ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 26, ശനിയാഴ്‌ച

ചിന്തന്‍ ശിബിരത്തിലെ ചില സാഹസിക കൃത്യങ്ങള്‍


ചിന്തന്‍ ശിബിരത്തിലെ ചില സാഹസിക കൃത്യങ്ങള്‍

ഓര്‍ത്തുചിരിക്കാന്‍ ഒട്ടേറെ തമാശകള്‍ ബാക്കിയാക്കി കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ സമാപിച്ചു. ചിന്തന്‍ ശിബിര്‍ എന്നാണ് പേരെങ്കിലും ആര്, ആര്‍ക്ക് വേണ്ടിയാണ് ചിന്തിച്ചതെന്ന സംശയം മാത്രം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. എന്തായാലും രാജ്യത്തിനും ജനത്തിനും വേണ്ടി ആരും ഒന്നും അവിടെ ചിന്തിച്ചില്ലെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസില്‍ കുടുംബാധിപത്യം അരക്കിട്ടുറപ്പിച്ച് രാഹുല്‍ഗാന്ധിയുടെ അരിയിട്ട് വാഴ്ചയാണ് ചിന്തന്‍ ശിബിറിന്റെ ബാക്കിപത്രം. എന്നാല്‍ കേരളത്തില്‍ പൊതുവെ ശ്രദ്ധിക്കപ്പെട്ടത് ചിന്തന്‍ ശിബിറില്‍ രമേശ് ചെന്നിത്തലയും വയലാര്‍ രവിയും നടത്തിയതായി പറയപ്പെടുന്ന പ്രസംഗമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് മാനുഷികമുഖമില്ലെന്ന വിമര്‍ശനം ചിന്തന്‍ശിബിറില്‍ രമേശ് ചെന്നിത്തലയും വയലാര്‍ രവിയും നടത്തിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചിന്തന്‍ ശിബിറിലെ ചര്‍ച്ചകള്‍ നടക്കുന്ന വേദിയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചതായി അറിയില്ല. ചര്‍ച്ചകളില്‍ നിന്നും പുറത്തുവന്നത് ചെന്നിത്തലയും വയലാര്‍ രവിയും പറഞ്ഞത് മാത്രമാണ് താനും. ചിന്തന്‍ ശിബിരത്തിലെ തങ്ങളുടെ ധീരസാഹസിക കൃത്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത് അവര്‍ തന്നെയാണെന്ന് ഇതില്‍ നിന്നും ഊഹിക്കാം!

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നു മാത്രമല്ല ഈ നയങ്ങളുടെ സൃഷ്ടാക്കളും വക്താക്കളും കോണ്‍ഗ്രസാണ്. ആ നയങ്ങള്‍ 1990 കളില്‍ രാജ്യത്ത് അവതരിപ്പിക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയിരുന്ന നരസിംഹ റാവുവും അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗും ചേര്‍ന്നാണ്. 
അന്ന് മുതല്‍ ഇന്ന് വരെ ആ നയങ്ങള്‍ക്കായി ശക്തമായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നവ ഉദാരീകരണ സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയ കാലത്ത് പാര്‍ലമെന്റംഗമായിരുന്നു രമേശ് ചെന്നിത്തല. മാത്രമല്ല അതിന് ശേഷം അദ്ദേഹം എ ഐ സി സി യുടെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്നു. ഈ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ കെടുതികള്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും മേല്‍ ദുരിതങ്ങളുടെ തീമഴ വര്‍ഷിച്ച ഇക്കാലയളവിലൊന്നും രമേശ് ചെന്നിത്തല പ്രതികരിച്ചതായി ആരും കേട്ടില്ല. കേരളത്തില്‍ ചെന്നിത്തലയുടെ പാര്‍ട്ടി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നതും ഈ നയങ്ങള്‍ തന്നെ. ഇതിന്റെ ഭാഗമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. ഡീസലിന്റെ വിലനിയന്ത്രണം കൂടി എടുത്തുകളഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി.യും തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു. ചെറുകിട വ്യാപാരമേഖലയിലേക്ക് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ നയവും കൂടുതല്‍ ദുരിതം സൃഷ്ടിക്കുക കേരളത്തിലാണ്. വൈദ്യുതി മേഖലയും, കുടിവെള്ള മേഖലയും സ്വകാര്യവല്‍ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം. ഈ നയങ്ങള്‍ കേരളത്തെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോഴും രമേശ് ചെന്നിത്തല പ്രതികരിച്ചതായി ആരും കേട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്ക് മനുഷ്യമുഖം വേണമെന്ന് രമേശ് ചെന്നിത്തല വാദിച്ചതായി ഇതുവരം നാം കേട്ടിട്ടുമില്ല.

വയലാര്‍ രവിയാണെങ്കില്‍ ഈ നയം നടപ്പാക്കുന്ന സര്‍ക്കാരിന്റെ ഭാഗം കൂടിയാണ്. സാമ്പത്തിക പരിഷ്‌ക്കരണനയങ്ങള്‍ക്ക് മനുഷ്യമുഖം വേണമെന്ന് അദ്ദേഹം ആദ്യം ആവശ്യപ്പെടേണ്ടത് മന്ത്രിസഭായോഗത്തിലല്ലേ? അവിടെ കണ്ണും ചെവിയും പൂട്ടി വിധേയനായിരിക്കുന്ന വയലാര്‍ രവി പുറത്തുവന്ന് ഈ നയങ്ങള്‍ക്ക് താന്‍ എതിരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ചെന്നിത്തലയും വയലാര്‍ രവിയുമെല്ലാം കോണ്‍ഗ്രസിലെ 'തൊമ്മി'മാരാണ്. പട്ടേലര്‍മാര്‍  സോണിയയും രാഹുലും അവരെ നിയന്ത്രിക്കുന്ന  കോര്‍പ്പറേറ്റ് മുതലാളിമാരുമാണ്.
സ്വന്തം പാര്‍ട്ടിയുടെ ഒരു വൈസ് പ്രസിഡന്റിനെപ്പോലും നിശ്ചയിക്കാന്‍ അവകാശമില്ലാത്ത ഈ 'തൊമ്മി'മാര്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് വിശ്വസിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരാണോ കേരള ജനത. വയലാര്‍ രവിയും ചെന്നിത്തലയും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചിന്തന്‍ ശിബറില്‍ നടത്തിയ ധീരകൃത്യം മലയാള മനോരമയെപ്പോലെ ചില മാധ്യമങ്ങളെ ചിലപ്പോള്‍ പുളകമണിയിച്ചിരിക്കും. പക്ഷേ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ പൊള്ളത്തരം തിരിച്ചറിയാനാകും. 'ദീപസ്തംഭം മഹാശ്ചര്യം' എന്ന് ചിന്തിക്കുന്നവരുടെ ഒരു കസര്‍ത്തായി ജനം ഇത് കാണുക തന്നെ ചെയ്യും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ