ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 12, ശനിയാഴ്‌ച

നഗരത്തെ ശ്വാസംമുട്ടിച്ച് കെപിസിസി സെക്രട്ടറിമാര്‍


നഗരത്തെ ശ്വാസംമുട്ടിച്ച് കെപിസിസി സെക്രട്ടറിമാര്‍


എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കെപിസിസി സെക്രട്ടറിമാര്‍. കോണ്‍ഗ്രസിന്റെ ജംബോ ഭാരവാഹികളുടെ ഫ്ളകസ്ബോര്‍ഡുകള്‍ വയ്ക്കാന്‍ തലസ്ഥാന നഗരിയില്‍ ഇനിയൊരിടം ബാക്കിയില്ല. നിരത്തിലും മരത്തിലുമെല്ലാം കെപിസിസി സെക്രട്ടറിമാരും ജനറല്‍ സെക്രട്ടറിമാരും ഡിസിസി ഭാരവാഹികളുമെല്ലാം സ്ഥാനംപിടിച്ചിരിക്കുകയാണ്. സെക്രട്ടറിയറ്റിനുമുന്നിലും യൂണിവേഴ്സിറ്റി ആസ്ഥാനത്തിനുമുന്നിലും ഏജീസ് ഓഫീസിനുമുന്നിലും എന്നുവേണ്ട ജങ്ഷനുകളായ ജങ്ഷനുകളെല്ലാം ഇവര്‍ കൈയടക്കി നഗരത്തെ വികൃതമാക്കിയിരിക്കുകയാണ്. നടപ്പാത തടസ്സപ്പെടുത്തിയും ട്രാഫിക് സൈന്‍ബോര്‍ഡുകള്‍ മറച്ചും ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു. വാഹനങ്ങള്‍ക്കുപോലും കടന്നുപോകാനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നില്‍ക്കുകയാണ്. ഇനിയൊരു പുനഃസംഘടനകൂടി ഉണ്ടായാല്‍ നഗരത്തിന്റെ കാര്യം കട്ടപ്പൊക.

വെള്ളയമ്പലംമുതല്‍ കിഴക്കേകോട്ടവരെ പൊതുനിരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല എന്ന നിയമം ഭരണകക്ഷി നേതാക്കളുടെ നെടുങ്കന്‍ ഫ്ളക്സുകള്‍ക്കുമുന്നില്‍ നോക്കുകുത്തിയായി. വിവിധ സംഘടനകളുടെ മറ്റു ജില്ലകളില്‍ നടക്കുന്ന പരിപാടികളുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും നഗരത്തെ ശ്വാസംമുട്ടിക്കുന്നു. എന്‍ജിഒ അസോസിയേഷന്റെ സമ്മേളനത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രി ജങ്ഷനില്‍ ആരോഗ്യവകുപ്പ് ആസ്ഥാനമന്ദിരത്തിന്റെ മുകളിലാണ് ബോര്‍ഡു സ്ഥാപിച്ചിരിക്കുന്നത്. മന്ത്രിയുടെ സ്വന്തം സംഘടനയായതുകൊണ്ട് അടുപ്പിലുമാകാം എന്നാണ്.

ശ്രീ ശ്രീക്ക് സ്നേഹപൂര്‍വം


ശ്രീ ശ്രീക്ക് സ്നേഹപൂര്‍വം


ആനന്ദം ഉണ്ടാകേണ്ടത് യുക്തിചിന്തയുടെ സ്വാതന്ത്ര്യത്തില്‍നിന്നാണ് എന്നുപറഞ്ഞത് മഹാമനീഷിയായ സോഫോക്ലീസാണ്. യുക്തിചിന്ത ഇല്ലാത്തിടത്ത് ആനന്ദമില്ല. ആനന്ദത്തിന്റെ ആ വഴി ആനന്ദോത്സവത്തിന്റെ പരമാചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ മനസ്സിലാക്കാതിരുന്നുകൂടാ. ഇരുട്ടില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്ന മട്ടില്‍ യുക്തിയുടെ വാതിലുകള്‍ എല്ലാം അടച്ചുപൂട്ടി ആനന്ദത്തെ തിരയുന്നതില്‍ അര്‍ഥമില്ലല്ലോ.

ശ്രീ ശ്രീ യുക്തിയുടെ വാതിലുകള്‍ അടച്ചുപൂട്ടുന്നു എന്നുപറയേണ്ടിവരുന്നത് അദ്ദേഹത്തിന്റെ തിരുവനന്തപുരം പ്രഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍കൊണ്ടാണ്. "കമ്യൂണിസം ഇറക്കുമതിചെയ്ത ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ഇവിടുത്തെ പാരമ്പര്യത്തെ എതിര്‍ക്കുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറക്കുമതിചെയ്യുന്നതൊക്കെ അസ്വീകാര്യമാണെന്നും പാരമ്പര്യത്തെ എതിര്‍ക്കുക എന്നത് മഹാപരാധമാണെന്നുമാണല്ലോ ഇതിന്റെ അര്‍ഥം.

അങ്ങനെ വന്നാല്‍ ജനാധിപത്യം, സോഷ്യലിസം എന്നിവമുതല്‍ ഇന്ത്യന്‍ റിപ്പബ്ലിക് എന്ന വിശേഷണംവരെ അസ്വീകാര്യമാകണം. പാര്‍ലമെന്ററി ജനാധിപത്യംമുതല്‍ പ്രായപൂര്‍ത്തി വോട്ടവകാശംവരെ അസ്വീകാര്യമാകണം. ഇതൊന്നും ഇന്ത്യന്‍ മണ്ണില്‍നിന്ന് കിളിര്‍ത്തുവന്നതല്ലല്ലോ; ഇറക്കുമതിചെയ്തതാണല്ലോ. ഇറക്കുമതിയുടെ പേരില്‍ ഇതിനെയൊക്കെ ഉപേക്ഷിക്കാനാകുമോ? ഇത്തരം സാമൂഹ്യമൂല്യങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ, ആനന്ദോത്സവത്തില്‍ തെളിഞ്ഞ വൈദ്യുതദീപങ്ങളുടെമുതല്‍ ആ വേദിയിലേക്ക് ശ്രീ ശ്രീയെ എത്തിച്ച വിമാനത്തിന്റെവരെ സാങ്കേതികവിദ്യ ഇറക്കുമതിചെയ്തതാണ്. ഇറക്കുമതിചെയ്തതൊക്കെ മോശമാണെങ്കില്‍ ആനന്ദോത്സവത്തില്‍ മരോട്ടിവിളക്കല്ലാതെ വൈദ്യുതിവിളക്ക് കത്തിക്കാന്‍ പാടുണ്ടോ? വില്ലുവണ്ടിയിലല്ലാതെ വിമാനത്തില്‍ ശ്രീ ശ്രീ വരാന്‍ പാടുണ്ടോ? സ്വാമി കംപ്യൂട്ടര്‍ തുറക്കാന്‍ പാടുണ്ടോ? വല്ല യുക്തിയുമുണ്ടോ സ്വാമീ ഈ മൂന്നാം സഹസ്രാബ്ദത്തില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍? (ഇനി, കമ്യൂണിസത്തിന്റെ കാര്യം; ഇന്ത്യന്‍ കമ്യൂണിസം ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ വിയര്‍പ്പില്‍നിന്നും ചോരയില്‍നിന്നും ഉരുവംകൊണ്ടതാണെന്നത് തിരിച്ചറിയാന്‍ സ്വാമി ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ ചരിത്രം വായിക്കുകയേ വേണ്ടൂ) വൈദേശികമായതൊന്നും പാടില്ല എന്ന ശ്രീ ശ്രീയുടെ ഇന്നത്തെ സമീപനമാകട്ടെ, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ യഥാര്‍ഥ ധാരയ്ക്ക് നിരക്കുന്നതല്ല.

""ആനോ ഭദ്രാഃ ക്രതവോയന്തു വിശ്വതഃ"" എന്ന തത്വത്തിലടങ്ങിയതായിരുന്നു ഒരുകാലത്ത് നമ്മുടെ സംസ്കൃതിയുടെ കാഴ്ചപ്പാട്. "ലോകത്തിന്റെ സകലഭാഗത്തുനിന്നും ശുഭഫലപ്രദങ്ങളായ നല്ല വാക്കുകള്‍ നമ്മിലേക്കുവരട്ടെ!" എന്നതാണിതിനര്‍ഥം. "ലോകത്തിന്റെ സകലഭാഗത്തുനിന്നും" എന്നുപറഞ്ഞിട്ടുള്ളത് ശ്രീ ശ്രീ പ്രത്യേകം ശ്രദ്ധിക്കണം. അത് ശ്രദ്ധിച്ചാല്‍ ഇറക്കുമതിചെയ്ത തത്വശാസ്ത്രം എന്ന് എന്തിനെയെങ്കിലും ആക്ഷേപിക്കാന്‍ കഴിയുമോ? "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നതായിരുന്നു വളരെപ്പണ്ടേ ഇന്ത്യയുടെ ആശംസ. സമസ്ത ലോകത്തിനും സുഖമുണ്ടാകട്ടെ എന്നര്‍ഥം. ഇന്ത്യക്കുമാത്രം സുഖമുണ്ടാകട്ടെ എന്നല്ല പറഞ്ഞത്. "വസുധൈവ കുടുംബകം" എന്ന സങ്കല്‍പ്പം ഭൂമിയെയാകെ ഒരു കുടുംബമായി കാണുന്ന തരത്തിലുള്ളതാണ്. മതവും ദൈവവും ഉണ്ടാകുന്നതിനുംമുമ്പാണ് ഈ സങ്കല്‍പ്പങ്ങള്‍ ഉണ്ടായത്. അങ്ങനെയൊരു കാലവും സംസ്കാരവും പണ്ട് ഇവിടെയുണ്ടായിരുന്നു. ആ സംസ്കൃതിയുടെ സത്ത തിരിച്ചറിയുന്ന ഒരാളും ഇറക്കുമതിചെയ്ത തത്വശാസ്ത്രമെന്ന ആക്ഷേപം ഉന്നയിക്കില്ല. ലോകമാകെ ഒരു തറവാട് എന്ന വിശാലമനഃസ്ഥിതിയുണ്ടായാല്‍ പിന്നെ എന്ത് ഇറക്കുമതി? എന്തു കയറ്റുമതി? അങ്ങനെ ചിന്തിക്കുന്ന തലത്തിലേക്ക് ശ്രീ ശ്രീ ഉയരുകയാണ് വേണ്ടത്.

ഇനി രണ്ടാമത്തെ കാര്യം. കമ്യൂണിസ്റ്റുകാര്‍ പാരമ്പര്യത്തെ എതിര്‍ക്കുന്നു എന്നതാണത്. പാരമ്പര്യത്തിലെ "വസുധൈവ കുടുംബകം" എന്ന സങ്കല്‍പ്പത്തെ കമ്യൂണിസ്റ്റുകാരല്ല, ശ്രീ ശ്രീയാണ് എതിര്‍ക്കുന്നത് എന്ന് ഇറക്കുമതി എന്ന വാക്ക് മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റുകാരാകട്ടെ കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയുമാണ് ചെയ്യുന്നത്. പാരമ്പര്യത്തെ അന്ധമായി അപ്പാടെ സ്വീകരിക്കാന്‍ ആധുനികകാലത്ത് ആര്‍ക്കെങ്കിലും കഴിയുമോ? അങ്ങനെ സ്വീകരിച്ചുകൊള്ളണമെന്നാണ് സ്വാമി പറയുന്നതെങ്കില്‍ നിഷ്ഠുരമായ ജന്തുബലിയില്‍ അധിഷ്ഠിതമായ യജ്ഞസംസ്കാരത്തെയും ബ്രാഹ്മണപൗരോഹിത്യ മേധാവിത്വത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും എതിര്‍ക്കരുതെന്നതാണതിനര്‍ഥം. മൃഗബലിമുതല്‍ "പുരുഷമേധം" എന്ന പേരില്‍ മനുഷ്യനെ കുരുതികൊടുക്കുന്ന ഏര്‍പ്പാടുവരെയുണ്ടായിരുന്നു നമ്മുടെ പാരമ്പര്യത്തില്‍. അക്ഷരം പഠിച്ച ശൂദ്രനെ വര്‍ജിക്കണം. ശൂദ്രന് പതിരുകലര്‍ത്തിയേ ധാന്യം അളന്ന് നല്‍കാവൂ. ജീര്‍ണവസ്ത്രമേ ശൂദ്രന് നല്‍കാവൂ. ഏതെങ്കിലും രാജാവ് അയാളുടെ "ബുദ്ധിമോശ"ത്തിന് ഏതെങ്കിലും ശൂദ്രന് അധികാരം നല്‍കിയാല്‍ ആ രാജ്യം മുടിഞ്ഞുപോകും. ഇതൊക്കെയായിരുന്നു വ്യവസ്ഥ. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. "തന്മന്ത്രം ബ്രാഹ്മണാധീനം; ബ്രാഹ്മണോ മമ ദൈവതം" എന്നതായിരുന്നു നില. ബ്രാഹ്മണന്‍ ദൈവമാണെന്നര്‍ഥം! ബ്രാഹ്മണനെ ഏറ്റവും തലപ്പത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ജീര്‍ണമായ പഴയ വര്‍ണാശ്രമധര്‍മത്തെ, ചാതുര്‍വര്‍ണ്യവ്യവസ്ഥയെ എതിര്‍ക്കരുത് എന്നല്ലേ പാരമ്പര്യത്തെ എതിര്‍ക്കരുത് എന്ന് പറയുമ്പോള്‍ അര്‍ഥം. സ്വാമിയുടെ ശിഷ്യന്മാര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്നതാണോ ഇത്? പാരമ്പര്യത്തെ എതിര്‍ക്കുന്നത് അപരാധമാണെന്ന സ്വാമിയുടെ വാദം അംഗീകരിച്ചാല്‍ ശ്രീബുദ്ധന്‍പോലും അപരാധിയാണ്. ബുദ്ധന്‍ ജന്തുബലിയെ എതിര്‍ത്തു. ആത്മാവ് ഉണ്ടെന്ന നിലപാടിനെ അംഗീകരിച്ചില്ല. ദൈവത്തെക്കുറിച്ച് സംസാരിച്ചതുമില്ല!

ആത്മീയതയെ എതിര്‍ക്കുന്നുവെന്നതാണ് കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ശ്രീ ശ്രീയുടെ മറ്റൊരു ആക്ഷേപം. ഇതുകേള്‍ക്കുമ്പോള്‍ 57ല്‍ ഒരു മലയാളപത്രം എഡിറ്റോറിയലിലൂടെ പറഞ്ഞതാണ് ഓര്‍മ വരുന്നത്. "കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ തുടരാനുവദിച്ചാല്‍ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിക്കും" എന്നതായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ പിന്നീട് എത്രതവണ അധികാരത്തില്‍ വന്നു. കേരളത്തിലെ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിച്ചോ? ഇല്ലെന്നു മാത്രമല്ല, ഒറീസയിലും കര്‍ണാടകത്തിലുമൊക്കെ സംഘപരിവാറിന്റെ ആക്രമണത്തില്‍ ജീവഭയത്തോടെ ഓടിയ ന്യൂനപക്ഷങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ സ്വന്തം പാര്‍ടി ഓഫീസില്‍ അഭയംമാത്രമല്ല, ആരാധനാ സൗകര്യംകൂടി നല്‍കുന്നത് രാജ്യം കണ്ടു. ഇനി ആത്മീയതയെ എതിര്‍ക്കുക എന്നത് അപരാധമാണെങ്കില്‍, ആ അപരാധത്തിന്റെ ധാര വളരെ ശക്തമായിത്തന്നെ ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ട്.

ഷഡ്ദര്‍ശനങ്ങളില്‍പ്പെട്ട സാംഖ്യദര്‍ശനം ഭൗതികവാദപരമായിരുന്നു. ന്യായദര്‍ശനം പണ്ടേയുണ്ടായ യുക്തിവാദംതന്നെയായിരുന്നു. വൈശേഷികം പദാര്‍ഥമാണ് എല്ലാം എന്നു വാദിക്കുന്നതായിരുന്നു. സാംഖ്യദര്‍ശനത്തെ എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ അതിനിശിതമായി എതിര്‍ത്തതുതന്നെ അതിന്റെ നിരീശ്വരവാദപരമായ സ്വഭാവംകൊണ്ടായിരുന്നു എന്നത് ഓര്‍മിക്കണം. ചാര്‍വാകദര്‍ശനം എന്ന ലോകായത ദര്‍ശനം നമ്മുടെ പൈതൃകത്തിന്റെ മറ്റൊരു മുഖമാണ്.യജ്ഞസംസ്കാരത്തെ വെല്ലുവിളിച്ചുകൊണ്ട് കടന്നുവന്ന "ലോകായത"ത്തെ നാമാവശേഷമാക്കാന്‍ രാജാധിപത്യവും പൗരോഹിത്യവും കൂട്ടായി നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. പാരമ്പര്യം എന്ന് ശ്രീ ശ്രീ വിശേഷിപ്പിക്കുന്നതില്‍ നിരീശ്വരവാദപരമായ ഇത്തരമൊരു പ്രബലധാരകൂടിയുണ്ട്. പക്ഷേ, ശ്രീ ശ്രീ അതു പരിഗണിക്കുന്നില്ല. പാരമ്പര്യത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ശ്രീ ശ്രീ പോലും പാരമ്പര്യത്തിലെ സജീവമായ ഈ ധാരയെ എതിര്‍ക്കുകയല്ലേ ചെയ്യുന്നത്? പാരമ്പര്യത്തിലെ നല്ല അംശങ്ങളെ ഉള്‍ക്കൊള്ളുന്നതും ചീത്തവശങ്ങളെ നിരാകരിക്കുന്നതുമായ ത്യാജ്യഗ്രാഹ്യ വിവേചനബോധത്തോടെയുള്ള സമീപനമാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്നത് എന്ന് ശ്രീ ശ്രീ മനസ്സിലാക്കണം. കമ്യൂണിസം നടപ്പാക്കുന്നതിന്റെ ഭാഗമായി പലയിടത്തും രക്തച്ചൊരിച്ചിലുണ്ടാകുന്നു എന്നുപറയുന്ന സ്വാമി, കമ്യൂണിസത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദശലക്ഷക്കണക്കിനാളുകളുടെ ജീവന്‍ ലോകത്ത് ഹോമിക്കപ്പെട്ടിട്ടുള്ളത് എന്ന ചരിത്ര സത്യം മനസ്സിലാക്കണം. ലെനിന്‍ഗ്രാഡിനെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റത്തിനിടെ രണ്ടുകോടി കമ്യൂണിസ്റ്റുകാരെയാണ് ഹിറ്റ്ലറുടെ നാസിപ്പട കൊന്നൊടുക്കിയത്. അതിനു സമാനമായ കൂട്ടക്കുരുതി ലോകത്തുണ്ടായിട്ടില്ല. ലോകമഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിന്റെ പല ഭാഗങ്ങളില്‍ കൊന്നൊടുക്കിയവരുടെ എണ്ണം. ഇതും ശ്രീ ശ്രീ കാണുന്നില്ല. രാഷ്ട്രീയത്തിലും രാഷ്ട്രീയനേതാക്കളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് എല്ലാ രാഷ്ട്രീയത്തെയും അടച്ചാക്ഷേപിക്കുന്ന ശ്രീ ശ്രീ, പി കൃഷ്ണപിള്ളയെയും ഇ എം എസിനെയും എ കെ ജിയെയും ഒക്കെ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള ഒരു ജനതയോടാണ് താന്‍ സംസാരിക്കുന്നത് എന്ന കാര്യം മറന്നുപോയപോലുണ്ട്.

അരാഷ്ട്രീയവല്‍ക്കരണത്തിനായുള്ള രാഷ്ട്രീയമാണ് അറിയാതെയാണെങ്കില്‍പ്പോലും സ്വാമിയുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതാകട്ടെ, ദൂഷിതമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ ഇതേപോലെ മാറ്റമില്ലാതെ നിലനിര്‍ത്താനേ സഹായിക്കൂ; അതിനെ മാറ്റിമറിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ. രാഷ്ട്രീയത്തിന്റെ മനോഭാവത്തിനെതിരെ ആത്മീയനേതാക്കള്‍ ശബ്ദമുയര്‍ത്തണമെന്നു പറയുമ്പോള്‍, ആത്മീയനേതാക്കളുടെ ശബ്ദമുയര്‍ത്തല്‍കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒഴുകുന്ന മനുഷ്യരക്തത്തിന്റെ ചുവപ്പ് സ്വാമി കാണാതെ പോവുകകൂടിയാണ്. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എത്രയോ മടങ്ങാണ് വംശീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം.

വംശീയകലാപങ്ങളെല്ലാം രാഷ്ട്രീയാധിഷ്ഠിതമായിരുന്നില്ല; മറിച്ച് മതവിശ്വാസാധിഷ്ഠിതമായിരുന്നു. നാഥുറാം വിനായക ഗോഡ്സെയുടെമുതല്‍ ബിന്‍ലാദന്‍വരെയുള്ളവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യാജ ആത്മീയതയ്ക്കെതിരായി ജനങ്ങളെ ഉണര്‍ത്തുകയാണ്, യഥാര്‍ഥ ആത്മീയതയെന്നൊന്നുണ്ടെങ്കില്‍ അതിന്റെ പക്ഷത്ത് നില്‍ക്കുന്നവര്‍ ചെയ്യേണ്ടത്. കമ്യൂണിസ്റ്റുകാര്‍ക്ക് ആത്മീയതയോട് അയിത്തമാണെന്നു പറയുന്ന സ്വാമി കമ്യൂണിസ്റ്റുകാരുടെ അയിത്തം ആത്മീയതയോടല്ല, അതിനെ ഗ്രസിക്കുന്ന വിഷലിപ്തമായ കപട ആത്മീയതയോടാണ് എന്നത് മനസ്സിലാക്കണം. ആ കപട ആത്മീയതയുടെ പ്രതീകങ്ങളാണ് മതവിശ്വാസത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ച ഗോഡ്സെമുതല്‍ ലാദന്‍വരെയുള്ളവര്‍. അവരെ എതിര്‍ക്കുന്നുവെന്നതിനര്‍ഥം മതവിശ്വാസികളെ എതിര്‍ക്കുന്നുവെന്നല്ല. എന്നു മാത്രമല്ല, മതവിശ്വാസത്തെ ആത്മീയതയുടെ തലത്തില്‍ പരിരക്ഷിച്ചുനിര്‍ത്തണമെങ്കില്‍പ്പോലും വിശ്വാസത്തെ വിഷലിപ്തമാക്കുന്ന വഴിതിരിച്ചുവിടലുകളെ എതിര്‍ക്കേണ്ടതുണ്ടുതാനും.

പ്രഭാവര്‍മ deshabhimani 120113

ഡീസല്‍, എല്‍പിജി, മണ്ണെണ്ണ വിലവര്‍ധന ഉടന്‍


ഡീസല്‍, എല്‍പിജി, മണ്ണെണ്ണ വിലവര്‍ധന ഉടന്‍


റെയില്‍ നിരക്ക് കൂട്ടിയതിനു പിന്നാലെ ഡീസല്‍- പാചകവാതക- മണ്ണെണ്ണ വിലയും എത്രയും വേഗം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സബ്സിഡി സിലിണ്ടറിന്റെ എണ്ണം കൂട്ടണോ വേണ്ടയോ എന്ന കാര്യത്തില്‍ ആലോചന തുടരുകയാണ്. ഇക്കാര്യം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയാണ് ഇന്ധന വിലവര്‍ധന ഉടനുണ്ടാകുമെന്ന് അറിയിച്ചത്. വിജയ് കേല്‍ക്കര്‍ സമിതി ശുപാര്‍ശകളുടെ ചുവടുപിടിച്ചായിരിക്കും വര്‍ധനയെന്ന സൂചന മൊയ്ലി നല്‍കി.

ആദ്യഘട്ടമെന്ന നിലയില്‍ ഡീസല്‍ ലിറ്ററിന് നാലുരൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടുരൂപയും എല്‍പിജി സിലിണ്ടറൊന്നിന് അമ്പതുരൂപയും കൂട്ടാനാണ് കേല്‍ക്കര്‍ ശുപാര്‍ശ. തുടര്‍ന്ന് ഓരോമാസവും വില കൂട്ടി സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് സമിതി നിര്‍ദേശം. വിലവര്‍ധന ഏതുരൂപത്തില്‍ വേണമെന്ന കാര്യത്തില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് പരിഗണിക്കുക.

സബ്സിഡിയുള്ള സിലിണ്ടറിന്റെ എണ്ണം ആറില്‍നിന്ന് ഒമ്പതാക്കുമ്പോഴുണ്ടാകുന്ന അധികച്ചെലവ് തങ്ങള്‍ വഹിക്കില്ലെന്ന് ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സബ്സിഡി ഗണ്യമായി കുറച്ച് നഷ്ടം സ്വയം നികത്താമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. മന്ത്രിസഭ ഇത് അംഗീകരിച്ചാല്‍ സബ്സിഡി സിലിണ്ടറിന് ആദ്യ ഘട്ടത്തില്‍ ഒറ്റയടിക്ക് 130 രൂപ വര്‍ധിക്കും. ഈ വര്‍ധന പല ഘട്ടങ്ങളിലായി നടപ്പാക്കുകയെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഡീസല്‍ വിലയില്‍ ഒറ്റയടിക്ക് നാലര രൂപയുടെ വര്‍ധനയോ അതല്ലെങ്കില്‍ മാസം ഒരു രൂപ വീതം തുടര്‍ച്ചയായ മാസങ്ങളില്‍ വിലവര്‍ധനയോ പരിഗണിക്കാനാണ് മന്ത്രാലയം ശുപാര്‍ശചെയ്തിട്ടുള്ളത്. മണ്ണെണ്ണ വില മാസംതോറും 35 പൈസ വീതമോ അതല്ലെങ്കില്‍ ഓരോ മൂന്നുമാസം കൂടുമ്പോള്‍ ഒരു രൂപ വീതമോ വര്‍ധിപ്പിക്കാമെന്നാണ് ശുപാര്‍ശ.
(എം പ്രശാന്ത്)


വിലക്കയറ്റത്തിന് വഴിവയ്ക്കുന്നത് സബ്സിഡി വിരുദ്ധ നിലപാട്

ന്യൂഡല്‍ഹി:സബ്സിഡിയാണ് വികസനപ്രവര്‍ത്തനത്തിന് തടസ്സമെന്ന വാദവുമായി സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ ദുരിതം ജനങ്ങള്‍ക്ക്. ഡീസലിന് നാലര രൂപയും പാചകവാതകത്തിന് 130 രൂപയും വര്‍ധിപ്പിക്കുന്നത് സബ്സിഡിക്കെതിരെയുള്ള കോണ്‍ഗ്രസ് നിലപാടിന്റെ പ്രത്യാഘാതം. കോര്‍പറേറ്റുകള്‍ വരച്ചുകാട്ടുന്ന സാമ്പത്തികപാതയിലൂടെ നീങ്ങുമ്പോള്‍ ഉയര്‍ന്നുവരുന്ന പല തടസ്സങ്ങളിലൊന്നായാണ് സബ്സിഡിയെ കോണ്‍ഗ്രസ് കാണുന്നത്. ചെലവെല്ലാം സബ്സിഡിയായി പോകുന്നുവെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്നുമാണ് വാദം. വിപണിയിലൂന്നിയ മുതലാളിത്ത സാമ്പത്തികവാദത്തില്‍ സബ്സിഡികള്‍ എന്നത് എടുത്തുകളപ്പെടേണ്ട ഒന്നാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ഏകസ്വരത്തില്‍ വാദിക്കുന്നു. സബ്സിഡികള്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനമായിരുന്നു ആദ്യം. എന്നാല്‍, സബ്സിഡി സിലിണ്ടര്‍ പരിമിതപ്പെടുത്തിയപ്പോള്‍ സാമ്പത്തികമായ വേര്‍തിരിവുമുണ്ടായില്ല. ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോഴും ആഡംബരക്കാറുകള്‍ക്കും മറ്റും കൂടുതല്‍ വിലയ്ക്ക് ഡീസല്‍ എന്ന നിര്‍ദേശം കോണ്‍ഗ്രസില്‍നിന്നുണ്ടായില്ല. ഘട്ടംഘട്ടമായി എല്ലാ സബ്സിഡിയും ഇല്ലാതാക്കാനാണ് നീക്കം. പൊതുമേഖല നിയന്ത്രിക്കുന്ന പെട്രോളിയം വിപണനമേഖല പൂര്‍ണമായും റിലയന്‍സിനും എസ്സാറിനും കൈമാറുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. പെട്രോളിയം സബ്സിഡി, പ്രത്യേകിച്ച് ഡീസല്‍- എല്‍പിജി സബ്സിഡികള്‍കൂടി ഇല്ലാതാക്കാനാണ് മുഖ്യഊന്നല്‍ നല്‍കുന്നത്. അണ്ടര്‍റിക്കവറിയെന്നാണ് എണ്ണക്കമ്പനികളുടെ നഷ്ടത്തെ വിശേഷിപ്പിക്കുന്നത്. ഈ കണക്ക് പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പന വിലയും ഇതേ ഉല്‍പ്പന്നങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്താല്‍ നല്‍കേണ്ട വിലയും തമ്മിലുള്ള അന്തരമാണ് നഷ്ടക്കണക്കായി അവതരിപ്പിക്കുന്നത്. ക്രൂഡോയില്‍ ഇറക്കുമതി വിലയും അവ സംസ്കരിച്ച് വിവിധ ഉല്‍പ്പന്നങ്ങളാക്കുന്നതിന്റെ ചെലവും ചേര്‍ത്തുള്ള തുകയും ആഭ്യന്തര വില്‍പ്പന വിലയുമാണ് എണ്ണക്കമ്പനികള്‍ താരതമ്യപ്പെടുത്തേണ്ടത്. ഇതിനു പകരം ഓരോ ഉല്‍പ്പന്നങ്ങളുടെയും നേരിട്ടുള്ള ഇറക്കുമതിവിലയും അതോടൊപ്പം വരുന്ന വിവിധ തീരുവകളും ചേര്‍ത്തുള്ള തുകയാണ് കമ്പനികള്‍ ആഭ്യന്തര വില്‍പ്പനവിലയുമായി താരതമ്യപ്പെടുത്തി തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടെന്ന് വാദിക്കുന്നത്.

2011-12 വര്‍ഷത്തില്‍ 1,71,140 കോടി രൂപയാണ് അണ്ടര്‍റിക്കവറിയെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. നഷ്ടമെന്നു പറയുമ്പോള്‍തന്നെ 2010-11 ല്‍ ഒഎന്‍ജിസി 18,924 കോടി ലാഭം നേടി. ഐഒസി 7445 കോടിയും ബിപിസിഎല്‍ 1547 കോടിയും എച്ച്പിസിഎല്‍ 1539 കോടിയും ലാഭം നേടി. 2011-12 കാലയളവിലും എണ്ണക്കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത് ലാഭക്കണക്കുകള്‍തന്നെ. 2011-12 ല്‍ ഇന്ത്യന്‍ ഓയിലിന്റെ നികുതി കഴിഞ്ഞുള്ള ലാഭം 8085.62 കോടി. ഭാരത് പെട്രോളിയത്തിന്റേത് 1,311 കോടിയും എച്ച്പിസിഎല്ലിന്റേത് 1702.04 കോടിയും. സര്‍ക്കാര്‍ പറയുന്നത് 2011-12 ല്‍ 68,481 കോടി രൂപ പെട്രോളിയം സബ്സിഡി ഇനത്തില്‍ ചെലവഴിച്ചുവെന്നാണ്. ഒരേസമയം നഷ്ടവും ലാഭവും എങ്ങനെയെന്ന് വിശദീകരിക്കാന്‍ എണ്ണക്കമ്പനികള്‍ക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. സബ്സിഡികൂടി ചേരുമ്പോഴാണ് ലാഭമെന്ന് വാദിച്ചാല്‍ത്തന്നെ പതിനായിരം കോടിയിലേറെ ലാഭം ലഭിക്കുംവിധം കമ്പനികള്‍ക്ക്് എന്തിന് സബ്സിഡി നല്‍കണമെന്ന ചോദ്യമുയരും. സബ്സിഡി ബാധ്യതയാണെന്ന സര്‍ക്കാര്‍വാദവും പൊളിയാണ്. 2010-11 ല്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറിയതായി പറയപ്പെടുന്ന സബ്സിഡി 43926 കോടി. എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ നികുതി ഇനത്തില്‍ കേന്ദ്രം സ്വന്തമാക്കിയത് 1,36,497 കോടി. സംസ്ഥാനങ്ങളാവട്ടെ 88,997 കോടി ശേഖരിച്ചു. സബ്സിഡിച്ചെലവ് കിഴിച്ചാലും എണ്ണമേഖലയില്‍നിന്ന് സര്‍ക്കാരിന്റെ വരുമാനം 92571 കോടി വരും. 2011-12 ലും സമാനമാണ് സ്ഥിതി. എണ്ണഉപഭോഗം അനുദിനം വര്‍ധിച്ചുവരുന്നതിനാല്‍ ഓരോ വര്‍ഷവും എണ്ണനികുതി ഇനത്തില്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ വര്‍ധന മാത്രമാണ് വരുന്നത്.

കെടുകാര്യസ്ഥത തകര്‍ത്താടി ശിക്ഷ യാത്രികര്‍ക്ക്


കെടുകാര്യസ്ഥത തകര്‍ത്താടി ശിക്ഷ യാത്രികര്‍ക്ക്


കെടുകാര്യസ്ഥതയും സ്വാര്‍ഥതാല്‍പ്പര്യങ്ങളും റെയില്‍വേയെ സാമ്പത്തികമായി തകര്‍ത്തപ്പോള്‍ നിരക്കുവര്‍ധനയുടെ ശിക്ഷ പേറേണ്ടിവരുന്നത് യാത്രക്കാര്‍. പശ്ചാത്തലസൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും പരിഗണിക്കാതെ പ്രഖ്യാപിച്ച പുതിയ ട്രെയിനുകള്‍, സങ്കുചിത രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എന്നിവയും വിഭവസമാഹരണത്തിന് ഫലപ്രദമാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തതും ധൂര്‍ത്തുമാണ് റെയില്‍വേയെ തകര്‍ത്തത്. റെയില്‍വേയെ വന്‍ ലാഭത്തിലെത്തിച്ച ഒന്നാം യുപിഎ ഭരണത്തിലെ പ്രകടനത്തിന് ആഗോള അംഗീകാരം കിട്ടിയിരുന്നു. ഒന്നാം യുപിഎ ഭരണത്തില്‍ 2005ല്‍ 9000 കോടി മിച്ചധനമുണ്ടായിരുന്ന റെയില്‍വേ 2006ല്‍ അത് 16,000 കോടി രൂപയായും 2007ല്‍ 20,000 കോടി രൂപയായും വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം ശമ്പളപരിഷ്കരണം വഴിയുള്ള അധികച്ചെലവ് കാരണം മിച്ചധനം 14,000 കോടി രൂപയായി കുറഞ്ഞെങ്കിലും സാമ്പത്തികമായി മികച്ച നില തുടര്‍ന്നു. 2007-08ല്‍ ഓപ്പറേറ്റിങ് റേഷ്യോ (100 രൂപ വരുമാനമുണ്ടാക്കിയാല്‍ റെയില്‍വേയുടെ നടത്തിപ്പിന് വേണ്ടിവരുന്ന ചെലവ്) 76 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 96 ശതമാനമായി. ഇനി 12-ാം പദ്ധതിയുടെ അവസാനത്തോടെ 74 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.

2010-11ലെ റെയില്‍ ബജറ്റില്‍ മമത ബാനര്‍ജി വാഗ്ദാനം ചെയ്ത പദ്ധതികളെപ്പറ്റി 2011-12ലെ ബജറ്റില്‍ മിണ്ടിയില്ല. 50 ലോകനിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍, അഞ്ച് സ്പോര്‍ട്സ് അക്കാദമി, 522 ആശുപത്രി, 40 മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, 50 കേന്ദ്രീയവിദ്യാലയം, ഏഴ് കോച്ച് ഫാക്ടറി, അഞ്ച് വാഗണ്‍ ഫാക്ടറി എന്നീ വാഗ്ദാനങ്ങള്‍ക്ക് പിന്നീട് എന്തുപറ്റിയെന്ന് ആര്‍ക്കുമറിയില്ല. തുടര്‍ന്നുള്ള ബജറ്റില്‍ ഇവയ്ക്കുള്ള വകയിരുത്തലുണ്ടായില്ല. ലക്ഷം പേരെ പുതുതായി നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, വിരമിച്ചവര്‍ക്കു പകരം നിയമനമുണ്ടായില്ല. സുരക്ഷയെ ഇത് ബാധിച്ചു. വരുമാനത്തിന്റെ നല്ലപങ്കും ചരക്കുകടത്തു വഴിയാണ്. ലക്ഷ്യമിട്ടതില്‍നിന്ന് വളരെ താഴെയാണ് ചരക്കുകടത്ത്. 2011-12ല്‍ ലക്ഷ്യമിട്ടതില്‍നിന്ന് 2.3 കോടി ടണ്‍ കുറവ് ചരക്ക് മാത്രമേ കടത്താനായുള്ളൂ. നടപ്പുസാമ്പത്തികവര്‍ഷവും ചരക്കുകടത്ത് കുറയും. 2011-12ല്‍ റെയില്‍വേയുടെ ആകെ വരുമാനം 1,04,278.79 കോടി രൂപയാണ്. ചരക്കുകടത്തില്‍നിന്ന് 69,675.97 കോടിയും യാത്രക്കൂലിയില്‍നിന്ന് 28,645.52 കോടി രൂപയും ലഭിച്ചു. ചരക്കുകടത്ത് കൂടുതല്‍ മെച്ചപ്പെടുത്താതെ റെയില്‍വേക്ക് ലാഭകരമായി തുടരാനാകില്ല. ലാലുപ്രസാദ് യാദവ് റെയില്‍മന്ത്രിയായിരിക്കെ ചരക്കുകടത്ത് കഴിഞ്ഞ് കാലിയായി വരുന്ന വാഗണുകളില്‍ കുറഞ്ഞ നിരക്കില്‍ ചരക്ക് കൊണ്ടുവരുന്ന സംവിധാനമുണ്ടായിരുന്നു. ഉയര്‍ന്ന ക്ലാസുകളില്‍ വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ താഴ്ന്ന ക്ലാസുകളില്‍നിന്ന് ഉയര്‍ന്ന ക്ലാസുകളിലേക്ക് റിസര്‍വേഷന്‍ സ്വയമേവ മാറുന്ന സംവിധാനം ഏര്‍പ്പെടുത്തി. ഇതുമൂലം താഴ്ന്ന ക്ലാസുകളിലെ വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് റിസര്‍വേഷന്‍ ലഭ്യമാക്കാനും ട്രെയിനുകള്‍ കാലിയായി ഓടുന്നത് ഒഴിവാക്കാനും കഴിഞ്ഞു. ഇങ്ങനെ വരുമാനം വര്‍ധിപ്പിക്കാനുതകുന്ന നടപടികളെടുക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ല.

പണിമുടക്ക് ചര്‍ച്ച: മാണിയെ തള്ളി മുഖ്യമന്ത്രി


പണിമുടക്ക് ചര്‍ച്ച: മാണിയെ തള്ളി മുഖ്യമന്ത്രി


ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍െകൈയെടുത്ത ധനമന്ത്രി കെ എം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളിപ്പറഞ്ഞു. സമരസമിതി നേതാക്കളെ വ്യാഴാഴ്ച രാത്രി മാണി ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. മസ്ക്കറ്റ് ഹോട്ടലില്‍ ഏറെനേരം ചര്‍ച്ച നീണ്ടു. മൂന്നു വട്ടം ചര്‍ച്ച നടന്നിട്ടും അന്തിമതീരുമാനമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തീരുമാനമായത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മാണിതന്നെയാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും ഞായറാഴ്ച രാത്രി എട്ടിന് സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും മാണി അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലായിരിക്കും ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തേ കാലോടെയാണ് മാണി ഇക്കാര്യമറിയിക്കുന്നത്.

അസാധാരണമായ നടപടിയാണ് അല്‍പ്പസമയത്തിനകം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. മാണിയെ തള്ളിപ്പറഞ്ഞ് രാത്രി 11.15ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കി. ആരുമായും ചര്‍ച്ചയില്ലെന്നും സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ വാര്‍ത്താക്കുറിപ്പ് മാണി പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ നിരാകരിച്ചു. മുഖ്യമന്ത്രി യാത്രയിലായിരുന്നെന്നും മാണി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുക മാത്രമാണുണ്ടായതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമരത്തിനു നേരെ ഭീഷണിയുടെ സ്വരമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. വ്യാഴാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ജീവനക്കാര്‍ക്കെതിരെ ഭീഷണി മുഴക്കി. ഇതിനു പിന്നാലെയാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയ മാണിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

deshabhimani 120113

1300 കുടുംബങ്ങള്‍ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി


1300 കുടുംബങ്ങള്‍ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി


സമരചരിത്രത്തില്‍ പുതിയ അധ്യായംകുറിച്ച് സംസ്ഥാനവ്യാപകമായി 1300 ഭൂരഹിതരായ കുടംബങ്ങള്‍ മിച്ചഭൂമികളില്‍ കുടില്‍കെട്ടി. പത്തുനാള്‍ തുടര്‍ന്ന സഹനസമരത്തിന്റെ തുടര്‍ച്ചയായാണ് സമരവളന്റിയര്‍മാരുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിനു ഭൂരഹിതര്‍ കുടില്‍കെട്ടി ഭൂമി കൈയേറിയത്. തലസ്ഥാന ജില്ലയില്‍ വെമ്പായം പഞ്ചായത്തിലെ പോതുപാറയിലും ആനാട് പഞ്ചായത്തിലെ കല്ലിയോട് മിച്ചഭൂമിയിലും മടവൂര്‍ പഞ്ചായത്തിലെ തുമ്പോട് മിച്ചഭൂമിയിലും ഭൂരഹിതര്‍ കുടില്‍കെട്ടി. കേന്ദ്രങ്ങളില്‍ നൂറുകണക്കിനാള്‍ക്കാര്‍ അണിനിരന്നു. കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ അരിപ്പയിലെ 54 ഏക്കര്‍ മിച്ചഭൂമിയിലാണ് ഭൂരഹിതര്‍ കുടില്‍കെട്ടി താമസം ആരംഭിച്ചത്. കുളത്തൂപ്പുഴ വില്ലുമല ആദിവാസികോളനിയിലെ ദമയന്തിയെ ഹാരമണിയിച്ചാണ് സമരം തുടങ്ങിയത്. കോട്ടയം ജില്ലയില്‍ കുമരകം മെത്രാന്‍കായലിലും അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം പള്ളിക്കു സമീപത്തെ മിച്ചഭൂമിയിലും കുടില്‍കെട്ടി. വടയാര്‍ ആലങ്കേരി പാടത്ത് കൊടിനാട്ടി അവകാശം സ്ഥാപിച്ചു. ഇടുക്കിയില്‍ എട്ട്് കേന്ദ്രത്തില്‍ സര്‍ക്കാര്‍ഭൂമിയില്‍ കുടില്‍കെട്ടി സമരമാരംഭിച്ചു. അടിമാലി ഏരിയയില്‍ ചിത്തിരപുരം ഡോബിപ്പാലം, മറയൂര്‍ കോവില്‍ക്കടവ്, ഏലപ്പാറ ഏരിയയിലെ വാഗമണ്‍ ചോറ്റുപാറ, നെടുങ്കണ്ടം വട്ടപ്പാറ, ഇടുക്കി താന്നിക്കണ്ടം, മൂന്നാര്‍ കുറ്റിയാര്‍വാലി, കട്ടപ്പന കുന്തളംപാറ, ചിന്നക്കനാല്‍ സിങ്കുകണ്ടം എന്നിവിടങ്ങളിലാണ് സമരം. പത്തനംതിട്ട ജില്ലയില്‍ ചിറ്റാര്‍ കൊച്ചേത്തു പാറ, ആറന്മുള വിമാനത്താവളഭൂമി, അടൂര്‍ താലൂക്കിലെ കലഞ്ഞൂര്‍ മാങ്കോട് തട്ടാക്കുടി രാജഗിരി എസ്റ്റേറ്റ്, കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ മിച്ചഭൂമി എന്നിവിടങ്ങളിലാണ് സമരം. എറണാകുളത്ത് കടമക്കുടി ദ്വീപിലെ ചരിയന്‍തുരുത്ത്, വെണ്ണല എന്നിവിടങ്ങളില്‍ കുടില്‍ കെട്ടി. ആലപ്പുഴ ജില്ലയിലെ 17 ഏരിയയില്‍ നടന്ന സമരത്തില്‍ വളന്റിയര്‍മാരടക്കം എണ്ണായിരത്തോളം പേര്‍ പങ്കെടുത്തു.

കുട്ടനാട് ഏരിയയിലെ കുന്നുമ്മ വില്ലേജില്‍ പി ആര്‍ വെങ്കിടാചലത്തില്‍നിന്ന്് സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണംചെയ്യാതെ കിടക്കുന്ന മിച്ചഭൂമി 62 സെന്റിലും തകഴി ഏരിയയിലെ തറയശേരി പാടശേഖരത്തിലെ പതിനേഴര ഏക്കര്‍ മിച്ചഭൂമിയിലും കായംകുളം ഏരിയയിലെ പുതുപ്പള്ളി വില്ലേജില്‍ ടി എം ചിറയില്‍പ്പെട്ട 19 ഏക്കര്‍ 60 സെന്റ് മിച്ചഭൂമിയിലും തൈക്കാട്ടുശേരി ഏരിയയിലെ തൈക്കാട്ടുശേരി വില്ലേജില്‍ ആപ്പിള്‍ഡേ പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍എസ്റ്റേറ്റ് കമ്പനി വാങ്ങി നികത്തിയ 60 ഏക്കര്‍ മിച്ചഭൂമിയിലും സമരക്കാര്‍ കുടില്‍കെട്ടി. തൃശൂരില്‍ 14 കേന്ദ്രത്തിലെ മുന്നൂറോളം ഏക്കര്‍ മിച്ചഭൂമിയില്‍ ഭൂരഹിതര്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം തുടങ്ങി. ഓരോ കേന്ദ്രത്തിലും ദളിതരും ആദിവാസികളും പാവപ്പെട്ടവരുമായ 50 വീതം ഭൂരഹിതരാണ് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. പാലക്കാട് ജില്ലയില്‍ 15 ഏരിയകളില്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചു. കുഴല്‍മന്ദം, കൊല്ലങ്കോട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നൂറുകണക്കിനു സമരക്കാര്‍ അണിനിരന്നു.

മലപ്പുറം ജില്ലയില്‍ 13 കേന്ദ്രത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. പാട്ടക്കാലാവധി കഴിഞ്ഞ എടക്കര പാലുണ്ട റബര്‍ എസ്റ്റേറ്റില്‍ കുടില്‍കെട്ടിയ 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്ത ഇവരെ മഞ്ചേരി സബ്ജയിലില്‍ അടച്ചു. കോഴിക്കോട് ജില്ലയില്‍ അഞ്ച് കേന്ദ്രത്തില്‍ കുടില്‍കെട്ടി ഭൂരഹിതര്‍ സമരം ആരംഭിച്ചു. പേരാമ്പ്രയിലെ മുതുകാട,് കുന്നുമ്മലിലെ മരുതോങ്കര വില്യംപാറ, നാദാപുരത്ത് വാളംതോട്, തിരുവമ്പാടിയിലെ കോടഞ്ചേരി നെല്ലിപ്പൊയില്‍, ബേപ്പൂര്‍ അരക്കിണര്‍ മണ്ണടത്ത് എന്നിവിടങ്ങളിലാണ് ഭൂരഹിത കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. വയനാട്ടില്‍ അഞ്ച് കേന്ദ്രത്തിലായി 208 കുടിലുകള്‍ ഉയര്‍ന്നു. ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശംവയ്ക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ അരപ്പറ്റ, തൊവരിമല, പെരുങ്കോട എസ്റ്റേറ്റുകളിലും ഹാരിസണ്‍ കമ്പനി ഭൂമിയിലും പൊര്‍ളോം റവന്യൂഭൂമിയിലുമാണ് കുടിലുകള്‍കെട്ടി അവകാശം സ്ഥാപിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 14 കേന്ദ്രത്തില്‍ ഭൂമികൈയേറി. 12 കേന്ദ്രത്തില്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചപ്പോള്‍ പയ്യന്നൂര്‍ കോറോത്ത് തണ്ണീര്‍ത്തട സംരക്ഷണവും പിണറായി വേങ്ങാട് കറപ്പത്തോട്ട സംരക്ഷണവുമാണ് ഭൂസംരക്ഷണ സമിതി ഏറ്റെടുത്തത്. കാസര്‍കോട് ജില്ലയിലെ നാല് കേന്ദ്രത്തില്‍ തൊണ്ണൂറോളം ഏക്കര്‍ മിച്ചഭൂമിയില്‍ 35 ഭൂരഹിത കുടുംബം കുടില്‍കെട്ടി സമരം തുടങ്ങി. തരിമ്പ മിച്ചഭൂമി, പനത്തടി ഏരിയയിലെ കോട്ടപ്പാറ, വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂര്‍, ചീമേനി കിഴക്കേകര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച സമരം തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും

തിരു: ഭൂസംരക്ഷണ സമരം അതിശക്തമായി തുടരുമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ എംഎല്‍എയും കണ്‍വീനര്‍ എ വിജയരാഘവനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂമന്ത്രി അടൂര്‍ പ്രകാശുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമിതി ഉന്നയിച്ച ചില കാര്യങ്ങളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നത്. മിച്ചഭൂമി ഏറ്റെടുത്ത് വിതരണം നടത്തുക, ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് നല്‍കുമെന്നത് കുറഞ്ഞത് പത്ത് സെന്റായി ഉയര്‍ത്തുക, ഭൂപരിധി നിയമം ലംഘിച്ച് കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി തിരികെ പിടിക്കുക, നെല്‍വയല്‍-തണ്ണീര്‍ത്തടം സംരക്ഷിക്കല്‍ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായും റവന്യൂമന്ത്രിയുമായും വീണ്ടും ചര്‍ച്ചചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്നും അതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.

ആറന്മുളയില്‍ നെല്‍വയല്‍ നികത്തി വിമാനത്താവളം അനുവദിക്കില്ല. മിച്ചഭൂമി കൈയേറിയും കൃഷിഭൂമി നികത്തിയും വിമാനത്താവളം പണിയല്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് സ്ഥലം നല്‍കാമെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ മൂന്ന് സെന്റ സ്ഥലം പര്യാപ്തമല്ല. ഇത് കുറഞ്ഞത് പത്ത് സെന്റ് ആയി വര്‍ധിപ്പിക്കണം. ഉള്‍പ്രദേശങ്ങളില്‍ ഇതിലും കൂടുതല്‍ നല്‍കണം.മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ചില പ്രശ്നങ്ങളില്‍ ധാരണയായിട്ടുണ്ട്. കൈവശഭൂമിക്ക് പട്ടയം നല്‍കുക, ഭൂമി സംബന്ധമായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുക, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയവും കൈവശാവകാശ രേഖയും നല്‍കുക എന്നിവയിലാണ് അനുകൂല നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചത്. റവന്യൂമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയത്. സമിതി നേതാക്കളായ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, ബി രാഘവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 120113