ബ്ലോഗ് ആര്‍ക്കൈവ്

2013, മാർച്ച് 6, ബുധനാഴ്‌ച

ഇരുപതാം സാക്ഷി മൊഴി തിരുത്തി


ഇരുപതാം സാക്ഷി മൊഴി തിരുത്തി


 ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന്റെ പ്രഥമ വിസ്താരത്തില്‍ പറഞ്ഞ മൊഴി 20-ാംസാക്ഷി സി പി ഹാരിസ് തിരുത്തി. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകരുടെ ക്രോസ് വിസ്താരത്തിലാണിത്. കൊലയ്ക്കുപയോഗിച്ചതായി പറയുന്ന ഇന്നോവ കാര്‍ 18-ാം പ്രതി പി വി റഫീക്ക് എന്ന വായപ്പടച്ചി റഫീക്കിന് എത്തിച്ചത് ഹാരിസാണെന്നാണ് പൊലീസ് പറഞ്ഞത്. മാഹി പാലത്തിനുസമീപം കാര്‍ കൊണ്ടുവന്നപ്പോള്‍ വാടകത്തുക 35,000 രൂപയും ബ്ലാങ്ക് ചെക്ക്, ഒപ്പിട്ട മുദ്രപത്രം, ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി എന്നീ രേഖകളും റഫീക്ക് ഏല്‍പ്പിക്കുകയും താന്‍ റിജേഷിന് കൈമാറുകയും ചെയ്തു എന്നായിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ പ്രഥമ വിസ്താരത്തില്‍ ഹാരിസിന്റെ മൊഴി. ചെക്കില്‍ ആദ്യം റഫീക്ക് ഒപ്പിട്ടിരുന്നില്ലെന്നും താന്‍ പറഞ്ഞ് ഒപ്പിടുവിച്ചെന്ന് പറഞ്ഞതും ഹാരിസ് തിരുത്തി. പ്രതിഭാഗം വിസ്താരത്തില്‍ റഫീക്ക് രേഖകള്‍ റിജേഷിനെ ഏല്‍പ്പിക്കുകയാണുണ്ടായതെന്ന് ഹാരിസ് മൊഴി നല്‍കി. ചെക്കില്‍ റഫീക്ക് ഒപ്പിടുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.

ഹാരിസിന്റെ മൊഴിയില്‍നിന്ന്: "രേഖകള്‍ റിജേഷിന് റഫീക്ക് കൊടുക്കുന്നതാണ് താന്‍ കണ്ടത്. അതുവാങ്ങി റിജേഷ് പോയി. അവ പരിശോധിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. റിജേഷിന് രേഖകള്‍ കൈമാറിയത് ഞാനല്ല, റഫീക്കാണ്. ഇക്കാര്യം പൊലീസിനോട് പറഞ്ഞോ എന്ന് ഓര്‍മയില്ല. രേഖകള്‍ കൊണ്ടുവരാന്‍ റഫീക്കിനോട് ആവശ്യപ്പെട്ടത് ഞാനാണ്. റഫീക്കിന്റെ ശരിയായ വീട്ടുപേര്‍ അറിയില്ല. വടകര എസ്പി ഓഫീസില്‍ 2012 മെയ് ആറിനും ഏഴിനുമാണ് പൊലീസ് എന്നെ ചോദ്യം ചെയ്തത്. സംഭവത്തിനുശേഷം പൊലീസ് പലപ്പോഴും വിളിക്കാറുണ്ട്. ചൊവ്വാഴ്ചയും തിങ്കളാഴ്ചയും രണ്ടു പ്രാവശ്യം വിളിച്ചു"വെന്നും ഹാരിസ് മൊഴി നല്‍കി.

പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവരാണ് വിസ്താരം നടത്തിയത്. തനിക്ക് ഭീഷണിയുണ്ടോ എന്നു ചോദിക്കാനാണ് പൊലീസ് രണ്ടുദിവസം വിളിച്ചതെന്ന് പ്രോസിക്യൂഷന്റെ പുനര്‍ വിസ്താരത്തില്‍ ഹാരിസ് പറഞ്ഞു. ബുധനാഴ്ച 16-ാം സാക്ഷി ടി കെ സുമേഷിനെയും 182, 183 സാക്ഷികളും വള്ളിക്കാട് ബ്രദേഴ്സ് ക്ലബ് ഭാരവാഹികളുമായ ശിവരാജന്‍, സൂരജ്കുമാര്‍ എന്നിവരെയും വിസ്തരിക്കും. എതിര്‍മൊഴി നല്‍കുന്നെ ഭയത്താല്‍ സുമേഷിനെ വിസ്തരിക്കുന്നതില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രോസിക്യൂഷന്‍ ഒഴിഞ്ഞുമാറിയിരുന്നു.

deshabhimani 060313

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ