ബ്രിട്ടീഷ് ഭരണത്തിന്റെ കറുത്ത ദിനരാത്രങ്ങള്‍ ഓര്‍മപ്പെടുത്തി നാടുകടത്തല്‍ ഭീഷണിയെന്ന ഡമോക്ലസിന്റെ വാള്‍ കേരള സമൂഹത്തിനുമുകളില്‍ ലജ്ജയേതുമില്ലാതെ തൂക്കിയിടുകയാണ് യുഡിഎഫ് സര്‍ക്കാര്‍. പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടും നാടുകടത്തിയും ജനങ്ങളെ അടിച്ചമര്‍ത്താമെന്ന് കോളനിവാഴ്ചക്കാരും സി പി രാമസ്വാമി അയ്യരും പേക്കിനാവ് കണ്ടെങ്കില്‍ ഇന്ന് ഇവരുടെ പ്രേതം ബാധിച്ച ആഭ്യന്തരമന്ത്രി കമ്യൂണിസ്റ്റുകാരെ ഉടലോടെ നരകത്തിലേക്കയക്കാമെന്ന് പാഴ്ക്കിനാവ് കാണുന്നു.
റൗഡിസം, ഗുണ്ടായിസം, മണല്‍, വ്യാജമദ്യം, ലഹരിമരുന്ന്, കള്ളനോട്ട്, വ്യാജസിഡി, ഹവാല, കൊള്ളയടി, വാടകക്കൊല തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിട്ടുള്ള സാമൂഹ്യവിരുദ്ധരെ അടിച്ചമര്‍ത്തുന്നതിനാണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട് 2007 കേരള നിയമസഭ പാസാക്കിയത്. വ്യക്തികളും കുടുംബങ്ങളും ഉള്‍പ്പെട്ടതോ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളോ രാഷ്ട്രീയപ്രവര്‍ത്തകരോ പ്രതിയാകുന്ന കേസുകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്ന് രണ്ടാം വകുപ്പിന്റെ നിര്‍വചനഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ഒരു കാരണവശാലും ഈ നിയമം ദുരുപയോഗപ്പെടുത്താന്‍ പാടില്ലെന്ന് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കിയതിന്റെ രേഖകള്‍ നിയമസഭയിലുണ്ട്. എന്നാല്‍, ഇതിന് ഘടകവിരുദ്ധമായി വ്യാജ പൊലീസ് റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നാടുകടത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഐ എം നേതാക്കള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പൊതുപ്രവര്‍ത്തകരെ കേസുകളില്‍ കുടുക്കി പൊലീസുകാരുടെ വ്യാജ റിപ്പോര്‍ട്ടിന്റെ മറവില്‍ ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചിട്ടുണ്ട്. ജാമ്യം അവകാശവും തടവ് അപൂര്‍വവുമാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വിധിച്ചിട്ടും ലക്ഷക്കണക്കിന് നിരപരാധികളായ വിചാരണത്തടവുകാര്‍ കല്‍ത്തുറുങ്കില്‍ കിടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.
പ്രതികളുടെ ജാമ്യം കോടതി പരിഗണിക്കുമ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്റെ കൈയിലെ തുറുപ്പുഗുലാനാണ്്. അധികാരം, പണം, ജാതി, രാഷ്ട്രീയം ഇതെല്ലാം നല്ലതുപോലെ പൊലീസിനെ സ്വാധീനിക്കുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിക്കെതിരെ മതിയായ തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ജഡ്ജിക്ക് ബോധ്യപ്പെട്ടശേഷവും അദ്ദേഹത്തിന് ജാമ്യം നല്‍കാതെ വിധിപറയുന്ന തീയതിവരെ തടവിലിട്ടത് ഏത് നീതിശാസ്ത്രപ്രകാരമാണ്? അതേസമയം, ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഭോപാല്‍ ദുരന്തത്തിനുത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് മേധാവി ആന്‍ഡേഴ്സന് വിചാരണയുടെ വല പൊട്ടിക്കാന്‍ കേന്ദ്രസര്‍ക്കാരും ഉന്നത ന്യായാധിപരും മുന്നിട്ടിറങ്ങിയത് മറക്കാന്‍ കഴിയില്ല. പതിനായിരക്കണക്കിന് ഇന്ത്യന്‍ തടവുകാര്‍ വിദേശത്ത് തടവറകളില്‍ പരിതാപകരമായി കഴിയുമ്പോള്‍, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കൊലയാളികള്‍ക്ക് അനര്‍ഹമായ സൗകര്യങ്ങള്‍ ഇവിടെ നല്‍കുന്നു.
വധശിക്ഷ നടപ്പാക്കുന്നതില്‍പ്പോലും രാഷ്ട്രീയ ലാഭനഷ്ടക്കണക്ക് എടുക്കുന്നത് സമൂഹത്തിന് ഭൂഷണമാണോ? നരേന്ദ്രമോഡി ഉയര്‍ത്തുന്ന ഹിന്ദുത്വ അജന്‍ഡയെ മുന്‍കൂട്ടി നേരിടാന്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ തിടുക്കത്തില്‍ നടപ്പാക്കിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഇതുമൂലം മതസൗഹാര്‍ദത്തിന്റെ കണ്ണികള്‍ തകര്‍ന്നതും ന്യൂനപക്ഷ വിഭാഗത്തിനുണ്ടായ അന്യതാബോധവും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. അഫ്സല്‍ ഗുരുവിന്റെ അവസാന ആഗ്രഹം തിരക്കിയില്ലെന്നു മാത്രമല്ല, തൂക്കിലേറ്റി മണിക്കൂറുകള്‍ക്കകം രഹസ്യമായി കബറടക്കി ദിവസങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും വിവരം അറിയിച്ചത്. നിരവധി കേസുകളില്‍ വധശിക്ഷ വിധിച്ചതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഉന്നത ന്യായാധിപന്മാര്‍ പരസ്യമാക്കിയിട്ടും കേന്ദ്രസര്‍ക്കാരും കോടതികളും എന്തുകൊണ്ട് ഇടപെടുന്നില്ല? നിയമവാഴ്ചാരംഗത്തെ രാഷ്ട്രീയ ഇടപെടല്‍ സൈ്വരജീവിതം തകര്‍ക്കുന്നതാണ്. കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാരുകളുടെ നിയമവാഴ്ചാരംഗത്തെ നെറികെട്ട നടപടിമൂലം നാട്ടില്‍ അരാജകത്വം വര്‍ധിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനും ഇവര്‍ക്ക് മടിയില്ല.
തെരഞ്ഞെടുപ്പില്‍ അഴിമതി കാട്ടിയതിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശിക്ഷിക്കപ്പെട്ടപ്പോള്‍ കോടതിയുടെ തന്നെ നാവടക്കാനും ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നേതാവിനെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചതും കോണ്‍ഗ്രസായിരുന്നു. അകാലിദളിനെ തകര്‍ക്കാന്‍ ഭിന്ദ്രന്‍വാലയെ മുന്നില്‍നിര്‍ത്തി ഗുരുദ്വാരകള്‍ ആയുധപ്പുരയാക്കിയതിന് വിലയായി ഇന്ദിരാഗാന്ധിയുടെ ജീവന്‍തന്നെ നല്‍കേണ്ടിവന്നു. എന്നിട്ടും കോണ്‍ഗ്രസ് പഠിക്കുന്നില്ല. ബാബറി മസ്ജിദിന്റെ ഒരു കല്ലുപോലും ഇളക്കരുതെന്ന സുപ്രീംകോടതിയുടെ ഉഗ്രശാസനം നിലനില്‍ക്കെ മതഭ്രാന്തന്മാരായ കര്‍സേവകര്‍ ആയുധങ്ങളുമായി ഒത്തുകൂടി ആഘോഷപൂര്‍വം പള്ളി പൊളിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉറക്കം നടിക്കുകയായിരുന്നു. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുമെന്ന് മന്‍മോഹന്‍സിങ് ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമ്പോള്‍ പശ്ചിമബംഗാളില്‍ ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മമത- മാവോയിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിന് കോണ്‍ഗ്രസ് ഹലേലുയ്യ പാടുകയായിരുന്നു.
സൂര്യനെല്ലിക്കേസില്‍ വിരല്‍ചൂണ്ടപ്പെട്ട പി ജെ കുര്യനെ രാജ്യസഭയുടെ അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധി ഇരുത്തിയപ്പോള്‍ ഇന്ത്യ ലോകത്തിനുമുമ്പില്‍ നാണംകെട്ടു. സുപ്രീംകോടതിയുടെ മുന്നിലുള്ള കല്‍ക്കരി കുംഭകോണക്കേസില്‍ പ്രധാനമന്ത്രിയെയും കൂട്ടരെയും രക്ഷിക്കാന്‍ സിബിഐ ഉന്നതരെ നിയമമന്ത്രിയുടെ മുറിയില്‍ വിളിച്ചുവരുത്തി ആവശ്യമായ ഹൃദയ ശസ്ത്രക്രിയ നടത്തിയത് നാം കണ്ടതാണ്. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം ഡിഎംകെ നേതാവ് സ്റ്റാലിന്റെ വീട്ടില്‍ റെയ്ഡ് നടത്താനും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ നേതാവ് ജഗ്മോഹനെ തുറുങ്കില്‍ അടച്ച് രാഷ്ട്രീയ വിലപേശല്‍ നടത്താനും കോണ്‍ഗ്രസ് പൊലീസിനെയാണ് ഉപയോഗിച്ചത്. ഗോധ്രാ സംഭവത്തെതുടര്‍ന്ന് ഗുജറാത്തിലെ പൊലീസിനെ ബാരക്കുകളില്‍ അടച്ചിട്ട് മതന്യൂനപക്ഷവിഭാഗത്തെ വര്‍ഗീയഭ്രാന്തന്മാരുടെ കുരുതിക്കുവേണ്ടി എറിഞ്ഞുകൊടുത്ത നരേന്ദ്രമോഡി നിയമവാഴ്ചാരംഗത്തെ പുതിയ അവതാരമാണ്. ചീഫ് ജസ്റ്റിസ് ബറൂച്ചയാണ് ജഡ്ജിമാരില്‍ മൂന്നിലൊന്ന് അഴിമതിക്കാരാണെന്ന് പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള മൂന്നുപതിറ്റാണ്ടില്‍ സുപ്രീംകോടതി നടത്തിയ പല വിധികളും ജനകീയമായിരുന്നു. എന്നാല്‍, ആഗോളവല്‍ക്കരണ കാലത്ത് പല ന്യായാധിപരും ജനങ്ങള്‍ക്ക് ഗുണകരമായി നിരീക്ഷണം നടത്തുകയും എതിരായി വിധികള്‍ പ്രഖ്യാപിക്കുകയുമാണ്. വോഡഫോണ്‍, യോഗങ്ങളും പണിമുടക്കും നിരോധിച്ചതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെട്ടത്. ജഡ്ജിമാര്‍ ജഡ്ജിമാരെ നിയമിക്കുന്ന നടപടി ലോകത്ത് മറ്റൊരിടത്തുമില്ല. കൊളീജിയത്തിന്റെ പേരില്‍ ജഡ്ജിമാര്‍ സ്വയം നേടിയ അധികാരത്തിലൂടെ 20 വര്‍ഷമായി നടത്തിയിട്ടുള്ള നിയമനങ്ങള്‍മൂലം ജുഡീഷ്യറിക്ക് മൂല്യശോഷണം ഉണ്ടായതായി കഴിഞ്ഞ ദിവസമാണ് നിയമമന്ത്രി കപില്‍ സിബല്‍ പറഞ്ഞത്. ഇവരുടെ നിയമനത്തിനായി ദേശീയ ജുഡീഷ്യല്‍ കമീഷന്‍ സ്ഥാപിക്കുമെന്നും പ്രസ്താവിച്ചു. എന്നാല്‍, ഇത് പത്തുവര്‍ഷമായി കേള്‍ക്കുകയാണ്. നിയമന അധികാരം വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി തയ്യാറല്ല. അധികാര വികേന്ദ്രീകരണത്തിന്റെ തത്വങ്ങള്‍ വിശദീകരിക്കുന്ന ജഡ്ജിമാര്‍ സുപ്രീംകോടതി ബെഞ്ച് സ്ഥാപിക്കുന്നതിനെപ്പോലും എതിര്‍ക്കുകയാണ്. നിരവധി കേന്ദ്രമന്ത്രിമാരും കോര്‍പറേറ്റുകളും ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ കോടതികളില്‍ നിലനില്‍ക്കുന്നിടത്തോളം കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അപ്രിയമായ ഒരു നടപടിക്കും മുതിരില്ല. ഇവിടെ മാര്‍ക്സിസ്റ്റുകാരെ ഉടലോടെ പിഴുതെറിയുമെന്ന് ആഭ്യന്തര മന്ത്രി ഉഗ്രപ്രതിജ്ഞ എടുത്തിരിക്കുകയാണ്. ഇടുക്കിയിലെ എല്ലാ കൊലക്കേസിലും എം എം മണിയെ കുടുക്കുമെന്ന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ ഇദ്ദേഹം നാടുനീളെ പ്രസംഗിച്ചതാണ്. എന്നാല്‍, പുതുതായി ഒരു തെളിവും ലഭിക്കാതെ പൊലീസ് ഇപ്പോള്‍ പരക്കംപായുകയാണ്.
തന്റെ ഭരണം കണ്ട് ഭയന്ന് മാഫിയകളും ഗുണ്ടകളും കേരളം വിട്ടുപോയതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് തൃശൂരില്‍ ഗ്രൂപ്പുപകയുടെ പേരില്‍ കോണ്‍ഗ്രസ് മണ്ഡലം നേതാവിനെ വെട്ടി കൊലപ്പെടുത്തിയത്. ആഭ്യന്തരമന്ത്രിയുടെ ഗുണ്ടാനിയമം ഇവര്‍ക്ക് ബാധകമല്ല. കല-കായിക-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിച്ചവര്‍ ഉള്‍പ്പെടെ നിരവധി യുവാക്കളെ നാടുകടത്തി കമ്യൂണിസ്റ്റുകാരില്ലാത്ത കേരളം അദ്ദേഹം കിനാവുകാണുമ്പോഴാണ് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള ആറ് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മന്‍മോഹന്‍സിങ് പ്രസ്താവിച്ചത്. ഉറങ്ങിപ്പോയ മന്ത്രി ഇത് കേട്ടുകാണില്ല. സാമുദായിക നേതാക്കള്‍ പുരപ്പുറത്തുകയറി പൂരപ്പാട്ടുകൊണ്ട് ഇദ്ദേഹത്തെ അഭിഷേകംചെയ്യുമ്പോള്‍ അവര്‍ ഇതിന് അധികാരപ്പെട്ടവരാണെന്ന് വിളറിവെളുത്ത് പറയുന്ന ആഭ്യന്തരമന്ത്രിയുടെ മുഖം കേരള സമൂഹത്തിന് അപമാനകരമാണ്. പ്രാകൃതകാലത്തെ മൂന്നാംകിട മര്‍ദനമുറകള്‍ നടത്തി കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ ശ്രമിക്കുന്ന ഇദ്ദേഹം ജീവിക്കുന്നത് ഭൂമിയിലല്ല. മറ്റൊരു കൂട്ടരുടെ സ്വര്‍ഗത്തിലാണ്.
*
അഡ്വ. ബി രാജേന്ദ്രന്‍ ദേശാഭിമാനി