പിയേഴ്സം വേണുതം നീലകണ്ഠം
എനിക്കും കിട്ടണം അപ്പുക്കുട്ടം
രഞ്ജിത്ത് ശ്രീധര്‍
ലോകത്തുള്ള സകല വിഷയങ്ങളും അറിയുന്ന ആരെങ്കിലുമുണ്ടോ? നമ്മുടെ ന്യൂസ്ചാനല്‍ കാരുടെ അന്വേഷണം ആ വഴിക്കാണ്. അവര്‍ സ്റുഡിയോയുടെ അടുത്തുള്ളവരായാല്‍ വളരെ നല്ലത്. അങ്ങനെ ചില ജീവികള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന് നികേഷ്, വീണ, വേണു, പ്രമോദ്, ഷാനി... തുടങ്ങിയ ന്യൂസ് ചാനല്‍ വിദഗ്ധര്‍ രേഖപ്പെടുത്തുന്നു. ചുക്കുമുതല്‍ ചുണ്ണാമ്പുവരെ ഇവരുടെ കൈയ്യില്‍ ഭദ്രം. ആരൊക്കെ എന്തൊക്കെ ചിന്തിക്കുന്നു, തീരുമാനിക്കാന്‍ പോകുന്നു എന്നതൊക്കെ ഇവര്‍ പ്രഖ്യാപിച്ച് കളയും. അത്രയ്ക്ക് വിദ്വാന്‍മാരാണ്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമൊക്കെയുള്ള പ്രേതാത്മാക്കളെക്കൊണ്ട് വലിയ ശല്യമില്ല, എന്തെങ്കിലും കൊടുത്താല്‍ അവമ്മാരു പൊയ്ക്കോളും. ഇല്ലെങ്കില്‍ വല്ല ഒഴിവ് കഴിവ് പറഞ്ഞാലും രക്ഷയുണ്ട്. അവര്‍ അനുസരിക്കും. പറ്റിക്കാതിരുന്നാ മതി. വേറൊരു കൂട്ടര്‍ ഇപ്പോള്‍ രംഗത്തുണ്ട്. അമ്പമ്പോ!...കടുപ്പക്കാരാണ്. എന്തുകൊടുത്താലും പോവില്ല. പിടിച്ചാല്‍ പിടിച്ചതാണ്. കൊണ്ടേ പോവൂ. ഇല്ലങ്കില്‍ ഞങ്ങളിതാ പോവുന്നേ എന്ന് വരുത്തും. ഇവരെ നിങ്ങള്‍ക്ക് പരിചയമുണ്ടാവും. നിങ്ങള്‍ ന്യൂസ് ചാനലുകള്‍ കാണുന്നവരാണെങ്കില്‍ ഇവരെ പരിചയമില്ലാതിരിക്കാന്‍ ഒരു ന്യായവുമില്ല. കേരളം അവസാനിക്കുന്നത് വരെ പ്രതികരിക്കുന്നതിനുള്ള ക്വട്ടേഷന്‍ ലഭിച്ചിരിക്കുന്നത് ഇക്കൂട്ടര്‍ക്കാണ്. ചാനലില്‍ ചര്‍ച്ചക്ക് വിളിച്ചില്ലെങ്കില്‍, വിളിച്ചിട്ട് യാത്രാപ്പടി കുറഞ്ഞ് പോയെങ്കില്‍ ഉത്തരാധുനികതയില്‍ അല്‍പ്പം ഇടതു തീവ്രത ചാലിച്ച് പാരിസ്ഥികമായി ഇടതുചാടി വലത് പൊക്കി ഒരു പ്രയോഗമുണ്ട്. അങ്ങനെ ചെയ്താല്‍ ചാനലുകളുടെ ടാം റേറ്റ് കുറയും എന്നാണ് പണ്ട് പെണ്ണായി എഴുതുകയും ഇപ്പോള്‍ നരച്ച താടി തടവി ചിരിച്ച് ആണാണെന്ന് പറയുകയും ചെയ്യുന്ന പ്രതികരണത്തില്‍ ഡോക്ടറേറ്റെടുത്ത വക്കിലെശമാനന്‍ പഠിപ്പിച്ചുള്ളത്.
|
ഇനിയും പക്ക പ്രകാശത്തോട് ചോദിച്ചോണ്ടിരുന്നാല്‍ കാണുന്നവന്‍ മറ്റേതെങ്കിലും ചാനലിലേക്ക് പോകും എന്ന തിരിച്ചറിവില്‍ ചാനലിലെ വാര്‍ത്താ വിതരണ മന്ത്രി ചാത്തന്‍മാരെപോലുള്ള പ്രതികരണാത്മാക്കളെ വിളിക്കുന്നു. ‘ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പിയേഴ്സം ഇവിടെ സ്റുഡിയോയില്‍ ഉണ്ട്. അപ്പുക്കാട്ടം കോഴിക്കോട് സ്റുഡിയോവിലും കെ വേണുതം തിരുവനന്തപുരം സ്റുഡിയോവിലും എത്തിയിട്ടുണ്ട്. നീലക്ണ്ഠം ടെലിഫോണ്‍ ലൈനില്‍ (ആശാന്‍ മൊബൈലില്‍ റേഞ്ച് പിടിച്ച് തെങ്ങിന്‍ മണ്ടയില്‍ കയറി റെഡിയായിരിക്കയാണ്. നല്ല ഫോട്ടോ പ്രതികരണ സമയത്ത് കൊടുക്കണം എന്ന് ചാനലുകാരോട് നേരത്തെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്) നമ്മളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.’ മന്ത്രി നവരസത്തിനപ്പുറമുള്ള ഒരു രസത്തില്‍ ‘പിയേഴ്സം കാള പ്രസവിക്കുമോ?’ സ്ഥായിയായ പുച്ഛഭാവത്തില്‍ അരക്കഴഞ്ച് ധാര്‍ഷ്ഠ്യം ചേര്‍ത്ത് ആറാമത്തെ കട്ടയില്‍ ശ്രുതിയൊപ്പിച്ച് പിയേഴ്സം അടി തുടങ്ങി 'അസംഭാവ്യമെന്ന് നമ്മള്‍ കരുതുന്നത് സംഭവിക്കുമ്പോള്‍ അവിശ്വസനീയത തോന്നുക സ്വാഭാവികമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മനുഷ്യനോട് തീവണ്ടിയെ കുറിച്ച് പറഞ്ഞാല്‍ വിശ്വസിക്കുമായിരുന്നോ?....’
|
നമ്മുടെ കഥാപാത്രങ്ങള്‍ക്ക് പണത്തില്‍ വലിയ താല്‍പ്പര്യമില്ല എന്നാണ് പൊതുവില്‍ പറയുന്നത്. ലേശം പ്രശസ്തി. അതായാല്‍ തരക്കേടില്ല. ചാത്തസേവ പോലെയാണ്. എവിടെയാണെങ്കിലും വിളിച്ചാ വിളിപ്പുറത്തെത്തും. രാത്രി ഏഴ് മണിയടിച്ചാല്‍ കുളിച്ച് കുട്ടപ്പനായി സ്റുഡിയോകളുടെ അടുത്തും ഒരു രക്ഷയുമില്ലെങ്കില്‍ മൊബൈല്‍ഫോണില്‍ റേഞ്ച് കിട്ടുന്ന വല്ല തെങ്ങിന്റെ മണ്ടയിലും ഇരിപ്പുറപ്പിക്കും. പിന്നെ ചാത്തന്റെ വിളയാട്ടമാണ്. എള്ള്, പൂവ്, അവല്, മലര്... അതിലൊന്നും ചാത്തന്മാര് അടങ്ങില്ല. ആടിത്തിമിര്‍ക്കും. കുട്ടിച്ചാത്തന്മാര്‍ കുറവാണ്. മൂത്ത ചാത്തന്മാരാണ് അധികം. അഹങ്കാരം കൂടുന്നതിനനുസരിച്ച് വിവരം കുറച്ച് ചാത്തന്മാര്‍ ബാലന്‍സ് സൂക്ഷിക്കാറുണ്ട്.
പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തവരാണ് പ്രതികരണാത്മാക്കളിലേറെയും. അത്രയും നേരം ശല്യമൊഴിവാകുമല്ലൊ എന്നു കരുതി വീട്ടുകാരും ഇവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. നാട്ടിലും ഉപദ്രവം കുറയും. അല്ലെങ്കില്‍ ബോധവല്‍ക്കരണമെന്നെല്ലാം പറഞ്ഞ് ഏതെങ്കിലും മൈക്കിന്റെ മുന്നില്‍ തൂങ്ങിക്കിടക്കും. പുലര്‍ച്ചെ കോഴി കൂകിയാലേ പിടിവിടൂ. ഇത്തരം ജീവികളെ പല സ്ഥലത്തും കാണാം. വീട്ടില്‍ അത്യാവശ്യം കഞ്ഞി കുടിക്കാന്‍ വകയുള്ളതുകൊണ്ട് സൌകര്യമായി ജനത്തെ ഉദ്ധരിക്കാം. അരിക്കുള്ള വക അന്വേഷിച്ച് പോകേണ്ട. ചിന്തിക്കുന്ന മട്ടിലിരുന്ന് വിദഗ്ധാഭിപ്രായം പറഞ്ഞ് ശേഷിക്കുന്ന കാലം സുഖമായി കഴിച്ചുകൂട്ടാം. ‘പ്രശസ്ത ചിന്തകന്‍, പ്രശസ്ത രാഷ്ട്രീയ ചിന്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, രാഷ്ട്രീയ വിമര്‍ശകന്‍’എന്നെല്ലാമുള്ള വിശേഷണങ്ങള്‍ ചാനലുകാരന്റെ മനംപോലെ സൌജന്യമായി കിട്ടുകയും ചെയ്യും. അതോടെ കണ്‍ഫ്യൂഷ്യസ്, സോക്രട്ടീസ് എന്നിവരില്‍ തുടങ്ങി അഡോര്‍ണോ, ബാര്‍ത്തെസ്, സാര്‍ത്ര് വഴി സ്ളാവോജ് സിസെക്ക് വരെയുള്ള വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന മട്ടില്‍ ഞെളിഞ്ഞിരിക്കുന്നത് കാണാം.
തങ്ങളുടെ 916 ഹാള്‍മാര്‍ക്ക് മുദ്ര മാഞ്ഞുപോവാതിരിക്കാനായി മാതൃഭൂമി, മനോരമ, മാധ്യമം എന്നീ പത്രങ്ങളിലും അവരുടെ വാരികകളിലും കോളവും നീട്ടിവലിച്ചുള്ള ആധുനികോത്തരാധുനികോത്തര ലേഖന മണിപ്രവാളങ്ങളും കാലുപിടിച്ചാണേലും ഇടക്കിടെ പ്രസിദ്ധീകരിപ്പിക്കും. ചാനലുകളില്‍ രാവിലെ പത്രവും മാസികയും വായിക്കുന്ന സിംഗങ്ങള്‍ ഇവരുടെ പംക്തിയും കോളവും ലേഖനവും പേര് നീട്ടി വായിക്കണമെന്ന് അലിഖിത നിയമവുമുണ്ട്. അങ്ങനെയൊക്കെയാണ് ചാനലില്‍ റേറ്റ് ഉണ്ടാക്കുന്നത്. എന്തായാലും ഈ വര്‍ഗം ഇപ്പോള്‍ പ്രധാനമായും കുടികൊള്ളുന്നത് ചാനലുകളിലെ ഒമ്പത് മണി വിപ്ളവത്തിലാണ്. 'ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിനായി നീലകണ്ഠം തിരുവനന്തപുരത്ത് സ്റുഡിയോവിലും കണ്ണൂരില്‍ ഉമേഷ്വവും കോഴിക്കോട് അപ്പുക്കാട്ടവും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് പറഞ്ഞ് കൊണ്ട് ചാനലിലെ വാര്‍ത്താപ്രക്ഷേപണ മന്ത്രി എറണാകുളത്തെ സ്റുഡിയോവില്‍ തന്റെ മുന്നിലിരിക്കുന്ന പെണ്ണും ആണും ആവുന്ന വക്കീലെശമാനനോടൊ, പിയേഴ്സത്തോടൊ ചര്‍ച്ച തുടങ്ങും. വിഷയാസക്തരുടെ നേരിട്ടും ടെലിഫോണ്‍ ലൈനിലുമുള്ള കടന്നുവരവോടെ രംഗം കൊഴുക്കും. വിപ്ളവം നടക്കും.
എന്തൊക്കെ പറഞ്ഞാലും പ്രതികരണാത്മാക്കളുടെ സേവന സന്നദ്ധതയെ കാണാതെ പോവരുത്. രാപ്പകലില്ലാതെ അവര്‍ സേവിക്കയാണ്. ഏതു പാതിരാത്രിക്കു ചെന്നു വിളിച്ചാലും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ അവര്‍ വരും. സാംസ്കാരിക രംഗത്തെ ആംബുലന്‍സ് സര്‍വീസ് പോലെയാണ് ഈ ജീവിതങ്ങള്‍. ഇരുപത്തിനാലു മണിക്കൂറും റെഡി. എന്തൊരു ത്യാഗികള്‍! അന്യജീവനുതകീ സ്വജീവിതം 'ധന’മാക്കുന്ന വിവേകികള്‍. പ്രതികരണാത്മാക്കള്‍ ഇല്ലെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി? കണ്ണിമ വെട്ടാതെ കാവല്‍ നില്‍ക്കുകയല്ലെ അവര്‍? അരുതാത്തത് എന്തു കണ്ടാലും '..ബൌബൌ..’ എന്ന് കുരക്കുന്ന കാവല്‍നായയുടെ ശൌര്യത്തോടെ നമ്മളെ ഉണര്‍ത്താന്‍ ഇവരല്ലാതെ ആരുണ്ട്? മറ്റുള്ളവര്‍ക്കു വേണ്ടി ഒരിക്കലും വാലാട്ടാത്ത ധിക്കാരികള്‍! എന്നാല്‍ സ്വന്തം കാര്യത്തിന് ആരുടെ മുന്നിലും അഭിമാനത്തോടെ വാലാട്ടുന്നവര്‍!!
വാര്‍ധക്യംകൊണ്ട് വാലു മുറിഞ്ഞുപോയവരും മറ്റുള്ളവര്‍ വാലു മുറിച്ചു കളഞ്ഞവരും ലക്ഷ്യം തെറ്റി വാലാട്ടിയവരും വാല്‍ പ്രവര്‍ത്തനക്ഷമമല്ലാത്തവരും കൂട്ടത്തിലുണ്ട്. ഇതൊന്നും അയോഗ്യതകളല്ല, യോഗ്യതകള്‍ തന്നെ! ഇവര്‍ പറഞ്ഞുതരുന്ന അറിവുകള്‍ നിസ്സാരമാണോ? എന്തൊരു വിജ്ഞാനവിസ്ഫോടനം! എന്തൊരു ഉദാത്ത ചിന്ത! എന്തൊരു അവഗാഹം!
കഴിഞ്ഞ ദിവസം ചാനല്‍ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കൊണ്ടുവന്നു. രാത്രി എട്ടരയായപ്പോള്‍ ആ ചാനലില്‍ മാത്രം ബ്രേക്കിംഗ് ന്യൂസ്. മിന്നി മിന്നി സ്ക്രോളുകള്‍. വിശദാംശം ഒമ്പത്മണി വിപ്ളവത്തിലെന്ന് പരസ്യവാര്‍ത്ത. അത് മനസ്സാക്ഷിയെ പൊള്ളിക്കുന്ന വാര്‍ത്തയായിരുന്നു. ഒരു നൂറ്റാണ്ടിനിടയ്ക്ക് സമൂഹം കണ്ട ഏറ്റവും പ്രതിബദ്ധതയുള്ള വാര്‍ത്ത. ചാനലിലെ വാര്‍ത്താ വിതരണ മന്ത്രി അന്നത്തെ വാര്‍ത്താ രാഗം വിസ്തരിച്ചു. രാഗം പന്തുവഉരുളി. 'ഇന്നത്തെ പ്രധാന വാര്‍ത്ത. പെങ്ങാമൂഴിയില്‍ കാള പ്രസവിച്ചു. ഞങ്ങളുടെ ചാനലിന് മാത്രമാണ് ഈ പ്രസവം ലോകത്തെ അറിയിക്കാന്‍ കഴിഞ്ഞത്. ഇത് ഞങ്ങളുടെ മാത്രം വാര്‍ത്തയാണ്. ഞങ്ങള്‍ക്കുവേണ്ടി മാത്രം പ്രസവിച്ച കാളയാണ്. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ അവിടെയെങ്ങാനുമുണ്ട്. പക്ക പ്രകാശം പറയൂ.., എന്തൊക്കെയാണ് അവിടെ വിശേഷങ്ങള്‍ ?’
പക്ക പ്രകാശം പേറെടുത്ത ആധികാരികതയോടെ, ശൌര്യത്തോടെ ക്യാമറയിലൂടെ ചാനലിലേക്ക് പ്രേക്ഷകരിലേക്ക് വന്നു. 'ഒരു കാളയ്ക്കുണ്ടായ വിശേഷമാണ് പ്രധാന വിശേഷം. രാവിലെ ഏഴുമണിയോടെയാണ് കാള പ്രസവലക്ഷണം കാണിച്ചു തുടങ്ങിയത്. അടുത്ത മൃഗാശുപത്രിയിലേക്ക് ഉടന്‍ തന്നെ കാളയെ പ്രവേശിപ്പിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാര്‍ കാളയെ പരിശോധിച്ചു. സിസേറിയന്‍ വേണ്ടിവരുമെന്നാണ് ആദ്യഘട്ടത്തില്‍ തോന്നിയിരുന്നത്. എന്നാല്‍ പെട്ടെന്ന് ആ പ്രതിസന്ധി മാറുകയും കാള എല്ലാവരെയും അത്ഭുതപ്പെടുത്തി സ്വാഭാവികമായി പ്രസവിക്കുകയുമാണ് ഉണ്ടായത്. ഒമ്പതേമുക്കാലോടെയാണ് പ്രസവമുണ്ടായത്. കാളയും കുട്ടിയും സുഖമായിരിക്കുന്നതായാണ് നമുക്കു കിട്ടുന്ന വിവരം.’
വാര്‍ത്താ വിതരണ മന്ത്രി ഒന്ന് ഞെളിഞ്ഞിരുന്ന് അടുത്ത അമ്പെയ്തു. 'പക്ക പ്രകാശം. കാളയെയും കാളകുഞ്ഞിനെയും നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞോ? എന്താണ് സ്ഥിതി?’
പക്ക പ്രകാശം കണ്ണ് അമര്‍ത്തി തിരുമ്മുന്നു. കണ്ടു എന്ന ഞെട്ടല്‍ മുഖത്ത് വരുത്തി വല്ലാത്തൊരുഭാവത്തോടെ ‘കാളയെയും കുഞ്ഞിനെയും തെളിമയോടെ കാണാന്‍ കഴിഞ്ഞിട്ടില്ല. (ഇതിന് തെളിമയില്ലാതെ കണ്ടു എന്ന അര്‍ത്ഥമില്ല) കൃത്യം പതിനൊന്നു മണിയോടെ കാളയെയും കുഞ്ഞിനെയും പൊതുപ്രദര്‍ശനത്തിന് വെക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സ്ഥലത്തേക്ക് നമ്മുടെ ചാനല്‍ സംഘത്തിന് മാത്രമേ കടന്നെത്താന്‍ കഴിഞ്ഞിട്ടുള്ളു എന്നതും പ്രേക്ഷകരുടെ അറിവിലേക്ക് കൊണ്ടുവരുന്നു. ’
മന്ത്രി വല്ലാത്ത ജിജ്ഞാസ ഉണര്‍ത്തുന്ന ആകുലഭാവം മുഖത്തണിഞ്ഞ് ചോദിക്കുന്നു. 'കാളക്ക് ഗര്‍ഭമുണ്ടായിരുന്നതിനെക്കുറിച്ച് എന്ത് വിശ്വസനീയമായ തെളിവാണ് നമ്മുടെ കൈയിലുള്ളത്?'
പക്ക പ്രകാശം തന്റെ വിജ്ഞാനം പുറത്തെടുത്ത് മറുപടി കൊഴുപ്പിക്കുന്നു. 'കാളയുടെ ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷയാണ് പ്രധാനമായും നമുക്ക് എടുത്തുപറയാനുള്ളത്. കാളക്ക് പൊതുവെ ഉണ്ടാവേണ്ട ഊര്‍ജസ്വലത നഷ്ടപ്പെടുകയും ഗര്‍ഭാലസ്യം കാണിക്കുകയും ചെയ്തതായി നമ്മുടെ കൈയില്‍ തെളിവുകളുണ്ട്. ഈ സമയത്ത് കാള പച്ചമാങ്ങ, പുളി എന്നിവയോട് അമിതമായ ആസക്തി കാണിച്ചിരുന്നു എന്നതിനും ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.’
ഇനിയും പക്ക പ്രകാശത്തോട് ചോദിച്ചോണ്ടിരുന്നാല്‍ കാണുന്നവന്‍ മറ്റേതെങ്കിലും ചാനലിലേക്ക് പോകും എന്ന തിരിച്ചറിവില്‍ വാര്‍ത്താ വിതരണ മന്ത്രി ചാത്തന്‍മാരെപോലുള്ള പ്രതികരണാത്മാക്കളെ വിളിക്കുന്നു. ‘ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പിയേഴ്സം ഇവിടെ സ്റുഡിയോയില്‍ ഉണ്ട്. അപ്പുക്കാട്ടം കോഴിക്കോട് സ്റുഡിയോവിലും കെ വേണുതം തിരുവനന്തപുരം സ്റുഡിയോവിലും എത്തിയിട്ടുണ്ട്. നീലക്ണ്ഠം ടെലിഫോണ്‍ ലൈനില്‍ (ആശാന്‍ മൊബൈലില്‍ റേഞ്ച് പിടിച്ച് തെങ്ങിന്‍ മണ്ടയില്‍ കയറി റെഡിയായിരിക്കയാണ്. നല്ല ഫോട്ടോ പ്രതികരണ സമയത്ത് കൊടുക്കണം എന്ന് ചാനലുകാരോട് നേരത്തെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്) നമ്മളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.’
മന്ത്രി നവരസത്തിനപ്പുറമുള്ള ഒരു രസത്തില്‍ ‘പിയേഴ്സം കാള പ്രസവിക്കുമോ?’
സ്ഥായിയായ പുച്ഛഭാവത്തില്‍ അരക്കഴഞ്ച് ധാര്‍ഷ്ഠ്യം ചേര്‍ത്ത് ആറാമത്തെ കട്ടയില്‍ ശ്രുതിയൊപ്പിച്ച് പിയേഴ്സം അടി തുടങ്ങി 'അസംഭാവ്യമെന്ന് നമ്മള്‍ കരുതുന്നത് സംഭവിക്കുമ്പോള്‍ അവിശ്വസനീയത തോന്നുക സ്വാഭാവികമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മനുഷ്യനോട് തീവണ്ടിയെ കുറിച്ച് പറഞ്ഞാല്‍ വിശ്വസിക്കുമായിരുന്നോ? മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ? പരമ്പരാഗതമായ വിശ്വാസങ്ങളുടെ തടവില്‍ കിടക്കുകയാണ് മനുഷ്യന്‍. അതിനപ്പുറത്ത് എന്ത് സംഭവിച്ചാലും അവന് വിശ്വസിക്കാന്‍ മടിയുണ്ടാവും. കാരണം അവന്‍ അവന്റെ വിശ്വാസത്തിനകത്ത് സുരക്ഷിതനാണെന്നുള്ളതാണ്. ഇത്തരം ഒരു പാരമ്പര്യ വാദം നമ്മുടെ സമൂഹത്തിനകത്ത് ശക്തമാണ്. കാള പ്രസവിക്കില്ല എന്നത് നമ്മുടെ ഒരു പരമ്പരാഗതമായ വിശ്വാസം മാത്രമാണ്. പക്ഷേ നാം ജീവിക്കുന്ന സമൂഹം അടിമുടി മാറിക്കൊണ്ടിരിക്കുകയാണെന്നും മാമൂലുകള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും നാം കാണാതെ പോകരുത്. അതുകൊണ്ട് കാള പ്രസവിക്കുക എന്നത് അസംഭാവ്യമോ അത്ഭുതമോ ആയി കാണേണ്ടതില്ല. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമൂഹത്തെ വല്ലാതെ മാറ്റിമറിച്ച ഇക്കാലത്ത് കാള പ്രസവിച്ചു എന്ന് പറഞ്ഞാല്‍ ഞെട്ടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം..’ വിജയശ്രീലാളിതന്റെ ചിരി ചുണ്ടിലേക്ക് വരുത്തുന്നു.
മന്ത്രി പ്രത്യേക ഭാവത്തില്‍ തലയാട്ടിക്കൊണ്ട് അടുത്തയാളിലേക്ക് പോകുന്നു. '..ഇതില്‍ ജീവശാസ്ത്രപരമായ പ്രശ്നങ്ങളില്ലേ, അപ്പുക്കുട്ടം..?’
ചര്‍ച്ച തുടങ്ങുമ്പോള്‍ ആദ്യം പരിഗണിക്കാത്തതിന്റെ അസ്വസ്ഥത മുഖത്ത് ഒളിപ്പിച്ച് അപ്പുക്കുട്ടം മറുപടി പറയുന്നു 'തീര്‍ച്ചയായും ജീവശാസ്ത്രപരമായ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇവിടെ വളരെ പ്രധാനപ്പെട്ട കാര്യമുണ്ട്. അത് ജീവശാസ്ത്രപരമായ പ്രശ്നങ്ങളെ നാം എങ്ങനെ സമീപിക്കുന്നു എന്നുള്ളതാണ്. അത് മനുഷ്യന്റെ കണ്ണിലൂടെ തന്നെ കാണൂ എന്ന നമ്മുടെ അഹങ്കാരമാണ്. നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക് നമ്മുടെ കണ്ണിലൂടെ കാണാം. എന്നാല്‍ ഒരു കാളയുടെ പ്രശ്നം നമ്മുടെ കണ്ണിലൂടെ മാത്രമേ കാണൂ എന്ന് പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്?
വാര്‍ത്താമന്ത്രി ഇടയില്‍ കയറി വേണുതത്തെ പിടിക്കുന്നു ‘വേണുതം ഇത്തരത്തിലുള്ള പ്രസവങ്ങള്‍ പ്രത്യശാസ്ത്ര പ്രതിസന്ധിയിലൂടെ ഉരുത്തിരിഞ്ഞ് വരുന്ന ഒരു വ്യതിയാനമല്ലെ?’
ലോകം കണ്ട് പിടിച്ചത് ഞാനാണ് എനിക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങളൊക്കെ വെറും പുല്ലാണ് എന്ന് ഭാവത്തില്‍ കുറച്ച് ലാളിത്യഭാവം കൂടി ചേര്‍ത്ത് വേണുതം ചര്‍ച്ചയില്‍ ചേരുന്നു. ‘നിലവിലുള്ള പ്രത്യശാസ്ത്രം ജീര്‍ണിക്കുമ്പോള്‍ ആണ് ബീജങ്ങള്‍ മുളപൊട്ടുന്നത്. ഇത് പണ്ട് (നാലഞ്ച് പേരുകള്‍) ഇവരൊക്കെ പറഞ്ഞ് വെച്ചതാണ്. നമ്മള്‍ ഒന്നുകൂടി മനസിലാക്കണം. കാളയുടെ പ്രശ്നങ്ങള്‍ നമ്മള്‍ നോക്കിക്കാണേണ്ടത് കാളക്കണ്ണിലൂടെയാണ്. കാള പ്രസവിക്കരുത് എന്നുള്ളത് മനുഷ്യന്റെ ഒരു വൃത്തികെട്ട ശാഠ്യമാണ്. ഒരു കാളയും അങ്ങനെ മനുഷ്യന്റെ നേര്‍ക്ക് നിര്‍ബന്ധം പിടിച്ചതായി അറിയില്ല.’
മലബാര്‍ ഗോള്‍ഡിന്റെ പരസ്യം കാണിക്കേണ്ട സമയമായെന്ന് അപ്പോഴാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രിയോട് ക്യാമറയ്ക്ക് മുന്നില്‍ വന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ കഥകളി കാണിക്കുന്നത്. പക്ഷെ നീലകണ്ഠം തെങ്ങിന്റെ മണ്ടയില്‍ കയറി റേഞ്ചുമായി നില്‍പ്പുണ്ട്. ഇഷ്ടനെ പരിഗണിച്ചില്ലെങ്കില്‍ വെറുതെ ഒരു പിണക്കാമാവും. മന്ത്രി ചുരുക്കിയെടുക്കാന്‍ തുടങ്ങി. 'ശരിയാണ്..അപ്പോള്‍ കാള പെറ്റെന്ന് കേട്ട് കയറെടുക്കരുതെന്ന് പറയുന്ന പഴഞ്ചൊല്ല് ഇതോടെ അപ്രസക്തമാവുകയാണ്, അല്ലെ? നീലകണ്ഠം?
‘..ഹ..ഹ...ഹ ..ഹ..ഹ..ഹ.. അതെ. എനിക്കിവിടെ റേഞ്ച് കിട്ടുന്നില്ല. ഞാന്‍ മൂന്നാം ലോക രാജ്യങ്ങളിലെ പരിസ്ഥിതി പ്രതിസന്ധികളെ കുറിച്ച് പഠിക്കുന്ന ഒരു വിദേശ പ്രതിനിധി സംഘത്തിന്റെ കൂടെ തേങ്ങ്മണ്ട്യയിലാണുള്ളത്. എങ്കിലും താങ്കള്‍ ചോദിച്ച ചോദ്യം പ്രസക്തമായതുകൊണ്ട് മറുപടി പറയാതിരിക്കാന്‍ വയ്യ. പല പഴഞ്ചൊല്ലുകളും കാലഹരണപ്പെടുകയാണ്. ഇനി പുതിയ പഴഞ്ചൊല്ലുകളെയാണ് ആവശ്യം.’ (ഫോണിന്റെ കീഴെയുള്ള ദ്വാരത്തിലേക്ക് ശക്തിയായി മൂന്ന് പ്രാവശ്യം ഊതി ഫോണ്‍ കട്ട് ചെയ്യുന്നു)
പ്രേക്ഷകര്‍ അസ്വസ്ഥതയുളള എന്തൊക്കെയോ ശബ്ദവും ഫോണ്‍ കട്ടാവുമ്പോഴുള്ള ബീപ്പ് ശബ്ദവും കേള്‍ക്കുന്നു. വാര്‍ത്താ വിതരണ മന്ത്രി നിസംഗഭാവം എടുത്തണിയുന്നു ‘നീലകണ്ഠവുമായുള്ള ടെലിഫോണ്‍ ബന്ധത്തില്‍ തകരാറ് വന്നു. ഇപ്പോള്‍ നമുക്ക് ഒരിടവേളയിലേക്ക് പോകാം.’
വാര്‍ത്തകള്‍ ഇങ്ങനെ തുടരുകയാണ്. പ്രതികരണാത്മാക്കളും മിടുക്കോടെ തുടരുന്നു. യഥാര്‍ത്ഥത്തില്‍ ഈ വാര്‍ത്തയില്‍ കാളയായിരുന്നില്ല, കാളിയായിരുന്നു പ്രസവിച്ചത്!
ഇത് അറിഞ്ഞഭാവം പോലും നടിക്കാതെ ചാനല്‍ അടുത്ത വേട്ടക്കിറങ്ങുകയാണ്. പ്രതികരണാത്മാക്കള്‍ അടുത്ത ചാനലില്‍ ചാടിക്കയറി. ഗ്വാട്ടിമാലയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അഭിപ്രായം പറഞ്ഞു തുടങ്ങി. ഒരേ സമയം പല ചാനലില്‍ കയറി പ്രതികരണാത്മാക്കള്‍ ചിലപ്പോള്‍ കാണികളെ അത്ഭുതപരതന്ത്രരാക്കിക്കളയും. പാലമരത്തില്‍ യക്ഷി കയറുന്ന പോലെയാണ് പ്രതികരണാത്മാക്കള്‍ ചാനലില്‍ ചാടിക്കയറുന്നത്. മുടിയില്‍ കറുത്ത ചായവും തേച്ച്, മുഖത്ത് പൌഡറും പൂശി അന്തിയാവുമ്പോള്‍ ഇറങ്ങി നില്‍ക്കും. തൊട്ടുകൂട്ടാന്‍ ഒരു ചിരിയും. ഏതെങ്കിലും ചാനലുകാരന്‍ വിളിച്ചുകൊണ്ടു പോവും. വൈദ്യശാലയില്‍ അരിഷ്ടം കുപ്പിയിലാക്കി വെച്ചിരിക്കുന്ന പോലെയാണ് ചാനലുകാര്‍ പ്രതികരണാത്മാക്കളെ സൂക്ഷിച്ചിരിക്കുന്നത്. എല്ലാ അസുഖത്തിനും ഒരേ അരിഷ്ടമല്ല. വായുവിന് ജീരകാരിഷ്ടം, ഊര്‍ജത്തിന് ദശമൂലാരിഷ്ടം. അതുപോലെ ഓരോ വിഷയത്തിനും പ്രത്യേകം പ്രതികരണാത്മക അരിഷ്ടങ്ങളുണ്ട്. വിഷയമനുസരിച്ച് ചാനലുകാര്‍ അരിഷ്ടമെടുക്കും. ബാലചികില്‍സക്കാരനെ വിഷ ചികില്‍സക്ക് വിളിക്കില്ലല്ലോ. പക്ഷെ, കുപ്പിയുടെ ലേബലില്‍ മാത്രമേ വ്യത്യാസമുള്ളു. ഉള്ളില്‍ വിഷം തന്നെ.
എന്നാല്‍ ചില പ്രതികരണാത്മാക്കള്‍ നാട്ടുമ്പുറത്തെ പലചരക്കുകട പോലെയാണ്. എന്തുചോദിച്ചാലും ഇത്തിരി കിട്ടും. എല്ലാ സാധനങ്ങളും ഒന്നൊന്നരക്കിലോ അവര്‍ മേടിച്ചു വച്ചിട്ടുണ്ടാവും. അത്യാവശ്യക്കാരെ നിരാശപ്പെടുത്തരുതല്ലൊ. അതുപോലെ അത്യാവശ്യത്തിന് ഓടിവരുന്ന ചാനലുകാരെ നിരാശപ്പെടുത്താതിരിക്കാന്‍ എല്ലാം ഇത്തിരി കരുതിവച്ചിരിക്കുന്ന പ്രതികരണാത്മാക്കളുണ്ട്. മനസ്സുകൊണ്ട് പോലും നമ്മള്‍ അവരെ പരിഹസിക്കരുത്. നമ്മെ നേര്‍വഴിക്ക് നടത്താന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നവരാണ് അവര്‍. ധര്‍മസംസ്ഥാപനത്തിന് അവതാരരൂപം പ്രാപിച്ച് ഇറങ്ങി വരുന്ന പരംപൊരുളുകള്‍. ദര്‍ഭ വിരിച്ച്, അര്‍ഘ്യം നല്‍കി അവരെ സ്വീകരിച്ചാലും. പഞ്ചാക്ഷരീ മന്ത്രങ്ങള്‍ ജപിച്ച് പ്രതികരണാത്മാകളെ സ്തുതിച്ചാലും. വിജ്ഞാനത്തിന്റെ കമണ്ഡലുവുമായി ജനമനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ തീര്‍ഥയാത്രക്കിറങ്ങുന്ന ദേവര്‍ഷിമാരാണ് അവര്‍. സത്യം കണ്ടെത്താന്‍ ചാനലുകളില്‍ ഉഗ്രതപസ്സനുഷ്ഠിക്കുന്നവര്‍. പി സി ജോര്‍ജ്ജ് ഈ ചാനലുകളുടെ ഐശ്വര്യം .
കടപ്പാട് : എം എം പൗലോസ് (ദേശാഭിമാനി)