നാടോടി കുരുന്നിനും മന്ത്രിപത്നിക്കും രക്ഷയില്ല
"വാഗ്ദാനം വാഗ്ദാനമാണ്, സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണിത്"- ഈ വര്‍ഷത്തെ സാര്‍വദേശീയ വനിതാദിനാചരണത്തിന്റെ സന്ദേശമാണിത്. പക്ഷെ, തെരുവില്‍ കിടന്നുറങ്ങിയ നാടോടികളുടെ പിഞ്ചുകുഞ്ഞു മുതല്‍ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ പൊട്ടിക്കരഞ്ഞ മന്ത്രിപത്നിക്കു പോലും നീതി നിഷേധിക്കപ്പെട്ടു. തിരൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ കിടന്നുറങ്ങിയ പിഞ്ചുബാലികയെ കാമവെറിയന്മാര്‍ പിച്ചിച്ചീന്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ജീവനു വേണ്ടി പൊരുതുകയാണ് ഈ മുന്നുവയസ്സുകാരി. ആതുരശുശ്രൂഷാരംഗത്ത് ഏറെ അംഗീകാരം നേടിയ ഡോ. യാമിനി തങ്കച്ചി ഒടിഞ്ഞ കൈയുമായി ഭരണത്തലവന് മുന്നില്‍ ഗാര്‍ഹികപീഡനത്തിന്റെ കെട്ടഴിച്ചെങ്കിലും ആ രോദനം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഭര്‍ത്താവായ മന്ത്രി ഗണേശ്കുമാറിന്റെ മര്‍ദനത്തില്‍ കൈയൊടിഞ്ഞ യാമിനി ഇടപ്പഴിഞ്ഞിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ഈ വിവരം അന്നുതന്നെ മുഖ്യമന്ത്രിയെ ഫോണില്‍ അറിയിച്ചു. നേരില്‍ കാണാന്‍ അവസരം ചോദിച്ചപ്പോഴെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവില്‍ പത്രവാര്‍ത്തയും ചീഫ് വിപ്പിന്റെ വെളിപ്പെടുത്തലും ഉയര്‍ത്തിയ വിവാദത്തിനുശേഷമാണ് ബുധനാഴ്ച രാവിലെ യാമിനിയെ കാണാന്‍ മുഖ്യമന്ത്രി സന്നദ്ധമായത്.
ഒറ്റയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെത്തി പീഡനകഥകള്‍ ഓരോന്നായി നിരത്തി. ഒരവസരത്തില്‍ അവര്‍ പൊട്ടിക്കരഞ്ഞു. താന്‍ ജീവിക്കുന്നത് മക്കള്‍ക്കുവേണ്ടി മാത്രമാണെന്നും അതല്ലെങ്കില്‍ മരിക്കുമായിരുന്നെന്നും പറഞ്ഞു. കഴിഞ്ഞദിവസത്തേത് ഒറ്റപ്പെട്ട സംഭവമല്ല, വര്‍ഷങ്ങളായി അനുഭവിക്കുന്നു. നിരന്തരം മര്‍ദിക്കുന്നു. മാനസികപീഡനവും. ആ മനുഷ്യന്റെ കൂടെ ഇനി കഴിയാനാകില്ല. തനിക്ക് ആരുമില്ല. സഹായിക്കണം- യാമിനി കരഞ്ഞുകൊണ്ട് പറഞ്ഞു.
എല്ലാം നിസ്സംഗതയോടെ കേട്ട മുഖ്യമന്ത്രി യാമിനി എഴുതിക്കൊണ്ടുവന്ന പരാതി കൈപ്പറ്റാതെ ഒഴിഞ്ഞുമാറി. പരാതി കൈപ്പറ്റിയാല്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാനാകില്ലെന്ന് വ്യക്തമായി അറിയുന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 498 വകുപ്പ് പ്രകാരം സ്ത്രീപീഡനത്തിന് കേസെടുക്കാനുള്ള കുറ്റമാണ് മന്ത്രി ഗണേശ് ചെയ്തതെന്ന് യാമിനിയുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം-2005 നെയും മുഖ്യമന്ത്രി വെല്ലുവിളിച്ചു. വാഗ്ദാനം വാഗ്ദാനം മാത്രമാണെന്നും നടപടിയാണ് വേണ്ടതെന്നുമുള്ള സാര്‍വദേശീയ മഹിളാദിനത്തിന്റെ സന്ദേശം ഇടിമുഴക്കംപോലെ കാതുകളില്‍ പതിക്കുകയാണ്. മന്ത്രിപത്നിക്ക് പോലും രക്ഷയില്ലാത്ത നാട്ടില്‍ ആരുടെ സംരക്ഷണമാണ് ഭരണാധികാരികള്‍ക്ക് ഉറപ്പാക്കാന്‍ കഴിയുക? പ്രത്യേകിച്ചും പിഞ്ചുകുട്ടികളെ പോലും മനുഷ്യാകാരം പൂണ്ട ചെന്നായ്ക്കള്‍ വേട്ടയാടുന്ന ഈ കെട്ടകാലത്ത്.
deshabhimani 080313