കവിതയുടെ തോരാത്ത ചാറ്റല്‍
പല കാരണങ്ങള്‍കൊണ്ടും വേറിട്ടുനില്‍ക്കുന്ന സൃഷ്ടികളാണ് ഡി വിനയചന്ദ്രന്റേത്. വൈവിധ്യത്തിന്റെ അനുഭവമണ്ഡലങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും. കോലാഹലങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കുമിടയില്‍ സത്യത്തിന്റെ വിളക്കുമാടംപോലെ നില്‍ക്കുന്ന കവിയുടെ അന്താരാഷ്ട്ര യാത്രാനുഭവങ്ങളും സാഹിത്യ പരിചയവും സഞ്ചാരങ്ങളും ആഴത്തിലുള്ളതാണ്. ആഫ്രിക്കന്‍ എഴുത്തിന്റെ ഒരുപാട് ഏടുകള്‍ അദ്ദേഹം മലയാളികള്‍ക്ക് പകര്‍ന്നു തന്നു. കറുത്ത കവിതകളിലേക്ക് പ്രത്യേക ശ്രദ്ധയൂന്നുകയുമുണ്ടായി. സ്വന്തം വായനയിലേക്ക് ഇത്തരം ലോകത്തെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു.
കവിതയുടെ തോരാത്ത ചാറ്റല്‍
ഡി വിനയചന്ദ്രന്റെ സ്വഭാവത്തില്‍ എഴുത്തുകാരുടെ ഭാവം മാത്രമല്ല ഞാന്‍ കണ്ടത്. പച്ചയായ മനുഷ്യന്റെ സ്നേഹവും വാത്സല്യവും നോക്കിലും വാക്കിലും പ്രകടമായിരുന്നു. ഈ വലിയ മനുഷ്യന്റെ എക്കാലത്തെയും പ്രത്യേകത യാത്രകളായിരുന്നു. ചെറിയ സ്ഥലത്തെപോലും വലിയ ഇടമായി കണ്ടു. എല്ലാ ഭൂഭാഗത്തിനും അതിന്റേതായ പ്രാധാന്യവും വലുപ്പവും നല്‍കിയിരുന്നു. നെയ്യാറിനടുത്തുള്ള ചെറിയ സ്ഥലത്തെ പോലും ഇത്തരത്തിലാണ് കണ്ടത്. പലപ്പോഴും യാത്രകള്‍ കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ തന്റെ സൗഹൃദ വലയത്തിലുള്ളവരോട് അതിന്റെ കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും ചെപ്പുതുറക്കുക പതിവായിരുന്നു. അതില്‍ അല്‍പ്പംപോലും തീവ്രതക്ക് കുറവുണ്ടായില്ല. അത്തരം കഥകള്‍ക്കുമുന്നില്‍ ഞാനും കുട്ടിയെപോലെ ഇരുന്നിട്ടുണ്ട്. പിരിയുംമുമ്പ് കവിതയുടെ ചാറ്റല്‍മഴയുമുണ്ടാകും.
കണ്ടുമുട്ടുന്നവരോട് വലുപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടതും കാലങ്ങളോളം സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചതും ഞാന്‍ നേരിട്ടനുഭവിച്ചു. മാഷോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അമൂല്യങ്ങളാണ്. മനുഷ്യനോടും പ്രകൃതിയോടും ജീവജാലങ്ങളോടും ഒരുപോലെ സ്നേഹമുള്ള മാഷിന്റെ വാക്കുകളും പ്രവൃത്തികളും ഇതിനുസൃതമായിരുന്നു. ഇത്തരം ആളുകളുടെ വിയോഗം മഹാനഷ്ടമാണ്. മാഷിന്റെ മുറിക്കുള്ളില്‍ പലപ്പോഴും പുസ്തകങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ് കണ്ടിരുന്നെങ്കിലും ഏതെല്ലാം പുസ്തകങ്ങള്‍ എവിടെയാണെന്നതില്‍ കൃത്യതയുണ്ടായിരുന്നു. ഇതുപോലെയാണ് തന്റെ സൗഹൃദ വലയത്തുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ വിവരങ്ങളും. പ്രകൃതിയോടും ജീവജാലങ്ങളോടും വളരെയേറ അടുപ്പം പ്രകടിപ്പിച്ച മാഷ് എവിടെനിന്നും പോകുന്നില്ല. ചലനം നിലക്കാത്ത ഒരുചക്രം പോലെ ചുറ്റിക്കൊണ്ടേയിരിക്കും.
കവിതയെയും മനുഷ്യനെയും പ്രകൃതിയയെും പ്രണയിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഒരു റോസാദളം പോലെ. സജീവവും ചൈതന്യവത്തുമായ അവസ്ഥയിലായിരുന്നു എപ്പോള്‍ കണ്ടാലും വിനയചന്ദ്രന്‍. മനുഷ്യ സ്നേഹികള്‍ക്ക് കെടാവിളക്കുപോലെ വെളിച്ചം പകര്‍ന്ന് ഇനി ആ ഓര്‍മ
.യാത്രകള്‍ ലോക സാഹിത്യത്തില്‍
ഘാന സന്ദര്‍ശിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ മനു ഹെര്‍ബ്സ്റ്റെയ്ന്‍ "അമ-സ്റ്റോറി ഓഫ് അറ്റ്ലാന്റിക് സ്ലേവ് ട്രേഡ്" വിനയചന്ദ്രന് നേരിട്ടു സമ്മാനിക്കുകയായിരുന്നു. ഘാനയിലെ അടിമവര്‍ഗം നേരിട്ട നരകയാതനകളാണ് ഇതില്‍ വിവരിക്കുന്നത്. ഘാനാ തുറമുഖത്തുനിന്ന് ബ്രസീലിലെ കരിമ്പിന്‍പാടങ്ങളിലേക്ക് കടത്തുന്ന അടിമകളോട് മനുഷ്യത്വകണികപോലും തൊട്ടുതീണ്ടാത്ത രീതിയിലാണ് വെള്ളക്കാരുടെ പെരുമാറ്റം. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ശത്രുതയും ഉപയോഗിച്ചാണ് വെള്ളക്കാര്‍ ഇവരെ അടിമകളാക്കിയത്. ക്യാമ്പുകളില്‍ ദാരുണമായ മനുഷ്യപീഡനങ്ങളാണ് നടന്നത്. കലഹിക്കുന്നവരെ ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയരാക്കി. നീണ്ട അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് ഹെര്‍ബ്സ്റ്റെയ്ന്‍ വേദനയുടെ ഈ ഇതിഹാസം പടുത്തുയര്‍ത്തിയതെന്നാണ് വിനയചന്ദ്രന്‍ അഭിപായപ്പെട്ടത്.
""എല്ലാത്തരം പുസ്തകങ്ങളും വായിക്കുന്ന ശീലക്കാരനാണ് ഞാന്‍. ശാസ്ത്ര പുസ്തകങ്ങള്‍ ഏറെ ഇഷ്ടമാണ്. ശാസ്ത്രം സാഹിത്യത്തേക്കാള്‍ ഭാവനാത്മകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശാസ്ത്രസത്യങ്ങള്‍ ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന "ഓക്സ്ഫോര്‍ഡ് ബുക്ക് ഓഫ് മോഡേണ്‍ സയന്‍സ് റൈറ്റിങ്". ശാസ്ത്രസമസ്യകളെ കാവ്യാത്മകമായ ഭാഷയില്‍ പരിചയപ്പെടുത്തുന്ന ഇ സി ജി സുദര്‍ശന്റെ "ഡൗട്ട് ആന്‍ഡ് സെര്‍ട്ടേനിറ്റി" തുടങ്ങിയവ എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്.""
ഉമ്പര്‍ട്ടോ എക്കോയുടെ "ദി പ്രാഗ് സെമിത്തേരി"യെക്കുറിച്ച് വിനയചന്ദ്രന്‍ എഴുതിയപ്പോള്‍ ചരിത്രവും രാഷ്ട്രീയവുമാണ് മുന്‍നിന്നത്. 19-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചരിത്രം ജൂതന്മാരുടെയും ജെസ്യൂട്ടുകളുടെയും ഏറ്റുമുട്ടലുകളുടേതാണ്. പരസ്പരം സംഹരിക്കാനായി അവര്‍ നടത്തിയ ഉപജാപങ്ങളുടെയും ഗൂഢപദ്ധതികളുടെയും ചരിത്രമാണ് കറുത്തചിരിയോടെ എക്കോ വരച്ചിടുന്നത്. വഞ്ചനയുടെയും ഭീകരവാദത്തിന്റെയും കൊലപാതകങ്ങളുടെയും അധ്യായങ്ങളാണ് നോവലിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനകഥാപാത്രത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു സംഭവവികാസങ്ങള്‍ യഥാര്‍ഥമാണെന്ന എക്കോയുടെ അവകാശവാദത്തില്‍ അടിവരയിട്ടിട്ടുമുണ്ട്.
(മധുപാല്‍)
സ്വന്തം വാക്കിന്റെ ഉടമ
എന്റെ കവിത
പുരാതനമായ
ഒരു പ്രേമവിലാപമാകുന്നു
മെല്ലെ ആഴംവയ്ക്കുന്ന കടല്‍
എന്റെ കവിത
പൂര്‍ണ്ണചന്ദ്രോദയത്തിലേക്ക് തുള്ളിയുണരുന്ന കടല്‍.
അനുഭവരാശിയിലും ആവിഷ്കരണ ഭാഷണ സാഫല്യത്തിലും അധികം പരിചിതമല്ലാത്ത ചേതനാപ്രപഞ്ചങ്ങള്‍ മലയാളത്തിന് താന്‍ നല്‍കിയിട്ടുണ്ടെന്ന് സ്വയം കരുതിയ എഴുത്തുകാരനാണ് ഡി വിനയചന്ദ്രന്‍. സമകാല ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളും ചരിത്രത്തിന്റെ സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും അദ്ദേഹത്തിന്റെ കവിതകളില്‍ സര്‍ഗ്ഗാത്മകമായി ആവിഷ്കരിക്കപ്പെട്ടതുകൊണ്ടുതന്നെ മലയാളിവായനക്കാര്‍ സന്തോഷത്തോടെ ഈ കവിയുടെ സ്വയംബോധ്യത്തിനു താഴെ കൈയൊപ്പ് ചാര്‍ത്തുകയും ചെയ്തിട്ടുണ്ട്.
വീട്ടിലേക്കെന്നുപോകുന്നു
ചോദിക്കുന്നു കൂട്ടുകാര്‍
കൂട്ടുകിടക്കുന്ന പുസ്തകത്താളുകള്‍
അമ്മയില്ലാത്തവര്‍ക്കെങ്ങുവീ-
ടില്ല വീടെങ്ങുമേ വീട്
സംസ്കാരത്തെയും മാന്യതയെയും സൗഹൃദത്തെയും കുടുംബത്തെയുമൊക്കെ വേറെ വിതാനങ്ങളിലാണ് വിനയചന്ദ്രന്‍ ആവിഷ്കരിച്ചത്. അലിഞ്ഞുചേരുമ്പോഴും വേറിട്ടുനില്‍ക്കുന്ന രുചികളായി ആധുനികതയും പാരമ്പര്യവും ആ വരികളില്‍ നിറഞ്ഞു. ലോര്‍ക്ക, ഒക്ടോവിയോ പാസ്, കുമാരനാശാന്‍, ഉണ്ണായിവാര്യര്‍, നിരണം, ചങ്ങമ്പുഴ, ഇടപ്പള്ളി എന്നീ ഇഷ്ടകവികളൊക്കെ പ്രലോഭനവും വെല്ലുവിളിയുമായിരുന്നു. ആത്മാനുകരണത്തിന്റെ പാപത്തിലും ആ കവിതകള്‍ ചെന്നുവീണില്ല.
പ്രകൃതിയില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന വികാരഭേദങ്ങള്‍ മനുഷ്യാവസ്ഥകളായി പരിണമിക്കുന്ന അപൂര്‍വരസതന്ത്രങ്ങള്‍ അവയെ ഒരേസമയം പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റേയും മഹാഖ്യാനങ്ങളാക്കി. ജീവിതത്തിന്റെ പകര്‍ന്നാട്ടങ്ങളില്‍ പി കുഞ്ഞിരാമന്‍ നായരെ ഓര്‍മിപ്പിക്കുമ്പോഴും കവിതയുടെ പരിചരണരീതികളില്‍, പ്രകൃതി മുഖ്യപ്രമേയമായി വരുമ്പോള്‍പ്പോലും, അദ്ദേഹത്തിന്റെ തുടര്‍ച്ചയായിരുന്നില്ല വിനയചന്ദ്രന്‍.
മുമ്പേ നടക്കൂ മകനേയച്ഛന്റെയീ കൊമ്പും
കുടയുമുപേക്ഷിച്ചുപോകുക
. ............................................................
എന്റെ വാക്കേ നീ സുഖം ദുഃഖമാകിലും
എന്റെ വാക്കായി മുമ്പോട്ടുനടക്കുക
എന്ന ദൃഢവിശ്വാസത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു ആദ്യം മുതലേ ആ കവിതകള്‍. സ്വന്തം വാക്ക് കണ്ടെത്താനുള്ള അന്വേഷണമായിരുന്നു വിനയചന്ദ്രന് കവിതയെഴുത്ത്.
വാക്ക് എത്ര മഴ നഞ്ഞാലാണ്
ഏറെ ജന്മങ്ങള്‍ കഴിഞ്ഞെങ്കിലും
അതിന് അതിന്റെ
മരങ്ങളും മൗനങ്ങളും തിരിച്ചുകിട്ടുന്നത്.
വാക്കിനെ കാണുന്ന രോഗം റൊളാങ് ബാര്‍ത്തിനുള്ളതുപോലെ, വാക്കിന്റെ മണമറിയുന്ന രോഗം തനിക്കുമുണ്ടായിരുന്നു എന്ന് കവി.
ഞാന്‍ ഞാനല്ല! മേഘം,
മഴ, വാന്‍ഗോഗ്,
സാവിത്രി
പല വര്‍ണങ്ങളില്‍ പകര്‍ന്നാടിയ ജീവിതമായിരുന്നു കവിയുടേത്്. ബഷീറിനെപ്പോലെ, ജീവിക്കാന്‍ പല വേഷങ്ങള്‍ കെട്ടുകയോ സി വി ശ്രീരാമനെപ്പോലെ പല നാടുകളില്‍ രാപ്പാര്‍ക്കുകയോ ചെയ്തുകൊണ്ടല്ല വിനയചന്ദ്രന്‍ ജീവിതനാടകത്തിന്റെ സങ്കീര്‍ണവൈചിത്ര്യങ്ങള്‍ സ്വയമറിഞ്ഞത്. തീര്‍ച്ചയായും സഞ്ചാരമായിരുന്നു ആ ജീവിതത്തിന്റെ സ്ഥായീഭാവം.
""എവിടെപ്പോയാലും മറ്റെവിടെയെങ്കിലും പോകുന്നു""
മനസ്സും ശരീരവും. ആരോടും പങ്കുവയ്ക്കാന്‍ കഴിയാതിരുന്ന വറുതിയുടെ ബാല്യം വിനയചന്ദ്രന്‍കവിതയിലെ അടിയടരായിത്തീര്‍ന്നു. ബെക്കറ്റിനും കുറസോവക്കും മല്ലികാര്‍ജ്ജുന്‍ മന്‍സൂറിനും ശ്രീകൃഷ്ണനും സിദ്ധാര്‍ഥനുമെല്ലാം ആയുസ്സിന്റെ പുസ്തകമായിത്തീര്‍ന്നത് കുട്ടിക്കാലമായിരുന്നെന്നും, തന്റെ കുട്ടിക്കാലത്തെ ദിവസത്തെക്കുറിച്ചെഴുതണമെങ്കില്‍ ബ്രഹ്മാവിന്റെ ആയുസ്സു മതിയാവില്ലെന്നും നഞ്ഞ ചിരിയോടെ കവി കുറിച്ചിട്ടിട്ടുണ്ട്.
കാടിനു ഞാനെന്തുപേരിടും?
കാടിനു ഞാനെന്റെ പേരിടും.
ഖരമായും ജലമായും, വൃത്തത്തിലും താളത്തിലും ഗദ്യത്തിലും, വിനയചന്ദ്രന്റെ കവിതകള്‍ ജന്മമെടുത്തിട്ടുണ്ട്. അലിവിന്റെയും പാരുഷ്യത്തിന്റെയും വൈരുധ്യങ്ങളെ ഒരേ സ്വാഭാവികതയോടെ ഏറ്റുവാങ്ങുന്നു അവ. പ്രണയവും യാത്രയും പ്രകൃതിയുമാണ് ആ സര്‍ഗലോകത്തിലെ അടിസ്ഥാനപ്രമേയങ്ങള്‍. ഈ മൂന്നിന്റെ സങ്കലനവും വികര്‍ഷണവുംകൊണ്ട് ഏത് ജീവിതസന്ദര്‍ഭങ്ങളും ആ കവിതയില്‍ ആഖ്യാനംചെയ്യപ്പെട്ടു.
ഞാനിതാ യാത്രയാകുന്നു
പ്രിയേ ശുഭം പ്രേമദു:ഖങ്ങള്‍
പ്രിയങ്ങളായിത്തീരുക
ഇന്നിതേ ജീവിതം
നാമോര്‍ത്തിരിക്കാതെ
പെണ്ണുമാണും പ്രണയസമയമായ്ത്തീരുന്നു"
കവിതയില്‍ പ്രളയബോധം കഴിഞ്ഞുവരുന്ന മാര്‍ക്കണ്ഡേയനായും മൃതിയില്‍നിന്ന് സത്യവാനെ വീണ്ടെടുക്കുന്ന സാവിത്രിയായും സ്വയം മനസ്സിലാക്കുന്ന കവി പക്ഷേ, കഥകളായും നോവലുകളായും വാര്‍ന്നുവീണ തന്റെ ആത്മാവിഷ്കാരങ്ങളെക്കൂടി മലയാളികള്‍ കവിതയെപ്പോലെ ഏറ്റുവാങ്ങണമെന്ന ആഗ്രഹം ബാക്കിനിര്‍ത്തിയാണ് കടന്നുപോകുന്നത്.എന്‍എസ് മാധവന്റെയും ജോണ്‍ എബ്രഹാമിന്റെയും കഥകളുടെകൂടെയാണ് സ്വന്തം കഥകളെ വിനയചന്ദ്രന്‍ ചേര്‍ത്തുനിര്‍ത്തിയത്.
പ്രസിദ്ധീകരിച്ച കൃതികള്‍
നരകം ഒരു പ്രേമകവിത എഴുതുന്നു
ഡി. വിനയചന്ദ്രന്റെ കവിതകള്‍
ദിശാസൂചി
കായിക്കരയിലെ കടല്‍
വീട്ടിലേയ്ക്കുള്ള വഴി
സമയമാനസം
സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങള്‍)
പൊടിച്ചി ഉപരിക്കുന്ന് (നോവല്‍)
പേരറിയാത്ത മരങ്ങള്‍ (കഥകള്‍)
വംശഗാഥ (ഖണ്ഡകാവ്യം)
കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ)
ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരാഖ്യാനം)
ദിഗംബര കവിതകള്‍ (പരിഭാഷ)
എഡിറ്റ് ചെയ്തവ
യൂണിവേഴ്സിറ്റി കോളേജ് കവിതകള്‍
കര്‍പ്പൂരമഴ (പി.യുടെ കവിതകള്‍)
ഇടശ്ശേരിയുടെ തെരഞ്ഞെടുത്ത കവിതകള്‍
(പി കെ സുരേഷ്കുമാര്‍)
*
കടപ്പാട്: ദേശാഭിമാനി