കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പകുതിയായി
നിരത്തുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ എണ്ണം പകുതിയായി കുറഞ്ഞതോടെ സംസ്ഥാനം കടുത്ത ഗതാഗതപ്രതിസന്ധിയിലായി. ഡീസല്‍ക്ഷാമം രൂക്ഷമായതോടെ വെള്ളിയാഴ്ചയും സംസ്ഥാനവ്യാപകമായി നൂറു കണക്കിനു ട്രിപ്പുകളും സര്‍വീസുകളും റദ്ദാക്കി. വഴിയില്‍ കുടുങ്ങുമെന്ന ഭയത്താല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ റദ്ദാക്കി.
വെള്ളിയാഴ്ച രാവിലെ 550 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച 1500 സര്‍വീസുകളാണ് ഒഴിവാക്കിയിത്. തിരുവനന്തപുരം ജില്ലയില്‍ മലയോര സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തി. തലസ്ഥാന ഡിപ്പോയിയില്‍ നിന്നുള്ള 625 ട്രിപ്പുകള്‍ മുടങ്ങി. നാലു ദിവസത്തിനിടെ 4 കോടി വരുമാന നഷ്ടമുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മധ്യകേരളത്തിലും നൂറുകണക്കിന് സര്‍വീസുകള്‍ മുടങ്ങി. സര്‍വീസ് കഴിഞ്ഞ് ഡിപ്പോകളില്‍ എത്തുന്ന ബസുകള്‍ വര്‍ക്ക് ഷോപ്പിലേക്ക് നീക്കുകയാണ്. ഏറ്റവും കൂടുതല്‍ ശബരിമല സര്‍വീസുകള്‍ കോട്ടയം, എറണാകുളം ഡിപ്പോകളില്‍ നിന്നാണ്. മടങ്ങിയെത്തിയ ബസുകള്‍ അറ്റകുറ്റപ്പണിക്കായി മാറ്റി. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.
തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി. കര്‍ണാടകം, തമിഴ്നാട് സംസ്ഥാന സര്‍ക്കാരുകളുടെ ബസുകളാണ് യാത്രക്കാര്‍ക്ക് ആശ്രയം. സാഹചര്യം മുതലെടുത്ത് അന്തര്‍സംസ്ഥാന റൂട്ടുകളിലും മറ്റും സ്വകാര്യബസുകള്‍ വന്‍ലാഭം കൊയ്യുകയാണ്. മുന്നറിയിപ്പില്ലാതെ ബസുകള്‍ മുടങ്ങുന്നതിനാല്‍ പൊതുജനങ്ങള്‍ വഴിയില്‍ കുടുങ്ങി. പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമായില്ല. രാവിലെ ഒന്‍പതു മണിയോടെ നടത്തിയ ചര്‍ച്ചയില്‍ യൂണിയന്‍ നേതാക്കളും പങ്കെടുത്തു. ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നുമുണ്ടായില്ല. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഡീസലില്ല; വഴിയില്‍ കുടുങ്ങുമെന്ന ആശങ്കയില്‍ യാത്ര
പത്തനംതിട്ട: സമയം വ്യാഴാഴ്ച രാവിലെ 6.30. തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തിന് പോകേണ്ട ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റാന്‍ഡിലെത്തി. യാത്രക്കാരിലധികവും തലസ്ഥാന നഗരിയിലേക്ക് ടിക്കറ്റെടുത്തവര്‍. കണ്ടക്ടറും ഡ്രൈവറും പരസ്പരം എന്തോ രഹസ്യം പറയുന്നു... വണ്ടിയില്‍ ഡീസല്‍ പരിമിതം. എങ്ങനെ കൊണ്ടെത്തിക്കുമെന്നറിയാതെ കണ്ടക്ടറും ഡ്രൈവറും വിഷമിച്ചു. യാത്രക്കാരില്‍ ആര്‍ക്കോ സംഭവം പിടികിട്ടി. അവരും തങ്ങളുടെ ആശങ്ക പങ്കുവച്ചു. പിന്നെ ഓരോ ഡിപ്പോയും കയറി ഇറക്കമായി. ആരും കനിയുന്നില്ല... വണ്ടി കായംകുളവും കരുനാഗപ്പള്ളിയും പിന്നിട്ടു. ഏതു സമയവും റോഡില്‍ കിടക്കുമെന്ന അവസ്ഥ. ഒടുവില്‍ കൊല്ലത്തെത്തുമ്പോള്‍ 30 ലിറ്റര്‍. ഒന്നിനും തികയില്ല... പിന്നെ ചാത്തന്നൂരില്‍നിന്ന് 50. ഒരു പരുവത്തില്‍ തിരവനന്തപുരത്ത് എത്തിച്ചു. അവിടെ പുറത്തുനിന്നുള്ള വണ്ടികള്‍ക്ക് ഡീസല്‍ കൊടുക്കരുതെന്ന കര്‍ശന നിര്‍ദേശം. തിരികെ വരും വഴിയിലും ഇരക്കല്‍ തുടര്‍ന്നു...
ഇത് ഒരു വണ്ടിയുടെയോ ഒരു കണ്ടക്ടറുടെയോ കഥയല്ല. സ്വന്തമായി ഡീസല്‍ ശേഖരം ഇല്ലാത്ത എല്ലാ ഡിപ്പോകളിലെയും അവസ്ഥയാണിത്. ജില്ലയില്‍ തിരുവല്ല, പന്തളം, മല്ലപ്പള്ളി എന്നിവിടങ്ങളിലെ വണ്ടികള്‍ ഡീസലിന് മറ്റു ജില്ലകളിലെ ഡിപ്പോകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, അതത് ഡിപ്പോയിലെ വാഹനങ്ങള്‍ക്ക് നല്‍കിയ ശേഷമേ ഇവര്‍ക്ക് നല്‍കാറുള്ളൂ എന്ന പരാതിയുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും മറ്റു ഡിപ്പോകളിലെ ജീവനക്കാരുമായി വഴക്കടിക്കേണ്ടി വരുന്നുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍, യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോ കനിയുമെന്ന പ്രതീക്ഷയിലാണ് യാത്ര തുടരുന്നത്. തിരുവല്ലയില്‍ ഒരു ദിവസം 75 സര്‍വീസുകള്‍ക്ക് 7000 ലിറ്റര്‍ ഡീസല്‍ വേണം. പത്തനംതിട്ടയ്ക്ക് 5000 ലിറ്ററും. ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ച ജില്ലയില്‍ 42 സര്‍വീസുകളാണ് റദ്ദാക്കിയത്. പത്തനംതിട്ട ഡിപ്പോ-15, തിരുവല്ല-12, അടൂര്‍-7, മല്ലപ്പള്ളി-4, പന്തളം-4 എന്നിങ്ങനെയാണ് റദ്ദാക്കിയ സര്‍വീസുകള്‍. പ്രതിസന്ധി മൂര്‍ച്ഛിച്ചിട്ടും പ്രശ്ന പരിഹാരം കാണാതെ ബന്ധപ്പെട്ടവര്‍ ഒളിച്ചു കളിക്കുകയാണ്. പമ്പ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ബസുകള്‍ റീജണല്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപണിക്ക് കയറ്റിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും പത്തനംതിട്ട ഡിപ്പോയില്‍നിന്ന് പമ്പയ്ക്ക് സര്‍വീസ് നടത്തിയ 22 വണ്ടികളില്‍ 14 എണ്ണം ഇപ്പോഴും പത്തനംതിട്ട ഗ്യാരേജില്‍ കിടപ്പുണ്ട്. എട്ടെണ്ണം മാവേലിക്കര ഡിപ്പോയിലേക്ക് മാറ്റി. ഇത്തരം വണ്ടികളിലെ ഡീസല്‍ ഊറ്റിയാണ് ചില സര്‍വീസുകള്‍ പിടിച്ചു നിന്നത്. ഈ നില തുടര്‍ന്നാല്‍ എവിടെയെത്തുമെന്ന ആശങ്കയിലാണ് ജീവനക്കാരും നാട്ടുകാരും.
കട്ടപ്പുറത്ത് പുതിയ മോഡലുകളും
എടപ്പാള്‍: ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ച് കട്ടപ്പുറത്ത് കയറ്റിയവയില്‍ പുതിയ മോഡലിലുള്ള ബസുകളും ഉള്‍പ്പെടുന്നു. ശബരിമലയില്‍ സര്‍വീസ് നടത്തിയിരുന്ന 600 ഓളം ബസുകള്‍ ആര്‍എസ് വിഭാഗത്തില്‍പ്പെട്ട ഏറ്റവും പുതിയ വണ്ടികളാണ്. ഇത്തരം ബസുകള്‍ എടപ്പാള്‍, കോഴിക്കോട്, മാവേലിക്കര, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വര്‍ക്ക്ഷോപ്പുകളിലായി കയറ്റിയിട്ടിരിക്കയാണ്. വിവിധ ധനകാര്യകേന്ദ്രങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി ഉയര്‍ന്ന പലിശക്ക് വായ്പവാങ്ങി പണികഴിപ്പിച്ച ബസുകളാണ് കട്ടപ്പുറത്തായത്. നിര്‍മാണം പൂര്‍ത്തീകരിച്ച് ഒരു ബസ് പുറത്തിറക്കുമ്പോള്‍ 16 ലക്ഷത്തിന് മുകളില്‍ വരും. ദിനംപ്രതി 15,000 മുതല്‍ 20,000 രൂപക്ക് മുകളില്‍ കലക്ഷന്‍ കിട്ടുന്ന ബസുകളാണ് വര്‍ക്ക്ഷോപ്പുകളില്‍ കയറ്റിയിട്ടിരിക്കുന്നത്. ഇതുകാരണം സര്‍ക്കാരിന് ദിനംപ്രതി ഭീമമായ സംഖ്യയാണ് നഷ്ടംവരുന്നത്.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പറഞ്ഞത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത് വാഹനങ്ങളുടെ അറ്റക്കുറ്റപ്പണിക്കെന്നാണ്. എന്നാല്‍ കയറ്റിയിട്ട ഭൂരിഭാഗം വാഹനങ്ങളും കാലപ്പഴക്കമില്ലാത്തതും ഓടാന്‍ പാകത്തിനുള്ളതുമാണ്. എടപ്പാള്‍ റീജിണല്‍ വര്‍ക്ക്ഷോപ്പില്‍ ഇത്തരത്തില്‍ ആര്‍എസ്ഇ വിഭാഗത്തില്‍പ്പെട്ട 15 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കട്ടപ്പുറത്തായത്. സര്‍വീസ് വെട്ടിക്കുറയ്ക്കുന്നതോടെ സ്വകാര്യമേഖലക്ക് കടന്നുവരാനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയാണ് എന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പൊതുഗതാഗത രംഗത്ത് ജനങ്ങള്‍ക്ക് സേവനം നടത്തുന്ന കെഎസ്ആര്‍ടിസി ഇല്ലാതാവും.
ദീര്‍ഘകാല പദ്ധതി വേണം: കെഎസ്ആര്‍ടിഇഎ
മലപ്പുറം: കെഎസ്ആര്‍ടിസി പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കണമെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരനും ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ്ബും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി മുന്‍കൈയെടുത്ത് തൊഴിലാളി യൂണിയനുകളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സംയുക്തയോഗം വിളിക്കണം. നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു പകരം പ്രശ്നപരിഹാരമാകുംവരെ സ്വകാര്യ ഡീലര്‍മാരില്‍നിന്ന് ഡീസല്‍ വാങ്ങണം. ജനങ്ങളെ ദ്രോഹിക്കുന്ന സര്‍വീസ് റദ്ദാക്കല്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. സര്‍വീസ് നിര്‍ത്തിവയ്ക്കുമ്പോള്‍ നാലായിരത്തോളം ജീവനക്കാരുടെ തൊഴില്‍ദിനങ്ങളും നഷ്ടമാകുന്നു. പുതിയ ബസുകള്‍ ഇറങ്ങാത്തതിനാല്‍ പഴയവ തന്നെയാണ് സര്‍വീസ് നടത്തുന്നത്. ഇതുവഴി സ്പെയര്‍ പാര്‍ട്സ്-തേയ്മാന ഇനത്തില്‍ അധിക ബാധ്യത വരുന്നു. ഇത്തരം ഗുരുതര പ്രശ്നം നേരിടുമ്പോഴും ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ മാനേജ്മെന്റോ സര്‍ക്കാരോ ശ്രമിക്കാത്തത് വീഴ്ചയാണ്.
സര്‍ക്കാര്‍ ഏറ്റെടുക്കുക, ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുക, ദേശസാല്‍കൃത റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുക, പുതിയ ബസുകള്‍ വാങ്ങിക്കുക, അന്യസംസ്ഥാനങ്ങളുമായി പുതിയ കരാര്‍ ഒപ്പിടുക, പെര്‍മിറ്റില്ലാത്ത സര്‍വീസുകള്‍ തടയുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. സംസ്ഥാന ട്രഷറര്‍ എസ് വിദ്യാനന്ദകുമാര്‍, സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി വി പി അഹമ്മദ്കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സേവ് കെഎസ്ആര്‍ടിസി സിഐടിയുവിന്റെ മനുഷ്യച്ചങ്ങല 31ന്
കോട്ടയം: പെട്രോള്‍-ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുനല്‍കിയതിന്റെ ഫലമായി അടച്ചുപൂട്ടല്‍ ഭീഷണിനേരിടുന്ന കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്ന്ആവശ്യപ്പെട്ട് 31ന് വൈകിട്ട് അഞ്ചിന് കോട്ടയത്ത് സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിക്കും. മനുഷ്യചങ്ങലയില്‍ ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും ബഹുജനങ്ങളും പങ്കെടുക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.
ആറായിരത്തില്‍പ്പരം ബസുകളും 5,743 ദൈനംദിന ഷെഡ്യൂളുകളും ഉള്‍പ്പെടെ ദിവസേന 16 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന കേരളത്തിലെ പൊതുഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകളുടെ ഭാഗമായി കെഎസ്ആര്‍ടിസി തകര്‍ച്ചയുടെ വക്കിലാണ്. ഡീസല്‍ വിലവര്‍ധനയുടെ ഫലമായി ഒരു മാസത്തില്‍ 15 കോടി രൂപയുടെ അധികബാധ്യതയാണുള്ളത്. 40,000 ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും 37,000 പെന്‍ഷന്‍കാരുടെയും ജീവിതം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പ്രതികരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് ഇക്കാര്യത്തില്‍ അവരുടെ നിലപാടാണ് കാണിക്കുന്നത്. ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്.
സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഫലമായി പൊതുജനങ്ങളുടെ യാത്രാക്ലേശവും രൂക്ഷമായി. കെഎസ്ആര്‍ടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 31ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ എല്ലാ വിഭാഗം തൊഴിലാളികളും ജീവനക്കാരും ബഹുജനങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് വി എന്‍ വാസവനും സെക്രട്ടറി ടി ആര്‍ രഘുനാഥനും അഭ്യര്‍ഥിച്ചു.
deshabhimani
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ