ബ്ലോഗ് ആര്‍ക്കൈവ്

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

ഇന്ത്യയും അമേരിക്കയും സൈനികേതര ആണവ സഹകരണത്തിനുള്ള നിര്‍ണായകമായ ആദ്യ വാണിജ്യകരാര്‍ ഒപ്പിട്ടു. ആണവ-പ്രതിരോധ മേഖലയില്‍ പരസ്പരസഹകരണം വര്‍ധിപ്പിക്കാനും ധാരണയായി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് കരാര്‍ ഒപ്പിട്ട കാര്യം പ്രഖ്യാപിച്ചത്.

അഞ്ച് വര്‍ഷം മുമ്പ് ഇരുപക്ഷവും സൈനികേതര ആണവസഹകരണത്തിനുള്ള കരാറില്‍ ഒപ്പുവച്ചെങ്കിലും ഇന്ത്യയുടെ ആണവബാധ്യതാനിയമത്തെ അമേരിക്കന്‍ കമ്പനികള്‍ എതിര്‍ത്തതിനാലാണ് വാണിജ്യകരാര്‍ വൈകിയത്. ആണവബാധ്യതാ നിയമത്തില്‍ വീണ്ടും വെള്ളംചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായതോടെയാണ് പുതിയ കരാറിന് അവസരമൊരുങ്ങിയത്. സൈനികേതര ആണവസഹകരണത്തില്‍ ഇരു രാജ്യവും ഇനിയും മുന്നോട്ട് പോകുമെന്ന് ഒബാമ പറഞ്ഞു. ആണവോര്‍ജരംഗത്ത് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്ഹൗസും ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷനും വ്യാവസായികമായി സഹകരിക്കാനുള്ള കരാറിനും അനുമതി നല്‍കിയെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും അറിയിച്ചു. അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ ഗുജറാത്തിലും ആന്ധ്രപ്രദേശിലും വാണിജ്യ ആണവോര്‍ജ കേന്ദ്രങ്ങള്‍ ആരംഭിക്കും. യുഎസ് കമ്പനികളായ വെസ്റ്റിങ്ഹൗസിനും ജനറല്‍ ഇലക്ടിക്-ഹിറ്റാച്ചിക്കുമാണ് ഇതിന്റെ ചുമതല.

സാങ്കേതികവിവരങ്ങള്‍ കൈമാറാന്‍ അമേരിക്കയുടെ ആണവോര്‍ജ നിയന്ത്രണ ഏജന്‍സിയും (എന്‍ആര്‍സി) ഇന്ത്യന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡും ധാരണാപത്രം ഒപ്പിടും. പ്രതിരോധമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത നാവികാഭ്യാസം നടത്താനും പുതിയ കരാറുകളില്‍ ഒപ്പിടാനും ധാരണയായി. വിദേശനിക്ഷേപവും തൊഴിലവസരവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ഉടമ്പടി വേഗത്തില്‍ ഒപ്പിടാനും തീരുമാനമായി. പ്രതിരോധം, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനം, ആഭ്യന്തര-സൈബര്‍ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം, ശാസ്ത്ര-സാങ്കേതികവിദ്യ, സംസ്കാരം എന്നീ മേഖലകളില്‍ സഹകരണമുറപ്പാക്കാനും ധാരണയിലെത്തി.

deshabhimani

വിവാഹപ്രായം കുറച്ചാല്‍ ബലാത്സംഗം തടയാം: വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍

വിവാഹപ്രായം കുറച്ചാല്‍ ബലാത്സംഗം തടയാം: വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആയി കുറയ്ക്കുന്നത് ബലാത്സംഗം അടക്കം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയാന്‍ സഹായിക്കുമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മമതാ ശര്‍മ പറഞ്ഞു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇതു പറഞ്ഞത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്ന് അവര്‍ വിശദീകരിച്ചു. ദേശീയ വനിതാ കമീഷന്റെ അഭിപ്രായം ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ. വിവാഹപ്രായം കുറയ്ക്കണമെന്ന് ജനങ്ങള്‍ പൊതുവില്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് അനുവദിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഇതേ അഭിപ്രായം നേരത്തേതന്നെ മുന്നോട്ടുവച്ചിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തെ അസ്വീകാര്യമെന്ന് വിശേഷിപ്പിച്ചു.

പരാമര്‍ശം പിന്‍വലിക്കണം: മഹിളാ അസോസിയേഷന്‍

ന്യൂഡല്‍ഹി: ബലാത്സംഗമടക്കമുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സായി കുറച്ചാല്‍ മതിയെന്ന ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് ശ്യാമലി ഗുപ്തയും ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ബലാത്സംഗം സ്ത്രീയുടെ ശരീരത്തിനും അഭിമാനത്തിനും നേര്‍ക്ക് നടത്തുന്ന ആക്രമണവും കുറ്റകൃത്യവുമാണ്. വിവാഹപ്രായം കുറയ്ക്കുന്നതുമായി അതിന് ഒരു ബന്ധവുമില്ല. പേശീബലം കൊണ്ടുള്ള ആക്രമണമായ ബലാത്സംഗത്തെക്കുറിച്ചുള്ള വസ്തുതകള്‍ വളച്ചൊടിക്കുന്ന വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

വിവാഹപ്രായം കുറയ്ക്കാന്‍ അനുവദിക്കില്ല: ഡിവൈഎഫ്ഐ

വിവാഹപ്രായം കുറയ്ക്കാനായി മുസ്ലിം സംഘടനകളെയെല്ലാം യോജിപ്പിച്ച് രംഗത്തിറക്കിയ ലീഗ് കേരളത്തില്‍ വര്‍ഗീയ മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം ആരംഭിക്കും. സമര പ്രഖ്യാപന സംസ്ഥാന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 12ന് കോഴിക്കോട്ടെ ടാഗോര്‍ സെന്റിനറി ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷും സെക്രട്ടറി എം സ്വരാജും പറഞ്ഞു.

രാജ്യത്ത് അധികാരത്തിനുവേണ്ടി വര്‍ഗീയ ധ്രുവീകരണം നടത്തുന്ന നരേന്ദ്രമോഡിയുടെ നീക്കമാണ് കേരളത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ പരീക്ഷിക്കുന്നത്. കാലഘട്ടത്തിന് യോജിക്കാത്ത പാര്‍ടിയായി ലീഗ് മാറി. സംഘപരിവാറിന്റെ വര്‍ഗീയതയോട് മത്സരിക്കുംവിധം ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമം. അനാചാരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് ലോകത്തിനു മുന്നില്‍ കേരളത്തെ നാണം കെടുത്താനാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. കേരളം ആര്‍ജിച്ച നേട്ടങ്ങളെ നശിപ്പിക്കാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ല. യോജിക്കാവുന്ന എല്ലാ പുരോഗമന സംഘടനകളുമായും സഹകരിച്ച് വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തെ ചെറുക്കും. ലീഗിന്റെ നിലപാടിനെതിരെയുള്ള യൂത്തുലീഗിന്റെയും എംഎസ്എഫിന്റെയും പ്രതികരണങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുന്നു. ഉറച്ച നിലപാടാണ് അവരുടേതെങ്കില്‍ ഇരു സംഘടനകളും ഡിവൈഎഫ്ഐയുടെ പ്രക്ഷോഭവുമായി സഹകരിക്കണം. ഇക്കാര്യത്തില്‍ യൂത്തുകോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ കെ എസ് സുനില്‍കുമാറും പങ്കെടുത്തു.

മതസംഘടനകളുടെ ആവശ്യം അപരിഷ്കൃതം: ഡിവൈഎഫ്ഐ

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറായി കുറയ്ക്കണമെന്ന ചില സംഘടനകളുടെ ആവശ്യം സമൂഹത്തെ പിന്നോട്ടടിപ്പിക്കാനും മുസ്ലിം പെണ്‍കുട്ടികളുടെ നേട്ടങ്ങളെ ഇല്ലാതാക്കാനുമാണെന്ന് ഡിവൈഎഫ്ഐ. 16-ാംവയസ്സില്‍ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മാനസികവികാസത്തിനും തടസ്സം സൃഷ്ടിക്കുന്നതാണെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു.

നരേന്ദ്രമോഡിയുടെ വര്‍ഗീയധ്രുവീകരണ നീക്കങ്ങള്‍ക്ക് ബദലായി മുസ്ലിംലീഗ് നടത്തുന്ന വര്‍ഗീയപ്രചാരണത്തിന്റെ ഭാഗമാണ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യം. മുസ്ലിം പെണ്‍കുട്ടികളെ ബന്ദികളാക്കി വര്‍ഗീയധ്രുവീകരണം നടത്താനാണ് മുസ്ലിംലീഗും മറ്റു ചില സംഘടനകളും ശ്രമിക്കുന്നത്. പരിഷ്കൃതസമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസരംഗത്തും മറ്റ് നേട്ടങ്ങളുടെ കാര്യത്തിലും കേരളത്തിലെ മുസ്ലിം സമുദായം ഏറെ മുന്നിലാണ്. ഈ നേട്ടത്തെയെല്ലാം പിന്നോട്ടടിപ്പിക്കാനുള്ള നീക്കമാണ് വിവാഹപ്രായം കുറയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഇതിനെതിരെ ഡിവൈഎഫ്ഐ വിട്ടുവീഴ്ചയില്ലാതെ പോരാടും.

വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ എംഎസ്എഫും യൂത്ത്ലീഗും രംഗത്തുവന്നിട്ടുണ്ട്. ഇവരുടെ എതിര്‍പ്പ് ആത്മാര്‍ഥമാണെങ്കില്‍ ഡിവൈഎഫ്ഐ മുന്‍കൈയെടുത്ത് നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കുചേരുകയാണ് വേണ്ടത്. എല്ലാ യുവജനസംഘടനകളും ഇതിനെതിരെ രംഗത്തുവരണം. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണമുണ്ടായിട്ടില്ല. ഇവരുടെ നിലപാട് അറിയാന്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് രാജേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്ഐ കേരള സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, സെക്രട്ടറി എം സ്വരാജ്, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ എന്നിവരും പങ്കെടുത്തു.

deshabhimani

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി


Sunday, September 29, 2013

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ കത്ത്. പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുന്ന ക്രിമിനലുകള്‍ പോലും സ്വന്തം ജില്ല ഒഴിച്ചുള്ള ജില്ലകളില്‍ മന്ത്രിമാരുടെ ഓഫീസുകളിലടക്കം സ്വാധീനമുണ്ടാക്കുന്നതായി ഡിജിപി പറയുന്നു. അവര്‍ പുതിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

സോളാര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവികള്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡിജിപി ഈ കത്തയച്ചത്.ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ ആഗസ്റ്റ് 29ന് അയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിപിയുടെ കത്ത്.

വിവിധ ജില്ലകളിലെ കുറ്റവാളികളുടെ ഒരു ഡേറ്റാ ബാങ്ക് അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. സപ്തംബര്‍ ഏഴിനാണ് കത്തയച്ചത്.

deshabhimani

യുഡിഎഫ് ഭരണത്തില്‍ ആരും തൃപ്തരല്ല: ഗൗരിയമ്മ

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സംതൃപ്തിയുള്ള ഒരാള്‍പോലും കേരളത്തിലില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. വിലക്കയറ്റം അതിരൂക്ഷമായി. മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാന്‍ സര്‍ക്കുലര്‍ ഇറക്കുന്നു. ഇവരെ ജനങ്ങള്‍ കൈകാര്യം ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നവംബറില്‍ ചേരുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളനം തീരുമാനിക്കും.

നിഷേധവോട്ടുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. തെരഞ്ഞെടുപ്പ്, തെരഞ്ഞെടുക്കാനുള്ളതാണ്. തെരഞ്ഞെടുക്കാതിരിക്കാനുള്ളതല്ല. ഏതൊരാള്‍ക്കും ചട്ടവിധേയമായി മത്സരിക്കാനും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും അവകാശമുണ്ട്. ഇതൊന്നും വിനിയോഗിക്കാതെ നിഷേധ വോട്ടിങ്ങിന് പോകുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തഃസന്തയ്ക്ക് ചേര്‍ന്നതല്ല. ഇത് ജനാധിപത്യവിരുദ്ധമാണെന്നും ഗൗരിയമ്മ പറഞ്ഞു.

deshabhimani

ടുണീഷ്യയില്‍ എന്നാഹദ സര്‍ക്കാര്‍ മുട്ടുകുത്തി

മുല്ലപ്പൂവിപ്ലവത്തിന്റെ സൗജന്യം പറ്റി ടുണീഷ്യയില്‍ അധികാരമേറ്റ ഇസ്ലാമിക സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അധികാരമൊഴിയും. പക്ഷരഹിതമായ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിക്കുന്നതോടെ മതമൗലികവാദികള്‍ പിടിമുറുക്കിയ എന്നാഹദാ സര്‍ക്കാര്‍ പടിയിറങ്ങും. എന്നഹദാ സര്‍ക്കാരുമായി ഒരു മാസത്തിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് അധികാരമാറ്റത്തിന് ധാരണയിലെത്തിയതെന്ന് ടുണീഷ്യയിലെ പ്രധാന തൊഴിലാളി സംഘടന പ്രഖ്യാപിച്ചു.

പ്രതിപക്ഷനിരയിലെ പ്രമുഖനും ഇടതുപക്ഷനേതാവുമായ മുഹമ്മദ് ബ്രാഹ്മിയെ എന്നാഹദ അനുകൂലികളായ മതമൗലികവാദികള്‍ ജൂലൈ 25നു വധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധസമരം ശക്തമായത്. മറ്റൊരു ഇടതുപക്ഷനേതാവായ ചൊക്രി ബെലായ്ദിനെ വീടിനുമുന്നില്‍ വച്ച് ആറുമാസംമുമ്പ് മതമൗലികവാദികള്‍ വെടിവച്ചുകൊന്നിരുന്നു. തീവ്രമതമൗലികവാദികളോട് എന്നഹദ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യമെമ്പാടും ലക്ഷങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. നാട്ടില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിനൊപ്പം തൊഴിലാളിസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞദിവസത്തെ പ്രതിഷേധപ്രകടനത്തില്‍ അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തും. രാജ്യത്ത് പുതിയ ഭരണഘടന ഉണ്ടാക്കുന്നതിന് അഭിപ്രായരൂപീകരണത്തിനായി 2011ല്‍ രൂപീകരിച്ച നാഷണല്‍ കോണ്‍സ്റ്റിറ്റുവന്റ് സമിതി പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്കരിച്ചു. തുടര്‍ന്ന് സമിതി പിരിച്ചുവിട്ടത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അറബ്രാജ്യങ്ങളില്‍ ഭരണസംവിധാനങ്ങളുടെ ഉടച്ചുവാര്‍ക്കലിനു വഴിവച്ച 2011ലെ മുല്ലപ്പൂവിപ്ലവത്തില്‍ ആദ്യമായി ഭരണമാറ്റമുണ്ടായത് ടുണീഷ്യയിലാണ്. പ്രസിഡന്റ് ബെന്‍ അലിയെ പുറത്താക്കിയശേഷം നടത്തിയ തെരഞ്ഞെടുപ്പില്‍ മതമൗലികവാദികളുടെ പിന്തുണയോടെ എന്നാഹദ അധികാരത്തില്‍ എത്തുകയായിരുന്നു.

deshabhimani