പട്ടികജാതി ക്ഷേമസമിതി എന്തിന്?
സിപിഐ(എം)ന്റെ നേതൃത്വത്തില്‍ ഈയിടെ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ സമിതിക്കെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. സിപിഐ(എം) ജാതി സംഘടന ഉണ്ടാക്കുന്നു എന്നതായിരുന്നു വിമര്‍ശനങ്ങളുടെ കേന്ദ്രബിന്ദു. ജാതിയെ വല്ലാതെ പ്രണയിക്കുന്ന ചിലര്‍, ‘ഒടുവില്‍ നിങ്ങള്‍ ജാതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞല്ലോ’ എന്ന് പറഞ്ഞപ്പോള്‍ ജാതി വിരുദ്ധരുടെ ആക്ഷേപം , സിപിഐ(എം) വര്‍ഗ്ഗരാഷ്ട്രീയം ഉപേക്ഷിച്ച് ജാതിരാഷ്ട്രീയം സ്വീകരിക്കുന്നു എന്നായിരുന്നു.
ഉപരിപ്ളവ ധാരണകളുടെ ധാരാളിത്തങ്ങളില്‍ ജീവിക്കാന്‍ പരിശീലിപ്പിക്കപ്പെട്ട ചിലര്‍, സ്വാഭാവികമായും ഈ പ്രചരണങ്ങളില്‍ കുടുങ്ങാനിടയുണ്ട്. അത്തരക്കാരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പതിവ് മാദ്ധ്യമചര്‍ച്ചാ പരിപാടികളില്‍ സിപിഐ(എം) ന്റെ ‘ഇരട്ടത്താപ്പിനെ’ക്കുറിച്ചും നിലപാട് മാറ്റത്തെക്കുറിച്ചും പരാമര്‍ശങ്ങളുണ്ടായി. ജാതി-സമുദായ സംഘടനകള്‍ വലിയതോതില്‍ സമൂഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് സിപിഐ(എം) നിലപാടിന്റെ ന്യായീകരണമെന്താണ് എന്നായിരുന്നു വിമര്‍ശകരുടെ പ്രധാന ചോദ്യം.
"സിപിഐ(എം) ഇപ്പോള്‍ ഉണ്ടാക്കിയത് ജാതി സംഘടനയല്ല; പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗ സംഘടനയാണ്. പട്ടികജാതി എന്നൊരു ജാതിയില്ലെന്നും അതൊരു ഭരണഘടനാ പരികല്‍പ്പനയാണെന്നും ആദ്യമേ മനസ്സിലാക്കണം. ചെറുമ സമുദായ മുന്നണി, പാണന് മഹാസഭ, മണ്ണാന്‍ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളൊന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. "
ആദ്യമേ പറയേണ്ട ഒരു കാര്യം സിപിഐ(എം) ഒരു ജാതി സംഘടനയും ഉണ്ടാക്കിയിട്ടില്ല എന്നാണ്. ജാതി രാഷ്ട്രീയത്തിനും സ്വത്വ രാഷ്ട്രീയത്തിനും എക്കാലവും എതിരായതിനാല്‍ ഒരിക്കലും പാര്‍ട്ടി ജാതി സംഘടന ഉണ്ടാക്കാനും പോകുന്നില്ല. അപ്പോള്‍ ചരിത്രത്തില്‍ മാത്രമല്ല; സാമാന്യ യുക്തിയിലും ഇടങ്കോലിട്ടുകൊണ്ട് ഒരു അല്‍പ്പബുദ്ധി ചോദിക്കും:
“അങ്ങിനെയാണെങ്കില്‍ ഇപ്പോള്‍ ഉണ്ടാക്കിയതോ?”
തികച്ചും ലളിതമാണ് അതിനുള്ള ഉത്തരം.
സിപിഐ(എം) ഇപ്പോള്‍ ഉണ്ടാക്കിയത് ജാതി സംഘടനയല്ല; പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗ സംഘടനയാണ്. പട്ടികജാതി എന്നൊരു ജാതിയില്ലെന്നും അതൊരു ഭരണഘടനാ പരികല്‍പ്പനയാണെന്നും ആദ്യമേ മനസ്സിലാക്കണം. ചെറുമ സമുദായ മുന്നണി, പാണന് മഹാസഭ, മണ്ണാന്‍ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളൊന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ഭരണഘടനയില്‍, പ്രത്യേക പട്ടികയില്‍ (schedule) ഉള്‍പ്പെടുത്തിയ ജനവിഭാഗത്തെ പൊതുവേ വിളിക്കുന്ന പേരാണ് പട്ടികജാതി എന്നത്. സാമ്പത്തികമായും സാമൂഹ്യപരമായും രാഷ്ട്രീയമായും പിന്നാക്കം നില്‍ക്കുന്നവരായതിനാല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ എന്ന നിലയിലാണ് അവര്‍ പ്രത്യേക പട്ടികയിലായത്. അവരുടെ ഉന്നമനത്തിനായി പ്രത്യേകം പരിശ്രമിക്കുന്ന വര്ഗസംഘടനയാണ് പട്ടികജാതി ക്ഷേമസമിതി.
അപ്പോള്‍ ഉന്നയിക്കപ്പെടാവുന്ന ചോദ്യം, ഇതു തന്നെയല്ലേ ജാതി സംഘടനകളും പറയുന്നത് എന്നാണ്. തീര്‍ച്ചയായും അല്ല. ഓരോ ജാതിയിലും ഉള്‍പ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം സംഘടിപ്പിക്കുന്ന ജാതി സംഘടനകള്‍ ചെയ്യുന്നത് അവര്‍ക്ക് മാത്രമായി ഒരു പ്രത്യേക സ്വത്വം (identity) ഉണ്ട് എന്ന് വിശ്വസിപ്പിക്കുകയാണ്. അത് ജാതിയില്‍ മാത്രം ഊന്നിക്കൊണ്ടുള്ള ഒരു സങ്കല്പമാണ്. പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗപശ്ചാത്തലം അവര്‍ കാണുന്നേയില്ല.
എന്നാല്‍ പട്ടികജാതി ജനവിഭാഗങ്ങളെ ജാതി എന്ന നിലയ്ക്കല്ല, വര്‍ഗം എന്ന നിലയ്ക്കാണ് സിപിഐ(എം) പരിഗണിക്കുന്നത്. അതായത് പാര്‍ട്ടി അവരോട് പറയുന്നത് ‘നിങ്ങളൊരു ജാതിയല്ല, വര്‍ഗമാണ് ’ എന്നാണ്. നിങ്ങളൊരു ‘ജാതി മാത്രമാണ്’ എന്ന് നിരന്തരമായി അവരെ വിശ്വസിപ്പിക്കാന്‍ പരിശ്രമം നടക്കുന്നകാലത്ത് ‘നിങ്ങളൊരു വര്‍ഗ്ഗമാണ്’ എന്ന് അവരെ ബോദ്ധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്ന് പാര്‍ട്ടി കരുതുന്നു. അതിനായി അവരെ പ്രത്യേകം സംഘടിപ്പിക്കുക തന്നെ വേണം.
"ഓരോ ജാതിയിലും ഉള്‍പ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം സംഘടിപ്പിക്കുന്ന ജാതി സംഘടനകള്‍ ചെയ്യുന്നത് അവര്‍ക്ക് മാത്രമായി ഒരു പ്രത്യേക സ്വത്വം (identity) ഉണ്ട് എന്ന് വിശ്വസിപ്പിക്കുകയാണ്. അത് ജാതിയില്‍ മാത്രം ഊന്നിക്കൊണ്ടുള്ള ഒരു സങ്കല്പമാണ്. പട്ടികജാതി ജനവിഭാഗങ്ങളുടെ വര്‍ഗ്ഗപശ്ചാത്തലം അവര്‍ കാണുന്നേയില്ല. "
കേരളത്തില്‍ സിപിഐ(എം) ന്റെ അടിത്തറ പട്ടികജാതി ജനവിഭാഗങ്ങളാണ് എന്നതാണ് പരിഗണിക്കപ്പെടേണ്ട മറ്റൊരു വസ്തുത. ഇതൊരു വര്‍ഗ്ഗപരമായ അടിത്തറ തന്നെയാണ്. അതേസമയം അവരോരുത്തരും വിഭിന്ന ജാതികളില്‍ ഉള്‍പ്പെടുന്നവരുമാണ്.
ആഗോളവല്‍ക്കരണ നയങ്ങളുടെ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ, ആ നയങ്ങള്‍ക്കെതിരായി സംഘടിപ്പിക്കുക എന്നതാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. (സ്വാഭാവികമായും പട്ടികജാതി വിഭാഗങ്ങള്‍ക്ക് പുറത്തുള്ളവരും അതില്‍ ഉള്‍പ്പെടും.) എന്നാല്‍ ജാതി സംഘടനകള്‍ പരിശ്രമിക്കുന്നത്, ഈ വര്‍ഗ്ഗ ഐക്യത്തെ തകര്‍ക്കാനും വര്‍ഗ്ഗപരമായ ഉള്ളടക്കമുള്ളവരെപ്പോലും ജാതി സ്വത്വത്തില്‍ തളച്ചിടാനുമാണ്.
ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകത, അതിന്റെ ജാതി -സമുദായ കെട്ടുപാടുകളാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ അവസ്ഥ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. സിപിഐ(എം) ആഗ്രഹിക്കുന്നത് ഒരു ജാതിരഹിത സമൂഹമാണ്. കാരണം ജാതിയും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും വലിയ തോതില്‍ സമൂഹത്തെ പിറകോട്ട് വലിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്ക് ജാതിവ്യവസ്ഥ എത്രമാത്രം കാരണമായിട്ടുണ്ടെന്ന് അസന്നിഗ്ദമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഒരു നൂറ്റാണ്ട് മുന്‍പുവരെ പോലും കേരളവും ഈയൊരു പൊതുധാരയില്‍ തന്നെയായിരുന്നു. എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം തൊട്ട് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള കാലത്ത്, ജാതിയില്‍ നിന്നുയര്‍ന്ന് മനുഷ്യനാവുക എന്ന വലിയ ആശയം കേരളത്തെ സ്വാധീനിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, ചട്ടമ്പി സ്വാമികളും ഉള്‍പ്പെട്ട കേരളീയ നവോത്ഥാനമാണ് ഈ പരിവര്‍ത്തനത്തിന് തുടക്കമിട്ടത്.
ഇതിന് തുല്യമായ നിലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അത്തരം മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തിലുണ്ടായ വ്യത്യാസം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണവും അതിലൂടെ നവോത്ഥാന മൂല്യങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം ചോര്‍ന്നു പോകാതെയുള്ള അതിന്റെ വികാസവുമായിരുന്നു. ഈയൊരു രാഷ്ട്രീയ പ്രക്രിയയാണ് കേരളത്തില്‍, വിവിധ ജാതികളില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗങ്ങളെ വലിയൊരളവില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചത്.
എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ആഗോളവല്‍ക്കരണ നയങ്ങള്‍ കാര്യങ്ങളെ കുറച്ചുകൂടി ദുഷ്കരമാക്കിയതായി കാണാനാകും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ചൂഷണം ചെയ്യാന്‍ കുത്തക മുതലാളിത്തത്തിന് സമ്പൂര്‍ണ്ണമായ അവസരമൊരുക്കുകയാണ് അത് ചെയ്തത്. പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ഉയര്‍ന്നുവരാനുള്ള എല്ലാ സാദ്ധ്യതകളേയും അത് മങ്ങലേല്പിച്ചു. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖല പരിശോധിച്ചാല്‍ അതില്‍ അദ്ധ്യാപകരായ പട്ടികജാതിക്കാരുടെ എണ്ണം വിരലില്‍ എണ്ണാവുന്നതേ ഉണ്ടാകൂ എന്ന് കാണാനാകും. സ്വകാര്യ മൂലധനത്തിന് പ്രാധാന്യം ഏറിവരുന്ന എല്ലാ മേഖലകളിലും ഇത് തന്നെയാണ് അവസ്ഥ. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സ്വാഭാവിക അസംതൃപ്തിയെ ജാതിസ്വത്വബോധത്തില്‍ തളച്ചിടാനാണ് ജാതി സംഘടനകള്‍ ശ്രമിക്കുന്നത്.
"ജാതി വേണ്ട എന്ന് പറയുമ്പോള്‍ തന്നെ ജാതി സംവരണത്തെ അനുകൂലിക്കുന്നതും ഒരു വര്ഗ്ഗസംഘടന എന്ന നിലയില്‍ പട്ടികജാതി ക്ഷേമസമിതി രൂപീകരിക്കുന്നതും ജാതിയെ നിലനിര്‍ത്താനല്ല; ജാതി സ്വത്വബോധത്തില്‍ നിന്ന് വര്‍ഗ്ഗ വീക്ഷണങ്ങളിലേക്ക് ജനങ്ങളെ ഉയര്‍ത്താനാണ്."
ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തിപ്പെട്ട അതേ കാലത്താണ് ജാതി സംഘടനകളും ശക്തിപ്പെട്ടത് എന്നത് യാദൃശ്ചികമല്ല. അതായത് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ രൂപപ്പെട്ട ജാതിസംഘടനകളല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിട്ടുള്ളത് എന്നര്‍ത്ഥം. ‘ചരിത്രം രണ്ടാമത് ആവര്‍ത്തിക്കുക ദുരന്തമായിട്ടായിരിക്കും’ എന്ന മാര്‍ക്സിന്റെ പ്രസ്താവന അതിന്റെ അസാധാരണമായ പ്രവചനാത്മകത കൊണ്ട് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് ചെയ്യണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്? ആ രൂപീകരണത്തില്‍ പങ്കാളികളായ അടിസ്ഥാന ജനവിഭാഗങ്ങളെ, വ്യക്തമായ രാഷ്ട്രീയഅജണ്ടയുടെ പേരില്‍ ജാതി സംഘടനകള്‍ പകുത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നിശ്ശബ്ദമായി ഇരിക്കണമെന്നാണോ? അങ്ങിനെ ആവശ്യപ്പെടുന്നവര്‍ക്ക് അത് തുടരാവുന്നതാണ്. എന്നാല്‍ അവരുടെ അത്തരം ആവശ്യങ്ങള്‍ പിന്‍പറ്റാന്‍ വര്‍ഗ്ഗ വീക്ഷണങ്ങളുള്ള സിപിഐ(എം)ന് ഒരു ബാദ്ധ്യതയുമില്ല.
‘ജാതിയില്ല എന്നല്ലേ ഇത് വരെ നിങ്ങള്‍ പറഞ്ഞിരുന്നത്’ എന്ന് ഇപ്പോള്‍ സ്ഥിരമായി ഉന്നയിക്കപ്പെടുന്നുണ്ട്. ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ കാര്യങ്ങളെ തീരെ ലളിതവല്‍ക്കരിക്കുകയോ വളച്ചൊടിക്കുകയോ ആണ് ചെയ്യുന്നത്. ജാതിയില്ല എന്നല്ല, ജാതി വേണ്ട എന്നാണ് സിപിഐ(എം) പറയുന്നത്. ജാതിയില്ല എന്ന് പറയുന്നതും ജാതി വേണ്ട എന്നു പറയുന്നതും രണ്ടു കാര്യങ്ങളാണ്. ജാതി ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണെന്നും അത് സമൂഹത്തിന്റെ നിശ്ചലാവസ്ഥക്ക് കാരണമാകും എന്നും കണ്ടാണ് ‘ജാതിരഹിതസമൂഹം’ എന്ന ലക്ഷ്യം പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്നത്. അതാകട്ടെ പുതിയൊരു മുദ്രാവാക്യമല്ലതാനും.
സമൂഹത്തില്‍ ജാതിയുടെ സ്വാധീനമുണ്ട് എന്നും അത് ശക്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നും മനസ്സിലാക്കി അതിനെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുക എന്നത് തികച്ചും എളുപ്പമുള്ള കാര്യമല്ല. ജാതിരഹിത സമൂഹത്തിന് വേണ്ടിയുള്ള കേവലമായ ആഹ്വാനങ്ങള്‍ മാത്രം അതിന് മതിയാകില്ല. ഈയൊരു സാഹചര്യത്തിലാണ് തികച്ചും വൈരുദ്ധ്യാത്മകമായി ഈ വിഷയത്തെ സിപിഐ(എം) സമീപിക്കുന്നത്. അതായത്, ജാതി വേണ്ട എന്ന് പറയുമ്പോള്‍ തന്നെ ജാതി സംവരണത്തെ അനുകൂലിക്കുന്നതും ഒരു വര്ഗ്ഗസംഘടന എന്ന നിലയില്‍ പട്ടികജാതി ക്ഷേമസമിതി രൂപീകരിക്കുന്നതും ജാതിയെ നിലനിര്‍ത്താനല്ല; ജാതി സ്വത്വബോധത്തില്‍ നിന്ന് വര്‍ഗ്ഗ വീക്ഷണങ്ങളിലേക്ക് ജനങ്ങളെ ഉയര്‍ത്താനാണ്.
കെ. ജയദേവന്