ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

ഐസ്ക്രീം കേസ് അട്ടിമറി: കൂടുതല്‍ തെളിവ് പുറത്ത്


ഐസ്ക്രീം കേസ് അട്ടിമറി: കൂടുതല്‍ തെളിവ് പുറത്ത്
സ്വന്തം ലേഖകന്‍
Posted on: 08-Feb-2013 12:11 AM
തിരു: ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ നടന്ന നീക്കങ്ങളുടെ കൂടുതല്‍ തെളിവ് പുറത്ത്. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ലഭിച്ച കേസ് ഡയറിയുടെ പകര്‍പ്പിലാണ് അട്ടിമറിയുടെ തെളിവുകള്‍. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്ന ഇരകളുടെ വെളിപ്പെടുത്തലും കേസ് ഡയറിയിലുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ പണം ലഭിച്ചതായി ഇരകളായ ബിന്ദുവും റോസ്ലിനും റജുലയും മൊഴിയില്‍ പറയുന്നു. റൗഫ് വഴിയാണ് കുഞ്ഞാലിക്കുട്ടി പണം നല്‍കിയത്. നാലുലക്ഷം രൂപ ഈ ഇനത്തില്‍ കൈപ്പറ്റിയതായി റോസ്ലിന്‍ മൊഴിനല്‍കിയിട്ടുണ്ട്. റൗഫിന്റെ വെളിപ്പെടുത്തലിനുശേഷവും കുഞ്ഞാലിക്കുട്ടിയെ കണ്ടിരുന്നു. പണവും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴി മാറ്റിയതെന്നും വെളിപ്പെടുത്തിയതായി കേസ് ഡയറി വ്യക്തമാക്കുന്നു. മുസ്ലിംലീഗ് നേതാവ് ചേളാരി ഷെറീഫ് ഭീഷണിപ്പെടുത്തിയതായും മൊഴികളിലുണ്ട്. സത്യം പുറത്തുപറയാന്‍ കഴിയാത്തതിനാല്‍ കടുത്ത മാനസികസംഘര്‍ഷമുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥരോട് ഇരകള്‍ പറഞ്ഞു. 1997ല്‍ സത്യം വെളിപ്പെടുത്തിയിരുന്നതായും ബിന്ദു മൊഴി നല്‍കി. ഇരകളായ പെണ്‍കുട്ടികള്‍ക്ക് റൗഫ് പണം നല്‍കുന്നത് കണ്ടിട്ടുണ്ടെന്നും താന്‍ നേരിട്ട് പണം നല്‍കിയിട്ടുണ്ടെന്നും റൗഫിന്റെ ഡ്രൈവറുടെ മൊഴിയിലുണ്ട്. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി സാക്ഷികളെ പണം കൊടുത്ത് സ്വാധീനിച്ചെന്ന് ബന്ധു കെ എ റൗഫ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് 2011ലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം റെജീനയ്ക്കും മറ്റൊരു സാക്ഷിക്കും പണം നല്‍കിയെന്നും സാക്ഷികളെ കോടതിയില്‍ കൊണ്ടുവരുംമുമ്പ് ഒരു വീട്ടിലെത്തിച്ച് കോടതിയില്‍ പറയാനുള്ളത് പരിശീലിപ്പിച്ചതായും റൗഫ് പരസ്യമായി പറഞ്ഞിരുന്നു. ഇക്കാര്യമെല്ലാം ഇരകളുടെ മൊഴിയിലുണ്ട്. എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പുനരന്വേഷണം നടത്തിയത്. കേസില്‍ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തല്‍. ഐസ്ക്രീം കേസ് എഴുതിത്തള്ളണമെന്ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. രണ്ടായിരത്തോളം പേജുള്ളതാണ് കേസ് ഡയറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ