മുസ്ലിം ലീഗിന്റെ വിലാപങ്ങൾ
മുസ്ലിം ലീഗിനെ സംഘടിതമായി ചിലർ വളഞ്ഞിട്ടാക്രമിക്കുകയാണെന്നു ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ വിലപിക്കുന്നു. ലീഗിനെതിരെ ഓരോ ദിവസവും ഓരോ കഥകൾ മെനയുകയാണ് ചിലരെന്നു പ്രമുഖ മലയാള പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇടി മുഹമ്മദ് ബഷീർ പരിതപിക്കുന്നു. പ്രധാനമായും കേരളത്തിലെ മതസൌഹാർദ്ദവും സാമുദായിക സന്തുലനവും മുസ്ലിം ലീഗ് തകർക്കുന്നു, ലീഗ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, അധികാരത്തിലിരുന്നുകൊണ്ട് ലീഗ് അനർഹമായതു വാങ്ങിക്കൂട്ടുന്നു, മുസ്ലിം ലീഗാണ് ഇപ്പോഴുള്ള യുഡിഎഫ്സർക്കാരിനെ നിയന്ത്രിക്കുന്നത്, ഭൂരിപക്ഷത്തിനു ഈ ഭരണത്തിൽ രക്ഷയില്ല എന്നിത്യാധി ആരോപണങ്ങളാണ് ലീഗിനെതിരെ വിവിധകോണുകളിൽ നിന്നു ഉയർന്നുകൊണ്ടിരിക്കുന്നതെന്നാണ് ലീഗ് പരാതിപ്പെടുന്നതു്. മാത്രമല്ല യുഡിഎഫിലെ ചിലർ തന്നെ ലീഗിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവും ലീഗ് ഉന്നയിക്കുന്നുണ്ട്.
ഇതിനു മാത്രം ലീഗ് എന്തു ചെയ്തു? ലീഗ് ഒന്നും ചെയ്തിട്ടില്ല, അനർഹമായതു പോകട്ടെ, അർഹമായത് പോലും ചെയ്തിട്ടില്ല. എന്നിട്ടും പഴി മുഴുവനും ലീഗിന്റെ തലയിൽ. അർഹതപ്പെട്ടതും അതിലേറെ അനർഹമായതും ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തി വാങ്ങിക്കൂട്ടുന്നവരാകട്ടെ ചിത്രത്തിൽ എവിടെയുമില്ലതാനും. മാത്രമല്ല ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ നേതൃസ്ഥാനത്തു് ഭരണത്തിൽ നിന്നു് അനർഹമായതു വാരിക്കൂട്ടുന്നവരുമുണ്ട് എന്നതാണ് രസകരം. എന്നാൽ അവർക്കെതിരെ വസ്തുതകൾ വിശദമാക്കിക്കൊണ്ടുള്ള മറുപടി പ്രചാരണങ്ങൾക്ക് ലീഗ് നേതൃത്വം എന്തുകൊണ്ടോ മടിക്കുന്നു.
"ജാതിയും മതവും നിരന്തരം പറഞ്ഞ് അധികാരവിലപേശൽ നടത്തുകയാണ് സമുദായ സംഘടനകൾ ചെയ്യേണ്ടതെന്ന ‘പ്രായോഗിക’ അജണ്ടയുടെ വക്താവാണ് സുകുമാരൻ നായർ . സവർണ്ണരെ തിരുവനന്തപുരം നായരെന്നും ഡൽഹി നായരെന്നും തരം തിരിച്ചു് അധികാരസ്ഥാനങ്ങൾ കൈക്കലാക്കുവാൻ വിദഗ്ദ്ധനുമാണ് ഇദ്ദേഹം."
ആരൊക്കെയാണ് ലീഗ് നേതൃത്വത്തിന്റെ തന്നെ ഭാഷയിൽ 'പാർട്ടിയെ വളഞ്ഞിട്ടാക്രമിക്കുന്ന'തെന്ന് പരിശോധിക്കേണ്ടതുണ്ട്. സമീപകാല വിവാദങ്ങൾ പരിഗണിക്കുമ്പോൾ പ്രധാനമായും എൻ എസ് എസ് – എസ് എൻ ഡി പി ഉൾപ്പെടുന്ന ജാതി സംഘടനകൾ, ബിജെപിഉൾപ്പെടുന്ന സംഘപരിവാരം, കോൺഗ്രസ്സിലെ തന്നെ ഒരു വിഭാഗം, പിന്നെ പ്രധാന പ്രതിപക്ഷമായ സിപിഎമ്മുമാണ് ലീഗിനെതിരെയുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതു്.
ഇതിൽ എൻ എസ് എസ് – എസ് എൻ ഡി പി ജാതിസംഘടനകൾ നാളിതുവരെ ലീഗുമായി സൌഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന വിഭാഗങ്ങളാണ്. അടുത്തകാലത്താണ് വെള്ളാപ്പള്ളിയും സുകുമാരൻ നായരുമടങ്ങുന്ന ഈ വിഭാഗം ലീഗിനെതിരെ തിരിയുന്നതു്.
എൻ എസ് എസ് നേതൃസ്ഥാനത്തു നാരായണപ്പണിക്കരിൽ നിന്നു സുകുമാരൻ നായരിലേക്കുള്ള വഴി ദൂരമാണ് എൻ എസ് എസ് നിലപാടുകളുടെ അടിസ്ഥാന മാറ്റങ്ങൾക്ക് പ്രചോദനമാകുന്നതു്. ജാതിയും മതവും നിരന്തരം പറഞ്ഞുകൊണ്ട് അധികാരവിലപേശൽ നടത്തുകയാണ് സമുദായ സംഘടനകൾ ചെയ്യേണ്ടതെന്ന ‘പ്രായോഗിക’ അജണ്ടയുടെ വക്താവെന്ന നിലയ്ക്കാണ് സുകുമാരൻ നായർ അറിയപ്പെടുന്നതു്. സവർണ്ണരെ തിരുവനന്തപുരം നായരെന്നും ഡൽഹി നായരെന്നും തരം തിരിച്ചു് അധികാരസ്ഥാനങ്ങൾ കൈക്കലാക്കുവാൻ വിദഗ്ദ്ധനുമാണ് സുകുമാരൻ നായർ.
അതേ സമയം വെള്ളാപ്പള്ളി നടേശൻ ഒരേ സമയം ജാതി രാഷ്ട്രീയത്തിന്റെയും ഹിന്ദുത്വ മുദ്രാവാക്യത്തിന്റെയും വക്താവാകുകവഴി രാഷ്ട്രീയ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബാൽ താക്കറെയുടെ കേരള മോഡല് ആകുവാനുള്ള ശ്രമം വെള്ളാപ്പള്ളിയിൽ നിന്നു പലതവണ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഹിന്ദുക്കൾ ചാവേറുകളാകണമെന്ന ബാൽ താക്കറെ എന്ന വർഗ്ഗീയ രാഷ്ട്രീയ നേതാവിന്റെ വർഷങ്ങള്ക്കു മുൻപുള്ള പ്രസ്താവന കേരളത്തിനു പരിചയപ്പെടുത്തിയതു വെള്ളാപ്പള്ളി നടേശനാണ്. ഈഴവ രാഷ്ട്രീയത്തേക്കാൾ സവർണ്ണരെ കൂടെ ഉൾക്കൊള്ളിച്ചുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിനുള്ള ശ്രമമാണ് അടുത്തകാലത്തായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നതു്. സംഘപരിവാർ സംഘടനകൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന പല പ്രചാരണങ്ങൾക്കും വർഗ്ഗീയ അജണ്ടകൾക്കും മുഖ്യകാർമ്മികത്വം വഹിക്കുന്നതു വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും ഇവർ നേതൃത്വം കൊടുക്കുന്ന മാദ്ധ്യമങ്ങളുമാണ്. സ്വാഭാവികമായും ലീഗിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിനു് ഈ ജാതിസംഘടനകൾ മുൻപിൽ തന്നെ ഉണ്ട്.
"ഒരേ സമയം ജാതി രാഷ്ട്രീയത്തിന്റെയും ഹിന്ദുത്വ മുദ്രാവാക്യത്തിന്റെയും വക്താവാകുകവഴി രാഷ്ട്രീയ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് വെള്ളാപ്പള്ളി. ഈഴവ രാഷ്ട്രീയത്തേക്കാൾ സവർണ്ണരെ കൂടെ ഉൾക്കൊള്ളിച്ചുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിനാണ് ശ്രമം. സംഘപരിവാറിന്റെ പ്രചാരണങ്ങൾക്കും വർഗ്ഗീയ അജണ്ടകൾക്കും മുഖ്യകാർമ്മികത്വം വഹിക്കുന്നതു വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും ഇവർ നേതൃത്വം കൊടുക്കുന്ന മാദ്ധ്യമങ്ങളുമാണ്."
സംഘപരിവാര സംഘടനകളാണ് മുസ്ലിം ലീഗിനെ ലക്ഷ്യം വച്ചുള്ള പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മറ്റൊരു പ്രധാന വിഭാഗം. അതെ, വടകരയിലും ബേപ്പൂരും പരീക്ഷിച്ച് നോക്കിയ ലീഗുൾപ്പെടുന്ന കുപ്രസിദ്ധമായ കോലീബി മുന്നണിയിലെ പ്രധാന സഖ്യകക്ഷിതന്നെ. സംഘപരിവാരത്തിനും ലീഗ് എന്ന രാഷ്ട്രീയപാർട്ടിയോടു് അടുത്തകാലം വരെ അസ്പൃശ്യത ഇല്ലായിരുന്നു. മാത്രമല്ല മുസ്ലിം ലീഗും ഇടതുപക്ഷ പാർട്ടികളും നേർക്കുനേർ മത്സര രംഗത്തു വരുമ്പോൾ പ്രധാന ശത്രുവായ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ മുസ്ലിം ലീഗ് എന്ന മിത്രത്തെ വിജയിപ്പിക്കാനാണ് സംഘപരിവാർ ആഗ്രഹിച്ചിരുന്നതു്. തിരിച്ചു വടകര ലോകസഭാ മണ്ഡലത്തിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും സംഘപരിവാർ നോമിനികളായ പൊതുസ്ഥാനാർഥികൾക്കു വേണ്ടി വോട്ടു ചോദിക്കാനും, ഡോ. മാധവൻ കുട്ടിക്കും അഡ്വ: രത്നസിംഗിനുമൊക്കെ സ്വയം വോട്ടുകുത്താനും മുസ്ലിം ലീഗിനും സന്തോഷമായിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി സംഘപരിവാരവും മുസ്ലിം ലീഗിനെതിരെ ശക്തമായ പ്രചാരണം നടത്തുന്നു. ലീഗിന്റെ ഓരോ നടപടികളും വർഗ്ഗീയവിവാദമാക്കാൻ ശ്രദ്ധിക്കുന്നു. ലീഗ് നേതാക്കളിൽ ചിലരെ വ്യക്തിപരമായി ആക്രമിക്കുന്നു. എന്തുകൊണ്ട് സംഘപരിവാരം ഇത്തരമൊരു സമീപനം സ്വീകരിച്ചു?
മലബാറിലെ മുസ്ലിം ലീഗ് രാഷ്ട്രീയ ആധിപത്യമാണ് ഇന്ത്യയിലെ പൊതുധാരയിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെങ്കിലും മുസ്ലിം സമുദായത്തിന്റെ അധികാരപ്രാപ്തിയുടെ പ്രധാനകാരണം. ഈ രാഷ്ട്രീയ ആധിപത്യം അവസാനിച്ചാൽ മാത്രമേ മുസ്ലിം സമുദായത്തിന്റെ കേരളത്തിലെ അധികാരപങ്കാളിത്തത്തിനു വിരാമമിടാൻ സാധിക്കൂ എന്നു സംഘപരിവാരം തിരിച്ചറിയുന്നു. സ്വാഭാവികമായും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സ്വാധീനത്തെ എതിർത്തില്ലാതാക്കാനും അതുവഴി മുസ്ലിം അധികാര രാഷ്ട്രീയം തന്നെ ഉന്മൂലനം ചെയ്യുവാനും സംഘപരിവാരവും മുൻ നിരയിൽ തന്നെ ഉണ്ട്.
യുഡിഎഫിലാകട്ടെ കോൺഗ്രസിലെ മുസ്ലിം നാമധാരികളായ ചില നേതാക്കളാണ് ലീഗിനെതിരെയുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതു്. മുസ്ലിം സമുദായത്തിനെതിരെയും മുസ്ലിം ലീഗിനെതിരെയും നാലുവർത്തമാനം പറഞ്ഞാലല്ലാതെ കോൺഗ്രസിനുള്ളിൽ നിലനിൽപ്പില്ല എന്ന ധാരണ വച്ചുപുലർത്തുന്നവരാണ് ഈ നേതാക്കൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യം ഉണ്ടായിട്ടും അതു മുതലെടുക്കാനാകാതെ പോയ കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ നിന്ന് വിഭിന്നമായി ലീഗ് നേടിയ മെച്ചപ്പെട്ട വിജയത്തിൽ അസഹിഷ്ണുതയുള്ളവരുമാണ് കോൺഗ്രസിലെ മുസ്ലിം നാമധാരികളായ ഈ നേതാക്കൾ. സ്വന്തം സ്ഥാനം ലീഗും ലീഗ് നേതാക്കളും കയ്യടക്കുമോ എന്ന വ്യക്തിപരമായ ആശങ്കയിൽ നിന്നു് ഉയർന്നുവരുന്ന വിരോധം. യുഡിഎഫ് എതിരാളികൾ ലീഗിനെതിരെ നടത്തുന്ന പ്രചാരണങ്ങൾക്ക് മുന്നണിക്കുള്ളിൽ ശക്തിപകരുക എന്നതാണ് ഈ നേതാക്കളുടെ നാളിതുവരെയുള്ള ദൌത്യം. പലപ്പോഴും എതിരാളികളേക്കാൾ മുന്നണിക്കുള്ളിലെ ഇത്തരം എതിർപ്പുകളാണ് ലീഗിനെ അലോസരപ്പെടുത്തുന്നതും. ഇവരിൽ പലരും ജയിച്ചു കയറുന്നതു് ലീഗ് വോട്ടുകൾ കൊണ്ടുമാണെന്നതാണ് രസകരം.
"മുസ്ലിം ലീഗിന് മലബാറിലുള്ള രാഷ്ട്രീയ ആധിപത്യമാണ് കേരളത്തിലെങ്കിലും മുസ്ലിം സമുദായത്തിന്റെ അധികാരപ്രാപ്തിയുടെ പ്രധാനകാരണം. ഈ രാഷ്ട്രീയ ആധിപത്യം അവസാനിച്ചാൽ മാത്രമേ മുസ്ലിം സമുദായത്തിന്റെ അധികാരപങ്കാളിത്തത്തിനു വിരാമമിടാൻ സാധിക്കൂ."
പാരമ്പര്യ എതിരാളികളായ സിപിഎം ആകട്ടെ അടുത്തകാലത്തായി ലീഗിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. സിപിഎം സംഘടനാതലത്തിൽ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളാണ് മുസ്ലിം ലീഗെന്നത് ഇവിടെ പ്രസക്തമാണ്. മലബാറിലെ രാഷ്ട്രീയ ആധിപത്യത്തിനു വേണ്ടി സിപിഎമ്മും ലീഗും തമ്മിലാണ് വലിയ കിടമത്സരം നടക്കുന്നതു്. ഈ മത്സരം പലപ്പോഴും സംഘർഷത്തിലും കലാശിക്കുന്നു. മാത്രമല്ല അടുത്തകാലത്തായി സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കളിലും അണികളിലും ആരോപിക്കപ്പെടുന്ന സംഘപരിവാരസ്വാധീനവും ലീഗിനെതിരെയുള്ള പ്രത്യേകലക്ഷ്യം വച്ചുള്ള ആക്രമണത്തിനു കാരണമാകുന്നുണ്ട്.
മലബാറിലെ രാഷ്ട്രീയ സംഘർഷങ്ങൾ പലപ്പോഴും വർഗ്ഗീയ സംഘർഷത്തിലേക്കു വഴിമാറിപ്പോകുന്ന സാഹചര്യത്തിൽ മുസ്ലിം സമുദായികതയുടെ നേതൃത്വം ലീഗിൽ ആരോപിക്കപ്പെടുകയും എതിര്പക്ഷത്തുള്ള സിപിഎമ്മിനെ ഹിന്ദു സാമുദായികതയുടെ പ്രതിനിധിയായി ചിലരെങ്കിലും കാണുകയും ചെയ്യും. സിപിഎമ്മുമായി പരസ്യസഖ്യത്തിനു് ആഹ്വാനം മുഴക്കാൻ സംഘപരിവാര മാദ്ധ്യമങ്ങൾ തയ്യാറാകുന്നിടത്തോളം ഈ സ്വാധീനത്തിന്റെ ആഴം ശക്തമാണ്. അതെന്തായാലും ലീഗിനെതിരെയുള്ള ആക്രമണം മുൻപെന്നത്തെക്കാളും ശക്തമാക്കി സിപിഎമ്മും സജീവമാണ്.
മുസ്ലിം ലീഗ് സമുദായത്തിനു എന്തു നൽകി?
മുസ്ലിം ലീഗ് എന്ന വടവൃക്ഷത്തെ ഇല്ലായ്മചെയ്യാൻ പലകോണിൽ നിന്നും ശ്രമം നടക്കുന്നു. ഈ വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് മുസ്ലിം ലീഗിനെ അക്രമിക്കേണ്ടതു് ആവശ്യമാണെന്നതൊഴിച്ചാൽ ഇവർ ആരോപിക്കുമ്പോലെ ലീഗ് സമുദായത്തിനു വേണ്ടി അനർഹമായതു പോകട്ടെ അർഹമായത് തന്നെ നേടിക്കൊടുത്തോ എന്ന ചോദ്യം പ്രസക്തമാണ്.
ന്യൂനപക്ഷങ്ങൾ എന്ന നിലയ്ക്കു് ഇന്ത്യൻ മുസ്ലിംകൾ നിലനില്പു ഭീഷണി നേരിടുന്ന ഘട്ടങ്ങളിൽ സമുദായത്തിന്റെ കൂടെയായിരുന്നോ മുസ്ലിം ലീഗ് നിലയുറപ്പിച്ചത്? വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കാവസ്ഥയിൽ കഴിയുന്ന ഈ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ലീഗിന്റെ അധികാരം ഉപയോഗപ്പെട്ടുവോ? ഒരു രാഷ്ട്രീയശക്തിയായി ഇനിയും വളർന്നുവരാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യൻ മുസ്ലിംകൾക്ക് ആശ്വാസമായി മുസ്ലിം ലീഗിന്റെ ശക്തിയും സ്വാധീനവും രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ചെന്നെത്തിയോ? പ്രസക്തമാണ് ഈ ചോദ്യങ്ങൾ. ഒരുപക്ഷെ മറുപടി പറയാൻ ലീഗ് ഒട്ടും താല്പര്യപ്പെടാത്ത ചോദ്യങ്ങൾ.
"യുഡിഎഫ് അധികാരത്തിലേറിയ സന്ദർഭങ്ങളിലൊക്കെ റവന്യൂവരുമാനത്തിന്റെ അൻപതുശതമാനത്തോളം വരുന്ന വകുപ്പുകൾ കൈകാര്യം ചെയ്യാനുള്ള അവസരം ലീഗിനു ലഭിച്ചു. സമുദായം ലീഗിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് വീണ്ടും വീണ്ടും ലീഗിനെ അധികാരത്തിലേറ്റിയപ്പോഴും ലീഗ് ഈ സമുദായത്തിനു ന്യായമായ എന്താണ് തിരിച്ചു നൽകിയത്?"
അൻപതുകൊല്ലത്തോളമായി മുസ്ലിം ലീഗ് കേരള രാഷ്ട്രീയത്തിൽ സജീവമാണ്. ദശാബ്ദങ്ങളായി ലീഗ് യുഡിഎഫ് എന്ന മുന്നണിയുടെ ശക്തമായ ഭാഗവുമാണ്. യുഡിഎഫ് അധികാരത്തിലേറിയ സന്ദർഭങ്ങളിലൊക്കെ റവന്യൂവരുമാനത്തിന്റെ അൻപതുശതമാനത്തോളം വരുന്ന വകുപ്പുകൾ കൈകാര്യം ചെയ്യാനുള്ള അവസരം ലീഗിനു ലഭിച്ചു. സമുദായം ലീഗിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് വീണ്ടും വീണ്ടും ലീഗിനെ അധികാരത്തിലേറ്റിയപ്പോഴും ലീഗ് ഈ സമുദായത്തിനു ന്യായമായ എന്താണ് തിരിച്ചു നൽകിയത്?
ഉദാഹരണമായി വിദ്യാഭ്യാസ വകുപ്പു തന്നെ. കേരള ഭരണത്തിൽ ഒരു കക്ഷി എന്ന നിലക്ക് വിദ്യാഭ്യാസ വകുപ്പു് ഏറ്റവും കൂടുതൽ കൈകാര്യം ചെയ്തതു മുസ്ലിം ലീഗ് ആണ്. വിദ്യാഭ്യാസ പുരോഗതിയുടെ വിഷയത്തിൽ ഇതര സമുദായങ്ങൾ വളരെ മുൻപെ തന്നെ സുരക്ഷിതമായ സ്ഥലത്തു അവരോധിക്കപ്പെട്ടിരിക്കെ ചരിത്രപരമായ കാരണങ്ങളാല് വിദ്യാഭ്യാസലബ്ധിയിൽ നിന്നു പുറകോട്ടു മാറ്റപ്പെട്ട ഈ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് എന്തു സംഭാവനയാണ് ലീഗ് നൽകിയതു? കാലിക്കറ്റ് യൂണിവേഴ്സിറ്റി അടക്കമുള്ള ഒരുപിടി സ്ഥാപനങ്ങൾ മലബാർ കേന്ദ്രീകരിച്ച് സ്ഥാപിക്കപ്പെട്ടു എന്നതൊഴിച്ചാൽ സമുദായത്തിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ പുരോഗതിയിൽ ലീഗിനേക്കാൾ പങ്കുവഹിച്ചതു് ഗൾഫിലെത്തപ്പെട്ട പ്രവാസികളായ രക്ഷാകർത്താക്കളുടെ തിരിച്ചറിവ് മാത്രമാണെന്നതു നിഷേധിക്കാനാകില്ല.
ഇന്നും പത്താം ക്ലാസ് കഴിഞ്ഞു് ഉപരിപഠനം നടത്തുവാൻ തക്കവണ്ണം ഉപരിപഠന കേന്ദ്രങ്ങളുടെ അഭാവം മലബാർ മേഖല നേരിടുന്ന വലിയ പ്രതിസന്ധിയാണ്. അതേ സമയം തന്നെ തിരുവിതാംകൂർ മേഖലയിലാകട്ടെ ഉപരിപഠനത്തിനു വിദ്യാർഥികളെ കാത്തു വിദ്യാഭ്യാസ കേന്ദ്രങ്ങൾ സുലഭമായ സാഹചര്യവും. ഇത്തരം ചെറിയ കുറവുകള് നികത്താൻ പോലും നാളിതുവരെയുള്ള ലീഗ് ഭരണത്തിൽ സാധിച്ചിട്ടില്ല.
ലീഗ് മന്ത്രിമാർ അധികാരത്തിലിരിക്കുമ്പോൾ തന്നെയാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിദ്യാർഥിനികൾ തലമറച്ചതിന്റെ പേരിൽ തുടർപഠനം നിരന്തരം നിഷേധിക്കപ്പെടുന്നതു്. ഭരണഘടന ഉറപ്പു നൽകുന്ന മൌലികാവകാശം ഉറപ്പുവരുത്താൻ പോലും ലീഗ് ഭരണംകൊണ്ട് സാധിക്കുന്നില്ല. മലബാറിൽ അനുവദിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാകട്ടെ സമുദായത്തിലെ വരേണ്യ വിഭാഗത്തിനു മാത്രം പ്രാപ്യമാകുന്ന നിലയ്ക്കാണ്. ഭൂരിഭാഗം വരുന്ന പാവപ്പെട്ടവർക്കോ ഇടത്തരക്കാർക്കോ ഈ സ്ഥാപനങ്ങളിലെ പ്രവേശനം പലപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഈ സ്ഥാപനങ്ങളിൽ പഠിക്കുന്നവരും പഠിപ്പിക്കുന്നവരിൽ ഭൂരിഭാഗവും മുസ്ലിം സമുദായവുമായി ബന്ധമില്ലാത്തവർ.
"സമുദായത്തിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ പുരോഗതിയിൽ ലീഗിനേക്കാൾ പങ്കുവഹിച്ചതു് ഗൾഫിലെത്തപ്പെട്ട പ്രവാസികളായ രക്ഷാകർത്താക്കളുടെ തിരിച്ചറിവ് മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ അവസരങ്ങള് നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗം തങ്ങളുടെ മക്കള്ക്ക് വിദ്യാഭ്യാസം ഉറപ്പാക്കി."
ചുരുക്കത്തിൽ ലീഗിന്റെ നാളിതുവരെയുള്ള വിദ്യാഭ്യാസ നേട്ടങ്ങളുടെ ബാക്കിപത്രമാണിതെല്ലാം. മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ അടുത്തകാലത്തായി കണ്ടുവരുന്ന വിദ്യാഭ്യാസ നവജാഗരണത്തിനു ലീഗ് പലപ്പോഴും അവകാശമുന്നയിക്കാറുണ്ടെങ്കിൽ മുൻപ് സൂചിപ്പിച്ചതുപോലെ അത് ലീഗിനവകാശപ്പെട്ടതല്ല, മറിച്ചു വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ അവസരങ്ങള് നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗം പിതാക്കളുടെ തിരിച്ചറിവാണ് ഇന്നു കാണുന്ന പുരോഗതിയുടെ അടിസ്ഥാനം.
ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയന് മുസ്ലിം ലീഗ്. കേരളത്തിൽ പ്രത്യേകിച്ച് മലബാറിലാണ് പാർട്ടിയുടെ സ്വാധീനമെങ്കിലും നിയമസഭയിലും ലോകസഭയിലുമൊക്കെ പ്രാതിനിധ്യത്തിനു ലീഗിനു നിരന്തരം അവസരം ലഭിക്കുന്നു. ലോകസഭയിൽ എക്കാലവും രണ്ടോളം എം പിമാർ സ്ഥിരമായി ലീഗ് പ്രതിനിധികളായി ഉണ്ടാകുന്നു.
ഇന്ത്യൻ മുസ്ലിംകൾ അസ്തിത്വപരമായ പ്രതിസന്ധികൾ നേരിടുന്ന വിവിധഘട്ടങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ സാമുദായിക പാർട്ടിയുടെ നിലപാടുകൾ എന്തൊക്കെയായിരുന്നു? ബാബറി മസ്ജിദ് വിഷയത്തിൽ, കരിനിയമങ്ങളായ ടാഡ, പോട്ട, UAPA എന്നിവയുടെ വിഷയത്തിൽ, രാജ്യത്ത് നടക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ വിഷയത്തിൽ, മുസ്ലിം ചെറുപ്പക്കാരെ അകാരണമായി അറസ്റ്റ് ചെയ്തു വിചാരണയില്ലാതെ വർഷങ്ങളോളം തടവിലിടുന്ന വിഷയത്തിൽ, ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്ന വിഷയത്തിലൊക്കെ മുസ്ലിം ലീഗ് എന്തു നിലപാട് സ്വീകരിച്ചു?
ഈ വിഷയങ്ങളിലെല്ലാം സമുദായം ഒരു വശത്തും മുസ്ലിം ലീഗിന്റെ അധികാര താല്പര്യങ്ങളും, കോൺഗ്രസ് വിധേയത്വവും മറുവശത്തുമാണ് എക്കാലവും നിലയുറപ്പിച്ചതു്. ബാബരീ വിഷയത്തിൽ ലീഗ് സ്വീകരിച്ച വഞ്ചനാപരമായ നിലപാടുകൾ ചരിത്രത്തിൽ ഇടം പിടിക്കുവാൻ യോഗ്യതയുള്ളതാണ്. രാജ്യത്ത് നിരന്തരം നടക്കുന്ന ഏറ്റുമുട്ടൽ കൊലപതകങ്ങൾക്കെതിരെ, അകാരണമായ അറസ്റ്റുകൾക്കെതിരെ ഒരു നീക്കവും ഈ പാർട്ടിയുടെ ഭാഗത്തു നിന്നു നാളിതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ഒരു ദശാബ്ദക്കാലം കോയമ്പത്തൂർ ജയിലിൽ അന്യായമായി തടവിലാക്കപ്പെട്ടിരുന്ന മദനിയുടെ അറസ്റ്റിനു പിന്നിൽ ചില ലീഗ് നേതാക്കളുടെ കരങ്ങള് പ്രവർത്തിച്ചു എന്ന ആരോപണവും ഉയർന്നുവന്നു.
"ബാബറി മസ്ജിദ് വിഷയത്തിൽ, കരിനിയമങ്ങളായ ടാഡ, പോട്ട, UAPA എന്നിവയുടെ കാര്യത്തിൽ, രാജ്യത്ത് നടക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ, മുസ്ലിം ചെറുപ്പക്കാരെ അകാരണമായി അറസ്റ്റ് ചെയ്തു വിചാരണയില്ലാതെ വർഷങ്ങളോളം തടവിലിടുന്നതിൽ, ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്നതിലൊക്കെ മുസ്ലിം ലീഗ് എന്തു നിലപാട് സ്വീകരിച്ചു?"
കേരളത്തിൽ ലീഗ് ഭരണപക്ഷത്തും പ്രതിപക്ഷത്തും നിലയുറപ്പിച്ച സന്ദർഭങ്ങളിലെല്ലാം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു മുസ്ലിം സമുദായത്തിനെതിരെ പലനീക്കങ്ങളും ഉണ്ടായി. ലീഗ് പ്രവർത്തകരടക്കം പലരെയും പൊലീസ് വെടിവച്ചു കൊന്നു. പലരെയും അകാരണമായി അറസ്റ്റ് ചെയ്തു തടവിലിട്ടു. ഈ വിഷയത്തിലൊന്നും ഒരു പ്രതിഷേധസ്വരം പോലും ലീഗിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പ്രതിഷേധിച്ചാൽ മതേതരമുഖം നഷ്ടപ്പെടുമോ എന്ന ഭയമാകാം ഒരു കാരണം. അതല്ല അധികാരത്തിലേറാൻ ഇത്തരം നിലപാടുകൾ തടസ്സമാകുമോ എന്ന ഭയമാകാം. എന്തു കാരണം കൊണ്ടായാലും രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം സാമുദായിക പാർട്ടി എന്നവകാശപ്പെടുന്ന ലീഗിനെ സംബന്ധിച്ചിടത്തോളം സമുദായം നേരിടുന്ന വെല്ലുവിളികൾക്കു നേരെ മുഖം തിരിച്ചുകൊണ്ട് അധികാര രാഷ്ട്രീയവുമായി ഒട്ടിനിൽക്കാനുള്ള പ്രവണതയാണ് എക്കാലവും കണ്ടുവരുന്നതു്.
ഇന്ത്യാ രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ വെറും നാലു ശതമാനം മാത്രമാണ് കേരളത്തിലെ മുസ്ലിം പ്രാതിനിധ്യം. തൊണ്ണൂറു ശതമാനത്തിലധികം മുസ്ലിം ജനസംഖ്യയും കേരളത്തിനു പുറത്തു, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് അധിവസിക്കുന്നതു്. മതേതര പ്രസ്ഥാനങ്ങൾ എന്നു സ്വയം പരിചയപ്പെടുത്തുന്ന എന്നാൽ പ്രായോഗികതലത്തിൽ ഒട്ടും മതേതരമല്ലാത്ത പാർട്ടികളുടെ വോട്ടുബാങ്കുകളാണ് ഈ സംസ്ഥാനങ്ങളിലെ മുസ്ലിംകൾ. കേരളത്തിലെ മുസ്ലിം ജനതയുടെ ഒരു വിഭാഗമെങ്കിലും ഗൾഫ് കുടിയേറ്റം കൊണ്ട് കുറെകൂടെ മെച്ചപ്പെട്ട സാഹചര്യത്തിൽ ജീവിക്കാൻ അവസരം ലഭിച്ചപ്പോൾ അതുപോലും നിഷേധിക്കപ്പെട്ടു സമൂഹത്തിലെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ട അവസ്ഥയിലാണ് ഈ സംസ്ഥാനങ്ങളിലെ മുസ്ലിംകൾ.
ചെരുപ്പുകുത്തികളും റിക്ഷാവലിക്കാരും അടങ്ങുന്ന, മാഫിയാ പ്രവർത്തനങ്ങളില് പെട്ടുപോകാനും എന്തിനേറെ, ജീവിക്കാൻ സ്വന്തം ശരീരം വിൽക്കാൻ പോലും നിർബന്ധിതരാകുന്ന ഒരു സമൂഹം. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഹിന്ദുത്വ ഫാസിസ്റ്റുകളുടെ നിരന്തര ആക്രമണങ്ങൾക്ക് വിധേയരാക്കപ്പെട്ട ജനത. ഒരുവേള കാലിത്തൊഴുത്തുകളേക്കാൽ മ്ലേഛമായ അന്തരീക്ഷത്തിൽ ജീവിതം തള്ളിനീക്കാൻ നിർബന്ധിതരായവർ.
"കലാപങ്ങളിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ ലീഗ് എന്നെങ്കിലും തയ്യാറായിട്ടുണ്ടോ? ഒരു നേരത്തെ ഭക്ഷണമെങ്കിലും അവർക്കു നൽകി ആശ്വസിപ്പിക്കാൻ, മാറുമറയ്ക്കാനുതകുന്ന ഒരു വസ്ത്രം നൽകി സഹായിക്കാൻ പാർട്ടി ഇക്കാലമത്രയും ശ്രമിച്ചിട്ടുണ്ടോ? ഇല്ല ഇല്ല ഇല്ല എന്നുമാത്രമെ ഉത്തരം പറയാനുണ്ടാകൂ. മാത്രമല്ല ഇവരെ സ്വന്തം പാർട്ടിക്കു കീഴിൽ സംഘടിപ്പിക്കാൻ പോലും ലീഗ് ശ്രമിച്ചിട്ടില്ല."
മുസ്ലിം ലീഗിന്റെ ഇക്കാലമത്രയുമുള്ള ചരിത്രവും പ്രവർത്തനവും വിലയിരുത്തിയാൽ ഈ സമൂഹത്തിനു വേണ്ടി പാർട്ടി എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തമാണ്. അസംഘടിതരായ, അശരണരായ, എല്ലാം നഷ്ടപ്പെട്ടതിനു തുല്യമായി ജീവിക്കുന്ന ഈ ജനതക്കു വേണ്ടി ലീഗ് നാളിതുവരെ എന്തെങ്കിലും ഒരു നീക്കം നടത്തിയിട്ടുണ്ടോ? കലാപങ്ങളിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ ലീഗ് എന്നെങ്കിലും തയ്യാറായിട്ടുണ്ടോ? ഒരു നേരത്തെ ഭക്ഷണമെങ്കിലും അവർക്കു നൽകി ആശ്വസിപ്പിക്കാൻ, മാറുമറയ്ക്കാനുതകുന്ന ഒരു വസ്ത്രം നൽകി സഹായിക്കാൻ പാർട്ടി ഇക്കാലമത്രയും ശ്രമിച്ചിട്ടുണ്ടോ? ഇല്ല ഇല്ല ഇല്ല എന്നുമാത്രമെ ഉത്തരം പറയാനുണ്ടാകൂ. മാത്രമല്ല ഇവരെ സ്വന്തം പാർട്ടിക്കു കീഴിൽ സംഘടിപ്പിക്കാൻ പോലും ലീഗ് ശ്രമിച്ചിട്ടില്ല. രാജ്യസഭയിലും, ലോകസഭയിലും നിരന്തരം പ്രതിനിധികൾ ഉണ്ടായിട്ടുകൂടി മലബാറിനു പുറത്തു, കേരളത്തിനു വെളിയിൽ പാർട്ടിക്ക് സ്വാധീനം ഉണ്ടാക്കനുള്ള ഒരു ശ്രമവും നടന്നില്ല. മാത്രമല്ല ഒരു കാലത്തു ബംഗാളില് നിലനിന്നിരുന്ന സാമാന്യം ശക്തമായ മുസ്ലിം ലീഗ് സ്വാധീനം പോലും പിന്നീട് ഇല്ലാതായ കാഴ്ചയാണ് കണ്ടതു്.
മുസ്ലിം സമുദായം ലീഗിനു അധികാരത്തിന്റെ ഭാഗമാകുവാനുള്ള ജനസമ്മതി നിരന്തരം നൽകിയപ്പോൾ തിരികെ ഈ വിഭാഗത്തിനു പാർട്ടി എന്തു നൽകി എന്നതിന്റെ ഉത്തരമാണ് ഇവിടെ വിശദീകരിക്കപ്പെട്ടതു്. എന്നിട്ടും വീണ്ടും വീണ്ടും ലീഗ് തെരഞ്ഞെടുക്കപ്പെട്ടു, അധികാരത്തിന്റെ ഭാഗമായി.
എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിനു് ഒരുത്തരമേ ഉള്ളൂ. ഈ സ്വാധീനം, കേരളത്തിലെങ്കിലും നിലനിൽക്കുന്ന അധികാരത്തിലെ പ്രാതിനിധ്യം ഇല്ലതാക്കരുതെന്ന, നിലനിന്നു കാണണമെന്ന സമുദായത്തിന്റെ പൊതു താല്പര്യമാണ് ഭിന്നതകൾ മറന്നും ലീഗിനോടുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസം അവഗണിച്ചും, ലീഗിന്റെ നാളിതുവരെയുള്ള പ്രവർത്തനപരാജയങ്ങളെ കണ്ടില്ലെന്നു നടിച്ചും വീണ്ടും വീണ്ടും ലീഗിൽ സമുദായം പ്രതീക്ഷകൾ അർപ്പിക്കുന്നതു്. സമുദായത്തിന്റെ ശത്രുക്കൾ ആഗ്രഹിക്കും തരത്തിൽ നാമമാത്രമായ ഈ ഭരണസ്വാധീനവും ഇല്ലാതാക്കാൻ സമുദായത്തിന് ആഗ്രഹമില്ലെന്ന സദുദ്ദേശ്യം.
"ലീഗ് ഒന്നും ചെയ്തില്ലെങ്കിൽ പോലും പ്രതിയോഗികളുടെ പ്രചാരണം കൊണ്ട് മുസ്ലിം ലീഗ് സമുദായത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യുന്നു, ചെയ്തുകൊണ്ടിരിക്കുന്നു എന്ന സമുദായത്തിന്റെ തെറ്റായ ധാരണയുടെ പുറത്താണ് മുസ്ലിം ലീഗ് സ്വന്തം രാഷ്ട്രീയ ഇടം സുരക്ഷിതമാക്കുന്നത്. എതിരാളികളുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ ബലത്തിൽ ലീഗ് കൂടുതൽ സുരക്ഷിതരാകുന്നു. "
ലീഗിനെ ഒറ്റപ്പെടുത്തുന്നു, വളഞ്ഞിട്ടാക്രമിക്കുന്നു, തീവ്രവാദ ബന്ധം ആരോപിക്കുന്നു എന്നൊക്കെ ലീഗ് നേതാക്കൾ പരിതപിക്കുമ്പോൾ, ഇരവേഷം അണിയുമ്പോൾ തരം കിട്ടിയാൽ ലീഗിനു് അഭിമതരായവർക്കെതിരെ ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിക്കുന്നവരെ ഇതേ ആരോപണം കൊണ്ട് വലിഞ്ഞുമുറുക്കാൻ മുസ്ലിം ലീഗ് നേതാക്കൾ മറ്റാരേക്കാൾ മുൻപെ ഉണ്ടാകുമെന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. അപ്പോൾ ലീഗിനു വേട്ടക്കാരുടെ സ്വഭാവമായിരിക്കുമെന്നു മാത്രം.
ഇന്നു ലീഗിനെ ആരോപണങ്ങൾ കൊണ്ട് വരിഞ്ഞുമുറുക്കുന്ന, അണികളെ കൊന്നു തിണ്ണമിടുക്ക് കാണിക്കുന്നവർക്കൊപ്പം നിന്നുകൊണ്ട് ലീഗിനിഷ്ടമില്ലാത്തവരെയെല്ലാം മേല്പറഞ്ഞ ലീഗിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഒന്നൊഴിയാതെ ഉന്നയിക്കാൻ ലീഗ് എക്കാലവും ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ ലീഗിനെതിരെ അക്രമണം നടത്തുന്ന ഫാസിസ്റ്റ് സംഘടനകളുമായി ലീഗ് നേതാക്കൾ ഇപ്പോഴും അടുപ്പം പുലർത്തുന്നു. സംഘപരിവാരത്തിന്റെ തീപ്പൊരി വർഗ്ഗീയ പ്രഭാഷകർക്കൊപ്പം വേദി പങ്കിടാൻ ലീഗ് നേതാക്കൾ ഔത്സുക്യം കാണിക്കുന്നു. ലീഗുമായി രാഷ്ട്രീയ വിയോജിപ്പുള്ള, ലീഗിൽ ആധിപത്യമുള്ള മതസംഘടനകളിൽ നിന്നു വ്യത്യസ്ത അഭിപ്രായം കൊണ്ടു നടക്കുന്നു എന്ന ഒരെയൊരു കാരണത്താൽ സമുദായത്തിൽ തന്നെയുള്ള ഇതര സംഘടനകളുമായുള്ള സൌഹാർദ്ദം വിലക്കുന്ന ലീഗ്, പക്ഷെ ലീഗിനെ ഇപ്പോൾ വളഞ്ഞിട്ടാക്രമിക്കുന്ന, മുസ്ലിം ലീഗ് സമം പാക്കിസ്ഥാൻ എന്ന മുദ്രാവാക്യം മുഴക്കുന്ന സംഘപരിവാരികൾക്ക് ഇന്നും പ്രിയപ്പെട്ടവരാണെന്നു വരുമ്പോൾ ലീഗ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും താല്പര്യങ്ങളും എന്തെന്നു വ്യക്തം. ഒരെ സമയം ഇരവേഷം അണിഞ്ഞ് പരിതപിക്കുക, അതേ സമയം തന്നെ വേട്ടക്കാർക്കൊപ്പം ഇരകളെ വേട്ടയാടാൻ മറ്റാരേക്കാളും ആവേശം കാണിക്കുക. മുസ്ലിം ലീഗിന്റെ ഇതപര്യന്തമായ രാഷ്ട്രീയ ശൈലിയാണിതു്.
ലീഗ് ഒന്നും ചെയ്തില്ലെങ്കിൽ പോലും പ്രതിയോഗികളുടെ പ്രചാരണം കൊണ്ട് മുസ്ലിം ലീഗ് സമുദായത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യുന്നു, ചെയ്തുകൊണ്ടിരിക്കുന്നു എന്ന സമുദായത്തിന്റെ തെറ്റായ ധാരണയുടെ പുറത്താണ് മുസ്ലിം ലീഗ് സ്വന്തം രാഷ്ട്രീയ ഇടം സുരക്ഷിതമാക്കുന്നതെന്നത് പറയാതെ വയ്യ. സമുദായത്തിനു വേണ്ടി ലീഗ് ഒന്നും ചെയ്യാതെ തന്നെ എതിരാളികളുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ ബലത്തിൽ ലീഗ് കൂടുതൽ സുരക്ഷിതരാകുന്നു. അതായതു മുസ്ലിം ലീഗിനെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന് ലീഗ് നേതാക്കൾ പറയുമ്പോൾ പോലും ആത്യന്തികമായി ഇതിന്റെ രാഷ്ട്രീയ ഗുണം മുസ്ലിം ലീഗിനു തന്നെ എന്നു വ്യക്തം.
പി കെ നൌഫൽ