ബ്ലോഗ് ആര്‍ക്കൈവ്

2013, ജനുവരി 31, വ്യാഴാഴ്‌ച

എളമരം കരീമിന് സ്വീകരണം നല്‍കും


എളമരം കരീമിന് സ്വീകരണം നല്‍കും
Posted on: 29-Jan-2013 11:41 PM
കോഴിക്കോട്: സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എളമരം കരീം എംഎല്‍എക്ക് വെള്ളിയാഴ്ച കോഴിക്കോട്ട് സ്വീകരണം നല്‍കും. സിഐടിയു ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ വൈകിട്ട് അഞ്ചരയ്ക്ക് മുതലക്കുളത്താണ് സ്വീകരണം. കരീം മന്ത്രിയായിരിക്കെ സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ സംരക്ഷണത്തിനും പുരോഗതിക്കും നല്ല സംഭാവന നല്‍കി. ജില്ലയിലെ വ്യവസായമേഖലക്ക് ഉണര്‍വേകുന്ന പദ്ധതികളും നടപ്പാക്കി. സ്വീകരണത്തില്‍ തൊഴിലാളിയൂണിയന്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

മതനിരപേക്ഷ ഇടമില്ലെങ്കില്‍ രാജ്യംവിടും: കമല്‍ഹാസന്‍


മതനിരപേക്ഷ ഇടമില്ലെങ്കില്‍ രാജ്യംവിടും: കമല്‍ഹാസന്‍


ചെന്നൈ: ഇന്ത്യയില്‍ മതനിരപേക്ഷ ഇടം കണ്ടെത്താനായില്ലെങ്കില്‍ രാജ്യത്തു നിന്ന് പലായനം ചെയ്യേണ്ടിവരുമെന്ന് സൂപ്പര്‍താരം കമല്‍ഹാസന്റെ മുന്നറിയിപ്പ്. "മതനിരപേക്ഷ സമൂഹത്തില്‍ ജീവിക്കാനാണ് താല്‍പര്യം. എന്നെ പുറത്താക്കാനാണ് തമിഴ്നാടിന്റെ ശ്രമം. തമിഴ്നാട് ഒഴികെ കേരളം മുതല്‍ കശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ ജീവിക്കാന്‍ മതനിരപേക്ഷ ഇടം കണ്ടെത്താനായില്ലെങ്കില്‍ രാജ്യം വിടേണ്ടിവരും. എം എഫ് ഹുസൈന്‍ അതു ചെയ്തു. ഇനി കമല്‍ഹാസനും അതുവേണ്ടിവരും.

"വിശ്വരൂപം" മതതീവ്രവാദികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളോട്,സ്വന്തം വീട്ടില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ കമലിന്റെ വാര്‍ത്താസമ്മേളനത്തോടെ സിനിമക്ക് എതിരെ രംഗത്തുള്ള നിരവധി മുസ്ലീം മതനേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചു. ചര്‍ച്ചയില്‍ ഇവര്‍ നിര്‍ദേശിച്ച ചില രംഗങ്ങള്‍ ഒഴിവാക്കാന്‍ കമല്‍ തയാറായി. ചിത്രം വീണ്ടും എഡിറ്റ് ചെയ്ത് ഇറക്കുന്നതോടെ എല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്ന് കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.തൊട്ടു പിന്നാലെ സിനിമ വീണ്ടും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

ചെന്നൈയിലും മറ്റും സ്വന്തമായുള്ളതെല്ലാം പണയം വച്ചാണ് സിനിമ നിര്‍മ്മിച്ചതെന്ന് കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റേയും കോടതിയുടേയും ഇടപെടല്‍ മൂലം സിനിമയുടെ റിലീസ് അനന്തമായി നീളുകയാണെങ്കില്‍ സ്വന്തം വീട് അടക്കം എല്ലാം നഷ്ടമാകും. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ നടത്തിയ പ്രദര്‍ശനങ്ങള്‍ പൊലീസ് നിര്‍ത്തിവയ്പ്പിച്ചു. മുസ്ലീം സഹോദരങ്ങള്‍ക്ക് ഒപ്പം താനും രാഷ്ട്രീയക്കളിയുടെ ഭാഗമായി മാറി. ആരാണിതിനു പിന്നിലെന്ന് ആറിയില്ല. ഏതെങ്കിലും ഒരു പക്ഷത്തോട് പ്രത്യേക ചായ്വില്ലാതെയാണ് ഇത്രനാളും പ്രവര്‍ത്തിച്ചത്. സിനിമ നിരോധിച്ചത് എന്തുകൊണ്ടാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും ഒന്നിലും യുക്തിയില്ല. കോടതിയില്‍ കയറി ഇറങ്ങിയിട്ടും നീതി ലഭിച്ചില്ല- വികാരനിര്‍ഭരമായ വാക്കുകളില്‍ കമല്‍ പറഞ്ഞു.