ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 28, തിങ്കളാഴ്‌ച

വെളിവാകുന്നത് കോണ്‍ഗ്രസിന്റെ പാപ്പരത്തം: പിണറായി


വെളിവാകുന്നത് കോണ്‍ഗ്രസിന്റെ പാപ്പരത്തം: പിണറായി

കോണ്‍ഗ്രസിനകത്തുള്ള ഒരു ഗ്രൂപ്പിന്റെ നേതാവായി എന്‍എസഎസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു ജാതി സംഘടനയും മുമ്പ് ഒരു കാലത്തും സ്വീകരിക്കാത്ത പരസ്യനിലപാട് സുകുമാരന്‍നായര്‍ സ്വീകരിച്ചിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എന്‍.എസ്.എസിന്റെ ശക്തി കൊണ്ടല്ല. യു.ഡി.എഫ് അത്രയ്ക്ക് ദുര്‍ബലമായി എന്നതാണ് ഇത്തരം ഒരു നിലപാടിലേക്കെത്തിച്ചത്.

എന്‍.എസ്.എസ് പരസ്യമായി പറയാറുള്ളത് "ഞങ്ങള്‍ സമദൂരത്തില്‍ നില്‍ക്കുന്നു" എന്നാണ്. എന്നാല്‍ ഇതിന്റെ നിജസ്ഥിതി തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ് സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ സുകുമാരന്‍ നായര്‍ തുറന്നു കാട്ടിയിരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വവും എന്‍.എസ്.എസും തമ്മില്‍ 2011 ലെ തെരഞ്ഞെടുപ്പിനുമുമ്പ് നടത്തിയ രഹസ്യ ചര്‍ച്ചയെപ്പറ്റിയുള്ള വിവരമാണ്.

ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ 2010 സെപ്തംബര്‍ 6 ന് വിലാസ്റാവു ദേശ്മുഖ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തി. ഇത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ഈ ചര്‍ച്ചയില്‍ രൂപപ്പെട്ട "രഹസ്യ റിപ്പോര്‍ട്ടി"ന്റെ ഉള്ളടക്കമാണ്് സുകുമാരന്‍ നായര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനം ന്യൂനപക്ഷത്തിന് ലഭിക്കാനിടയുണ്ടെന്നും അങ്ങനെ വന്നാല്‍ തത്തുല്യമായ സ്ഥാനം ഭൂരിപക്ഷ പ്രതിനിധിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടതായി സുകുമാരന്‍നായര്‍ പറയുന്നു. രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് എന്‍.എസ്.എസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ജാതി-മത ശക്തികള്‍ക്ക് കോണ്‍ഗ്രസ് ഏതെല്ലാം തരത്തില്‍ കീഴടങ്ങുന്നു എന്നതാണ് ഇവിടെ വ്യക്തമാക്കുന്നത്. നാല് സീറ്റിനുവേണ്ടി ജാതി-മത ശക്തികള്‍ക്ക് കീഴടങ്ങി അവര്‍ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കോണ്‍ഗ്രസിന്റെ പാപ്പരത്വമാണ് ഇതിലൂടെ പ്രകടമാവുന്നത്.-പിണറായി ചൂണ്ടിക്കാട്ടി.

സുകുമാരന്‍നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതിലൂടെ എന്‍.എസ്.എസിന് ഒരു ജാതി സംഘടന എന്നവകാശപ്പെടാന്‍ ഇനിയങ്ങോട്ട് കഴിയില്ല. കോണ്‍ഗ്രസുകാരായ നായന്മാരുടെ ഒരു സംഘടന മാത്രമാണ് എന്‍.എസ്.എസ് എന്നാണ് ഈ വെളിപ്പെടുത്തലിന്റെ അര്‍ത്ഥം. എന്‍.എസ്.എസ് കോണ്‍ഗ്രസ് നേതാക്കന്മാരിലെ നായന്മാരെ സ്ഥാനാര്‍ത്ഥിയാക്കാനും മന്ത്രിയാക്കാനും അങ്ങനെ വിവിധ സ്ഥാനമാനങ്ങളിലേക്കെത്തിക്കാനും ശ്രമിക്കുന്ന സംഘടനയാണെന്നും വ്യക്തമായിരിക്കുന്നു. അതുകൊണ്ടാണ് വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ടാല്‍പോലും അതിന് എന്‍.എസ്.എസിന് അവകാശമുണ്ട് എന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പ്രതികരിക്കേണ്ടിവരുന്നത്.

കോണ്‍ഗ്രസിന്റെ ഒരു ബഹുജനസംഘടനയായി സ്വയം പ്രഖ്യാപിച്ച എന്‍.എസ്.എസ് സോണിയാഗാന്ധിക്ക് നിവേദനം നല്‍കാന്‍ പോകുമെന്ന് ഉമ്മന്‍ചാണ്ടിയേയും മറ്റും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതി-മത ശക്തികളോടുള്ള വിധേയത്വം ജാതി സംഘടനാ നേതാക്കള്‍ക്ക് എത്രത്തോളം ധാര്‍ഷ്ട്യം നല്‍കുന്നു എന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. ഇത്തരം സംഘടനകള്‍ കാണിക്കുന്ന ഓലപ്പാമ്പിനെ ഭയപ്പെടുന്നത് ആത്യന്തികമായി കേരളത്തിലെ മതനിരപേക്ഷതയെയാണ് ദുര്‍ബലപ്പെടുത്തുക എന്നതും മതനിരപേക്ഷ ചിന്താഗതിക്കാരായ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണം.- പിണറായി പറഞ്ഞു.
 
deshabhimani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ