കഴിവില്ലെങ്കില്‍ ഇറങ്ങിപ്പോകണം
Posted on: 27-Jan-2013 08:44 PM
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് നാല്‍പ്പാടി വാസു എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിന് പൊതുസമൂഹത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാന നേതാവും ഇന്ന് പാര്‍ലമെന്റ് അംഗവുമായ കെ സുധാകരനാണ് ആ കുറ്റകൃത്യത്തിലെ മുഖ്യപ്രതി എന്നതിലും സംശയത്തിന് വകയില്ല. ഭരണാധികാരത്തിന്റെ ഞെട്ടിക്കുന്ന ദുരുപയോഗത്തിലൂടെ സുധാകരനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും പിന്നീട് പ്രതിപ്പട്ടികയില്‍ വന്നപ്പോള്‍ രക്ഷപ്പെടുത്താനും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ടിക്ക് കഴിഞ്ഞു. എന്നാല്‍, ആ കുറ്റകൃത്യത്തില്‍ പങ്കാളിയും സുധാകരന്റെ സഹായിയുമായിരുന്ന പ്രശാന്ത്ബാബു നടത്തിയ പരസ്യമായ കുറ്റസമ്മതം, സുധാകരന് രക്ഷപ്പെടാനുള്ള ഒരു പഴുതും അവശേഷിപ്പിക്കാതെയാണ് കഴിഞ്ഞവര്‍ഷം പുറത്തുവന്നത്. ""നാല്‍പ്പാടി വാസുവിനെ സുധാകരന്റെ ഗണ്‍മാനെ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം കാറിന്റെ ഹെഡ്ലൈറ്റും ഗ്ലാസുമെല്ലാം പൊട്ടിച്ചത് തങ്ങളെല്ലാം ചേര്‍ന്നാണ്"" എന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. ""അനൗണ്‍സ്മെന്റ് വാഹനത്തിലെ ജിമ്മിയുമായാണ് അവിടെ ആദ്യം പ്രശ്നമുണ്ടായത്. കടവന്ത്രക്കാരനായ ജിമ്മി ജോസഫ് അന്ന് ഡിസിസി ഓഫീസില്‍തന്നെയായിരുന്നു. ചായക്കടയില്‍നിന്ന് എന്തോ പറഞ്ഞതായും ആംഗ്യം കാണിച്ചതായും പറഞ്ഞ് ജിമ്മിയും മറ്റും വണ്ടിയില്‍നിന്നിറങ്ങി ഭീഷണിപ്പെടുത്തി. ഇത് നാട്ടുകാര്‍ ചോദ്യംചെയ്തു. പിന്നിലുള്ള സുധാകരേട്ടന്റെ വാഹനം ഓടിച്ചത് ഞാനായിരുന്നു. ചായപ്പീടികയ്ക്കുസമീപം എത്തിയതോടെ വണ്ടിനിര്‍ത്തി. ഗണ്‍മാന്‍ ഇറങ്ങി വെടിവച്ചപ്പോഴാണ് വാസുവിന് വെടിയേറ്റത്. അക്രമം നടന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവച്ചുവെന്ന് വരുത്താന്‍ സംഭവം നടന്ന സ്ഥലത്തുനിന്ന് മുന്നോട്ടുപോയശേഷമാണ് ലൈറ്റും ഗ്ലാസും അടിച്ചുപൊളിച്ചത്. നാല്‍പ്പാടി വാസുവധത്തിനുശേഷം കെ സുധാകരനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ കെ കരുണാകരന്‍ പറഞ്ഞതാണ്. ആ ഘട്ടത്തില്‍ രക്ഷിച്ചത് വയലാര്‍ രവിയാണ്. സുധാകരന്‍ നേതൃത്വത്തില്‍ വന്നശേഷമാണ് കണ്ണൂരില്‍ ബോംബുരാഷ്ട്രീയം തുടങ്ങിയത്."" നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കളോ സിപിഐ എമ്മോ അല്ല, സുധാകരനോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിതന്നെയാണ് ഇത് പറയുന്നത്.
ഇത്തരമൊരു വെളിപ്പെടുത്തല്‍ വന്നാല്‍ സാധാരണനിലയില്‍ ആ കേസ് പുനരന്വേഷിക്കേണ്ടതാണ്. അങ്ങനെ അന്വേഷിച്ച് യഥാര്‍ഥ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത നക്സല്‍ വര്‍ഗീസ് വധക്കേസുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഇവിടെ, നാല്‍പ്പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വാസുവിന്റെ സഹോദരന്‍ രാജന്‍ നല്‍കിയ അപേക്ഷയില്‍ ""ഇനിയൊരു അന്വേഷണത്തിന് സാധ്യതയില്ല"" എന്ന നിലപാടാണത്രേ ആഭ്യന്തരവകുപ്പിന്. ഇതേ ആഭ്യന്തരവകുപ്പുതന്നെയാണ്, സുപ്രീംകോടതിയടക്കം തീര്‍പ്പുകല്‍പ്പിച്ച കെ ടി ജയകൃഷ്ണന്‍ കേസ്, ഇല്ലാത്ത ഒരു മൊഴി സൃഷ്ടിച്ച് മാന്തിയെടുക്കാന്‍ നോക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസമാണ്.
അക്രമത്തിനെതിരെ സമാധാനജാഥയെന്നു പറഞ്ഞ് നടത്തിയ യാത്രയിലാണ് നാല്‍പ്പാടി വാസുവിനെ സുധാകരസംഘം വെടിവച്ചുകൊന്നത്. 1992 ജൂണ്‍ 13ന് കണ്ണൂര്‍ സേവറി ഹോട്ടലില്‍ ചോറുവിളമ്പുകയായിരുന്ന നാണുവിന്റെ രക്തവും മാംസവും ഭക്ഷണം കഴിക്കാനിരുന്നവരുടെ ദേഹത്തും ഇലകളിലും ചിതറിവീണത് ഇതേസുധാകരന്റെ ഗുണ്ടകളുടെ ബോംബേറിലാണ്. കണ്ണൂര്‍ ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേരിട്ട് നേതൃത്വം നല്‍കിയത് കെ സുധാകരനാണെന്ന് ഓരോ കേസും ചൂണ്ടിക്കാട്ടി പ്രശാന്ത്ബാബു വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊലചെയ്യാന്‍ സുധാകരന്‍ തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശം പ്രശാന്ത്ബാബുവിലൂടെ പുറത്തുവന്നു. കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് പ്രസില്‍ കയറി പ്രശാന്തനെയും ചൊവ്വ സഹകരണബാങ്കില്‍ കയറി വിനോദിനെയും വെട്ടിയതും സിപിഐ എം നേതാവ് അന്തരിച്ച ടി കെ ബാലന്റെ വീട്ടില്‍ ബോംബെറിഞ്ഞ് മകന്‍ ഹിതേഷിന്റെ കണ്ണ് ഇല്ലാതാക്കിയതും ഇതേസുധാകരസംഘമാണ്.
പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടത്രേ. അവരെക്കുറിച്ച് പിന്നീട് കാര്യമായ വിവരമൊന്നുമില്ല. ഇന്നും സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തേര്‍വാഴ്ച തുടരുകയാണ്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് പൊലീസുദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയതും മണല്‍മാഫിയക്കുവേണ്ടി നിയമം കൈയിലെടുത്തതും ഈയിടെയാണ്. സുധാകരന്റെ രോമത്തില്‍പ്പോലും തൊടാനുള്ള നട്ടെല്ല് കേരളത്തിലെ പൊലീസിനെ ഭരിക്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്ല. പൊലീസിനെ ഭരണകക്ഷിയുടെ അടുക്കളപ്പണിക്കാരാക്കി അധഃപതിപ്പിച്ചതിന്റെ ഫലമാണ് ഈ ദുരവസ്ഥ.
രണ്ടു നീതിയാണ് നടപ്പാക്കപ്പെടുന്നത്. മലപ്പുറം അരീക്കോട്ട് ഇരട്ടക്കൊല നടന്നപ്പോള്‍, അതിന് പരസ്യമായി ആഹ്വാനം നല്‍കിയ ലീഗ് എംഎല്‍എ പി കെ ബഷീറിനെ സംരക്ഷിക്കലായിരുന്നു പൊലീസിന്റെ ചുമതല. എഫ്ഐആറില്‍ പ്രതിയായ ബഷീര്‍ ഇന്ന് പ്രതിപ്പട്ടികയിലില്ല. ഒരു പ്രസംഗത്തിന്റെ പേരില്‍ സിപിഐ എം നേതാവ് എം എം മണിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും നാടകീയമായി അറസ്റ്റുചെയ്യാനും ജാമ്യം നിഷേധിച്ച് ജയിലിലടക്കാനും ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസിന് അറപ്പുണ്ടായില്ല. അതേകൂട്ടര്‍തന്നെയാണ്, കേരളരാഷ്ട്രീയം കണ്ട ഏറ്റവും നികൃഷ്ടനായ മാഫിയതലവനെന്ന് കോണ്‍ഗ്രസുകാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന കെ സുധാകരനെ നിര്‍ലജ്ജം രക്ഷിക്കുന്നത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരിക്കെ പി രാമകൃഷ്ണന്‍ സുധാകരനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍മാത്രം മതി കേസെടുക്കാനും അറസ്റ്റുചെയ്യാനും എന്നിരിക്കെ, പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ വന്നിട്ടും സുധാകരനെ സുരക്ഷിതനാക്കി സൂക്ഷിക്കുന്നത് മിതമായ ഭാഷയില്‍ തോന്ന്യാസമാണ്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അലങ്കാരമായ ഈ തോന്ന്യാസം നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന കേരളജനതയ്ക്ക് പൊറുക്കാവുന്നതല്ല. കെ സുധാകരന്‍ എന്ന ക്രിമിനല്‍നേതാവിനെ പിടിച്ചുകെട്ടാനുള്ള നിയമം തന്റെ കൈയിലില്ലെന്നാണ് തിരുവഞ്ചൂരിന്റെ നിലപാടെങ്കില്‍, ഇരിക്കുന്ന പദവിക്ക് കൊള്ളരുതാത്തവനാണെന്ന് സമ്മതിച്ച് ഇറങ്ങിപ്പോകാനെങ്കിലും ആഭ്യന്തരമന്ത്രിക്ക് കഴിയണം.