ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
Posted on: 19-Jan-2013 05:47 PM
റാഞ്ചി: ഇന്ത്യന്‍ നായകന്‍ ധോണിയുടെ ജന്‍മസ്ഥലമായ റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 131 പന്തുകള്‍ ശേഷിക്കെ 7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ 155 റണ്‍സിന് പുറത്താക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ ദുര്‍ബലമായ വിജയലക്ഷ്യം മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയുടെ(പുറത്താകാതെ 77) ചിറകിലേറി ഇന്ത്യ അനായാസം മറികടന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയ റണ്‍ കുറിച്ച് നായകന്‍ ധോണി(പുറത്താകാതെ 12)യായിരുന്നു വിജയനിമിഷത്തില്‍ കോഹ്ലിയ്ക്ക് കൂട്ട്. രഹാനയെ(0) തുടക്കത്തിലെ നഷ്ടമായ ഇന്ത്യയെ കോഹ്ലിയും ഗംഭീറും(33) ചേര്‍ന്നാണ് മല്‍സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഗംഭീര്‍ പുറത്തായ ശേഷമെത്തിയ യുവരാജ് 21 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നാണ് ധോണി ക്രീസിലെത്തിയത്. 9 ഫോറും രണ്ട് സിക്സറുമടക്കമാണ് കോഹ്ലി 77 റണ്‍സെടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ട്രെഡ്വെല്‍ രണ്ട് വിക്കറ്റും ഫിന്‍ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയില്‍ കൃത്യതയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. കൊച്ചിയിലെ രണ്ടാം ഏകദിനത്തില്‍ മാന്‍ ഓഫ് ദ മാച്ചായ രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ചുരുങ്ങിയ സ്കോറില്‍ തളച്ചത്. 6.2 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ജഡേജ നേടിയത്. ആര്‍ അശ്വിനും ഇശാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം നേടി. ശേഷിക്കുന്ന വിക്കറ്റുകള്‍ ഭുവനേശ്വര്‍ കുമാറും ഷാമി അഹമ്മദും സുരേഷ് റെയ്നയും പങ്കിട്ടു. 39 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത്. 25 റണ്‍സ് വീതമെടുത്ത ബെല്ലും ബ്രസ്നും ഇംഗ്ലണ്ടിനെ 150 കടക്കാന്‍ സഹായിച്ചു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന കെവിന്‍ പീറ്റേഴ്സന്‍(17) അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. മൂന്നാം ഏകദിനത്തിലും വിജയിച്ചതോടെ അഞ്ച് മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.