ബ്ലോഗ് ആര്‍ക്കൈവ്

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ചടങ്ങും അവാര്‍ഡും തരൂര്‍ തട്ടിക്കൂട്ടിയത്; ലക്ഷ്യം നാരായണഗുരുവിന്റെ പേരില്‍ വോട്ട് തട്ടല്‍

ചടങ്ങും അവാര്‍ഡും തരൂര്‍ തട്ടിക്കൂട്ടിയത്; ലക്ഷ്യം നാരായണഗുരുവിന്റെ പേരില്‍ വോട്ട് തട്ടല്‍

ദേശീയഗാനത്തെ അവഹേളിക്കുകയും വിഡ്ഢിദിനത്തില്‍ ജനിച്ചവനെന്ന് ആക്ഷേപിച്ച് ഉപരാഷ്ട്രപതിയെ അപമാനിക്കുകയും ചെയ്ത ചടങ്ങ് മന്ത്രി ശശി തരൂര്‍ തട്ടിക്കൂട്ടിയത്. "ശ്രീനാരായണ ധര്‍മസമിതി" എന്ന സംഘടന നാരായണഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ "വിശ്വ മതനിരപേക്ഷ സമാധാന പുരസ്കാരം" സ്ഥലം എംപി കൂടിയായ ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങും അവാര്‍ഡും അദ്ദേഹംതന്നെ സംഘടിപ്പിച്ചതാണെന്ന് തെളിഞ്ഞു. ഈ പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്ന വിവരം തലസ്ഥാനത്ത് ആര്‍ക്കും അറിയില്ല. ശ്രീനാരായണീയര്‍ക്കുപോലും അറിയാത്ത ഈ സംഘടന കടലാസില്‍ മാത്രം. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്ക്ലബ്ബില്‍ പ്രഖ്യാപിച്ച തരൂര്‍ അതിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് തന്റെ പാദസേവകരെവച്ച് നാരായണഗുരുവിന്റെ പേരില്‍ സംഘടനയുണ്ടാക്കിയതും അവാര്‍ഡ് സ്വയം തീരുമാനിച്ചതും.

സ്വാഗതം എന്ന് എഴുതാന്‍പോലുമറിയാത്തവരായിരുന്നു ചടങ്ങിന്റെ സംഘാടകര്‍. സ്വാഗതപ്രസംഗകന്‍ മുതല്‍ അവതാരകന്‍ വരെയുള്ളവരെല്ലാം കൂലിക്കാരായപ്പോള്‍ ഉപരാഷ്ട്രപതി അപമാനിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍പോലും പറയുന്നത്. അവാര്‍ഡിന്റെ ചെലവ് മുഴുവന്‍ വഹിച്ചതും തരൂര്‍ തന്നെ. സ്വയം ഏര്‍പ്പെടുത്തിയ പുരസ്കാരമാണെങ്കിലും അത് വാങ്ങുമ്പോള്‍ ജനങ്ങളാകെ കാണണമെന്ന നിര്‍ബന്ധമുണ്ടായതുകൊണ്ടാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഉപരാഷ്ട്രപതിയെ പങ്കെടുപ്പിച്ചത്. മാധ്യമങ്ങളില്‍ അവാര്‍ഡ് ഏറ്റുവാങ്ങല്‍ ചടങ്ങ് തത്സമയം വരുമെന്ന് ഉറപ്പാക്കിയശേഷം ഉപരാഷ്ട്രപതിയെയും അവാര്‍ഡ് ജേതാവിനെയും വാഴ്ത്താന്‍ അവതാരകനെ പ്രത്യേകം ഏര്‍പ്പെടാക്കി. വാക്കുകൊണ്ട് അമ്മാനമാടാന്‍ കഴിയുന്ന അവതാരകന്‍ ആദ്യംതന്നെ ഉപരാഷ്ട്രപതിയെ വിഡ്ഢിദിനത്തില്‍ പിറന്നവനെന്നാണ് വിശേഷിപ്പിച്ചത്. തുടര്‍ന്ന് അവതാരകന്‍ നാരായണഗുരുവിനെ "വാഴ്ത്തി". ആ മഹാന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതിന് തരൂരിനെയും മഹാനാക്കി. ചടങ്ങിന്റെ നിലവാരത്തകര്‍ച്ചയും ശൂന്യമായ സദസ്സും ശ്രദ്ധയില്‍പ്പെട്ടതോടെ നഗരത്തിലെ കോണ്‍ഗ്രസുകാര്‍തന്നെയാണ് സംഘാടകരെ തേടിയിറങ്ങിയത്. അന്വേഷണം ചെന്നെത്തിയതാകട്ടെ നഗരത്തില്‍ തരൂരിന് വേണ്ടി കൂലിക്ക് പോസ്റ്റര്‍ ഒട്ടിക്കുകയും ഫ്ളക്സ്ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യുന്നവരില്‍. പോസ്റ്റര്‍ ഒട്ടിക്കുന്നയാള്‍ സ്കൂളില്‍ പഠിച്ചപ്പോള്‍ ദേശീയഗാനം കേട്ടിട്ടുള്ളതല്ലാതെ ഒരിക്കല്‍പോലും ചൊല്ലിയിട്ടില്ലത്രെ. ദേശീയഗാനത്തെ അപമാനിച്ചതിന് നേരത്തെ കേസില്‍ കുടുങ്ങിയ തരൂര്‍ തന്നെയാണ് ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം തെറ്റിച്ചതിനും ഉത്തരവാദി. ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചപ്പോഴാണ് തരൂര്‍ പ്രോട്ടോകോള്‍ ഓര്‍ത്തത്. ദേശീയഗാനം ചൊല്ലാതെ ചടങ്ങ് ആരംഭിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചതോടെ മന്ത്രി തന്നെയാണ് ആ ജോലിയും കൂലിക്കാരനെ ഏല്‍പ്പിച്ചത്. അധിക ജോലിക്ക് അധികവേതനം ഉറപ്പിച്ചാണ് സംഘാടകന്‍ അറിയാത്ത പണിക്ക് ഇറങ്ങിയത്. അത് കേസാകുമെന്നും ആ പാവത്തിന് അറിയില്ലായിരുന്നു.

വീണ്ടും സീറ്റ് തരപ്പെടുത്തുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത തരൂരിന് എങ്ങനെയും നാല് വോട്ട് തട്ടിക്കൂട്ടാന്‍ ഹീനമാര്‍ഗം ആശ്രയിക്കേണ്ടിവന്നു. ഇതിന്റെ ഭാഗമായാണ് ശ്രീനാരായണീയരുടെ വോട്ടുതട്ടാന്‍ നാരായണഗരുവിന്റെപേരില്‍ ഒരു അവാര്‍ഡ് സൃഷ്ടിച്ചതും അത് തനിക്കുതന്നെയെന്ന് പ്രഖ്യാപിച്ചതും. ആ തട്ടിക്കൂട്ട് ചടങ്ങാകട്ടെ ദേശീയതലത്തില്‍വരെ കേരളത്തെ നാണംകെടുത്തുകയും ചെയ്തു. നാരായണഗുരുവിനുപോലും അപമാനം ഉണ്ടാക്കിയ ചടങ്ങിന് ശേഷം ശശി തരൂര്‍ ലോകം ആരാധിക്കുന്ന സ്വാമി വിവേകാനന്ദനെയും വെറുതെ വിട്ടില്ല. വിവേകാനന്ദന്‍ മദ്യപാനിയും മാംസം കഴിക്കുന്നവനുമാണെന്നാണ് ബുധനാഴ്ച തട്ടിവിട്ടത്.

deshabhimani

രോഗശാന്തി ശുശ്രൂഷകന്‍

രോഗശാന്തി ശുശ്രൂഷകന്‍

ആ പതിനാറുകാരിക്ക് ഒരബദ്ധമേ പറ്റിയുള്ളൂ. ആശാറാം ബാപ്പു എന്ന എഴുപത്തൊന്നുകാരന്‍ കയറിപ്പിടിച്ചപ്പോള്‍, "അരുതേ സഹോദരാ" എന്നു പറഞ്ഞ് കരയാന്‍ മറന്നുപോയി. സരസ്വതീമന്ത്രം ആ സമയത്ത് ഓര്‍മ വന്നതുമില്ല.ബലാത്സംഗം തടയാന്‍ പെണ്‍കുട്ടികള്‍ കരാട്ടെ പഠിക്കുകയും തോക്കും കത്തിയും മൊട്ടുസൂചിയും കൊണ്ടുനടക്കുകയുംചെയ്യുന്ന നാട്ടില്‍ അതൊന്നും വേണ്ടതില്ല എന്നു വിളിച്ചുപറഞ്ഞ സ്വാമി ഒരാളേയുള്ളൂ. നരേന്ദ്രമോഡിയുടെ ആരാധകനായ സാക്ഷാല്‍ ആശാറാം ബാപ്പുജി. സബര്‍മതി തീരത്ത് നൂറേക്കര്‍ കൈയേറി ആശ്രമം പണിതതാണ് ഈ "ബാപ്പുജി"യുടെ മഹത്വം. സബര്‍മതിക്കരയില്‍ യഥാര്‍ഥ ബാപ്പുജിയും ഒരാശ്രമം സ്ഥാപിച്ചിരുന്നു. അതുകൊണ്ട്, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ബാപ്പുജി എന്ന് വിളിക്കാമെങ്കില്‍, അജ്മീറിലെ പഴയ റിക്ഷാവാല അസുമലിനെയും അതേ പേര് വിളിക്കാം എന്നാണ് സനാതനസിദ്ധാന്തം.

ബലാത്സംഗം തടയാന്‍ നിയമമെന്തിന്, ആര്‍ത്തികയറി ആഞ്ഞുവരുന്നവനെ സഹോദരായെന്ന് വിളിച്ച് സരസ്വതീമന്ത്രമുരുവിട്ടാല്‍ അവന്‍ പിന്തിരിഞ്ഞുകൊള്ളും എന്ന മഹത്തായ ആശയം ഡല്‍ഹി ബലാത്സംഗക്കാലത്താണ് ആശാറാംജി അവതരിപ്പിച്ചത്. അങ്ങനെ ചെയ്യാത്ത സ്ത്രീയും ബലാത്സംഗക്കേസില്‍ കുറ്റവാളിയാണ്; ഡല്‍ഹിയില്‍ ബസില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടി അതുകൊണ്ട് തെറ്റുകാരിയെന്ന് അന്ന് സ്വാമി മൊഴിഞ്ഞപ്പോള്‍ നല്ലരണ്ട് കല്ലെടുത്ത് ആശ്രമത്തിലേക്കെറിയാന്‍ ആര്‍ക്കും തോന്നിയില്ല. അങ്ങനെ ചെയ്താലും രക്ഷപ്പെടല്‍ എളുപ്പമല്ല. ആശാറാമിന് കോടിക്കണക്കിന് അനുയായികളുണ്ട്. രാജ്യത്തും പുറത്തുമായി നാനൂറ്റമ്പതിലധികം ആശ്രമങ്ങള്‍. സ്വത്തുകണക്ക് 45,000 കോടിയിലേറെ. സ്വാമിമാര്‍ക്ക് വായിച്ചും പഠിച്ചും കാര്യങ്ങള്‍ അറിയണമെന്നില്ല. അതത് സമയത്ത് അശരീരിപ്പെടുന്നതാണ് രീതി. "ഇന്ന് എനിക്ക് വയ്യ; കിടക്കണം" എന്ന് അശരീരിപ്പെട്ടാല്‍, "ലോകത്തിന്റെ ഗതികെട്ട പോക്കില്‍ മനംനൊന്ത് ധ്യാനത്തിന്റെയും പ്രാര്‍ഥനയുടെയും മാര്‍ഗത്തിലൂടെ നടക്കാന്‍ ഭക്ത ജനകോടികളെ മഹാത്മാവ് ആഹ്വാനംചെയ്തു" എന്ന് വായിക്കണം. സ്വാമിക്ക് മലബന്ധം അനുഭവപ്പെട്ടാല്‍, പാരിസ്ഥിതികപ്രശ്നത്താല്‍ വിങ്ങിപ്പൊട്ടുന്ന ഭൂമിയെയും തുളവീണ ഓസോണ്‍ പാളിയെയും ഓര്‍മിക്കണം. അതുകൊണ്ടാണ്, ജോധ്പുര്‍ ആശ്രമത്തില്‍ ശിഷ്യപുത്രിയെ സ്വാമി പീഡിപ്പിച്ചു എന്ന് ആരോപണമുണ്ടായപ്പോള്‍ അത് പീഡനമല്ല, ദിവ്യമായ രോഗശാന്തി ശുശ്രൂഷയാണ് എന്ന് ഭക്തപണ്ഡിതര്‍ വിധിയെഴുതിയത്.

മലയാളി ഹൗസില്‍നിന്ന് ഇറങ്ങിച്ചെന്ന് ചാനല്‍പ്രഭയില്‍ രാഹുല്‍ ഈശ്വര്‍ എന്ന അഭിനവ മഹാസ്വാമിയും ദിവ്യശുശ്രൂഷാവാദമാണ് ഓംകാരമന്ത്രത്തോടൊപ്പം ഉരുവിട്ടത്. ഇത്തരം ചികിത്സ ആശാറാം സ്വാമിയുടെ തനതുരീതിയാണ്. ആശ്രമത്തില്‍ സങ്കടനിവൃത്തിക്ക് വരുന്ന ഭക്തകളെ ഒറ്റയ്ക്കൊറ്റയ്ക്കേ കാണാറുള്ളൂ. ആശ്രമങ്ങളില്‍ "മാതാജി"മാരും "ബാലികാ സ്വാമിനി"മാരും സ്ഥിരമായി ഉണ്ടാകും. അവരില്‍ പലരും ബാപ്പുവിന്റെ കൂടെ സദാസമയവും ചെലവിടും. സപ്തതി പിന്നിട്ട്, നരച്ച താടിനീട്ടി, സര്‍വസംഗപരിത്യാഗിയായി, സങ്കീര്‍ത്തനങ്ങളാലപിച്ച് സര്‍വലോകത്തിനും വഴികാട്ടുന്ന സ്വാമികള്‍ക്ക് വൃദ്ധയെന്നോ ബാലികയെന്നോ വ്യത്യാസം തോന്നേണ്ട കാര്യമില്ല.

ഒരുദിവസം ഒരു യുവതിയും സ്വാമിയുമായി വിവസ്ത്രപൂജ നടത്തുന്നതുകണ്ട ആശ്രമവാസി, ആ കാഴ്ച മായയാണെന്ന് മനസ്സിലാക്കാതെ രാജികൊടുത്ത് സ്ഥലംവിട്ടു. ആശ്രമത്തിലെ രണ്ട് ബാലകന്മാരുടെ മരണത്തെക്കുറിച്ച് ചില അജ്ഞര്‍ സംശയം ഉന്നയിച്ചു. ശാന്ത് ശ്രീ ആശാറാംജി ആശ്രമത്തിന് അങ്ങനെയുള്ള ശത്രുക്കളേയുള്ളൂ. ഒരു വിവാദത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ആത്മീയശക്തിയുള്ള ആശാറാംജി ഗുജറാത്തിലെ പ്രിയ മോഡിജിയെ "യോദ്ധാവ്" എന്നേ വിളിക്കാറുള്ളൂ. ആശ്രമത്തില്‍ വന്നുകണ്ട് അനുഗ്രഹം വാങ്ങിപ്പോകുന്ന കാവിക്കാരും ഖദറുകാരും രാജ്യം ഭരിക്കുന്നവരാകയാല്‍, ബാപ്പുജിയുടെ സദ്പ്രവൃത്തികള്‍ ചിക്കിച്ചികയാന്‍ മാധ്യമകേസരികളും പോകാറില്ല. ആശ്രമത്തില്‍ മാധ്യമങ്ങള്‍ക്ക് വിശേഷാല്‍ ഊണുമുണ്ട്.

എല്ലാം തകര്‍ത്ത് ബാപ്പു മഹാത്മനെ തടവറയിലേക്കയച്ചത്, സരസ്വതീമന്ത്രം പഠിക്കാത്ത ഒരു പതിനാറുകാരിയാണ്. അവള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് ആശ്രമത്തില്‍ വന്നത്. ഒരു മണിക്കൂര്‍ നേരം അവളെ ഒറ്റയ്ക്ക് മുറിയില്‍ വിളിപ്പിച്ച് എങ്ങനെ മാനഭംഗം ആത്മീയമാര്‍ഗത്തിലൂടെ തടുക്കാം എന്ന് പഠിപ്പിച്ചു. അതിനെ അവള്‍ തെറ്റിദ്ധരിച്ചപ്പോള്‍, അവളെയും രക്ഷിതാക്കളെയും നേരായി ധരിപ്പിക്കാന്‍ ഏതാനും ഗുണ്ടകളെ വിട്ടതേയുള്ളൂ. എന്നിട്ടും മനസ്സിലാകാത്തതുകൊണ്ടാണ് ഇപ്പോള്‍ വാര്‍ത്തയും വിവാദവും കേസും വന്നത്. ഇത് ഒരു ദൈവപരീക്ഷണം മാത്രം. ജയിലും കോടതിയുമൊക്കെ ഭഗവാന്റെ കല്‍പ്പനയാണ്. ഇറങ്ങിവരുമ്പോള്‍ ശിഷ്യസഞ്ചയവും ആശ്രമശൃംഖലയും കോടികളുടെ കൂമ്പാരവുമുണ്ട്. ഇനിയുള്ള ആത്മീയയാത്ര കൂടുതല്‍ മഹത്വപ്പെട്ടതാകും. സന്തോഷ് മാധവന്‍, സ്വാമി നിത്യാനന്ദ എന്നിങ്ങനെ ചില ആരാധകര്‍ തനിക്കുണ്ട്. അവര്‍ പെട്ടതുപോലെയൊന്നും താന്‍ പെടാന്‍ പോകുന്നില്ല- കേരളീയര്‍ ആട്-തേക്ക്-മാഞ്ചിയം മുതല്‍ സോളാര്‍ വരെയുള്ള ദൈവികശക്തികളില്‍ വീണുപോകുമെങ്കില്‍ ആകെ മൊത്തം ഇന്ത്യക്കാര്‍ക്ക് ഇങ്ങനെ നീണ്ട താടിയും പാട്ടും നൃത്തവുമൊക്കെ മതി-അതിനെയാണ് ആര്‍ഷഭാരത സംസ്കാരം എന്ന് വിളിക്കുന്നത്: ചിലർ ചുരുക്കി ആ.ഭാ.സം എന്നും.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അമേരിക്കന്‍ പൗരന്‍

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അമേരിക്കന്‍ പൗരന്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ രഘുറാം രാജന്‍ അമേരിക്കന്‍ പൗരന്‍. ഇന്ത്യന്‍ താല്‍പ്പര്യങ്ങളേക്കാള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നടപടികളാകും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്ന ആശങ്ക റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും കണക്കിലെടുക്കാതെയാണ് അമേരിക്കന്‍ സാമ്പത്തിക സിദ്ധാന്തം മുറുകെപ്പിടിക്കുന്ന രഘുറാം രാജന്റെ നിയമനം.

കഴിഞ്ഞ ആഗസ്തിലാണ് ധനമന്ത്രാലയത്തില്‍ മുഖ്യ ഉപദേശകനായി രഘുറാം രാജന്‍ നിയമിക്കപ്പെട്ടത്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നടുവൊടിക്കുന്ന നടപടികള്‍ക്കെല്ലാം ഈ പദവിയിലിരുന്ന് ചരടുവലിച്ച രഘുറാം രാജന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ വിശ്വസ്തനായി. അമേരിക്കയിലേക്ക് ചിദംബരം നടത്തിയ നിരവധി യാത്രകളും അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചകളും പിന്നീടുള്ള നടപടികളും രൂപയുടെ വിലയിടിവിന് കാരണമായിട്ടുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രൂപയുടെ നടുവൊടിക്കാന്‍ ധനമന്ത്രിതന്നെ അമേരിക്കയ്ക്കും മറ്റ് വികസിത സാമ്പത്തിക ശക്തികള്‍ക്കും കൂട്ടുനിന്നത് രഘുറാം രാജന്റെ കൂടി ഉപദേശപ്രകാരമായിരുന്നു.

അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാദിച്ചുകൊണ്ടാണ് നിരവധി സുപ്രധാന സാമ്പത്തിക സ്ഥാപനങ്ങളില്‍ രഘുറാം രാജന്‍ നിയമിക്കപ്പെട്ടതെന്നത് പരക്കെ അറിവുള്ളതാണ്. ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ്, ലോക ബാങ്കിലെയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിലെയും വിസിറ്റിങ് ഫെലോ എന്നീ നിലകളില്‍ ഇദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അമേരിക്കന്‍ പൗരനായതുകൊണ്ടും അമേരിക്കന്‍ പിന്തുണയുള്ളതുകൊണ്ടുമാണ്. അമേരിക്കയിലെ ഷേല്‍ വാതക നിക്ഷേപത്തില്‍ മുതല്‍മുടക്കിയിട്ടുള്ള റിലയന്‍സ് ബാങ്കിങ് ലൈസന്‍സിനു വേണ്ടി ശ്രമം നടത്തുന്നുണ്ട്. ഇത് അനുവദിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കുതന്നെ അത് ഹാനികരമാകും. രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയതിനു പിന്നില്‍ ഇതടക്കമുള്ള നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് അറിയുന്നത്.

രഘുറാം രാജന്‍ ചുമതലയേറ്റു

മുംബൈ: റിസര്‍വ് ബാങ്കിന്റെ 23-ാമത് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റു. അന്താരാഷ്ട്ര നാണയ നിധിയുടെ മുന്‍ മുഖ്യ സാമ്പത്തിക വിദഗ്ധനായിരുന്നു അമ്പതുകാരനായ രഘുറാം രാജന്‍. ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. ഡി സുബ്ബറാവു ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് രഘുറാം പുതിയ ഗവര്‍ണറായി ചുമതലയേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് റിസര്‍വ് ബാങ്കിന്റെ നേതൃസ്ഥാനത്തേക്ക് രഘുറാം രാജന്‍ എത്തുന്നത്. രൂപയുടെ എക്കാലത്തെയും വലിയ മൂല്യത്തകര്‍ച്ചയുള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ തന്റെ കൈയില്‍ മാന്ത്രിക ദണ്ഡൊന്നുമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താവായ രഘുറാം തുടര്‍ന്ന് എന്ത് നടപടികളാകും സ്വീകരിക്കുകയെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു വ്യക്തമാണ്.

deshabhimani