ബ്ലോഗ് ആര്‍ക്കൈവ്

2013, ജൂൺ 7, വെള്ളിയാഴ്‌ച

എന്നും കച്ചവട രാഷ്ട്രീയത്തിനെതിരെ ലോനപ്പന്‍ നമ്പാടന് വിട

എന്നും കച്ചവട രാഷ്ട്രീയത്തിനെതിരെ

ലോനപ്പന്‍ നമ്പാടന് വിട

കൊച്ചി: ജനകീയ നേതാവും മികച്ച പാര്‍ലമെന്റേറിയനും മുന്‍ മന്ത്രിയുമായ ലോനപ്പന്‍ നമ്പാട (78)ന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ വ്യാഴാഴ്ച രാവിലെ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞജലിയര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗത്തുംനിന്നും നിരവധിപേരാണ് എത്തിയത്. തുടര്‍ന്ന് 12. 30ഓടെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച മൃതദേഹം മൂന്ന് മണിയോടെ സംസ്ക്കാരത്തിനായി പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുപോയി.

രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ എം മാണി, സി എന്‍ ബാലകൃഷ്ണന്‍ തുടങ്ങി എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വൈകീട്ട് പേരാമ്പ്രയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ബുധനാഴ്ച പകല്‍ 2.10ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ ആനിയും മക്കളും അടുത്തുണ്ടായിരുന്നു. കുറച്ചുകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവസാനനാളുകളില്‍ ആഴ്ചയില്‍ രണ്ടുദിവസം ഡയാലിസിസിനു വിധേയനായി. ചികിത്സാസൗകര്യാര്‍ഥം നാലു വര്‍ഷത്തിലധികമായി അമൃത ആശുപത്രിക്കു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഏതാനും വര്‍ഷംമുമ്പ് ഹൃദയശസ്ത്രക്രിയയും നടത്തിയിരുന്നു. മൃതദേഹം ബുധനാഴ്ച വൈകിട്ട് ഇടപ്പള്ളി രാഘവന്‍ പിള്ള സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോയി. അങ്കമാലിയിലും ചാലക്കുടിയിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹം രാത്രി ഏഴരയോടെ ജന്മദേശമായ കൊടകര പേരാമ്പ്രയിലെത്തിച്ചു. കൊടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ 1935 നവംബര്‍ 13ന് നമ്പാടന്‍ കുരിയപ്പന്റെയും പ്ലമേനയുടെയും മകനായി ജനിച്ചു. 1958ല്‍ കൊടകര സെന്റ് ആന്റണീസ് സ്കൂളില്‍ അധ്യാപകനായി. ഭാര്യ ആനി ഇതേ സ്കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍: സ്റ്റീഫന്‍ (ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), ഷീല, ഷെര്‍ലി. മരുമക്കള്‍: ലിസി, അഡ്വ. ഹോര്‍മിസ് എബ്രഹാം (ചേര്‍ത്തല), തോമസ് ജോസ് (മാലി റിപ്പബ്ലിക്) അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. മുകുന്ദപുരത്തുനിന്ന് 2004ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്ത അദ്ദേഹത്തിന് രോഗബാധമൂലം അവസാന സമ്മേളനങ്ങളില്‍ പങ്കെടുക്കാനായില്ല.

സംശുദ്ധ പൊതുജീവിതവും സരസമായ പ്രസംഗവും മതേതര നിലപാടുംവഴി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നമ്പാടന്‍ ആറുതവണ നിയമസഭാംഗമായി. 1980ലെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയും 1987ലെ നായനാര്‍ മന്ത്രിസഭയില്‍ ഭവനനിര്‍മാണ മന്ത്രിയുമായി. 2004ല്‍മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കെ കരുണാകരന്റെ മകള്‍ പത്മജയെ തോല്‍പ്പിച്ചത്. 1977ല്‍ കൊടകരയില്‍നിന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആദ്യമായി നിയമസഭയില്‍ എത്തി. രണ്ടുതവണ കൊടകരയില്‍നിന്നും നാലുതവണ ഇരിങ്ങാലക്കുടയില്‍നിന്നും ജയിച്ചു.

2001ല്‍ കൊടകരയില്‍ തോറ്റു. വിവാദമായ കാസ്റ്റിങ് വോട്ടിനെത്തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചാണ് 1982ല്‍ നമ്പാടന്‍ ഇടതുപക്ഷ സഹയാത്രികനാവുന്നത്. പിന്നീട് സിപിഐ എം അംഗമായി. മൂന്നു സിനിമയിലും നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ എ കെ ജി എന്ന സിനിമയില്‍ ജ്യോതിബസുവായി വേഷമിട്ടു. സഞ്ചരിക്കുന്ന വിശ്വാസി (ആത്മകഥ), നമ്പാടന്റെ നമ്പരുകള്‍ എന്നീ പുസ്തകങ്ങളും എഴുതി.

എന്നും കച്ചവട രാഷ്ട്രീയത്തിനെതിരെ

"വെറും ഒന്നാംക്ലാസില്‍ പഠിപ്പിച്ചിരുന്ന മാഷാണ് ഞാന്‍. ആദ്യം പഞ്ചായത്ത് മെമ്പറായി, ആറുതവണ എംഎല്‍എ. രണ്ടുതവണ മന്ത്രി. ഒടുവില്‍ പാര്‍ലമെന്റംഗം. അതും കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തില്‍. എന്നെപ്പോലെ ഭാഗ്യവാന്‍ കേരള രാഷ്ട്രീയത്തിലുണ്ടോ?"- ഒരിക്കല്‍ അഭിമുഖത്തിനിടെ നമ്പാടന്‍ ചോദിച്ചതാണിത്. പകുതി കാര്യവും പകുതി തമാശയും. എന്നാല്‍ നിഷേധിക്കാനാവാത്ത വസ്തുതയുണ്ട് ഈ ചോദ്യത്തില്‍. അത്തരം സവിശേഷതയും വൈരുധ്യവുമുള്ള സ്വഭാവങ്ങളുടെ ആകെത്തുകയായിരുന്നു ലോനപ്പന്‍ നമ്പാടന്‍. അദ്ദേഹം തുടര്‍ന്നു:

"..ഒറ്റക്ക് ഞാന്‍ ഒരു മന്ത്രിസഭയെ തട്ടിയിട്ടു.( കരുണാകരന്റെ കാസ്റ്റിങ് മന്ത്രിസഭ-1982), ഒരു മന്ത്രിയെ കാട് കയറ്റിച്ചു. (മന്ത്രിയായിരുന്ന കെ പി വിശ്വനാഥനുമായി കഞ്ചാവുതേടി ചിമ്മിനി വനത്തിലേക്ക്-1992). ഭാഷാ സമരത്തിന്റെ ഭാഗമായി ഇംഗ്ലീഷില്‍ മാത്രം ബോര്‍ഡുവച്ചിരുന്ന മയില്‍ക്കുറ്റികള്‍ മുതല്‍ രാമനിലയത്തില്‍വരെ ടാര്‍ അടിച്ചു. അഴിമതി നടത്തിയ മന്ത്രിമാരെ വെള്ളം കുടിപ്പിച്ചു. ഈ "എല്ലനായ" നമ്പാടനെ വെല്ലാന്‍ ആരുണ്ട്? മാഷുടെ ഈ ചോദ്യവും പ്രസക്തം.

പേരാമ്പ്ര നമ്പാടന്‍ കുരിയപ്പന്‍ ലോനപ്പന്‍ എന്ന നമ്പാടന്‍ മാസ്റ്ററുടെ ജീവിതം സംഭവ സമൃദ്ധം. ദിവസം നാലു നമ്പര്‍ (തമാശ) വിട്ടില്ലെങ്കില്‍ മാഷിന് ഉറക്കം വരില്ല. രണ്ടരപ്പതിറ്റാണ്ടു നീണ്ട നിയമസഭാ ജീവിതത്തില്‍ അദ്ദേഹം പൊട്ടിച്ച ഹാസ്യത്തിന്റെ അമിട്ടുകള്‍ നിലയ്ക്കാത്ത ചിരിയുടെ പ്രവാഹമായിരുന്നു. "സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും. സംഭവിക്കാന്‍ പോകുന്നത് അതേക്കാള്‍ നല്ലതിന്" മാഷ് ഗീത ഉദ്ധരിക്കുന്നു. എന്നിട്ട് ഇതു കൂടി: "അല്ലെങ്കിലും ഇത്രയെല്ലാം ആകുമെന്ന് ആരെങ്കിലും കരുതിയോ." ഒറ്റവാക്കില്‍ പറഞ്ഞാല്‍ പച്ചയായ തനി നാടന്‍ മനുഷ്യനായിരുന്നു നമ്പാടന്‍. അതുകൊണ്ടുതന്നെ എല്ലാ ജീവിത വിശുദ്ധിയുടെയും ആള്‍രൂപമായി. രണ്ടുതവണ മന്ത്രിയായതടക്കം (1980, 87) ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടും അഴിമതിയുടെ കണിക അദ്ദേഹത്തില്‍ കാണാന്‍ എതിരാളികള്‍ക്കുപോലുമായിട്ടില്ല. അതേസമയം എംഎല്‍എ ആയും എംപിയായും നാടിനുവേണ്ടി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വിപുലവുമാണ്. മാതൃഭാഷാ സ്നേഹം മൂത്ത് ഒറ്റയാന്‍ വിപ്ലവം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ മാസ്റ്റര്‍, പാര്‍ലമെന്റില്‍ ആദ്യം മലയാളത്തിലാകും പ്രസംഗിക്കുകയെന്ന് വാശി പിടിച്ചതാണ്. സാങ്കേതിക കാരണങ്ങളാല്‍ രണ്ടാമത്തെ പ്രസംഗം മലയാളത്തില്‍ നടത്താനാണ് അനുമതി ലഭിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ലോക്സഭയില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പതോളം പ്രസംഗങ്ങള്‍. ഇത് നിസ്സാരമല്ല. ഇതിനിടയില്‍ ഒരിക്കല്‍ എങ്ങനെയുണ്ട് മാഷേ പാര്‍ലമെന്റ് എന്ന ചോദ്യത്തിന് അദ്ദേഹം സ്വതസിദ്ധ ശൈലിയില്‍ മറുപടി നല്‍കി: "ഉഗ്രനല്ലേ അവിടെ. എന്നെ എല്ലാവരും "ജി" കൂട്ടിയാണ് വിളിക്കുന്നത്. സോണിയാജി, വാജ്പേയ്ജി, അദ്വാനിജി എന്നതുപോലെ നമ്പാടന്‍ജി".

കത്തോലിക്കാ സഭയുടെ സമ്പന്ന പക്ഷപാതത്തയും വിദ്യാഭ്യാസക്കച്ചവട നയങ്ങളെയും തുറന്നു കാട്ടിയിട്ടുള്ള നമ്പാടന്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ രൂപതാപ്രസിഡന്റായും ദീര്‍ഘകാലം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും കാത്തലിക് യൂണിയന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏറ്റവും മികച്ച ഓര്‍ഗനൈസറായി തെരഞ്ഞെടുക്കപ്പെട്ട (1963) അദ്ദേഹത്തിന് ഒരു പവന്‍ സമ്മാനവും ലഭിച്ചുവെന്നത് കൗതുകം ഉണര്‍ത്തും. പള്ളിയില്‍ വേദോപദേശ അധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹം രണ്ടു ഡസനോളം നാടകങ്ങളിലും മൂന്ന് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. "ഞാനും ഒരു നടനാണ്. ജയലളിതയോടൊത്തുവരെ അഭിനയിച്ചിട്ടുണ്ട്. എന്നോടു കളി വേണ്ട". അതേ, ഒരിക്കലും ഒടുങ്ങാത്ത നര്‍മമമായി നമ്പാടന്‍ ഇനിയും ജീവിക്കും.
(വി എം രാധാകൃഷ്ണന്‍)

deshabhimani

1 അഭിപ്രായം:

  1. അജ്ഞാതന്‍2013, ജൂൺ 7 2:50 PM

    അതേ, ഒരിക്കലും ഒടുങ്ങാത്ത നര്‍മമമായി നമ്പാടന്‍ ഇനിയും ജീവിക്കും

    കൊള്ളാം

    മറുപടിഇല്ലാതാക്കൂ