ഭരണം കൊള്ളില്ല: കെപിസിസി
സംസ്ഥാനഭരണത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ ഗ്രൂപ്പുഭേദമെന്യേ അതിരൂക്ഷവിമര്‍ശമുയര്‍ന്നു. ഭരണം കൊള്ളില്ലെന്ന പൊതുവികാരമാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു ഭരണത്തിനെതിരായ വിമര്‍ശമുയര്‍ന്നത്. ജനദ്രോഹനയങ്ങള്‍ തുടര്‍ന്നാല്‍, എന്തിന് യുഡിഎഫിന് വോട്ടുചെയ്യണമെന്ന് ജനങ്ങള്‍ ചിന്തിച്ചുപോകുമെന്ന് കെ ശിവദാസന്‍നായര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. സൂപ്പര്‍മാര്‍ക്കറ്റില്‍ കൂടുതല്‍ സാധനം വാങ്ങുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയാണ് പതിവ്. എന്നാല്‍, കൂടുതല്‍ ഡീസല്‍ വാങ്ങുന്ന കെഎസ്ആര്‍ടിസിക്ക് ശിക്ഷ എന്നതാണ് കേന്ദ്രത്തിന്റെ നയം. ഇതെങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
ഖജനാവിന്റെ സാമ്പത്തികസുരക്ഷിതത്വത്തിനുവേണ്ടി ജനങ്ങളെ എതിരാക്കുകയാണ്. സംസ്ഥാനഭരണം മറ്റു ചിലര്‍ക്ക് കൈമാറാന്‍ അച്ചാരം വാങ്ങിയ ചിലരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്നു തോന്നുന്നു- ശിവദാസന്‍നായര്‍ പറഞ്ഞു. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ്, നഷ്ടത്തിലാണെങ്കിലും ചില റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ ഇത്തരം സര്‍വീസുകള്‍ പിന്‍വലിക്കുന്നത് അവസാനിപ്പിക്കണമെന്നും കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു. പൊലീസ് നിയമനങ്ങള്‍ പരിശോധിക്കണമെന്ന് എം എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സംസാരം സ്നേഹത്തിലാണെങ്കിലും നടപടി അങ്ങനെയല്ലെന്ന് രവി പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിന് ദോഷമേറെയുണ്ടായിരുന്നെങ്കിലും പൊതുവിതരണസമ്പ്രദായം കാര്യക്ഷമമായിരുന്നുവെന്ന് എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. എന്നാല്‍, ഇന്ന് വിലക്കയറ്റം രൂക്ഷവും പൊതുവിതരണസമ്പ്രദായം തകര്‍ച്ചയിലുമാണെന്നത് മുഖ്യമന്ത്രി കാണണം.
എല്‍ഡിഎഫ് ഭരണകാലത്ത് കാര്യക്ഷമമായിരുന്ന സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണവും ഏറെ സ്ഥലങ്ങളില്‍ നിലച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം എന്നാണ് പേരെങ്കിലും ഘടകകക്ഷികളുടെ ആധിപത്യമാണ് നടക്കുന്നതെന്ന് കെ പി അനില്‍കുമാര്‍ പരാതിപ്പെട്ടു. കോടതി നിയമനങ്ങളിലടക്കം കോണ്‍ഗ്രസ് തഴയപ്പെട്ടു. ഭരണത്തിനെതിരായ അഭിപ്രായങ്ങള്‍ക്കു പുറമെ, കോണ്‍ഗ്രസും സംസ്ഥാനത്ത് നിശ്ചലമാണെന്നും ഭരണത്തെ നിയന്ത്രിക്കാന്‍ പാര്‍ടിക്ക് കഴിയുന്നില്ലെന്നുമുള്ള വിമര്‍ശങ്ങളും ഉയര്‍ന്നു. കെഎസ്ആര്‍ടിസിയെ സേവനമേഖലയായി പരിഗണിച്ച് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ടിയെ സുശക്തമാക്കുമെന്നും വാര്‍ഡ്തലത്തിലടക്കം പുനഃസംഘടനയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഭരണവും പാര്‍ടിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കെപിസിസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 28ന് ചേരാന്‍ തീരുമാനിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ