ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

കതകടച്ച് വീട്ടിലിരിക്കാന്‍ മനസില്ല കെ കെ ശൈലജ


കതകടച്ച് വീട്ടിലിരിക്കാന്‍ മനസില്ല
കെ കെ ശൈലജ
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സ്ത്രീ, കതകടച്ച് വീട്ടിലിരിക്കുകയല്ല, സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കുകയാണ് വേണ്ടത്. പൊതു ഇടങ്ങളില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ലൈംഗിക അക്രമികളെയും മദ്യപാനികളെയും നിയന്ത്രിക്കാന്‍ പൊതുസ്ഥലങ്ങളില്‍ പൊലീസ് ഉണ്ടാകണം. സൈബര്‍ നിയമങ്ങള്‍ ശക്തമാക്കണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്ത കുറ്റമായി കണക്കാക്കണം. അതിവേഗ കോടതിയിലൂടെ കേസില്‍ തീര്‍പ്പുകല്‍പ്പിക്കണം. മുതലാളിത്തഫ്യൂഡല്‍ സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണം. പൊതുസമൂഹം ഈ കാഴ്ചപ്പാടിനൊത്ത് ഉയരുമ്പോള്‍ മാത്രമേ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ മനുഷ്യസമൂഹത്തിന്റെ അന്തസ്സുറ്റ നിലനില്‍പ്പ് സാധ്യമാകൂ.
സ്ത്രീസമൂഹത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ പിന്തിരിപ്പന്‍ കാഴ്ച്ചപ്പാടാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നതിന് കാരണം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ അഭിപ്രായപ്രകടനമായി പുറത്തുവന്നത് ഭരണവര്‍ഗ കാഴ്ചപ്പാട് തന്നെയാണ്. വിവാഹ സമയത്ത് ഉണ്ടാക്കുന്ന കരാര്‍ അനുസരിച്ച് സ്ത്രീ പുരുഷന്റെ അടിമയാണെന്നാണ് ഭഗവത് ഭംഗ്യന്തരേണ സൂചിപ്പിച്ചത്. സ്ത്രീ വീട്ടിനകത്തുതന്നെ കഴിയണമെന്നും സദാ പുരുഷനെ തൃപ്തിപ്പെടുത്തണമെന്നും അങ്ങനെ കഴിയാത്തപക്ഷം അവളെ ഉപേക്ഷിക്കാനുള്ള അധികാരം പുരുഷനുണ്ടെന്നും ഭഗവത് പറയുന്നു. സമ്പത്ത് ശേഖരിക്കാനും കൈകാര്യം ചെയ്യാനുമുള്ള അധികാരം പുരുഷനാണെന്നുകൂടി സൂചിപ്പിക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. ഉപേക്ഷിക്കപ്പെട്ട സ്ത്രീ തെരുവു മൃഗങ്ങളോടൊപ്പം അലയുകയോ ആത്മഹത്യ ചെയ്യുകയോ എന്തുവേണമെങ്കിലും ആകാം. എത്ര ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ് ഈ കാഴ്ചപ്പാട്. എന്നിട്ടും സ്ത്രീവിരുദ്ധ പ്രഖ്യാപനം നടത്തിയ ഭഗവതിനെതിരെ ഒരു നടപടിയുമില്ല. പ്രസ്താവനയെ വ്യാഖ്യാനിച്ച് വെള്ളപൂശാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനയോട് ചേര്‍ന്ന് നില്‍ക്കുന്ന കല്‍പ്പനകള്‍ ജമാ അത്തെ ഇസ്ളാമിയും പുറപ്പെടുവിച്ചു. അവരും ശ്രമിക്കുന്നത് സ്ത്രീത്വത്തിന് കൂച്ചുവിലങ്ങിടുവാനാണ്. സോളിഡാരിറ്റി പോലുള്ള അവരുടെ പോഷകസംഘടനകള്‍ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങളുടെ പൊള്ളത്തരങ്ങള്‍ ജമാ അത്തെ ഇസ്ളാമിയുടെ ഈ കുറിപ്പടിയില്‍ കൂടി വെളിച്ചത്ത് വന്നു. സ്ത്രീകള്‍ക്ക് നേരെ മതത്തിന്റെ കറുത്ത പര്‍ദ്ദയുമായി ഓടിയടുക്കുന്ന ഇത്തരം സംഘടനകളില്‍ നിന്ന് ഒരിക്കലും സ്ത്രീപദവി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കില്ല.
സ്വാതന്ത്യ്രത്തിന്റെ നീണ്ട 65 വര്‍ഷങ്ങള്‍ക്കുശേഷവും പിന്തിരിപ്പന്‍ ആശയങ്ങളെ നിയമപരമായി നേരിടുന്നതിനും കീഴ്പ്പെടുത്തുന്നതിനും കോണ്‍ഗ്രസ് ഭരണാധികാരികളും ശ്രമിച്ചിട്ടില്ല. പകരം വോട്ടുബാങ്കുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ അങ്ങേയറ്റം പ്രതിലോമകരമായ ആശയങ്ങളെ നിലനിര്‍ത്തുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഉടന്തടിച്ചാട്ടം (സതി) പോലുള്ള ദുരാചാരങ്ങള്‍ നിയന്ത്രിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കു തോന്നിയ സാമൂഹ്യമര്യാദപോലും സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് ഉണ്ടായില്ല എന്നതാണ് നമ്മെ അതിശയിപ്പിക്കുന്നത്. ജാതി പഞ്ചായത്തും (ഖാപ്) ദുരഭിമാനഹത്യയുമെല്ലാം കൂടുതല്‍ ശക്തമായി നിലനില്‍ക്കുന്നു.
ഇന്ത്യന്‍ ഭരണാധികാരികള്‍ ഒരേ സമയം മുതലാളിത്ത ഉപഭോഗാര്‍ത്തിക്കും ഫ്യൂഡല്‍ അനാചാരങ്ങള്‍ക്കും കാവല്‍ നില്‍ക്കുകയാണ്. ഭരണകൂടം എത്രമാത്രം നിഷ്ക്രിയവും സ്ത്രീവിരുദ്ധവുമാണെന്ന് ഡല്‍ഹി സംഭവം ഓര്‍മിപ്പിക്കുന്നു. ഭീകരവാദികള്‍ക്കും മറ്റ് അക്രമികള്‍ക്കുമെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടുന്ന തലസ്ഥാന നഗരിയിലാണ് ഓടിക്കൊണ്ടിരുന്ന ബസിനകത്തുവച്ച് ഒരു മണിക്കൂറിലേറെ ഒരു പെണ്‍കുട്ടി പൈശാചികമായി ആക്രമിക്കപ്പെട്ടത്. ഭരണവര്‍ഗ നയങ്ങളുടെ ഭാഗമായി രക്തസാക്ഷിയായ പെണ്‍കുട്ടിയുടെ മരണമൊഴിയും അവളുടെ സുഹൃത്തിന്റെ മൊഴിയും വിരല്‍ ചൂണ്ടുന്നത് ഭരണകൂടത്തിനെതിരെയാണ്. പെണ്‍കുട്ടിയേയും യുവാവിനെയും ആക്രമികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് എത്തിയത്. എന്നിട്ടും അരമണിക്കൂറിലേറെ ആരാണ് ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതെന്ന് തര്‍ക്കിച്ചു നിന്നത്രേ. നഗ്നരായി ചോരയൊലിച്ച് കിടന്ന ആ ഇന്ത്യന്‍ പൌരന്മാര്‍ക്ക് ശരീരം മറയ്ക്കാന്‍ തുണിപോലും പൊലീസ് നല്‍കിയില്ല. ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പെണ്‍കുട്ടിയെ താങ്ങിയെടുത്ത് വാഹനത്തില്‍ കയറ്റിയത്. ഡല്‍ഹി പൊലീസും ഭരണാധികാരികളില്‍ ചിലരും ചോദിക്കുന്നത് ഒന്‍പത് മണിക്ക് പെണ്‍കുട്ടി സുഹൃത്തിനോടൊപ്പം യാത്രചെയ്യാന്‍ പാടുണ്ടോ എന്നാണ്.
ലൈംഗികത കച്ചവടച്ചരക്കാക്കുന്ന മുതലാളിത്ത സമൂഹം സ്ത്രീ പുരുഷ സൌഹൃദങ്ങളെ അളക്കുന്നത് ആ മാനദണ്ഡത്തിലൂടെ മാത്രമാണ്. ഐടി മേഖലയിലും മറ്റും ജോലിചെയ്യുന്ന യുവതീ യുവാക്കള്‍ക്ക് രാത്രി ഷിഫ്റ്റിനുശേഷം താമസസ്ഥലത്തേക്കു പോകേണ്ടിവരിക വളരെ വൈകിയാണ്. ആ സമയത്ത് പൊതുവാഹനത്തില്‍പ്പോലും പെണ്‍കുട്ടികള്‍ യാത്രചെയ്യാന്‍ പാടില്ലത്രേ. ജ്യോതിയുടെ മരണത്തിനുശേഷവും ഐടി മേഖലയില്‍ ജോലിചെയ്യുന്ന ഒരു പെണ്‍കുട്ടി മേലാസകലം പരിക്കുകളോടെ ഡല്‍ഹിയുടെ തെരുവില്‍ മരിച്ചുകിടന്ന വാര്‍ത്തവന്നു. നയനാ സാഹ്നി മുതല്‍ സൌമ്യ വിശ്വനാഥന്‍ വരെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ നൂറ് കണക്കിന് സത്രീകളാണ് ഡല്‍ഹിയില്‍ പൈശാചികമായി കൊല്ലപ്പെട്ടത്. സ്ത്രീവിരുദ്ധതയ്ക്കെതിരെ ഉയര്‍ന്നുവരുന്ന ചെറിയ ചലനങ്ങള്‍പോലും സ്വാഗതാര്‍ഹമാണ് എന്നു പറയുന്നതോടൊപ്പം ഒരു കാര്യം സൂചിപ്പിക്കാതെവയ്യ. അത് സമൂഹത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ കാരണങ്ങള്‍ തേടി ചെല്ലുകയും ആ കാരണങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടല്‍ നടത്തുകയും ചെയ്യാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല എന്നതാണ്.
ആഗോളവല്‍ക്കരണ സാമ്പത്തിക സമീപനം രാജ്യത്ത് അവതരിപ്പിക്കുന്നത് ഭരണാധികാര വര്‍ഗമാണ്. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്ത്രീപീഡനങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചുവെന്ന് കണക്കുകളില്‍നിന്ന് വ്യക്തമാകുന്നു. ദേശീയ ക്രെെം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1980 മുതല്‍ 2011 വരെ അമ്പരിപ്പിക്കുന്ന വര്‍ധനയാണ് സ്ത്രീപീഡനത്തില്‍ ഉണ്ടായത്. 1980ന് മുമ്പ് പ്രതിവര്‍ഷം 5000-6000 കേസുകളായിരുന്നുവെങ്കില്‍ 2011ലെ കണക്കനുസരിച്ച് അത് 20,000ന് അടുത്തായി. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യങ്ങള്‍ ഇതിലൊക്കെ എത്രയോ ഇരട്ടിയാണ്. ഐക്യരാഷ്ട്രസഭയുടെ ഒരു ഏജന്‍സി ഡല്‍ഹിയില്‍ നടത്തിയ സര്‍വെയില്‍, 80 ശതമാനം സ്ത്രീകളും ശാരീരികമോ മാനസികമോ ആയ ഏതെങ്കിലുമൊരു ലൈംഗികാതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന് കാണുന്നു.
ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കൊട്ടിഘോഷിച്ച ആധുനികവല്‍ക്കരണം വിപണിയും ലാഭവും ലക്ഷ്യംവച്ചുള്ളതാണ്. മനുഷ്യശരീരത്തെയോ പിന്തിരിപ്പന്‍ ആശയങ്ങളേയോ ചായംതേച്ച് മാര്‍ക്കറ്റില്‍ എത്തിക്കുകയും ലാഭം കൊയ്യുകയുമാണ് അതിന്റെ ലക്ഷ്യം. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ മുതലാളിത്ത വിപണിയിലെ വില്‍പ്പനച്ചരക്കായി അതിവേഗം മാറുന്നു. സ്ത്രീകളില്‍ ഒരുവിഭാഗത്തെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കളാക്കാന്‍ മുതലാളിത്തം ശ്രമിക്കുന്നുണ്ട്. അവള്‍ വാങ്ങേണ്ടത് സൌന്ദര്യവര്‍ധകവസ്തുക്കളും ആഭരണങ്ങളും അടുക്കള ഉപകരണങ്ങളുമാണെന്ന് അവളെ ബോധ്യപ്പെടുത്തുന്നു. സ്ത്രീധനിരോധനം നിലവിലുള്ള രാജ്യത്ത് വിവാഹധൂര്‍ത്ത് പ്രതിഫലിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല. സ്ത്രീസുരക്ഷാ നിയമങ്ങള്‍ എത്രയെങ്കിലും ഉള്ള ഒരു രാജ്യത്ത് ഇന്റര്‍നെറ്റിലും മൊബൈല്‍ഫോണിലും സിനിമകളിലും ലൈംഗികഭ്രാന്തുകളും മദ്യപാനാസക്തിയും പ്രചരിപ്പിക്കുന്നതിന് ഒരു തടസ്സവുമില്ല. പണത്തിനും സുഖഭോഗങ്ങള്‍ക്കുമുള്ള അത്യാര്‍ത്തിയില്‍ മത്തുപിടിച്ച സമൂഹമായി ഇന്ത്യന്‍ സമൂഹം അതിവേഗം മാറുന്നു. ഇതോടൊപ്പം ജാതിമത വര്‍ഗീയഭ്രാന്തുകളും സ്ത്രീസമൂഹത്തെ ചക്രപ്പൂട്ടില്‍ കെട്ടിയിടുന്നു. വിദ്യാസമ്പന്നമെന്ന് നാം അഭിമാനിച്ച കേരളത്തിലും ഉപഭോഗഫ്യൂഡല്‍ മനോഭാവം വന്‍തോതില്‍ വളര്‍ന്നുവരുന്നു.
സമത്വപൂര്‍ണവും അന്തസ്സുറ്റതുമായ സമൂഹം സ്ഥാപിച്ചെടുക്കാന്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ഇടപെടലും അവിഭാജ്യഘടകമാണ്. കഴിഞ്ഞ ഒന്നരവര്‍ഷം കേരളത്തില്‍ നീതിനിര്‍വഹണ വിഭാഗവും പൊലീസും കുത്തഴിഞ്ഞപ്പോള്‍ സ്ത്രീപീഡനങ്ങള്‍ പതിന്മടങ്ങ് പെരുകി. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് അന്തസ്സുറ്റതാക്കാന്‍ ബോധപൂര്‍വം ഇടപെടേണ്ട ഭരണകൂടം തന്നെ പ്രതിലോമ ആശയങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന അവസ്ഥ സൂര്യനെല്ലി കേസിലടക്കം നാം കാണുന്നു. സ്ത്രീകള്‍ക്ക് പൊതു ഇടങ്ങള്‍ നിഷേധിക്കുന്ന നീക്കങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരണം.
'ഡ്രസ് കോഡ്' പോലുള്ള തിന്മകളെ തുറന്നെതിര്‍ക്കാന്‍ കഴിയണം. അതോടൊപ്പം മുതലാളിത്ത ഉപഭോഗഭ്രാന്തിന്റെ ഭാഗമായ കച്ചവടവല്‍ക്കരണവും തടയണം. പെണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗിക ഉപകരണങ്ങളായും കച്ചവടവസ്തുക്കളായും ചിത്രീകരിക്കുന്നത് കര്‍ശനമായി തടയണം. വസ്ത്രധാരണരീതികൊണ്ടാണ് അതിക്രമമുണ്ടാകുന്നതെന്ന വാദഗതിയെ പൂര്‍ണമായും നമുക്ക് തള്ളിക്കളയാം. പിഞ്ചുകുഞ്ഞുങ്ങളടക്കം ആക്രമിക്കപ്പെടുന്നത് വസ്ത്രധാരണത്തിന്റെ തരക്കേടുകൊണ്ടല്ല. എന്നാല്‍, ഉപഭോഗാര്‍ത്തിയുടെ മോഡലുകളാകാന്‍ നാം തയ്യാറാകേണ്ടതില്ല.
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സ്ത്രീ, കതകടച്ച് വീട്ടിലിരിക്കുകയല്ല, സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കുകയാണ് വേണ്ടത്. പൊതു ഇടങ്ങളില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ലൈംഗിക അക്രമികളെയും മദ്യപാനികളെയും നിയന്ത്രിക്കാന്‍ പൊതുസ്ഥലങ്ങളില്‍ പൊലീസ് ഉണ്ടാകണം. സൈബര്‍ നിയമങ്ങള്‍ ശക്തമാക്കണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്ത കുറ്റമായി കണക്കാക്കണം. അതിവേഗ കോടതിയിലൂടെ കേസില്‍ തീര്‍പ്പുകല്‍പ്പിക്കണം. മുതലാളിത്തഫ്യൂഡല്‍ സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണം. പൊതുസമൂഹം ഈ കാഴ്ചപ്പാടിനൊത്ത് ഉയരുമ്പോള്‍ മാത്രമേ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ മനുഷ്യസമൂഹത്തിന്റെ അന്തസ്സുറ്റ നിലനില്‍പ്പ് സാധ്യമാകൂ. അവിചാരിതമായി ഓടിക്കൂടുന്ന ആള്‍ക്കൂട്ടങ്ങള്‍ മാത്രം പോരാ, ബോധപൂര്‍വമായ ഇടപെടല്‍ കൂടിയുണ്ടാകുമ്പോഴേ പുരോഗമനപരമായ സാമൂഹ്യമാറ്റം സാധ്യമാവൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ