ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 6, ബുധനാഴ്‌ച

ദേ, പുലി വന്നുകഴിഞ്ഞു!


ദേ, പുലി വന്നുകഴിഞ്ഞു!

'പുലി വരുന്നേ! പുലി വരുന്നേ!' എന്ന് വിളിച്ചുകൂവി നാട്ടുകാരെ പറ്റിച്ച പയ്യന്റെ കഥ പഴകി എന്ന് തോന്നിയവര്‍ക്ക് ഇതാ പുതിയ കഥ. 'ആഗോളവത്കരണം, എന്ന പുലി ഇറങ്ങിയിട്ടുണ്ട്, താമസിയാതെ അത് നമ്മെയെല്ലാം കടിച്ചുകീറും' എന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നാടുമുഴുവന്‍ പ്രചരണം നടത്തിയവരായിരുന്നു നമ്മളില്‍ പലരും. ഉദാരവല്‍കരണം, സ്വകാര്യവല്‍കരണം, ആഗോളവല്‍കരണം എന്നീ മൂന്ന് അവതാരങ്ങളായിട്ടാണ് അവന്‍ വരുക, എന്നായിരുന്നു നമ്മളൊക്കെ പറയാന്‍ ശ്രമിച്ചത്. പക്ഷെ, അന്ന് 'ഇത് പഴയ പുലിക്കഥ തന്നെ' എന്ന് പലരും പുഛിച്ചത് ഓര്‍ക്കുന്നു. ഇപ്പോള്‍ അങ്ങനെ പുഛിച്ചവര്‍ക്കുകൂടി സംഗതികള്‍ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്  എന്ന് തോന്നുന്നു.

ഇത് പറയാന്‍ കാരണം, 'ഇങ്ങനെ പോയാല്‍ കെ എസ് ആര്‍ ടി സി പൂട്ടിപ്പോകും' എന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി തന്നെ പ്രസ്താവിച്ചതായ പത്രവാര്‍ത്തയാണ്. 'ഇങ്ങനെ പോയാല്‍' എന്ന് പറഞ്ഞാല്‍, 'കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ഇങ്ങനെ പോയാല്‍' എന്നല്ലേ  അര്‍ഥം! ഒരു കോണ്‍ഗ്രസ് മന്ത്രിക്കുതന്നെ ഇങ്ങനെ പറയേണ്ടി വരുന്ന ഗതികേട് ആലോചിച്ചുനോക്കൂ! എങ്ങനെ പറയാതിരിക്കും? നമ്മുടെ കെ എസ് ആര്‍ ടി സി പോലുള്ള പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളെ 'വമ്പന്മാര്‍' എന്ന് മുദ്രകുത്തി അവരില്‍ നിന്ന് ഡീസലിന് പത്തും പന്ത്രണ്ടും രൂപ അധികം വാങ്ങുന്ന ഒരു നയം എണ്ണക്കമ്പനികള്‍ കൊണ്ടുവന്നിരിക്കുകയല്ലേ? രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ഒത്താശയില്ലാതെ അവര്‍ ഇങ്ങനെ ചെയ്യില്ല എന്നുറപ്പാണല്ലോ. എണ്ണവിലനിയന്ത്രണം എടുത്തുകളഞ്ഞു, വിലയൊക്കെ കമ്പനികള്‍ നേരിട്ടാണ് നിശ്ചയിക്കുന്നത്, എന്നൊക്കെ എത്രപറഞ്ഞാലും, കമ്പനികള്‍ സര്‍ക്കാരിന്റെ ഇംഗിതമാണ് നടപ്പാക്കുന്നത് എന്ന് വ്യക്തമല്ലേ?  എന്നുതന്നെയല്ല, പൊതുമേഖലാ സ്ഥാപനങ്ങളെ ഇങ്ങനെ 'കരിമ്പട്ടികയില്‍' പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങള്‍ പരാതി പറഞ്ഞിട്ട് കേന്ദ്രം കേട്ട ഭാവം പോലും നടിക്കുന്നുമില്ല. അതേസമയം, സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്ക് പഴയവിലയ്ക്കുതന്നെ ഡീസല്‍ കിട്ടുന്നുമുണ്ട്. (ദശലക്ഷക്കണക്കിനു രൂപ വിലവരുന്ന ആഡംബരക്കാറുകള്‍ക്കും സൗജന്യവിലയ്ക്ക് ഡീസല്‍ കൊടുക്കുന്നു എന്നും ഓര്‍ക്കണം.) എന്തു പൊതു താത്പര്യം സംരക്ഷിക്കാനാണ് ഇതു  ചെയ്യുന്നത് എന്ന് ജനങ്ങളോട് വ്യക്തമാക്കാനുള്ള ബാധ്യത രാജ്യം ഭരിക്കുന്നവര്‍ക്ക് ഇല്ലേ? ഈ കളിയുടെയൊക്കെ ലക്ഷ്യം പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ പൂട്ടിച്ച്  ആ ചെലവില്‍ സ്വകാര്യകമ്പനികളെ വളര്‍ത്തുക എന്നതാണ് എന്ന് ആരോപിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ? ഇപ്പോള്‍ പാര്‍ലമെന്റ് കൂടിക്കൊണ്ടിരിക്കുകയല്ലേ? എന്തുകൊണ്ട് അവിടെ ഇത് ഇഷ്യൂ ആകുന്നില്ല? 

ഈ നയം ട്രാന്‍സ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ മാത്രമായി ഒതുങ്ങുന്നുമില്ല. കുടിവെള്ള വിതരണം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കം ശക്തമാണല്ലോ. കേരളത്തില്‍ കുടിവെള്ള വിതരണത്തിനായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഒരു കമ്പനി തുടങ്ങാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. ആ കമ്പനിയില്‍ 51 ശതമാനം ഓഹരി സ്വകാര്യവ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും ആയിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ താല്‍പര്യക്കാര്‍ക്ക് മുന്‍തൂക്കം ഉള്ള കമ്പനിയുടെ നയങ്ങള്‍ തീരുമാനിക്കുന്നത് അവര്‍ ആയിരിക്കുമല്ലൊ. സ്വകാര്യ ഓഹരി ഉടമകളുടെ താല്‍പര്യം ലാഭം പരമാവധിയാക്കുക എന്നത് തന്നെ ആയിരിക്കും. അല്ലാതെ, സര്‍ക്കാരിനെ സഹായിക്കാനൊന്നുമല്ലല്ലോ അവര്‍ കമ്പനിയില്‍ ഓഹരി എടുക്കുന്നത്. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വെള്ളം വാങ്ങി ജനങ്ങള്‍ക്ക് വില്‍ക്കുന്ന കമ്പനി ലാഭം ഉണ്ടാക്കുന്നത്  വെള്ളത്തിന്റെ വില കൂട്ടി വിറ്റിട്ടായിരിക്കും എന്നറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഇതിനല്ലേ സ്വകാര്യവത്കരണം എന്ന് പറയുന്നത്? കുടിവെള്ളം സ്വകാര്യവല്‍കരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ പുഛിച്ചവര്‍ ഇപ്പോള്‍ എന്ത് പറയുന്നു? ഏറ്റവും രസം, വാട്ടര്‍ അതോറിറ്റി ഇത്രയും കാലം ശ്രമിച്ചിട്ടും കേരളത്തില്‍ എല്ലാവര്‍ക്കും  ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ആ കുറവ് പരിഹരിക്കാനാണ് സ്വകാര്യ കമ്പനി തുടങ്ങുന്നത് എന്നുമാണ് ഈ നീക്കത്തെ ന്യായീകരിക്കാനായി പറയുന്നത് എന്നതത്രേ! ജനങ്ങളെ വിഡ്ഢികളാക്കുന്നതിനും ഒരതിര് വേണ്ടേ? വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ഉണ്ട് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, അത് പരിഹരിക്കുന്നത് ഇങ്ങനെയാണോ? ഇതേ ന്യായം പറഞ്ഞാണല്ലോ 'ജലനിധി ' പദ്ധതി നടപ്പാക്കിയത്. അതിനും  പല പരിമിതികളും ഉണ്ടായിരുന്നെങ്കിലും നല്ലൊരു ഭാഗം ജനങ്ങള്‍ക്ക് പൈപ്പുവെള്ളം എത്തിക്കാന്‍ ജലനിധിക്ക് കഴിഞ്ഞു എന്നുള്ളത് സത്യമാണ്. അതിലെ കുറവുകള്‍ പരിഹരിച്ചു അത് വ്യാപിപ്പിക്കുന്നതിന് പകരം ഇപ്പോള്‍ ഇങ്ങനെ ഒരു ഭൂതോദയം ഉണ്ടാകാന്‍ കാരണമെന്ത്? എവിടത്തെ ജനങ്ങള്‍, അല്ലെങ്കില്‍ ആര്, ആവശ്യപ്പെട്ടിട്ടാണ് ഈ ഉത്തരവ് ഇറങ്ങിയത്? അതിനും ഉത്തരം സ്വകാര്യവത്കരണ അജണ്ടയുടെ വ്യാപനത്തിന്റെ ഭാഗം ആണിത്, എന്ന് മാത്രമേ പറയാന്‍ കഴിയൂ. അത് കേന്ദ്രത്തിന്റെ നിര്‍ബന്ധമോ അതോ സംസ്ഥാനം ഭരിക്കുന്നവരുടെ സ്വന്തം കൈയിലിരിപ്പോ, എന്നതില്‍  മാത്രമേ സംശയിക്കണ്ടു. രണ്ടായാലും ഉറവിടം ഒന്ന് തന്നെ!

ഈ സന്ദര്‍ഭത്തില്‍ മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭ ഒരു അപൂര്‍വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചു. ഇരുപക്ഷത്തുമുള്ള സാമാജികന്മാര്‍ ഒരേ ശബ്ദത്തോടെ ഒരു അഭിപ്രായം പാസ്സാക്കി: വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ  സമ്മര്‍ദ്ദത്തിനെതിരായി. വളരെ നല്ലത് തന്നെ. പക്ഷെ, അവിടെയും പ്രകടമാകുന്ന വൈരുദ്ധ്യം എന്തേ  ശ്രദ്ധിക്കപ്പെടുന്നില്ല? വൈദ്യുതിരംഗം സ്വകാര്യവത്കരിക്കാന്‍ നിയമം പാസ്സാക്കിയത് കേന്ദ്രം ഭരിക്കുന്ന കൂട്ടുകക്ഷി ഭരണക്കാരല്ലേ? കേന്ദ്രം ഭരിക്കുന്ന കൂട്ടായ്മയില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന കക്ഷി തന്നെയല്ലേ കേരളം ഭരിക്കുന്നതിലും പ്രമുഖ സ്ഥാനത്ത് ? ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തങ്ങള്‍ തങ്ങളുടെ  രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് ഏതുവിധ ചെറുത്തുനില്‍പ്പ് ആണ് നടത്തുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാദ്ധ്യത അവര്‍ക്കില്ലേ? അതോ, ഇതുപോലെ നിയമസഭയില്‍ അഭിപ്രായം പറഞ്ഞാല്‍ മതിയോ? അതുപറയേണ്ട സ്ഥലത്ത് അവര്‍ പറയുന്നുണ്ടോ? ഇല്ലങ്കില്‍ അത് ജനവഞ്ചനയല്ലേ?

തീര്‍ന്നില്ല. റേഷന്‍ കടകളെ അപ്രസക്തമാക്കുന്ന മറ്റൊരു നിയമം വരികയാണ്. അവയുടെ പ്രാധാന്യം അനുക്രമം കുറഞ്ഞുവരികയായിരുന്നെങ്കിലും റേഷന്‍ കടകള്‍ ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നു. ആനുകൂല്യങ്ങള്‍ പണമായി നേരിട്ടു വിതരണം ചെയ്യുന്നതോടെ അവ അടച്ചുപൂട്ടും.  കേരളത്തെ താങ്ങി നിര്‍ത്തുന്നതില്‍ പൊതുവിതരണ സമ്പ്രദായത്തിനുള്ള പങ്കു പ്രസിദ്ധമാണല്ലോ. അതിനെ തകര്‍ക്കുക എന്നത് കുറെ നാളായി കേന്ദ്രത്തിന്റെ ലക്ഷ്യമാണ്. എങ്കിലല്ലേ സ്വകാര്യ ഏജന്‍സികള്‍ക്ക് യഥേഷ്ടം വില നിയന്ത്രിക്കാന്‍ കഴിയൂ. ആ ദിശയിലുള്ള ഒരു നീക്കമാണ് നേരിട്ടുള്ള ആനുകൂല്യ വിതരണം. കേള്‍ക്കുമ്പോള്‍ ആകര്‍ഷകം. റേഷന്‍ കടയില്‍ പോയി അരി വാങ്ങണ്ട. നമുക്കിഷ്ടമുള്ള കടയില്‍ നിന്ന് നമുക്കിഷ്ടമുള്ള അരി വാങ്ങാം. നമുക്ക് അര്‍ഹമായ ആനുകൂല്യം പണമായി ബാങ്കിലെത്തും. പക്ഷേ, അതിന്റെ ഭവിഷ്യത്ത്  പൊതുവിതരണ സമ്പ്രദായം ഒഴിവാക്കി വിലകള്‍ വിപണിക്ക് വിടുക എന്നത് ആയിരിക്കും. വില വിപണി തീരുമാനിക്കട്ടെ. പാവപ്പെട്ടവര്‍ക്ക് വേണ്ട ആനുകൂല്യം ഞങ്ങള്‍ വേറെ നല്കിക്കൊള്ളാം എന്നാണു വാഗ്ദാനം. പക്ഷെ, വിപണിയിലെ വില കയറുന്നതിനൊപ്പം ആനുകൂല്യങ്ങള്‍ വര്‍ദ്ധിക്കില്ല എന്നത് പ്രതീക്ഷിക്കാവുന്നതെയുള്ളൂ. വിപണിയിലെ അരിവില വാണം പോലെ കയറുകയും ആനുകൂല്യം ഒച്ചുപോലെ ഇഴയുകയും ചെയ്യും! ഫലത്തില്‍ നിലവിലുള്ള ഭക്ഷ്യസുരക്ഷപോലും ഇല്ലാതാകും. പക്ഷേ, 'ഭക്ഷ്യസുരക്ഷാ നിയമം' എന്നാണു ഈ നിയമത്തിന് ഇട്ടിരിക്കുന്ന പേര് എന്നത് ഒരു ഓര്‍വലിയന്‍ തമാശ എന്നേ പറയേണ്ടൂ!

വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും എങ്ങനെയാണ് സ്വകാര്യവത്കരണം നടക്കുന്നത് എന്നും നാം ദിവസവും അനുഭവിക്കുന്നുണ്ട്. രണ്ടു മേഖലയിലും പൊതുമേഖലയെ ക്ഷീണിപ്പിക്കുകയും ഗുണമേന്മ വേണമെങ്കില്‍ സ്വകാര്യ മേഖലയെ ആശ്രയിക്കൂ എന്ന സന്ദേശം പകരുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇങ്ങനെ ഓരോരോ മേഖലയെയായി സ്വകാര്യവല്‍ ക്കരിക്കുകയും അവയുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുകയും ആണ് ഇന്ന് നടക്കുന്നത്. അതോടൊപ്പം വിദേശ കുത്തകകള്‍ക്ക് രാജ്യത്തിലെ വിപണി യഥേഷ്ടം തുറന്നു കൊടുക്കുകയും കൂടി ചെയ്യുമ്പോള്‍ ആഗോളവല്‍ക്കരണം പൂര്‍ത്തിയാകുന്നു. ഇത് തന്നെയാണ് പണ്ട് പറഞ്ഞത്. അന്ന് 'പുലിക്കഥ' എന്ന് പുഛിച്ചവര്‍ക്കുകൂടി ഇപ്പോള്‍ സംഗതികള്‍ മനസിലായി വരുന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം. പക്ഷേ, അത് പോരാ. അടുത്ത പടി ഈ തിരിച്ചറിവിനെ പ്രതിഷേധം ആക്കി മാറ്റുക എന്നതാണ്. അത് പ്രകടിപ്പിക്കാനുള്ള വേദിയാണ് രാഷ്ട്രീയം. അല്ലാ, അതാണ് യഥാര്‍ത്ഥ രാഷ്ട്രീയം.

*
ആര്‍ വി ജി മേനോന്‍ ജനയുഗം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ