ഈ അമ്മയോട് നാമെന്തു പറയും...
ഇമചിമ്മാതെ കാത്തുവച്ചിട്ടും...
കോഴിക്കോട്: അര്‍ധരാത്രിയാവുംവരെ ഒരുപോള കണ്ണടയ്ക്കാതെ കിടന്നിട്ടും തന്റെ പൊന്നു മകളെ കാത്തുസൂക്ഷിക്കാന്‍ കഴിയാതിരുന്നതിന്റെ വേദനയില്‍ തകര്‍ന്നിരിക്കുകയാണ് ആ അമ്മ. മരുന്നിന്റെ മയക്കത്തിനിടെ ഞെട്ടിയുണര്‍ന്ന് പേടിച്ച് കരയുന്ന മൂന്നു വയസ്സുകാരിയുടെ അടുത്തുനിന്ന് വിശപ്പും ദാഹവുമില്ലാതെ മാറാതെ നില്‍ക്കുകയാണവര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ഉണങ്ങാത്ത മുറിവാകുന്നു ആ നാടോടി സ്ത്രീ. 15-ാം വയസില്‍ വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് വിസമ്മതിച്ച് തമിഴ്നാട്ടില്‍നിന്ന് പ്രണയിച്ചയാളുടെകൂടെ ഇറങ്ങി തിരൂരില്‍ എത്തിയതാണിവര്‍. രണ്ട് കുട്ടികള്‍ ജനിച്ച് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ലഹരിക്ക് അടിമയായി. മാസങ്ങള്‍ക്ക് മുമ്പ് വീണ് പരിക്കുപറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അയാള്‍ മരിച്ചു. പിന്നീട് രക്ഷകനായി എത്തിയതായിരുന്നു നാടോടിക്കൂട്ടത്തിലെ മറ്റൊരാള്‍. അയാളെ വിവാഹം കഴിച്ചു. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്.
കടത്തിണ്ണകളിലും പീടിക മുറികളിലും തങ്ങള്‍ കിടന്നുറങ്ങുമ്പോഴും ആര്‍ത്തിനിറഞ്ഞ നോട്ടത്തോടെ ശല്യപ്പെടുത്താന്‍ എത്തുന്ന പലരെയും അദ്ദേഹം ആട്ടിയോടിക്കുമായിരുന്നു. സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ഒരുത്തനെക്കുറിച്ച് ഒരു തവണ പൊലീസിലും പരാതിപ്പെട്ടു. ഫലമൊന്നുമുണ്ടായില്ല. തന്നെ ശല്യംചെയ്ത ഇയാളെ പേടിച്ച് അന്ന് രാത്രിയും കുട്ടിയെ ഉറക്കി കാവലിരിക്കുകയായിരുന്നു ഇരുപതുകാരിയായ ഈ അമ്മ. ഭര്‍ത്താവ് പുറത്തെവിടെയോ പോയിരുന്നു. ഇടയ്ക്ക് കാവലിനിടെ ഒന്ന് മയങ്ങി. അഞ്ച് വയസ്സുകാരനായ മകന്‍ ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്നറിഞ്ഞത്. പിന്നീട് നാട്ടുകാര്‍ക്കൊപ്പം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ ഈ അവസ്ഥയില്‍ കിട്ടിയതെന്നവര്‍ ഓര്‍ക്കുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കുഞ്ഞിന്റെ ദേഹത്ത് കൈ പതുക്കെ വച്ച് അടുത്തുള്ള ബെഞ്ചില്‍ തളര്‍ന്ന് ഇരിക്കുമ്പോഴും കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പൂര്‍ണമായി അവര്‍ക്കറിയില്ല. മകള്‍ പഴയ അവസ്ഥയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.
(സൗമ്യ സരയൂ)
ഈ അമ്മയോട് നാമെന്തു പറയും...
പാലക്കാട്: "എന്റെ മകളോടും മറ്റെന്താണ് അവന്‍ ചെയ്തത്. ചോരയില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിക്കുമേല്‍ കാമഭ്രാന്തോടെ ചീറിയടുത്തു. അഞ്ചുദിവസം വേദനയില്‍ പുളഞ്ഞ് അവള്‍ ഈ ലോകത്തുനിന്ന് പോയി. വധശിക്ഷ കിട്ടിയ ഗോവിന്ദച്ചാമി ജയിലില്‍ സുഖിച്ചു കഴിയുന്നു. അയാളെ എത്രയുംവേഗം തൂക്കിക്കൊല്ലണം. പീഡനക്കേസില്‍ ഒരു വധശിക്ഷയെങ്കിലും നടപ്പാക്കിയാല്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്ന ദുഷ്ടമാര്‍ ചിലരെങ്കിലും പിന്‍വാങ്ങിയേക്കും". എത്ര ജന്മംകൊണ്ടും ഒടുങ്ങാത്ത ദുഃഖത്തോടെയും രോഷത്തോടെയും ചോദിക്കുന്നു സൗമ്യയുടെ അമ്മ സുമതി. രണ്ടുവര്‍ഷംമുമ്പ് ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ഗോവിന്ദച്ചാമിയെന്ന നരാധമന്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് പിച്ചിച്ചീന്തുകയായിരുന്നു സൗമ്യയെ. മലപ്പുറത്ത് നാടോടിക്കുഞ്ഞിനെ ക്രൂരതയ്ക്കിരയാക്കിയ സംഭവം കേട്ടപ്പോള്‍ ഹൃദയം നുറുങ്ങിയെന്ന് ആ അമ്മ പറയുന്നു. മകളുടെ മരണശേഷം കാതില്‍ എത്തുന്ന ഓരോ സംഭവവും നടുക്കത്തോടെയാണ് സുമതി അറിയുന്നത്.
ജീവിതത്തിന്റേയോ മാനഭംഗത്തിന്റേയോ അര്‍ഥമറിയാത്ത മൂന്നുവയസ്സുകാരി ആശുപത്രിക്കിടക്കയില്‍ ജീവനോട് മല്ലിടുമ്പോള്‍ വേദനിക്കുന്നത് നമ്മുടെ എല്ലാ അമ്മമാരുമാണെന്നത് സൗമ്യയുടെ അമ്മയുടെ ഓരോ വാക്കിലും. ഇരുട്ടിന്റെ മറവില്‍ കുട്ടിയുടെ അലറിക്കരച്ചില്‍ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലേ. ഈ സംഭവങ്ങളില്‍നിന്ന് നാം ഒന്നും പഠിച്ചില്ലേ- ചോദ്യത്തിനു മുന്നില്‍ നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം. സൗമ്യയോടു ചെയ്ത അതേ ക്രൂരത കുഞ്ഞിനോടും ചെയ്ത "മൃഗങ്ങള്‍ക്ക്" ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ല. മുലപ്പാലിന്റെ മണംമാറാത്ത പിഞ്ചുകുഞ്ഞിനെ ഇരുട്ടിന്റെ മറവില്‍ പിച്ചിച്ചീന്തുമ്പോള്‍ അവളുടെ നിഷ്കളങ്കമുഖത്തേക്ക് ഒന്നു നോക്കിയിരുന്നെങ്കില്‍... ഹൃദയംനൊന്ത് അവര്‍ പൊട്ടിത്തെറിക്കുന്നു.
(എസ് സിരോഷ)
ഒറ്റപ്പെടലിന്റെ കനലില്‍ ഒരമ്മ
കോട്ടയം: ""പപ്പായ്ക്കും എനിക്കും ജോലിയുണ്ടായിരുന്നു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി അവരെ നല്ല സാഹചര്യത്തില്‍ വളര്‍ത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഞങ്ങളുടെ സ്വപ്നങ്ങളും ജീവിതംതന്നെയും ഇല്ലാതാക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവങ്ങള്‍... ആത്മഹത്യയുടെ വക്കിലെത്തിയിട്ടും അതിനു ധൈര്യമില്ലാതെ എല്ലാം നഷ്ടപ്പെട്ട്, സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് കഴിയുകയാണ് ഞങ്ങള്‍....."" വാക്കുകള്‍ മുഴുമിക്കാനാകാതെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ 17 വര്‍ഷത്തെ നീറുന്ന അനുഭവങ്ങള്‍ വിവരിച്ചു.
രണ്ടു പെണ്‍കുട്ടികളുടെ ആ അമ്മ വളരെ കരുതലോടെയാണ് അവരെ വളര്‍ത്തിയത്. രണ്ടാമത്തെ മകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാല്‍പ്പതിലേറെ പേര്‍ കശക്കിയെറിഞ്ഞപ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് ഒരു കുടുംബമാണ്. ""പപ്പായുടെ ബന്ധുക്കളുടെ മരണം പോലും ഞങ്ങളെ അറിയിച്ചില്ല. എന്റെ സഹോദരങ്ങളും മക്കളും ഞങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചു. പെന്‍ഷന്‍ പറ്റിയതോടെ പോകാനുള്ള ഇടം ആശുപത്രിയും പള്ളിയും മാത്രമായി. വര്‍ഷങ്ങളായുള്ള മനസ്സിന്റെ നീറ്റലില്‍ ആരോഗ്യം നഷ്ടപ്പെട്ടു. പപ്പായ്ക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു. എനിക്ക് ആറ് ഓപ്പറേഷന്‍ നടത്തി. മരുന്നിന്റെ ബലത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കൊച്ചുമക്കളെയും നോക്കി സ്വസ്ഥമായി ജീവിക്കേണ്ട കാലത്തും കേസും കോടതിയുമായി കയറിയിറങ്ങുന്നു"". ""മകളെ ജീവച്ഛവമായി തിരിച്ചുകിട്ടിയപ്പോള്‍..."" ജീവിതത്തിലെ ശപിക്കപ്പെട്ട നിമിഷങ്ങളെക്കുറിച്ച് അവര്‍ക്ക് തുടരാനായില്ല. മോളുടെ ജീവന്‍ അപകടത്തിലായ അവസ്ഥ കണ്ടറിഞ്ഞ് അവളെ എങ്ങനെയും മടക്കിക്കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ആഴ്ചകളോളം മകളെ മുറിയ്ക്കുള്ളില്‍ അടച്ചിട്ട് പരിചരിച്ചു...
അതിനിടെ പ്രലോഭനങ്ങളും ഭീഷണിയുമായി കയറിയിറങ്ങിയ പ്രതികള്‍... നോട്ടുകെട്ടുകളുമായെത്തി മോളുടെ മാനത്തിന് വിലപേശിയവരെ ആട്ടിയിറക്കി. മകളെ ഉപദ്രവിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പെണ്‍കുഞ്ഞുങ്ങളുള്ള ഒരു അമ്മയ്ക്കും ഇങ്ങനെ ദുര്യോഗങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ കൂടിയാണിത്. മകളെ സ്വസ്ഥമായി ജീവിക്കാന്‍ വേട്ടക്കാര്‍ അനുവദിക്കുന്നില്ല. ജോലിസ്ഥലത്തും വേട്ടയാടി. ഉള്ളതെല്ലാം വിറ്റാണ് ബാധ്യത തീര്‍ത്തത്. എന്നിട്ടും കേസുമായി അവര്‍ പിന്നാലെയുണ്ട്. സമൂഹത്തിന്റെ ഒറ്റപ്പെടുത്തലില്‍നിന്ന് രക്ഷപ്പെടാന്‍ ജന്മനാട്ടില്‍നിന്ന് എല്ലാം വിറ്റ് പുതിയ സ്ഥലത്തെത്തി. ഇവിടെയും ഞങ്ങള്‍ ഒറ്റയ്ക്കാണ്. അയല്‍വാസികള്‍ പോലും അകറ്റിനിര്‍ത്തുന്നു. മൂത്ത മകള്‍ വിവാഹപ്രായം കഴിഞ്ഞ് നില്‍ക്കുന്നു. അവള്‍ ഞങ്ങള്‍ക്കുവേണ്ടി അവളുടെ കുടംബജീവിതം പോലും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. മകളെ ഉപദ്രവിച്ചവര്‍ എത്ര ഉന്നതാരായാലും ശിക്ഷിക്കപ്പെടണം. പീഡനത്തിനിരയായ ഒരു കുടുംബത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ അമ്മയുടെ മനസ്സ് ഇപ്പോഴും നെഞ്ചുരുകുന്ന നീറ്റലിലാണ്.
(എസ് ശാന്തി)
തീയായി പടരുന്നു ഓര്‍മയിലെ ജ്യോതി
ന്യൂഡല്‍ഹി: തന്റെ പ്രിയപ്പെട്ട മകള്‍ക്ക് ലോകം നല്‍കിയ പേര് നിര്‍ഭയ. ചകിതയാവാതെ മരണത്തിലും നിതാന്തമായി പൊരുതിയ അവളുടെ മരിക്കാത്ത ഓര്‍മകളുമായാണ് ഈ അമ്മ ഇന്നും ജീവിക്കുന്നത്, ദുഃഖത്തിന്റെ മഹാസാഗരംപോലെ. ക്രൂരത മനുഷ്യരൂപം പൂണ്ട ആറ് നരാധമന്മാരുടെ ആക്രമണത്തില്‍ പിടഞ്ഞിട്ടും മരണംവരെ പൊരുതിയ മകളെക്കുറിച്ചുള്ള അഭിമാനം വാനോളം ഉയര്‍ന്നുനില്‍ക്കുന്നു. ജീവനും അഭിമാനത്തിനും വേണ്ടി അന്ത്യംവരെ പൊരുതിയതിനാണ് തന്റെ മകളെ ലോകം ബഹുമാനിക്കുന്നതെന്ന് നാല്‍പ്പത്തിമൂന്നുകാരിയായ ഈ അമ്മ മനസിലാക്കുന്നു. കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ വേണ്ടി അവര്‍ ശബ്ദമുയര്‍ത്തുന്നു. എല്ലാ കുറ്റവാളികള്‍ക്കും വധശിക്ഷ ലഭിച്ചാല്‍മാത്രമേ മകള്‍ക്ക് നീതി ലഭിക്കൂ എന്ന് അവര്‍ വിശ്വസിക്കുന്നു. മരണം മുന്നില്‍ വന്ന് വിളിക്കുമ്പോഴും തനിക്കെതിരെ ക്രൂരത കാട്ടിയവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പോരാട്ടം മകള്‍ ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് നടത്തിയെന്ന് അമ്മ ഓര്‍ക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് രണ്ടു തവണ മൊഴി നല്‍കി. മരണശിക്ഷതന്നെ അവര്‍ക്ക് കിട്ടണമെന്ന് ഇടയ്ക്ക് പറഞ്ഞു. അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ചു. ജീവിതത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചു. മകള്‍ക്ക് നേരിട്ട ക്രൂരമായ ആക്രമണത്തിലും പിന്നീട് മരണത്തിലും ഞെട്ടിത്തരിച്ചു നിന്നുപോയെങ്കിലും ജ്യോതിയുടെ അമ്മ മകള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഏറ്റെടുത്തു. "ലക്ഷങ്ങള്‍കൊണ്ടൊന്നും തന്റെ കുഞ്ഞിനെ പകരം വയ്ക്കാനാവില്ല"- മകളുടെ മരണം സൃഷ്ടിച്ച ഞെട്ടലില്‍നിന്ന് മുക്തിനേടിയപ്പോള്‍ അവര്‍ പറഞ്ഞു.
മകളോട് ആറു പേര്‍ കാട്ടിയ ക്രൂരത ലോകം മുഴുവന്‍ അറിയണമെന്ന ആമുഖത്തോടെയാണ് ആ അമ്മ പിന്നീട് സംസാരിച്ചത്. മകളെ ഇരുമ്പുദണ്ഡ് കൊണ്ടടിച്ചു വീഴ്ത്തുകയും ശരീരത്തിനുള്ളില്‍ ദണ്ഡ് കയറ്റി കുടല്‍മാല പുറത്തെടുക്കുകയുംചെയ്ത നരാധമനെ "ജുവനൈല്‍" എന്നുവിളിക്കുന്ന നിയമത്തെ അവര്‍ പരിഹസിച്ചു. എല്ലാ കുറ്റവാളികള്‍ക്കും മരണശിക്ഷതന്നെയാണ് നല്‍കേണ്ടതെന്നും ഈ അമ്മ ആവശ്യപ്പെടുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍നിന്നാണ് ജ്യോതിയുടെ കുടുംബം ഡല്‍ഹിയിലെത്തിയത്. കുറഞ്ഞ വരുമാനംകൊണ്ട് ജീവിച്ച കുടുംബത്തിന്റെ പ്രത്യാശാനാളമായിരുന്നു ജ്യോതി. ഒന്നാം ക്ലാസ് മുതല്‍ ഒന്നാമതായിരുന്നു അവള്‍. വിമാനത്താവളത്തിലെ തുച്ഛവേതനത്തിലെ വലിയ പങ്കും അച്ഛന്‍ അവളെ പഠിപ്പിക്കാനുപയോഗിച്ചു. പഠനസമയം കഴിഞ്ഞ് പ്രമുഖ ഐടി കമ്പനിയില്‍ ജോലിചെയ്ത് മകളും കുറച്ച് വരുമാനമുണ്ടാക്കിയിരുന്നു. പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയില്‍തന്നെ ഇല്ലാതാക്കുന്ന സാമൂഹ്യാന്തരീഷമുള്ള ഉത്തരേന്ത്യയില്‍ ഒരു മകളില്‍ കുടുംബത്തിന്റെ വിശ്വാസമര്‍പ്പിച്ചവരാണ് ജ്യോതിയുടെ അച്ഛനും അമ്മയും. അവളുടെ ജീവിതവും പഠനവും ഭാവിയും സുഗമമാക്കാന്‍ വേണ്ടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചു ഈ മാതാപിതാക്കള്‍. സ്ത്രീത്വത്തിന്റെ മഹനീയതയും ശക്തിയും തിരിച്ചറിഞ്ഞവര്‍. പെണ്‍കുട്ടിയുടെ പേരും വിശദാംശങ്ങളും മറച്ചുവയ്ക്കാന്‍ ഭരണകൂടം ശ്രമിച്ചപ്പോള്‍ ഈ അമ്മയും അച്ഛനും പറഞ്ഞു, "ഞങ്ങളുടെ മകള്‍ ജ്യോതി. ജ്യോതിസിങ് പാണ്ഡെ".
deshabhimani 080313
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ