിരിച്ച് വടകരയിലേക്ക് വന്നതും. ഒരുദിവസമേ തടങ്കലില്‍ വച്ചുള്ളു എന്ന് മജിസ്ട്രേട്ട് മുമ്പാകെ മൊഴി കൊടുത്തത് പൊലീസ് പറഞ്ഞപ്രകാരമാണ്. കേസ് സംബന്ധിച്ച് മജിസ്ട്രേട്ടിനുമുമ്പില്‍ പറഞ്ഞ വിവരങ്ങള്‍ നേരിട്ട് അറിവുള്ള കാര്യമല്ല. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം മെയ് 12ന് വടകര ഡിവൈഎസ്പി മുമ്പാകെ മൊഴിയൊന്നും കൊടുത്തിട്ടില്ലെന്നും സുമേഷ് മൊഴിനല്‍കി.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം മാഹി കോടതിയില്‍ ഒപ്പിടാന്‍ പോയത് ഇന്നോവ കാറിലാണെന്ന് സുമേഷ് മൊഴി നല്‍കിയതായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സുമേഷ് നിഷേധിച്ചു. സംഭവദിവസം രാത്രി കൊടി സുനി ഫോണില്‍ വിളിച്ച് ടി വി വാര്‍ത്ത കാണാന്‍ ആവശ്യപ്പെട്ടിട്ടില്ല. സിപിഐ എം നേതാവ് കുഞ്ഞനന്തനെ അറിയില്ല. കൊലയ്ക്ക് മൂന്നാഴ്ചമുമ്പ് സമീറ ക്വാര്‍ട്ടേഴ്സില്‍ വച്ച് സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍നിന്നും ചന്ദ്രശേഖരനെ വധിക്കാന്‍ നിര്‍ദേശമുണ്ടെന്നും അനൂപ് വഴിയാണ് കരാര്‍ വന്നതെന്നും കൊടി സുനി അറിയിച്ചു എന്നു പറയുന്നതും ശരിയല്ല. അപ്രകാരം യാതൊരു മൊഴിയും നല്‍കിയിട്ടില്ല. കൊടി സുനിയും സംഘവും ഉപയോഗിച്ചതായി പറയുന്ന ഇന്നോവ കാര്‍ എടച്ചേരി പൊലീസ് സ്റ്റേഷനില്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് മൊഴി കൊടുത്തിട്ടില്ല. കൊല നടന്നത് സിപിഐ എം അറിവോടെയാണെന്ന് സ്ഥാപിക്കാന്‍ പൊലീസ് ചമച്ച മൊഴികള്‍ എല്ലാം സുമേഷ് നിഷേധിച്ചു. ഇല്ലാത്ത മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയതെന്ന നേരത്തെയുള്ള ആരോപണം ശരിവയ്ക്കുന്നതാണ് കോടതിയില്‍ സുമേഷ് നടത്തിയ വെളിപ്പെടുത്തല്‍.

മൊഴിയാക്കിയത് പറയാത്ത കാര്യങ്ങള്‍

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷി പ്രോസിക്യൂഷനെതിരെ. കൊലപാതക ഗൂഢാലോചന നേരിട്ട് അറിയുമെന്നുപറഞ്ഞ് ഹാജരാക്കിയ കേസ് രജിസ്റ്ററിലെ 16-ാം സാക്ഷിയും പ്രോസിക്യൂഷന്‍ ഒമ്പതാംസാക്ഷിയുമായ ടി കെ സുമേഷാണ് പ്രോസിക്യൂഷന്റെ വിസ്താരത്തില്‍ എതിരെ മൊഴിനല്‍കിയത്. സുമേഷില്‍നിന്ന് യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരുന്നത് ഭയന്ന പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു. കോടതി ഇതംഗീകരിച്ചശേഷം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രോസ് വിസ്താരം നടത്തി.

താന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് നാദാപുരം മജിസ്ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയത് പൊലീസ് പീഡനംമൂലമാണെന്നും സുമേഷ് പറഞ്ഞു. ചന്ദ്രശേഖരന്‍ കേസില്‍ ശാസ്ത്രീയ അന്വേഷണരീതിയാണ് അവലംബിച്ചത് എന്ന പൊലീസിന്റെയും മറ്റും വാദം സുമേഷിന്റെ മൊഴിയിലൂടെ പൊളിയുന്നതിന് കോടതി സാക്ഷിയായി. സുമേഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് സ്ഥാപിക്കാനുള്ള പ്രോസിക്യൂഷന്‍ ശ്രമവും പാളി. മാഹി, പള്ളൂര്‍ മേഖലകളിലെ 14 കേസുകളില്‍ സുമേഷ് പ്രതിയാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രതിഭാഗം വിസ്താരത്തില്‍ 14ല്‍ 12 കേസിലും തന്നെ വെറുതെവിട്ടതായി സുമേഷ് മൊഴിനല്‍കി. ശിക്ഷിക്കപ്പെട്ട രണ്ടുകേസില്‍ അപ്പീലില്‍ ശിക്ഷ അസാധുവാക്കിയെന്നും സുമേഷ് വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ പത്താംസാക്ഷിയും വള്ളിക്കാട് ബ്രദേഴ്സ് ക്ലബ് സെക്രട്ടറിയുമായ വി എസ് സൂരജ്കുമാറിനെയും ബുധനാഴ്ച വിസ്തരിച്ചു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വിവരം 10.10ന് അറിഞ്ഞിട്ടില്ലെന്ന് സൂരജ്കുമാര്‍ മൊഴിനല്‍കി. പൊലീസ് രേഖപ്പെടുത്തിയതിന് വിരുദ്ധമായ മൊഴിയാണിത്. രാത്രി 11ന് ഭക്ഷണം കഴിച്ച് തിരിച്ച് ക്ലബ്ബില്‍ എത്തിയപ്പോഴാണ് ആരോ ഒരാള്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞതെന്നും സൂരജ്കുമാര്‍ പറഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, സി ശ്രീധരന്‍ നായര്‍, എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവരാണ് സാക്ഷിവിസ്താരം നടത്തിയത്. ക്ലബ് പ്രസിഡന്റ് വി കെ ശിവരാമനെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വ്യാഴാഴ്ച 22 മുതല്‍ 25 വരെ സാക്ഷികളെ വിസ്തരിക്കും.

deshabhimani 070313

2013 മാർച്ച് 6, ബുധനാഴ്‌ച

കോര്‍പറേറ്റുകളുടെ മോഡിസ്നേഹം


കോര്‍പറേറ്റുകളുടെ മോഡിസ്നേഹം

ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസികള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്രമോഡിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. അടുത്തവര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന നിര്‍ണായക സംഭവവികാസമാണിത്. വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ കൃത്യമായ വര്‍ഗതാല്‍പ്പര്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഒരു ദശാബ്ദമായി ഗുജറാത്തിലെ മുഖ്യമന്ത്രിപദവിയിലിരിക്കുന്ന മോഡി അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏറ്റവും നല്ല സേവകനാണെന്ന് തെളിയിച്ചിട്ടുണ്ട്. മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് മോഡലിനെ കോര്‍പറേറ്റ് മേഖല വര്‍ഷങ്ങളായി പുകഴ്ത്തുകയുമാണ്.

കോര്‍പറേറ്റ് മേഖലയ്ക്ക് അവരുടെ വ്യവസായസ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ സബ്സിഡിയോടെ നല്‍കുന്ന പാക്കേജുകളും ഗുജറാത്ത് മാതൃകയെന്ന് വിളിക്കപ്പെടുന്ന "വികസനമാതൃക"യിലുണ്ട്. തുച്ഛമായ വിലയ്ക്കാണ് ഭൂമി നല്‍കുന്നത്. സബ്സിഡിയോടെ വൈദ്യുതിയും നികുതി ഇളവുകളും ഇവര്‍ക്ക് നല്‍കുന്നു. വന്‍കിട ബൂര്‍ഷ്വാസികള്‍ക്ക് അതിലാഭം കൊയ്യാനുള്ള അവസരം നരേന്ദ്രമോഡിയുടെ ഭരണം ഉറപ്പുനല്‍കുന്നു. ഇവര്‍ക്ക് വഴങ്ങാത്ത തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും കടുത്ത അടിച്ചമര്‍ത്തലിന് വിധേയരാക്കി വിനീതരാക്കുകയും ചെയ്യുന്നു. സംസ്ഥാനത്തേക്കുള്ള സ്വകാര്യനിക്ഷേപത്തിന്റെ ഒഴുക്കും അവര്‍ നേടുന്ന ഉയര്‍ന്ന ലാഭവുമാണ് വികസനത്തിന്റെ "തിളക്കമാര്‍ന്" വശം. തൊഴിലാളികളുടെ യഥാര്‍ഥ കൂലി കുറഞ്ഞുവരുന്നതാണ് അതിന്റെ ഇരുണ്ട വശം. സാധാരണ ജനങ്ങള്‍ക്കായി എടുത്തുപറയത്തക്ക ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ നടപടികളൊന്നും ഗുജറാത്തില്‍ ഇല്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തിലെ 48 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരം ലഭിക്കുന്നില്ല. ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതില്‍ പത്താംസ്ഥാനത്തുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആറ് വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ സാക്ഷരതാനിരക്കില്‍ ഗുജറാത്ത് അഞ്ചാംസ്ഥാനത്തുനിന്ന് ഏഴാംസ്ഥാനത്തേക്ക് വീണു. നേരത്തെ വന്‍കിട ബൂര്‍ഷ്വാസികള്‍ ഗുജറാത്തിലെ ഭരണത്തിനും നേതൃത്വത്തിനുമാണ് മോഡിയെ പുകഴ്ത്തിയത്.

എന്നാലിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വമേറ്റെടുക്കാനാണ് അവര്‍ മോഡിയെ പിന്തുണയ്ക്കുന്നത്. ജനുവരിയില്‍ അഹമ്മദാബാദില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ കോര്‍പറേറ്റ് മേധാവികള്‍ മോഡിയെ വാനോളം പുകഴ്ത്താന്‍ മത്സരിച്ചു. മുകേഷ് അംബാനി, അനില്‍ അംബാനി, രത്തന്‍ ടാറ്റ, ഗൗതം അദനി, ശശി റൂയിയ, ആദി ഗോദ്റെജ് തുടങ്ങി പ്രധാന വ്യവസായപ്രമുഖരെല്ലാം അവിടെയെത്തി. റിലയന്‍സ്, ടാറ്റ, എസ്സാര്‍, അദനീസ്, ഗോദ്റെജ് എന്നീ വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് ഇവര്‍. മോഡിയെ "രാജാക്കന്മാരുടെ രാജാവ"് എന്ന് വിശേഷിപ്പിച്ച അനില്‍ അംബാനി, മഹാത്മാഗാന്ധിയുമായും സര്‍ദാര്‍ പട്ടേലുമായും മോഡിയെ താരതമ്യപ്പെടുത്തുകയും ചെയ്തു. ഗുജറാത്ത് മാതൃകയിലുള്ള വികസനം ഇന്ത്യയിലെമ്പാടും വ്യാപിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അമേരിക്ക- ഇന്ത്യ ബിസിനസ് കൗണ്‍സില്‍ തലവന്‍ റോന്‍ സമ്മേഴ്സും ഈ ഉച്ചകോടയില്‍ പങ്കെടുത്തു. ഗുജറാത്തിന്റെ പുരോഗതിയെ "അത്യത്ഭുതം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇവരോടൊപ്പം അണിചേര്‍ന്ന കോര്‍പറേറ്റ് മാധ്യമങ്ങളും നരേന്ദ്ര മോഡിയെയും അദ്ദേഹത്തിന്റെ വികസനമാതൃകയെയും പുകഴ്ത്തി.

ഡല്‍ഹി സര്‍വകലാശാലയില്‍ മോഡി അടുത്തിടെ നടത്തിയ പ്രസംഗത്തിന് മുഖ്യ ദേശീയമാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യത്തില്‍നിന്ന് ഇവരുടെ താല്‍പ്പര്യവും മനസ്സിലാക്കാം. യുപിഎ സര്‍ക്കാരിന്റെ നയങ്ങളിലൂടെ വര്‍ധിച്ച ആനുകൂല്യങ്ങളാണ് വന്‍കിട ബൂര്‍ഷ്വാസികള്‍ക്ക് ലഭിക്കുന്നത്. വന്‍കിട ബിസിനസുകാരെയും വിദേശമൂലധനത്തെയും പ്രീണിപ്പിക്കാന്‍ മന്‍മോഹന്‍സിങ്ങും പി ചിദംബരവും കഴിഞ്ഞ കുറച്ചുമാസങ്ങളായി വഴിവിട്ട് ശ്രമിക്കുകയാണ്. നികുതിവെട്ടിപ്പ് തടയാനുള്ള ഗാര്‍ ചട്ടങ്ങള്‍ യുപിഎ സര്‍ക്കാര്‍ തടഞ്ഞുവച്ചതിനര്‍ഥം കോര്‍പറേറ്റുകളും വന്‍കിട ബിസിനസുകാരും നടത്തുന്ന നികുതിവെട്ടിപ്പ് തടയാനുള്ള വഴി അടയ്ക്കുകയാണെന്നാണ്. മാത്രമല്ല, ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപവും അനുവദിച്ചു. 2009ന് ശേഷം മാത്രം 20 ലക്ഷം കോടിയുടെ ഇളവുകളാണ് വന്‍കിടക്കാര്‍ക്ക് യുപിഎ സര്‍ക്കാര്‍ നല്‍കിയത്. ഇതൊക്കെ ചെയ്തിട്ടും വന്‍കിട ബൂര്‍ഷ്വാസികള്‍ തൃപ്തരല്ല. രക്തം മണത്ത ഇവര്‍ കൂടുതല്‍ ആവശ്യം ഉയര്‍ത്തുകയാണ്. മോഡി ഇവര്‍ക്ക് ബദല്‍മുഖമാകുന്നതും ഇതുകൊണ്ടുതന്നെ. മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2002ല്‍ 2000 മുസ്ലിങ്ങളെ കൂട്ടക്കൊലചെയ്ത സംഭവമൊന്നും വന്‍കിട ബൂര്‍ഷ്വാസികളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നില്ല. കൊടിയ ഹിന്ദുത്വശക്തികളുടെ പ്രതിനിധിയാണ് മോഡി. കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ധനമുതലാളിത്തത്തിനും പ്രധാനം അവരുടെ അതിലാഭം ഉറപ്പാക്കലും അതിനായി തടസ്സമേതുമില്ലാതെ രാജ്യത്തെ ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം നേടലുമാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍എസ്എസും മോഡിയെ പിന്തുണയ്ക്കും. അന്തിമമായി മോഡിയും സംഘ പ്രചാരകനാണ്. ആര്‍എസ്എസിന്റെ മുന്നണിയില്‍പെട്ട വിശ്വഹിന്ദുപരിഷത്ത് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിച്ചുകഴിഞ്ഞു. മാത്രമല്ല, കുംഭമേളയില്‍ നടന്ന യോഗത്തില്‍ മോഡിയെ ഹിന്ദുത്വത്തിന്റെ മുഖമായി പ്രഖ്യാപിക്കുകയും ചെയ്തു. അന്തിമഘട്ടത്തില്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നതില്‍ വന്‍കിട ബൂര്‍ഷ്വാസികള്‍ക്കുള്ള പങ്ക് പ്രസിദ്ധമാണ്. ജര്‍മനിയില്‍ സംഭവിച്ചത് അതാണ്. ഇന്ത്യയില്‍ അത്തരമൊരു പ്രതിസന്ധി ഭരണവര്‍ഗത്തിന് ഇതുവരെയും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. ഹിന്ദുത്വവര്‍ഗീയതയും വന്‍കിട ബൂര്‍ഷ്വാ പിന്തുണയും ചേര്‍ന്നുള്ള മിശ്രിതം അപകടകരമാണ്. വലതുപക്ഷ സ്വേച്ഛാധിപത്യത്തിലേക്ക് ഇത് വളര്‍ന്നാല്‍ അത് രാജ്യത്തെ അപകടത്തിലാഴ്ത്തുകയും ഐക്യം തകര്‍ക്കുകയും ചെയ്യും.

വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യങ്ങളെ ദീര്‍ഘകാലമായി സേവിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിക്കും യുപിഎ സര്‍ക്കാരിനും ഈ ഭീഷണിയെ നേരിടാനാകില്ല. തൊഴിലാളികളെയും കര്‍ഷകരെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് മാത്രമേ ഈ ഭീഷണിയെ നേരിടാനാകൂ. ഈ ബദല്‍ മാര്‍ഗമാണ് രണ്ട് ദിവസത്തെ പണിമുടക്കിലൂടെ തൊഴിലാളിവര്‍ഗം കാട്ടിത്തരുന്നത്. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങും സഞ്ചരിക്കുന്ന സംഘര്‍ഷ് സന്ദേശ് ജാഥയും എല്ലാ മതനിരപേക്ഷ ജനാധിപത്യ പുരോഗമനശക്തികളെയും സംഘടിപ്പിച്ച് നവഉദാരവല്‍ക്കരണ മുതലാളിത്തത്തിനും വലതുപക്ഷ വര്‍ഗീയശക്തികള്‍ക്കും ബദല്‍ മുന്നോട്ടുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 21 ഫെബ്രുവരി 2013

അമൃതയുടെ ഇടിയും ആര്യയുടെ കൂവലും


അമൃതയുടെ ഇടിയും ആര്യയുടെ കൂവലും

ഇവള്‍ അമൃത. അങ്കക്കലി പൂണ്ടാല്‍ ചുറ്റുമുള്ളതൊന്നും ഇവള്‍ കാണില്ല. പിന്നെ ഇടിയും ചവിട്ടും മാത്രം... ഇടിയെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര ഇടിയാ... സൈബര്‍ലോകത്ത് നിറഞ്ഞിരിക്കുന്ന പോസ്റ്റാണിത്. ഇത്തവണ ഒരുപാട് ലൈക്കുകളും കമന്റുകളും ഷെയറുകളും ഇതിന് കിട്ടി. തന്റെ നേരെ കമന്റുമായി വന്നവര്‍ക്ക് കൈക്കരുത്തുകൊണ്ട് മറുപടി കൊടുത്ത അമൃത സൈബര്‍ലോകത്തെ കരുത്തുള്ള പെണ്‍കുട്ടിയാണ്. ജൂനിയര്‍ വിജയശാന്തിയായി അവള്‍ സൈബര്‍ലോകത്തെ താരമായി. ഒരു ആക്ഷന്‍ പടം കണ്ടപോലെ എന്നായിരുന്നു അമൃതയെക്കുറിച്ചുള്ള പോസ്റ്റുകളില്‍ പലരും പറഞ്ഞത്. സൈബര്‍ ലോകം മുഴുവന്‍ അമൃതയെ അഭിനന്ദിക്കാന്‍ മുന്നിലുണ്ടായിരുന്നു. എല്ലാ പെണ്‍കുട്ടികളും അമൃതയെപ്പോലെ ആയെങ്കില്‍ എന്നുപോലും ചിന്തിക്കുന്നവരുണ്ട്. അമൃതയെ അനുകൂലിച്ചെഴുതിയ പോസ്റ്റിന് കമന്റുകളും ലൈക്കുകളും ഒരുപാട് കിട്ടി.

ഷബ്ന ഫാത്തിമ എഴുതുന്നത് ഇങ്ങനെയാണ്- ഇത് ചിലപ്പോള്‍ ആണുങ്ങളുടെ കണ്ണില്‍ തെറ്റാവാം. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇത് ആവശ്യമാണ്. അച്ഛന്റെ കൈകളില്‍പ്പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത കാലമാണിത്. ചിലര്‍ക്ക് അമൃതയുടെ ഇടി അത്രയങ്ങ് പിടിച്ചില്ല. നാലുപേരുടെ സപ്പോര്‍ട്ട് കിട്ടിയപ്പോള്‍ പെണ്ണിന്റെ ശബ്ദം മാറിയത് കണ്ടില്ലേ? ഇനി ഭരണം അങ്ങ് ഏല്‍പ്പിച്ചാല്‍ എന്താകും ലോകത്തിന്റെ അവസ്ഥ എന്നു വിലപിച്ച കൂട്ടരുമുണ്ട് കേട്ടോ... വധശ്രമത്തിന് കേസെടുക്കാനും ചിലര്‍ ആഗ്രഹിക്കുന്നു. ആണിനെ തൊട്ടുകളിച്ചപ്പോള്‍ വര്‍ഗബോധം ഉണര്‍ന്നവരാണ് ഇക്കൂട്ടര്‍ എന്ന് തോന്നുന്നു. എവിടെയോ ഉള്ള ഒരു അക്ബര്‍ പറയുന്നത് സ്ത്രീക്ക് പുരുഷന്മാരുടെ അത്ര മസില്‍ ഇല്ലപോലും! അഞ്ജലി അനില്‍ കുമാര്‍ അതിന് കണക്കിന് മറുപടി കൊടുത്തിട്ടുണ്ട്. അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാത്ത ആ തെമ്മാടികളുടെ പടം സൈബര്‍ലോകത്തില്‍ പ്രചരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ഒരു യോഗത്തില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെയും മറ്റും മോശമായി പരാമര്‍ശിച്ച പ്രാസംഗികനെ കൂകിത്തോല്‍പ്പിച്ച ആര്യയും സൈബര്‍ലോകത്തെ മിന്നുംതാരംതന്നെ. ഒറ്റ കൂവല്‍കൊണ്ട് സ്ത്രീകളുടെ ആകെ ശബ്ദമായി ആര്യ മാറി. നൂറുകണക്കിനു വിദ്യാര്‍ഥിനികള്‍ ഇരുന്നവേദിയിലാണ് സ്ത്രീകളെ ആകെ അപമാനിച്ച് സംസാരിച്ച ആളെ ആര്യ ഒറ്റയ്ക്ക് എഴുന്നേറ്റുനിന്ന് കൂകി തോല്‍പ്പിച്ചത്.

തിരുവനന്തപുരം വിമന്‍സ്കോളജിലെ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് ആര്യ. അവള്‍ക്കും കിട്ടി ഒരുപാട് ലൈക്കുകള്‍. ഒരു അമൃതയിലോ ആര്യയിലോ അവസാനിക്കരുത് പെണ്‍കരുത്തെന്ന് പലരും ആശിക്കുന്നു. സ്വകാര്യചാനലിലെ മാധ്യമപ്രവര്‍ത്തകയോട് ഒരു "തമാശ" പറഞ്ഞ കേന്ദ്രമന്ത്രി വയലാര്‍ രവിക്കും മൂല്യബോധന വിദ്വാന്‍ രജിത് കുമാറിനും കിട്ടി സൈബര്‍ലോകത്തിന്റെ വക കണക്കിന് ചീത്ത. രണ്ടുപേരും തങ്ങളുടെ സംസ്കരമാണ് കാട്ടിയതെന്ന് എല്ലാവരും ഉറപ്പിക്കുന്നു. പ്രണയിതാക്കളുടെ ദിവസം ആഘോഷമാക്കിയും കരിദിനമായി ആചരിച്ചും ഒരുപാടുപേര്‍ പോസ്റ്റിട്ടു. എന്നാല്‍, ഒരു നാടോടി പെണ്‍കുട്ടി റോസാപ്പൂ വില്‍ക്കുന്ന ഫോട്ടോ ആരുടെയും കരളലിയിക്കുന്നതും വേറിട്ട് നില്‍ക്കുന്നതുമായിരുന്നു. ആഘോഷത്തിനിടയിലും ഒരു നൊമ്പരമായി ആ പെണ്‍കുട്ടിമാറി. ഈ ലോകവും അതിലെ കാഴ്ചകളും നമ്മുടെ ഉറക്കം കെടുത്തുന്നു എന്നായിരുന്നു അലീന സോഫിയുടെ കമന്റ്. കേന്ദ്രസര്‍ക്കാരിന്റെ അടിക്കടിയുള്ള പെട്രോല്‍ വില വര്‍ധനയ്ക്കെതിരെ സൈബര്‍ലോകം ഒന്നടങ്കം പ്രതിഷേധിച്ചു.

*
വന്ദന കൃഷ്ണ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

ദേ, പുലി വന്നുകഴിഞ്ഞു!


ദേ, പുലി വന്നുകഴിഞ്ഞു!

'പുലി വരുന്നേ! പുലി വരുന്നേ!' എന്ന് വിളിച്ചുകൂവി നാട്ടുകാരെ പറ്റിച്ച പയ്യന്റെ കഥ പഴകി എന്ന് തോന്നിയവര്‍ക്ക് ഇതാ പുതിയ കഥ. 'ആഗോളവത്കരണം, എന്ന പുലി ഇറങ്ങിയിട്ടുണ്ട്, താമസിയാതെ അത് നമ്മെയെല്ലാം കടിച്ചുകീറും' എന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നാടുമുഴുവന്‍ പ്രചരണം നടത്തിയവരായിരുന്നു നമ്മളില്‍ പലരും. ഉദാരവല്‍കരണം, സ്വകാര്യവല്‍കരണം, ആഗോളവല്‍കരണം എന്നീ മൂന്ന് അവതാരങ്ങളായിട്ടാണ് അവന്‍ വരുക, എന്നായിരുന്നു നമ്മളൊക്കെ പറയാന്‍ ശ്രമിച്ചത്. പക്ഷെ, അന്ന് 'ഇത് പഴയ പുലിക്കഥ തന്നെ' എന്ന് പലരും പുഛിച്ചത് ഓര്‍ക്കുന്നു. ഇപ്പോള്‍ അങ്ങനെ പുഛിച്ചവര്‍ക്കുകൂടി സംഗതികള്‍ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്  എന്ന് തോന്നുന്നു.

ഇത് പറയാന്‍ കാരണം, 'ഇങ്ങനെ പോയാല്‍ കെ എസ് ആര്‍ ടി സി പൂട്ടിപ്പോകും' എന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി തന്നെ പ്രസ്താവിച്ചതായ പത്രവാര്‍ത്തയാണ്. 'ഇങ്ങനെ പോയാല്‍' എന്ന് പറഞ്ഞാല്‍, 'കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ഇങ്ങനെ പോയാല്‍' എന്നല്ലേ  അര്‍ഥം! ഒരു കോണ്‍ഗ്രസ് മന്ത്രിക്കുതന്നെ ഇങ്ങനെ പറയേണ്ടി വരുന്ന ഗതികേട് ആലോചിച്ചുനോക്കൂ! എങ്ങനെ പറയാതിരിക്കും? നമ്മുടെ കെ എസ് ആര്‍ ടി സി പോലുള്ള പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളെ 'വമ്പന്മാര്‍' എന്ന് മുദ്രകുത്തി അവരില്‍ നിന്ന് ഡീസലിന് പത്തും പന്ത്രണ്ടും രൂപ അധികം വാങ്ങുന്ന ഒരു നയം എണ്ണക്കമ്പനികള്‍ കൊണ്ടുവന്നിരിക്കുകയല്ലേ? രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ഒത്താശയില്ലാതെ അവര്‍ ഇങ്ങനെ ചെയ്യില്ല എന്നുറപ്പാണല്ലോ. എണ്ണവിലനിയന്ത്രണം എടുത്തുകളഞ്ഞു, വിലയൊക്കെ കമ്പനികള്‍ നേരിട്ടാണ് നിശ്ചയിക്കുന്നത്, എന്നൊക്കെ എത്രപറഞ്ഞാലും, കമ്പനികള്‍ സര്‍ക്കാരിന്റെ ഇംഗിതമാണ് നടപ്പാക്കുന്നത് എന്ന് വ്യക്തമല്ലേ?  എന്നുതന്നെയല്ല, പൊതുമേഖലാ സ്ഥാപനങ്ങളെ ഇങ്ങനെ 'കരിമ്പട്ടികയില്‍' പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങള്‍ പരാതി പറഞ്ഞിട്ട് കേന്ദ്രം കേട്ട ഭാവം പോലും നടിക്കുന്നുമില്ല. അതേസമയം, സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്ക് പഴയവിലയ്ക്കുതന്നെ ഡീസല്‍ കിട്ടുന്നുമുണ്ട്. (ദശലക്ഷക്കണക്കിനു രൂപ വിലവരുന്ന ആഡംബരക്കാറുകള്‍ക്കും സൗജന്യവിലയ്ക്ക് ഡീസല്‍ കൊടുക്കുന്നു എന്നും ഓര്‍ക്കണം.) എന്തു പൊതു താത്പര്യം സംരക്ഷിക്കാനാണ് ഇതു  ചെയ്യുന്നത് എന്ന് ജനങ്ങളോട് വ്യക്തമാക്കാനുള്ള ബാധ്യത രാജ്യം ഭരിക്കുന്നവര്‍ക്ക് ഇല്ലേ? ഈ കളിയുടെയൊക്കെ ലക്ഷ്യം പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ പൂട്ടിച്ച്  ആ ചെലവില്‍ സ്വകാര്യകമ്പനികളെ വളര്‍ത്തുക എന്നതാണ് എന്ന് ആരോപിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ? ഇപ്പോള്‍ പാര്‍ലമെന്റ് കൂടിക്കൊണ്ടിരിക്കുകയല്ലേ? എന്തുകൊണ്ട് അവിടെ ഇത് ഇഷ്യൂ ആകുന്നില്ല? 

ഈ നയം ട്രാന്‍സ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ മാത്രമായി ഒതുങ്ങുന്നുമില്ല. കുടിവെള്ള വിതരണം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കം ശക്തമാണല്ലോ. കേരളത്തില്‍ കുടിവെള്ള വിതരണത്തിനായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഒരു കമ്പനി തുടങ്ങാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. ആ കമ്പനിയില്‍ 51 ശതമാനം ഓഹരി സ്വകാര്യവ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും ആയിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ താല്‍പര്യക്കാര്‍ക്ക് മുന്‍തൂക്കം ഉള്ള കമ്പനിയുടെ നയങ്ങള്‍ തീരുമാനിക്കുന്നത് അവര്‍ ആയിരിക്കുമല്ലൊ. സ്വകാര്യ ഓഹരി ഉടമകളുടെ താല്‍പര്യം ലാഭം പരമാവധിയാക്കുക എന്നത് തന്നെ ആയിരിക്കും. അല്ലാതെ, സര്‍ക്കാരിനെ സഹായിക്കാനൊന്നുമല്ലല്ലോ അവര്‍ കമ്പനിയില്‍ ഓഹരി എടുക്കുന്നത്. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വെള്ളം വാങ്ങി ജനങ്ങള്‍ക്ക് വില്‍ക്കുന്ന കമ്പനി ലാഭം ഉണ്ടാക്കുന്നത്  വെള്ളത്തിന്റെ വില കൂട്ടി വിറ്റിട്ടായിരിക്കും എന്നറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഇതിനല്ലേ സ്വകാര്യവത്കരണം എന്ന് പറയുന്നത്? കുടിവെള്ളം സ്വകാര്യവല്‍കരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ പുഛിച്ചവര്‍ ഇപ്പോള്‍ എന്ത് പറയുന്നു? ഏറ്റവും രസം, വാട്ടര്‍ അതോറിറ്റി ഇത്രയും കാലം ശ്രമിച്ചിട്ടും കേരളത്തില്‍ എല്ലാവര്‍ക്കും  ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ആ കുറവ് പരിഹരിക്കാനാണ് സ്വകാര്യ കമ്പനി തുടങ്ങുന്നത് എന്നുമാണ് ഈ നീക്കത്തെ ന്യായീകരിക്കാനായി പറയുന്നത് എന്നതത്രേ! ജനങ്ങളെ വിഡ്ഢികളാക്കുന്നതിനും ഒരതിര് വേണ്ടേ? വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ഉണ്ട് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, അത് പരിഹരിക്കുന്നത് ഇങ്ങനെയാണോ? ഇതേ ന്യായം പറഞ്ഞാണല്ലോ 'ജലനിധി ' പദ്ധതി നടപ്പാക്കിയത്. അതിനും  പല പരിമിതികളും ഉണ്ടായിരുന്നെങ്കിലും നല്ലൊരു ഭാഗം ജനങ്ങള്‍ക്ക് പൈപ്പുവെള്ളം എത്തിക്കാന്‍ ജലനിധിക്ക് കഴിഞ്ഞു എന്നുള്ളത് സത്യമാണ്. അതിലെ കുറവുകള്‍ പരിഹരിച്ചു അത് വ്യാപിപ്പിക്കുന്നതിന് പകരം ഇപ്പോള്‍ ഇങ്ങനെ ഒരു ഭൂതോദയം ഉണ്ടാകാന്‍ കാരണമെന്ത്? എവിടത്തെ ജനങ്ങള്‍, അല്ലെങ്കില്‍ ആര്, ആവശ്യപ്പെട്ടിട്ടാണ് ഈ ഉത്തരവ് ഇറങ്ങിയത്? അതിനും ഉത്തരം സ്വകാര്യവത്കരണ അജണ്ടയുടെ വ്യാപനത്തിന്റെ ഭാഗം ആണിത്, എന്ന് മാത്രമേ പറയാന്‍ കഴിയൂ. അത് കേന്ദ്രത്തിന്റെ നിര്‍ബന്ധമോ അതോ സംസ്ഥാനം ഭരിക്കുന്നവരുടെ സ്വന്തം കൈയിലിരിപ്പോ, എന്നതില്‍  മാത്രമേ സംശയിക്കണ്ടു. രണ്ടായാലും ഉറവിടം ഒന്ന് തന്നെ!

ഈ സന്ദര്‍ഭത്തില്‍ മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭ ഒരു അപൂര്‍വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചു. ഇരുപക്ഷത്തുമുള്ള സാമാജികന്മാര്‍ ഒരേ ശബ്ദത്തോടെ ഒരു അഭിപ്രായം പാസ്സാക്കി: വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ  സമ്മര്‍ദ്ദത്തിനെതിരായി. വളരെ നല്ലത് തന്നെ. പക്ഷെ, അവിടെയും പ്രകടമാകുന്ന വൈരുദ്ധ്യം എന്തേ  ശ്രദ്ധിക്കപ്പെടുന്നില്ല? വൈദ്യുതിരംഗം സ്വകാര്യവത്കരിക്കാന്‍ നിയമം പാസ്സാക്കിയത് കേന്ദ്രം ഭരിക്കുന്ന കൂട്ടുകക്ഷി ഭരണക്കാരല്ലേ? കേന്ദ്രം ഭരിക്കുന്ന കൂട്ടായ്മയില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന കക്ഷി തന്നെയല്ലേ കേരളം ഭരിക്കുന്നതിലും പ്രമുഖ സ്ഥാനത്ത് ? ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തങ്ങള്‍ തങ്ങളുടെ  രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് ഏതുവിധ ചെറുത്തുനില്‍പ്പ് ആണ് നടത്തുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാദ്ധ്യത അവര്‍ക്കില്ലേ? അതോ, ഇതുപോലെ നിയമസഭയില്‍ അഭിപ്രായം പറഞ്ഞാല്‍ മതിയോ? അതുപറയേണ്ട സ്ഥലത്ത് അവര്‍ പറയുന്നുണ്ടോ? ഇല്ലങ്കില്‍ അത് ജനവഞ്ചനയല്ലേ?

തീര്‍ന്നില്ല. റേഷന്‍ കടകളെ അപ്രസക്തമാക്കുന്ന മറ്റൊരു നിയമം വരികയാണ്. അവയുടെ പ്രാധാന്യം അനുക്രമം കുറഞ്ഞുവരികയായിരുന്നെങ്കിലും റേഷന്‍ കടകള്‍ ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നു. ആനുകൂല്യങ്ങള്‍ പണമായി നേരിട്ടു വിതരണം ചെയ്യുന്നതോടെ അവ അടച്ചുപൂട്ടും.  കേരളത്തെ താങ്ങി നിര്‍ത്തുന്നതില്‍ പൊതുവിതരണ സമ്പ്രദായത്തിനുള്ള പങ്കു പ്രസിദ്ധമാണല്ലോ. അതിനെ തകര്‍ക്കുക എന്നത് കുറെ നാളായി കേന്ദ്രത്തിന്റെ ലക്ഷ്യമാണ്. എങ്കിലല്ലേ സ്വകാര്യ ഏജന്‍സികള്‍ക്ക് യഥേഷ്ടം വില നിയന്ത്രിക്കാന്‍ കഴിയൂ. ആ ദിശയിലുള്ള ഒരു നീക്കമാണ് നേരിട്ടുള്ള ആനുകൂല്യ വിതരണം. കേള്‍ക്കുമ്പോള്‍ ആകര്‍ഷകം. റേഷന്‍ കടയില്‍ പോയി അരി വാങ്ങണ്ട. നമുക്കിഷ്ടമുള്ള കടയില്‍ നിന്ന് നമുക്കിഷ്ടമുള്ള അരി വാങ്ങാം. നമുക്ക് അര്‍ഹമായ ആനുകൂല്യം പണമായി ബാങ്കിലെത്തും. പക്ഷേ, അതിന്റെ ഭവിഷ്യത്ത്  പൊതുവിതരണ സമ്പ്രദായം ഒഴിവാക്കി വിലകള്‍ വിപണിക്ക് വിടുക എന്നത് ആയിരിക്കും. വില വിപണി തീരുമാനിക്കട്ടെ. പാവപ്പെട്ടവര്‍ക്ക് വേണ്ട ആനുകൂല്യം ഞങ്ങള്‍ വേറെ നല്കിക്കൊള്ളാം എന്നാണു വാഗ്ദാനം. പക്ഷെ, വിപണിയിലെ വില കയറുന്നതിനൊപ്പം ആനുകൂല്യങ്ങള്‍ വര്‍ദ്ധിക്കില്ല എന്നത് പ്രതീക്ഷിക്കാവുന്നതെയുള്ളൂ. വിപണിയിലെ അരിവില വാണം പോലെ കയറുകയും ആനുകൂല്യം ഒച്ചുപോലെ ഇഴയുകയും ചെയ്യും! ഫലത്തില്‍ നിലവിലുള്ള ഭക്ഷ്യസുരക്ഷപോലും ഇല്ലാതാകും. പക്ഷേ, 'ഭക്ഷ്യസുരക്ഷാ നിയമം' എന്നാണു ഈ നിയമത്തിന് ഇട്ടിരിക്കുന്ന പേര് എന്നത് ഒരു ഓര്‍വലിയന്‍ തമാശ എന്നേ പറയേണ്ടൂ!

വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും എങ്ങനെയാണ് സ്വകാര്യവത്കരണം നടക്കുന്നത് എന്നും നാം ദിവസവും അനുഭവിക്കുന്നുണ്ട്. രണ്ടു മേഖലയിലും പൊതുമേഖലയെ ക്ഷീണിപ്പിക്കുകയും ഗുണമേന്മ വേണമെങ്കില്‍ സ്വകാര്യ മേഖലയെ ആശ്രയിക്കൂ എന്ന സന്ദേശം പകരുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇങ്ങനെ ഓരോരോ മേഖലയെയായി സ്വകാര്യവല്‍ ക്കരിക്കുകയും അവയുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുകയും ആണ് ഇന്ന് നടക്കുന്നത്. അതോടൊപ്പം വിദേശ കുത്തകകള്‍ക്ക് രാജ്യത്തിലെ വിപണി യഥേഷ്ടം തുറന്നു കൊടുക്കുകയും കൂടി ചെയ്യുമ്പോള്‍ ആഗോളവല്‍ക്കരണം പൂര്‍ത്തിയാകുന്നു. ഇത് തന്നെയാണ് പണ്ട് പറഞ്ഞത്. അന്ന് 'പുലിക്കഥ' എന്ന് പുഛിച്ചവര്‍ക്കുകൂടി ഇപ്പോള്‍ സംഗതികള്‍ മനസിലായി വരുന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം. പക്ഷേ, അത് പോരാ. അടുത്ത പടി ഈ തിരിച്ചറിവിനെ പ്രതിഷേധം ആക്കി മാറ്റുക എന്നതാണ്. അത് പ്രകടിപ്പിക്കാനുള്ള വേദിയാണ് രാഷ്ട്രീയം. അല്ലാ, അതാണ് യഥാര്‍ത്ഥ രാഷ്ട്രീയം.

*
ആര്‍ വി ജി മേനോന്‍ ജനയുഗം

അഞ്ചുവര്‍ഷത്തില്‍ തൊഴില്‍നഷ്ടം 50 ലക്ഷം


അഞ്ചുവര്‍ഷത്തില്‍ തൊഴില്‍നഷ്ടം 50 ലക്ഷം


 സാമ്പത്തികമാന്ദ്യംമൂലം രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയില്‍ 2005-2010 കാലയളവില്‍ 50 ലക്ഷം തൊഴില്‍ ഇല്ലാതായെന്ന് ആസൂത്രണ കമീഷന്‍. 1999-2000 മുതല്‍ 2004-05 വരെ ഉല്‍പ്പാദന മേഖലയിലെ തൊഴില്‍ 9.01 ശതമാനം കുറഞ്ഞതായുംകമീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2004-05ല്‍ 5.577 കോടിയായിരുന്നു തൊഴില്‍ ലഭ്യത. എന്നാല്‍ 2009-10 ആയപ്പോഴേക്കും ഇത് 5.074 കോടിയായി ചുരുങ്ങി. കാര്‍ഷികമേഖലയുടെ പ്രതിസന്ധി അഞ്ചു വര്‍ഷംകൊണ്ട് 1.4 കോടി തൊഴില്‍ നഷ്ടപ്പെടുത്തി. ഇത് നഗരകുടിയേറ്റത്തിന് ആക്കംകൂട്ടി. 2005ല്‍ 25.893 കോടി ജനങ്ങള്‍ക്ക് കാര്‍ഷിക മേഖല ജോലി ലഭ്യമാക്കിയെങ്കില്‍ 2010 ആയപ്പോഴേക്കും ഇത് 24.485 കോടി ആയി കുറഞ്ഞു.

ചൈന, ബ്രസീല്‍, ദക്ഷിണ ആഫ്രിക്ക എന്നീ വളര്‍ന്നുവരുന്ന രാജ്യങ്ങളില്‍ മൊത്ത വരുമാനത്തേക്കാള്‍ വേഗത്തിലാണ് ഉല്‍പ്പാദന രംഗത്തെ വളര്‍ച്ച. ഇന്ത്യയില്‍ മൊത്ത വരുമാനത്തിന്റെ 16 ശതമാനം എന്ന നില മാറ്റമില്ലാതെ നില്‍ക്കുന്നു. 1999-2000 മുതല്‍ 2004-05 വരെ 25 ശതമാനം വളര്‍ച്ച കൈവരിച്ച മേഖലയിലാണ് വന്‍ ഇടിവുണ്ടായത്. ഉല്‍പ്പാദന രംഗത്ത് ഇതേ സമയം ചൈന വന്‍ നേട്ടം കൈവരിച്ചു. ഇതുമായി ബന്ധപ്പെട്ട വാണിജ്യത്തിന്റെ 15 ശതമാനം ചൈനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയുടെ സംഭാവന വെറും 1.4 ശതമാനം. പത്ത് വര്‍ഷത്തിനകം ഇന്ത്യയ്ക്ക് 18.3 കോടി തൊഴില്‍ പുതുതായി സൃഷ്ടിക്കേണ്ടിവരുമെന്നാണ് ആസൂത്രണ കമീഷന്റെ കണക്ക്. എന്നാല്‍, വളര്‍ച്ച മുരടിച്ച ഉല്‍പ്പാദനരംഗം ഈ ആവശ്യം നിറവേറ്റില്ലെന്ന് വ്യക്തം. വൈദ്യുതി, വാതകം, ജലവിതരണം എന്നീ മേഖലകളിലെ തൊഴില്‍ ലഭ്യതയില്‍ 2004-05 മുതല്‍ 2009-10 വരെ 3.84 ശതമാനത്തിന്റെ ഇടിവുണ്ടായി. നിര്‍മാണ, ഖനന, സേവന മേഖലകളില്‍ ഇതേ സമയം വളര്‍ച്ച രേഖപ്പെടുത്തി.

deshabhimani 060313

അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി; 16 ദിവസത്തെ ശമ്പളം തിരിച്ചടയ്ക്കണം


അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി; 16 ദിവസത്തെ ശമ്പളം തിരിച്ചടയ്ക്കണം


അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി ധനവകുപ്പ് ഉത്തരവിറക്കി. ഒരുവര്‍ഷത്തെ മുന്‍കാലപ്രാബല്യത്തോടെയുള്ള ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം അധ്യാപകര്‍ 300 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണം. പുതിയ ഉത്തരവ് പ്രകാരം അവധി ദിവസങ്ങളില്‍ ജോലിചെയ്താല്‍ എട്ടുദിവസത്തെ ലീവ് സറണ്ടറേ അനുവദിക്കൂ. നേരത്തെ 24ദിവസംവരെ അനുവദിച്ചിരുന്നു. കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്ത് 48 ദിവസം സെന്‍സസ് ജോലിചെയ്ത അധ്യാപകര്‍ക്ക് 24 ദിവസത്തെ ലീവ് സറണ്ടര്‍ ലഭിച്ചു. ഇതാണിപ്പോള്‍ എട്ടു ദിവസമായി വെട്ടിക്കുറച്ചത്. ഇതോടെ 16 ദിവസത്തെ ശമ്പളം തിരിച്ചുനല്‍കണം.

അവധിക്കാലത്തും ജോലിയുള്ള ജീവനക്കാര്‍ക്ക് നല്‍കുന്ന എട്ടുദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യം അധ്യാപകര്‍ക്കും ബാധകമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. അവധിക്കാലത്ത് പരീക്ഷാജോലി ഉള്‍പ്പടെ ചെയ്യുന്ന അധ്യാപകര്‍ക്ക് ലീവ് സറണ്ടറിന് അര്‍ഹതയുണ്ടായിരുന്നു. ഇത് സെന്‍സസ് ജോലിക്കും ബാധകമാക്കി 2010ല്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ നിഷേധിച്ചത്. പുതിയ ഉത്തരവ് പ്രകാരം എത്ര ദിവസം ജോലിചെയ്താലും എട്ടുദിവസത്തെ ലീവ് സറണ്ടര്‍ മാത്രമെ ലഭിക്കൂ. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷ നടക്കുന്നതിനാല്‍ അധ്യാപകര്‍ പ്രക്ഷോഭത്തിനിറങ്ങില്ലെന്ന കണക്കുകൂട്ടലിലാണ് ഈ ഘട്ടത്തില്‍ ഉത്തരവിറക്കിയത്

deshabhimani 060313

ഇരുപതാം സാക്ഷി മൊഴി തിരുത്തി


ഇരുപതാം സാക്ഷി മൊഴി തിരുത്തി


 ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന്റെ പ്രഥമ വിസ്താരത്തില്‍ പറഞ്ഞ മൊഴി 20-ാംസാക്ഷി സി പി ഹാരിസ് തിരുത്തി. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകരുടെ ക്രോസ് വിസ്താരത്തിലാണിത്. കൊലയ്ക്കുപയോഗിച്ചതായി പറയുന്ന ഇന്നോവ കാര്‍ 18-ാം പ്രതി പി വി റഫീക്ക് എന്ന വായപ്പടച്ചി റഫീക്കിന് എത്തിച്ചത് ഹാരിസാണെന്നാണ് പൊലീസ് പറഞ്ഞത്. മാഹി പാലത്തിനുസമീപം കാര്‍ കൊണ്ടുവന്നപ്പോള്‍ വാടകത്തുക 35,000 രൂപയും ബ്ലാങ്ക് ചെക്ക്, ഒപ്പിട്ട മുദ്രപത്രം, ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി എന്നീ രേഖകളും റഫീക്ക് ഏല്‍പ്പിക്കുകയും താന്‍ റിജേഷിന് കൈമാറുകയും ചെയ്തു എന്നായിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ പ്രഥമ വിസ്താരത്തില്‍ ഹാരിസിന്റെ മൊഴി. ചെക്കില്‍ ആദ്യം റഫീക്ക് ഒപ്പിട്ടിരുന്നില്ലെന്നും താന്‍ പറഞ്ഞ് ഒപ്പിടുവിച്ചെന്ന് പറഞ്ഞതും ഹാരിസ് തിരുത്തി. പ്രതിഭാഗം വിസ്താരത്തില്‍ റഫീക്ക് രേഖകള്‍ റിജേഷിനെ ഏല്‍പ്പിക്കുകയാണുണ്ടായതെന്ന് ഹാരിസ് മൊഴി നല്‍കി. ചെക്കില്‍ റഫീക്ക് ഒപ്പിടുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.

ഹാരിസിന്റെ മൊഴിയില്‍നിന്ന്: "രേഖകള്‍ റിജേഷിന് റഫീക്ക് കൊടുക്കുന്നതാണ് താന്‍ കണ്ടത്. അതുവാങ്ങി റിജേഷ് പോയി. അവ പരിശോധിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. റിജേഷിന് രേഖകള്‍ കൈമാറിയത് ഞാനല്ല, റഫീക്കാണ്. ഇക്കാര്യം പൊലീസിനോട് പറഞ്ഞോ എന്ന് ഓര്‍മയില്ല. രേഖകള്‍ കൊണ്ടുവരാന്‍ റഫീക്കിനോട് ആവശ്യപ്പെട്ടത് ഞാനാണ്. റഫീക്കിന്റെ ശരിയായ വീട്ടുപേര്‍ അറിയില്ല. വടകര എസ്പി ഓഫീസില്‍ 2012 മെയ് ആറിനും ഏഴിനുമാണ് പൊലീസ് എന്നെ ചോദ്യം ചെയ്തത്. സംഭവത്തിനുശേഷം പൊലീസ് പലപ്പോഴും വിളിക്കാറുണ്ട്. ചൊവ്വാഴ്ചയും തിങ്കളാഴ്ചയും രണ്ടു പ്രാവശ്യം വിളിച്ചു"വെന്നും ഹാരിസ് മൊഴി നല്‍കി.

പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവരാണ് വിസ്താരം നടത്തിയത്. തനിക്ക് ഭീഷണിയുണ്ടോ എന്നു ചോദിക്കാനാണ് പൊലീസ് രണ്ടുദിവസം വിളിച്ചതെന്ന് പ്രോസിക്യൂഷന്റെ പുനര്‍ വിസ്താരത്തില്‍ ഹാരിസ് പറഞ്ഞു. ബുധനാഴ്ച 16-ാം സാക്ഷി ടി കെ സുമേഷിനെയും 182, 183 സാക്ഷികളും വള്ളിക്കാട് ബ്രദേഴ്സ് ക്ലബ് ഭാരവാഹികളുമായ ശിവരാജന്‍, സൂരജ്കുമാര്‍ എന്നിവരെയും വിസ്തരിക്കും. എതിര്‍മൊഴി നല്‍കുന്നെ ഭയത്താല്‍ സുമേഷിനെ വിസ്തരിക്കുന്നതില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രോസിക്യൂഷന്‍ ഒഴിഞ്ഞുമാറിയിരുന്നു.

deshabhimani 060313